August 11 Tuesday 2026

താല്‍കാലികവിരാമം യുദ്ധ(കു)തന്ത്രമോ?

മുമ്പും അമേരിക്കക്ക് യുദ്ധം നിര്‍ത്തണമെന്നുണ്ടായിരുന്നു. പക്ഷെ, ഇസ്രായേലിനു അങ്ങനെയായിരുന്നില്ല. ഇത് അവരുടെ അവസാനത്തെ അവസരമാണ്. മരണക്കളിയും. ഇറാനു ജീവന്മരണ പോരാട്ടമാണ്. ഏതറ്റം വരെ പോകാനും അവര്‍ തയ്യാറുമാണ്. എന്തായാലും ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനെതിരെ നടത്തുന്ന യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കെ, വരുന്ന അഞ്ച് ദിവസത്തേക്ക് താത്കാലികമായി യുദ്ധം നിര്‍ത്തുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചിരിക്കുന്നു. ഒന്നുകില്‍ യുദ്ധം പുതിയ തലങ്ങളിലേക്ക് നീക്കാനുള്ള സൈനിക ഇടവേള, അല്ലെങ്കില്‍ കമ്മോഡിറ്റി മാര്‍ക്കറ്റിനു വേണ്ടിയൊരുക്കുന്ന പ്രസ്താവന. പറയുന്നത് ട്രംപ് ആയതിനാല്‍ ആര്‍ക്കും ഒരു ഉറപ്പുമില്ല. ഇറാന്‍ ആരുമായിട്ടും ഇത് വരെയും യുദ്ധം നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് പറയുന്നത്. പൂര്‍ണ്ണമായ യുദ്ധവിരാമം എന്നത് മാത്രമേ തങ്ങള്‍ ആലോചിക്കുന്നുള്ളൂ. അതിനു ഇറാന്‍ മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്നും അവര്‍ പറയുന്നുണ്ട്.

ഇറാനോടുള്ള യുദ്ധം എല്ലാ അര്‍ത്ഥത്തിലും അമേരിക്കക്ക് വലിയ വിനയായി മാറുകയാണ്. ഇറാന്റെ ആണവ പദ്ധതി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ നീക്കം ഇപ്പോള്‍ അമേരിക്കയ്ക്ക് അകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്കും സാമ്പത്തിക തകര്‍ച്ചയ്ക്കും വഴിതുറന്നിരിക്കുകയാണ്. അതുകൊണ്ട് കൂടിയാണ് യുദ്ധത്തില്‍ നിന്ന് മാന്യമായി തലയൂരാന്‍ ശ്രമിക്കുന്നത്. യുദ്ധം തുടങ്ങിയതോടെ ഹോര്‍മുസ് കടലിടുക്ക് ഭാഗികമായി അടയുകയും അതിന്റെ പൂര്‍ണ്ണ നിയന്ത്രണം ഇറാന്‍ കൈക്കലാക്കുകയും ചെയ്തു. ഇത് ലോകത്തെ എണ്ണ വിതരണത്തെ താറുമാറാക്കിയിരിക്കുന്നു. അതുവഴി ഈ യുദ്ധം ലോക രാജ്യങ്ങളെ ഒരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളര്‍ വരെയെത്തി. ഇത് അമേരിക്കന്‍ വിപണിയില്‍ ഇന്ധനവില വര്‍ധിപ്പിക്കുകയും പണപ്പെരുപ്പത്തിന് കാരണമാവുകയും ചെയ്തിരിക്കുന്നു. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഇത് ട്രംപ് ഭരണകൂടത്തിന് വലിയ വെല്ലുവിളിയാകും. ഇറാന്റെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും അമേരിക്കന്‍ സൈനിക താവളങ്ങളെയും യുദ്ധക്കപ്പലുകളെയും നിരന്തരം ലക്ഷ്യം വയ്ക്കുന്നതിലൂടെ സൈനികമായി വലിയ നഷ്ടങ്ങളാണ് വരുത്തിയിരിക്കുന്നത്. തങ്ങളുടെ അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ഇറാന്റെ മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സൈനികമായും സാങ്കേതികമായും വലിയൊരു തിരിച്ചടിയാണ്.

