August 13 Thursday 2026

ഇസ്‌ലാമോഫോബിയ: വംശഹത്യയുടെ ആധുനിക രാഷ്ട്രീയ ആയുധം

മാര്‍ച്ച് 15: ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനം

മനുഷ്യവിരുദ്ധമായ വിദ്വേഷ പ്രചാരണങ്ങള്‍ക്കും വംശീയ അധിക്ഷേപങ്ങള്‍ക്കുമെതിരെ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധമാണ് മാര്‍ച്ച് 15. ഇസ്ലാം മതത്തോടും മുസ്ലിം വ്യക്തിത്വങ്ങളോടും ലോകവ്യാപകമായി നിലനില്‍ക്കുന്ന അകാരണമായ ഭീതിയെയും വിദ്വേഷത്തെയും ഔദ്യോഗികമായി അഭിസംബോധന ചെയ്യാന്‍ ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ദിനം (International Day to Combat Islamophobia).

ഇസ്‌ലാം മതത്തോടും മുസ്‌ലിം ജനതയോടും പുലര്‍ത്തുന്ന ഉപരിപ്ലവമായ ഒരു ഭീതിയല്ല ഇസ്‌ലാമോഫോബിയ; മറിച്ച് അത് ബോധപൂര്‍വ്വം നിര്‍മിച്ചെടുക്കുന്ന ഒരു രാഷ്ട്രീയ ശത്രുതയാണ്. മുസ്‌ലിം അസ്തിത്വത്തെയും അവരുടെ സാംസ്‌കാരിക ജീവിതത്തെയും ആധുനികതയ്ക്ക് വിരുദ്ധമെന്ന് മുദ്രകുത്തിക്കൊണ്ട്, ഒരു ജനതയെ ആസൂത്രിതമായി അപരവത്കരിക്കാനുള്ള വംശീയ ചിന്തയാണ് ഇസ്‌ലാമോഫോബിയ.

സാമൂഹികമായ പാര്‍ശ്വവത്കരണത്തില്‍ തുടങ്ങി, വിവേചനങ്ങളിലൂടെയും പ്രാതിനിധ്യത്തില്‍ നിന്ന് പുറം തള്ളലിലൂടെയും നിയമപരമായ വേട്ടയാടലുകളിലൂടെയും കടന്നുപോയി വംശഹത്യയുടെ വക്കിലെത്തി നില്‍ക്കുന്ന ഭീകരമായൊരു സിസ്റ്റമിക് വംശീയത കൂടിയാണിത്. കേവലമായ അധിക്ഷേപങ്ങള്‍ക്കപ്പുറം, ഒരു വിഭാഗത്തെ പൗരത്വത്തില്‍ നിന്നും മനുഷ്യാവകാശങ്ങളില്‍ നിന്നും പുറന്തള്ളാന്‍ ഉപയോഗിക്കുന്ന ഏറ്റവും മാരകമായ രാഷ്ട്രീയ ആയുധമായാണ് ആധുനിക ലോകം ഇസ്‌ലാമോഫോബിയയെ അടയാളപ്പെടുത്തുന്നത്.

ഇസ്‌ലാമോഫോബിയ ബോധപൂര്‍വ്വം കൊണ്ടു നടക്കുന്നവരും ബോധപൂര്‍വ്വമല്ലാതെ മുന്‍വിധകളിലൂടെ പോറുന്നവരുമുണ്ട്. മുസ്‌ലിംകലിലും മുസ്‌ലിംകളല്ലാത്തവരിലും മുസ്‌ലിം സംരക്ഷകരെന്ന് നടിക്കുന്നവരിലും എല്ലാം ഇസ്‌ലാമോഫോബുകളുണ്ട്.

ആരെങ്കിലും ഇസ്‌ലാമോഫോബാണോ എന്ന് തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും

1. ഏതെങ്കിലും ഒരു മുസ്‌ലിം വ്യക്തി ചെയ്യുന്ന തെറ്റായ കാര്യത്തിന് അയാളുടെ മതത്തെയോ അയാള്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയെയോ കുറ്റപ്പെടുത്തുന്നത് ഇസ്‌ലാമോഫോബിയയുടെ വ്യക്തമായ ലക്ഷണമാണ്. ‘അവര്‍ എല്ലാവരും ഇങ്ങനെയാണ്’ എന്ന രീതിയിലുള്ള സംസാരം ഇതിന്റെ ഉദാഹരണമാണ്.