നഷ്ടക്കണക്കുകളാണ് ഏറെ അമേരിക്കയുടേയും ഇസ്രായേലിന്റെയും കൊല്ലപ്പെട്ട സൈനികരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. അറബ് നാടുകളിലെ അമേരിക്കന്‍ സൈനിക തവളങ്ങളും കോണ്‍സുലേറ്റുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു. അവരുടെ ഡാറ്റാ സെന്ററുകളും അവരെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. അമേരിക്കയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ക്ക് വലിയ നാശനഷ്ടം വരുത്തിയ യുദ്ധമാണിത്. അമേരിക്കയുടെ അറബ് രാജ്യങ്ങളില്‍ ഉള്‍പെടെ സ്ഥാപിച്ച റഡാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു. അതില്‍ വിഖ്യാതമായ THAAD (ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) റഡാര്‍ ഉള്‍പ്പെടെ മറ്റു റഡാര്‍ സംവിധാനങ്ങളായ AN/TPY-2, AN/FPS-132 തുടങ്ങിയവയും തകര്‍ക്കപ്പെട്ടു. ഇന്ധനം നിറയ്ക്കുന്ന വിമാനമായ KC-135 ഇക്കഴിഞ്ഞ ആഴ്ച്ച ഇറാഖില്‍ തകര്‍ന്നു വീണു. മറ്റ് ചില വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എയര്‍ക്രാഫ്റ്റും, എഫ് 16 ഫൈറ്റര്‍ ജെറ്റ്, അബ്രഹാം ലിങ്കണ്‍ പോലുള്ള കപ്പലുകളും നേരിട്ട് ആക്രമിക്കപ്പെട്ടു. പെട്‌റോ ഡോളറിനേറ്റ അടിയാണ് അതിലേറ്റവും വലുത്. ഡോളറിനു പകരം ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിച്ച് ഹൊര്‍മൂസ് കടലിടുക്ക് വഴി വ്യാപാരം നടന്നതിലും വലിയ അടി കിട്ടാനില്ല. ജപ്പാനെ പോലുള്ള രാജ്യങ്ങള്‍ ഹൊര്‍മൂസ് വഴിയുള്ള ഇത്തരം ഡീലുകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട് അമേരിക്ക
നാറ്റോ രാജ്യങ്ങള്‍ ഇത് തങ്ങളുടെ യുദ്ധമല്ലെന്ന് പറയുകയുണ്ടായത് ചരിത്രത്തില്‍ ഇതാദ്യമായാണ്. തുടക്കത്തില്‍ തന്നെ റഷ്യയും ചൈനയും വടക്കന്‍ കൊറിയയും ഇറാനു പരസ്യമായി നല്‍കിയ പിന്തുണ അമേരിക്കയുടെ ആഗോള മേധാവിത്വത്തിന് വലിയ തിരിച്ചടിയായി. ചൈനയുടെ ‘ബെല്‍റ്റ് ആന്‍ഡ് റോഡ്’ പദ്ധതിയുടെ പ്രധാന കണ്ണിയാണ് ഇറാന്‍. അതിനാല്‍ ചൈന ഈ യുദ്ധത്തെ ശക്തമായി എതിര്‍ത്തു. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈന്യമുള്ള രാജ്യമാണ് തുര്‍ക്കി. എന്നാല്‍, ഈ യുദ്ധത്തില്‍ അമേരിക്കയെ പിന്തുണയ്ക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ഇറാന്റെ അയല്‍രാജ്യം എന്ന നിലയില്‍ പാകിസ്ഥാന്റെ നിലപാട് നിര്‍ണ്ണായകമായിരുന്നു. ഇറാനുമായുള്ള അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഒരു യുദ്ധത്തിന് തയ്യാറല്ലെന്ന് പാകിസ്താനും വ്യക്തമാക്കി. ചൈനയുടെ സ്വാധീനം പാക്കിസ്താനെ അമേരിക്കയില്‍ നിന്ന് കൂടുതല്‍ അകറ്റി. ഫ്രാന്‍സ്, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളും യുദ്ധത്തിനില്ലെന്ന് തുറന്നടിച്ചു. ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങള്‍ ഒഴികെ ഭൂരിഭാഗം രാജ്യങ്ങളും അമേരിക്കയുടെ യുദ്ധാഭിനിവേശത്തെ പിന്തുണച്ചില്ല. ഇറാനില്‍ നിന്നുള്ള ഇറക്കുമതിയും ചബാഹര്‍ തുറമുഖം വഴിയുള്ള വ്യാപാരവും ഇന്ത്യക്ക് പ്രധാനമാണ്. അമേരിക്കയുടെ പക്ഷം ചേരാത്ത ഇന്ത്യയുടെ നിലപാടും അമേരിക്കയ്ക്ക് ഒരു തിരിച്ചടിയായി.