2. മുസ്‌ലിംകളെ സ്വന്തം രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ഭാഗമായി കാണുന്നതിന് പകരം, ‘അവര്‍’ എന്നും ‘നമ്മള്‍’ എന്നും വേര്‍തിരിച്ചു സംസാരിക്കുക. അവര്‍ നമ്മുടെ സംസ്‌കാരത്തിന് ഭീഷണിയാണെന്നോ, അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നോ ഉള്ള മുന്‍വിധി വച്ചുപുലര്‍ത്തുന്നത് ഇതിന്റെ ഭാഗമാണ്.

3. മറ്റ് മതസ്ഥരോ മതവിശ്വാസമില്ലാത്തവരെ ചെയ്യുന്ന കുറ്റകൃത്യങ്ങളെ കേവലം വ്യക്തിപരമായ കുറ്റമായി കാണുകയും, അതേ കുറ്റം ഒരു മുസ്‌ലിം ചെയ്യുമ്പോള്‍ അതിനെ മതവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത് ഇസ്‌ലാമോഫോബിയയുടെ അടയാളമാണ്.

4. മുസ്‌ലിം ഐഡന്റിറ്റിയെ ഭീതിയോടെ നോക്കുകയോ, അവരെല്ലാം അപകടകാരികളാണെന്ന് മുന്‍കൂട്ടി തീരുമാനിക്കുകയോ ചെയ്യുന്നത്. വിമാനത്താവളങ്ങളിലും മറ്റും ഇത്തരക്കാര്‍ക്ക് നേരിടേണ്ടി വരുന്ന പ്രത്യേക പരിശോധനകള്‍ ഇതിന്റെ ഭാഗമാണ്.

5 മുസ്‌ലിംകള്‍ ആസൂത്രിതമായി ജനസംഖ്യ വര്‍ധിപ്പിക്കുന്നു എന്നോ (ഉദാഹരണത്തിന് ഇന്ത്യയില്‍ പ്രചരിപ്പിക്കുന്ന ‘ലവ് ജിഹാദ്’, ‘പോപ്പുലേഷന്‍ ജിഹാദ്’ തുടങ്ങിയവ), രാജ്യം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു എന്നോ മതരാഷ്ട്ര വാദികള്‍ ആണ് എന്നോ അടിസ്ഥാനരഹിതമായ ഭീതികള്‍ പ്രചരിപ്പിക്കുന്നത്.

6. ഇസ്‌ലാം മതം പരിഷ്‌കൃതമല്ലെന്നും അത് ക്രൂരതകളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നുമുള്ള മിഥ്യാധാരണകള്‍ പടര്‍ത്തുക. മുസ്‌ലിം സ്ത്രീകള്‍ എല്ലായ്‌പ്പോഴും അടിച്ചമര്‍ത്തപ്പെട്ടവരാണെന്ന് സങ്കല്‍പ്പിക്കുകയും അതിലൂടെ അവരോട് സഹതാപമോ വിദ്വേഷമോ പ്രകടിപ്പിക്കുകയും ചെയ്യുന്നത് ഇതില്‍ പെടും.

7. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ തങ്ങളുടെ മുന്‍വിധിക്കനുസരിച്ച് മാത്രം വ്യാഖ്യാനിക്കുക. മുസ്‌ലിംകളെ ഇരകളാക്കുന്ന വാര്‍ത്തകളെ അവഗണിക്കുകയും അവരെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന വാര്‍ത്തകളെ ആവേശത്തോടെ പ്രചരിപ്പിക്കുകയും ചെയ്യുക.

2019 മാര്‍ച്ച് 15-ന് ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് പള്ളിയില്‍ നടന്ന ഭീകരാക്രമണമാണ് ഈ ദിനാചരണത്തിന്റെ പശ്ചാത്തലം. 51 മനുഷ്യര്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ വെടിയേറ്റു മരിച്ച ആ ദുരന്തം, ഇസ്‌ലാമോഫോബിയ എത്രത്തോളം മാരകമായ ഒന്നാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപ്പറേഷന്‍ (OIC) മുന്നോട്ടുവെച്ച നിര്‍ദേശം 2022 മാര്‍ച്ച് 15-ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിക്കുകയായിരുന്നു.

ഇസ്‌ലാമോഫോബിയയെ തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ ചില രാജ്യങ്ങള്‍ സജീവമായ നിയമനിര്‍മാണങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ചില രാജ്യങ്ങളിലെങ്കിലും ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കാനഡയാണ് ഏറ്റവും മികച്ച നിയമം നിര്‍മിച്ചിട്ടുള്ളത്. ഇസ്‌ലാമോഫോബിയയെ അപലപിക്കുന്ന ‘മോഷന്‍ 103’ പാസാക്കുകയും ഈ വിദ്വേഷം നേരിടാന്‍ ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കുകയും ചെയ്യുകയും ശക്തമായി നിയമം വഴി നരീക്ഷിക്കുകയും ചെയ്യുന്നു.
യൂറോപ്യന്‍ യൂണിയന്‍ ഇസ്‌ലാമോഫോബിയക്കെതിരെ പ്രത്യേകമായി നിയമങ്ങള്‍ ഒന്നും നിര്‍മിച്ചിട്ടില്ലെങ്കിലും മതപരമായ വിദ്വേഷ പ്രസംഗങ്ങള്‍ക്കും വംശീയ വിവേചനത്തിനുമെതിരെ കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കുന്നു. മാര്‍ച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിലൂടെ അംഗരാജ്യങ്ങള്‍ ഇസ്‌ലാമോഫോബിയക്കെതിരെ കര്‍ശന നിയമങ്ങള്‍ നിര്‍മിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്ത്യയില്‍ ഇസ്‌ലാമോഫോബിയ എന്നത് വെറുമൊരു ഭീതിയല്ല, മറിച്ച് ഭരണകൂട പിന്തുണയോടെ നടപ്പിലാക്കുന്ന ഒരു കൃത്യമായ വംശഹത്യാ പദ്ധതിയാണ്. ഹിജാബ് നിരോധനം, ഹലാല്‍ വിവാദങ്ങള്‍, ബീഫ് നിരോധനം എന്നിവയിലൂടെ മുസ്‌ലിം ജീവിതരീതികളെ നിയമപരമായി വേട്ടയാടുന്നു. നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കി മുസ്‌ലിം വീടുകളും ആരാധനാലയങ്ങളും തകര്‍ക്കുന്ന നയം ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്തുടര്‍ന്നു വരുന്നു. പൗരത്വ ഭേദഗതി നിയമത്തിലൂടെ രു ജനതയെ രണ്ടാംതരം പൗരന്മാരായി മാറ്റാനുള്ള ശ്രമങ്ങള്‍ അനസ്യൂതം തുടരുന്നു. എസ്.ഐ.ആര്‍ എന്ന പ്രക്രിയയിലൂടെ ബംഗാളിലും ബീഹാറിലും എല്ലാം ലക്ഷക്കിണ് മുസ്‌ലിംകളെ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കി. അവരെ രാജ്യത്ത് നിന്ന് പുറം തള്ളുമെന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി തന്നെ പ്രസ്താവിക്കുന്നു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ സാമൂഹ്യമായി താരതമ്യേന മെച്ചപ്പെട്ട കേരളത്തിന്റെ മണ്ണില്‍ മറ്റെവിടെത്തെയും പോലെ ഇസ്‌ലാമോഫോബിയ വളരെ സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു എന്നത് ആശങ്കാജനകമാണ്.