പരമ്പരാഗതമായി അമേരിക്കന്‍ സഖ്യകക്ഷിയായ ഈജിപ്ത് ഈ യുദ്ധത്തില്‍ നിന്ന് വിട്ടുനിന്നു. സൂയസ് കനാല്‍ വഴിയുള്ള വ്യാപാരം തടസ്സപ്പെട്ടാല്‍ രാജ്യത്ത് സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന ഭയമാകും ഈജിപ്ത് നിഷ്പക്ഷത പാലിച്ചത്. ഇത് പോലെ അമേരിക്കയുടെ സഖ്യകക്ഷികളായിരുന്ന മറ്റു പല അറബ് ആഫ്രിക്കന്‍ രാജ്യങ്ങളും തങ്ങളുടെ സാമ്പത്തിക ഭദ്രതയെ ഓര്‍ത്ത് യുദ്ധത്തില്‍ നിന്നും വിട്ടുനിന്നു. മാത്രമല്ല, പല അറബ് രാജ്യങ്ങളും ഇപ്പോള്‍ ആശങ്കയിലാണ്. ഇറാന്‍ തങ്ങളെയും ആക്രമിക്കുമെന്ന് ഭയന്ന് പലരും അമേരിക്കയ്ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നില്ല. ഇത് അമേരിക്കയുടെ സൈനിക നീക്കങ്ങളെ മന്ദഗതിയിലാക്കി. അമേരിക്കയുടെ വലിയൊരു സൈനിക താവളം ഖത്തറിലുണ്ട്. എന്നാല്‍, ഇറാന്റെ മിസൈല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍, ഈ താവളത്തില്‍ നിന്ന് ഇറാനെതിരെ ആക്രമണം നടത്താന്‍ തങ്ങളുടെ മണ്ണ് ഉപയോഗിക്കരുത് എന്ന് ഖത്തര്‍ അമേരിക്കയോട് കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. ലോകം ഒരു ബഹുധ്രുവ വ്യവസ്ഥയിലേക്ക് മാറിക്കഴിഞ്ഞു എന്നതിന്റെ വ്യക്തമായ തെളിവാണ് വിവിധ രാജ്യങ്ങളുടെ സധൈര്യമുള്ള ഈ നിലപാടുകള്‍. ഇനിയുള്ള കാലം ഏകപക്ഷീയമായി ഒരു യുദ്ധത്തിലും വിജയിക്കുക എളുപ്പമല്ല.

തിരിച്ചടിയോടോപ്പം തിരിച്ചറിവും പകര്‍ന്ന യുദ്ധം
സൈനികമായ തിരിച്ചടികളും രാഷ്ട്രീയമായ ഒറ്റപ്പെടലിനുമൊപ്പം ചില തിരിച്ചറിവുകള്‍ നല്‍കാനും ഈ യുദ്ധം സഹായകമാണ്. മൂന്നാഴച്ച പിന്നിടുന്ന ഇറാന്റെ തിരിച്ചടി അമേരിക്കയേയും ഇസ്രായേലിനേയും ശരിക്കും ഞെട്ടിച്ചിരിക്കുന്നു. തങ്ങളുടെ ആയുധബലം കൊണ്ട് മാത്രം ജയിക്കാമെന്ന അമേരിക്കയുടെ ആത്മവിശ്വാസം തകര്‍ന്നിരിക്കുന്നു. റഷ്യയും ചൈനയും ഇറാനു പിന്നില്‍ ഉറച്ചുനില്‍ക്കുന്നത് ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതി പോലും ജനിപ്പിക്കുന്നുണ്ട്. കേവല വ്യോമാക്രമണം കൊണ്ട് മാത്രം ഇറാനെ പരാജയപ്പെടുതത്താനാവില്ല, ഇനി ഒരു കരയുദ്ധം തുടങ്ങിയാല്‍ അത് ദശാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന മറ്റൊരു ഇറാഖ് അല്ലെങ്കില്‍ അഫ്ഗാനിസ്ഥാന്‍ ദുരന്തമായി മാറുമെന്നും അമേരിക്ക ഭയപ്പെടുന്നു. ഇറാനുമായുള്ള യുദ്ധം ബ്രെന്റ് ക്രൂഡിന്റെ വില 100 ഡോളറിനു മുകളില്‍ എത്തിച്ചു, ഇത് ചരിത്രപരമായ IEA നടപടിക്കും 22 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയ്ക്കും വരെ കാരണമായി.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ലോകത്തിന്റെ സാമ്പത്തിക നട്ടെല്ലായ ഇന്ധന വിപണിയെ തകര്‍ക്കുന്ന ഒരു ആഗോള ഊര്‍ജ്ജയുദ്ധമായി മാറിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണക്കടത്തു പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി തടസ്സപ്പെടുത്തിയതോടെ ആഗോള എണ്ണവില കുതിച്ചുയരുകയും അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ കനത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. റഷ്യയും ചൈനയും കൊറിയയും ഇറാനു പിന്തുണയും, അമേരിക്കയുടെ സഖ്യകക്ഷികളായ പല രാജ്യങ്ങളും തങ്ങളുടെ പ്രവര്‍ത്തന ഭദ്രതയെ ഓര്‍ത്ത് യുദ്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഈ യുദ്ധത്തിന്റെ ഗതിയെ തന്നെ മാറ്റി. ‘എണ്ണ’ എന്ന ഒറ്റ ആയുധം ഉപയോഗിച്ച് അമേരിക്കയെയും സഖ്യകക്ഷികളെയും കുരുക്കിലാക്കുന്ന ഒരു തന്ത്രപരമായ നീക്കമാക്കി ഈ യുദ്ധത്തെ മാറ്റാന്‍ ഇറാനു സാധിച്ചു. ലോകത്തുടനീളമുള്ള രാജ്യങ്ങളെ ഈ പലരീതിയില്‍ ബാധിച്ച യുദ്ധം കൂടിയാണിത്. ഇതുവരെയുള്ള യുദ്ധത്തിന്റെ ഗതി നോക്കുമ്പോള്‍, വിജയം നേടി എന്ന് പറയാന്‍ കഴിയുന്ന ഒരു അവസ്ഥയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനില്ല. ഒരു നീണ്ട യുദ്ധം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കും ട്രംപിന്റെ വ്യക്തിപരവുമായ പ്രതിച്ഛായയ്ക്കും രാഷ്ട്രീയ ഭാവിക്കും കൂടുതല്‍ ദോഷം ചെയ്യുമെന്നും അദ്ധേഹം മനസ്സില്ലാക്കുന്നുണ്ട്. മറുവശത്ത്, ഇസ്രായേലിനാണെങ്കില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിലവിലെ സാഹചര്യങ്ങളില്‍ യുദ്ധം അവസാനിച്ചാല്‍, ഇറാന്‍ വേഗത്തില്‍ വിജയം പ്രാഖ്യാപിക്കുമെന്നും പിന്നീട് അവരുടെ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക ശക്തി കൂടുതല്‍ പടരുമെന്നു അവര്‍ ഭയപ്പെടുന്നു.

പശ്ചിമേഷ്യഎക്കാലത്തും അധികാര രാഷ്ട്രീയത്തിന്റെയും സാമ്രാജ്യത്വ താല്‍പ്പര്യങ്ങളുടെയും ചതുരംഗക്കളമാണ്. അതില്‍ ചെക്ക് പറയാനും കുളം കലക്കാനുമാണ് ഇസ്രായേല്‍ കാലങ്ങളായി ശ്രമിക്കുന്നത്. യുദ്ധം താല്‍കാലികമായി നിര്‍ത്തുന്നതിനേക്കാല്‍ പ്രധാനം സമാധാന ചര്‍ച്ചകളിലൂടെയുള്ള സ്ഥിര പരിഹാരവും പൂര്‍ണ്ണമായ യുദ്ധവിരാമവുമാണ്. അത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് റഷ്യയും ചൈനയുമുള്‍പെടെ പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. ചര്‍ച്ചകളുടെയും വിട്ടുവീഴ്ചകളുടെയും മേശപ്പുറത്താണ് എന്നും സമാധാനത്തിന്റെ വാതിലുകള്‍. യുദ്ധവിരാമം ഒരിക്കലും അടഞ്ഞ അധ്യായമല്ല. വന്‍ശക്തികളുടെ കളിപ്പാവകളാകാതെ, പ്രാദേശികമായ നീക്കുപോക്കുകളിലൂടെയും നയതന്ത്രത്തിലൂടെയും ഈ പ്രതിസന്ധിയെ മറികടക്കാന്‍ മിഡില്‍ ഈസ്റ്റിന് സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഹോര്‍മുസ് കടലിടുക്കിലെ എണ്ണക്കപ്പലുകളേക്കാളും തന്ത്രപ്രധാനമായ സൈനിക താവളങ്ങളേക്കാളും വിലപ്പെട്ടത് മദ്ധ്യപൗരസ്ത്യ ദേശത്തെ കോടിക്കണക്കിന് സാധാരണ മനുഷ്യരുടെ ജീവനാണ്. അവരുടെ ജീവിതമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ മലയാളികള്‍ ഉള്‍പെടെയുള്ളവരുടെ ജീവനോപാധിയാണ്. അത് തകരാന്‍ ഇന്ത്യയെപോലുള്ള ഒരു വലിയ രാജ്യത്തിനു വരുത്തുന്ന നഷ്ടം നമ്മള്‍ വിചാരിക്കുനതിനേക്കാള്‍ അപ്പുറമായിരിക്കും. നേതാക്കള്‍ വീണടിയുമ്പോഴും സാമ്പത്തിക വ്യവസ്ഥകളെയും സ്വതന്ത്ര പരമാധികാര രാജ്യങ്ങളേയും കൊല്ലാകൊല ചെയ്യുമ്പോഴും ലോകം ഉറ്റുനോക്കുന്നത് ബോംബുകള്‍ നിര്‍വീര്യമാകുന്ന സമാധാനമുള്ള മനുഷ്യ ജീവിതം സാധ്യമാക്കാന്‍ വേണ്ടിയാണ്.

Related