സമീപകാലത്ത് കേരളത്തില്‍ സിപിഎം ഇസ്‌ലാമോഫോബിയയെ ഒരു തെരഞ്ഞെടുപ്പ് തന്ത്രമായി ഉപയോഗിക്കുന്നു. മുസ്‌ലിം രാഷ്ട്രീയ സംഘടനകളെ ‘തീവ്രവാദ’ ചാപ്പ കുത്തി അവതരിപ്പിക്കുന്നതിലൂടെ ഇതര വിഭാഗങ്ങളുടെ വോട്ടുകള്‍ സമാഹരിക്കാന്‍ സിപിഎം ശ്രമിക്കുന്നു. ക്രൈസ്തവ-മുസ്‌ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ‘ലവ് ജിഹാദ്’, ‘നാര്‍ക്കോട്ടിക് ജിഹാദ്’ തുടങ്ങിയ വിവാദങ്ങളില്‍ പാര്‍ട്ടി സ്വീകരിക്കുന്ന നിലപാടുകള്‍ ഇസ്‌ലാമോഫോബിയയെ വളര്‍ത്തുന്നതാണ്. മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നവരെ ആദരിക്കുന്ന പ്രത്യേക സമീപനവും കേരളത്തിലെ ഭരണകക്ഷി സ്വീകരിക്കുന്നു. മുസ്‌ലിംകള്‍ എല്ലാം കൊണ്ടു പോകുന്നു എന്ന വാദം കേരളത്തില്‍ ചിലരുയര്‍ത്തുമ്പോള്‍ കണക്കുകളും വസ്തുതകളും പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. പക്ഷേ, ആ വാദഗതികളെ മൗനത്തിലൂടെ പിന്തുണക്കുകയാണ് കേരള സര്‍ക്കാരും ചെയ്യുന്നത്.

ഇസ്‌ലാമോഫോബിയയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് പലപ്പോഴും ആശയക്കുഴപ്പത്തിലാണ്. സിപിഎമ്മിനെപ്പോലെ നേരിട്ട് രാഷ്ട്രീയമായി ഇസ്‌ലാമോഫോബിയ പരത്താന്‍ നിലവില്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല എങ്കിലും ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുമെന്ന ഭയത്താല്‍ ഇസ്‌ലാമോഫോബിക് ആയ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ കോണ്‍ഗ്രസ് മടിക്കുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ക്ക് പകരം പലപ്പോഴും ഒത്തുതീര്‍പ്പ് നയങ്ങളാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നത്. മുസ്‌ലിം പ്രാതിനിധ്യം, മുസ്‌ലിം സാസ്‌കാരിക പ്രശ്‌നങ്ങള്‍ എന്നിവയിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് അവരും സ്വീകരിക്കുന്നത്. എന്നാല്‍, രാഷ്ട്രീ പാര്‍ട്ടികള്‍ക്കപ്പുറം കേരളത്തില്‍ ഇസ്‌ലാമോഫോബിയക്ക് എതിരെ കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി ജാഗ്രത പുലര്‍ത്തുന്ന ചെറുതെങ്കിലും ആത്മാര്‍ത്ഥതയും ജാഗ്രതയുമുള്ള സിവില്‍ സമൂഹ നെറ്റ്‌വര്‍ക്ക് രൂപപ്പെട്ടിട്ടുണ്ട് എന്നത് ശുഭസൂചകമാണ്.

ഇസ്‌ലാമോഫോബിയ എന്നത് കേവലം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന ഒന്നല്ല; അത് ജനാധിപത്യത്തെയും മാനവികതയെയും കാര്‍ന്നുതിന്നുന്ന അര്‍ബുദമാണ്. ഭരണകൂടങ്ങള്‍ തങ്ങളുടെ പരാജയങ്ങള്‍ മറച്ചുവെക്കാനും അധികാരം നിലനിര്‍ത്താനും ഉപയോഗിക്കുന്ന ഈ വിദ്വേഷ തന്ത്രത്തെ തിരിച്ചറിയേണ്ടതുണ്ട്. മാര്‍ച്ച് 15 നല്‍കുന്ന സന്ദേശം മുസ്‌ലിംളോട് സഹതാപം പ്രകടിപ്പക്കണെമന്നല്ല. അതിന്റെ ആവശ്യം മുസ്‌ലിം സമൂഹത്തിനില്ല, മറിച്ച് വിവേചനരഹിതമായ ഒരു ലോകത്തിനായി നടത്തേണ്ട ജനാധിപത്യ പോരാട്ടമാണ്.

Related