ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 2025 സെപ്റ്റംബര്‍ 22ന് പുറത്തിറക്കിയ ഉത്തരവ്, രാഷ്ട്രീയവും സാമൂഹികവുമായ ഒരു പുതിയ ചര്‍ച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ റാലികള്‍, വാഹന സ്റ്റിക്കറുകള്‍, പൊതുബോര്‍ഡുകള്‍, എഫ്.ഐ.ആറുകളിലെ ജാതിരേഖപ്പെടുത്തല്‍ എന്നിവ നിരോധിക്കുന്ന ഈ നീക്കം, ഉപരിപ്ലവമായി നോക്കിയാല്‍ ജാതിവിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഒന്നായി തോന്നിയേക്കാം. എന്നാല്‍, സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ കൊണ്ട് വരുന്ന എത് പുതിയ പരീക്ഷണത്തെയും പോലെ തന്നെ ഇതിന്റെയും പിന്നാമ്പുറങ്ങള്‍ പരിശോധിക്കുമ്പോള്‍, ഇത് ജാതിയെ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതല്ല, മറിച്ച് പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയമായ മുന്നേറ്റങ്ങളെ തടയാനുള്ള ഒരു ആസൂത്രിത നീക്കമാണെന്ന് വ്യക്തമാകും.
ഈ ഉത്തരവ് ഒരു യാദൃച്ഛിക സംഭവമല്ല, അലഹബാദ് ഹൈക്കോടതിയുടെ വിധിയാണ് ഇതിന്‍െ പശ്ചാത്തലം എന്നാണ് ഭാഷ്യം എങ്കിലും 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട വലിയ തിരിച്ചടിയുടെ നേരിട്ടുള്ള പ്രതികരണമാണ് ഇത്. ജാതി സെന്‍സസ് ആവശ്യപ്പെട്ടുകൊണ്ടുള്ള ശക്തമായ പ്രതിപക്ഷ നീക്കവും, ദലിത്-ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കെതിരെ ഉയര്‍ന്നുവന്ന അതൃപ്തിയും പാര്‍ട്ടിയെ ഞെട്ടിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കുകളില്‍ വിള്ളലുകള്‍ വീഴുന്നു എന്ന് മനസ്സിലാക്കിയാണ് യോഗി സര്‍ക്കാര്‍ ഈ നീക്കം നടത്തിയത്.
പ്രധാനമായും, ഈ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്:
പിന്നാക്ക വിഭാഗങ്ങളുടെ സംഘാടനം തടയുക: ജാതിയുടെ പേരില്‍ റാലികളും യോഗങ്ങളും നിരോധിക്കുന്നതോടെ, ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും രാഷ്ട്രീയമായി സംഘടിക്കാനുമുള്ള പ്രധാന വേദികളിലൊന്ന് ഇല്ലാതാകും.
വിവരങ്ങള്‍ മറച്ച് വെയ്ക്കുക: പൊലീസ് രേഖകളില്‍ ജാതിരേഖപ്പെടുത്തുന്നത് ഒഴിവാക്കുന്നത്, പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ എത്രത്തോളം വ്യാപകമാണ് എന്നതിന്റെ യഥാര്‍ഥ കണക്കുകള്‍ പുറത്തുവരുന്നത് തടയും. ഇത് ഹത്രാസ് പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാന്‍ കാരണമാകും.
പ്രതിപക്ഷത്തെ ദുര്‍ബലമാക്കുക: യു.പിയിലെ രാഷ്ട്രീയം ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രതിപക്ഷ പാര്‍ട്ടികളായ എസ്.പി.യും ബി.എസ്.പി.യും ദലിത്-യാദവ-പിന്നാക്ക വോട്ടുകള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. ഈ ഉത്തരവ് ഉപയോഗിച്ച് അവരുടെ പൊതു പരിപാടികള്‍ തടയാന്‍ സര്‍ക്കാരിന് ഒരു പുതിയ നിയമപരമായ ആയുധം ലഭിക്കും.
ഭരണഘടനാ ലംഘനവും സാമൂഹിക നീതിയുടെ നിഷേധവും:
സംഘടിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടന എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശം നല്‍കുന്നുണ്ട്. ഈ അവകാശത്തെയാണ് ജാതിയുടെ പേരില്‍ സംഘടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ലംഘിക്കുന്നത്. ജാതി വിവേചനം ഇപ്പോഴും ഒരു യാഥാര്‍ഥ്യമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, ജാതിപരമായ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാനും നീതി ആവശ്യപ്പെടാനുമുള്ള അവകാശം തടയുന്നത് നീതിനിഷേധമാണ്.
അന്വേഷണങ്ങള്‍ ദുര്‍ബലമാകും: എസ്.സി./എസ്.ടി. (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം ജാതി രേഖപ്പെടുത്തുന്നത് തുടരുമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും, മറ്റ് കേസുകളില്‍ ജാതി രേഖപ്പെടുത്തുന്നത് ഒഴിവാക്കുന്നത് നീതിയുക്തമായ അന്വേഷണങ്ങളെ തടയും. ഉദാഹരണത്തിന്, ഒരു ദലിതന്‍ അതിക്രമിക്കപ്പെടുമ്പോള്‍, അത് ജാതി വിവേചനത്തിന്റെ ഭാഗമാണോ എന്ന് രേഖപ്പെടുത്താന്‍ കഴിയാതെ വരുമ്പോള്‍, കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ എളുപ്പവഴിയൊരുക്കും.
ജാതി സെന്‍സസിനുള്ള സാധ്യത ഇല്ലാതാക്കുന്നു: ജാതി അടിസ്ഥാനത്തിലുള്ള ഡാറ്റാ ശേഖരണം ഭരണകൂടത്തിന്റെ നയരൂപീകരണത്തിന് അത്യന്താപേക്ഷിതമാണ്. പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ഥ ജനസംഖ്യ, സാമൂഹ്യ-സാമ്പത്തിക അവസ്ഥ, വിദ്യാഭ്യാസ നിലവാരം എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലെങ്കില്‍ സംവരണം പോലുള്ള പദ്ധതികള്‍ ശരിയായ ഗുണഭോക്താക്കളിലേക്ക് എത്തിക്കാന്‍ കഴിയില്ല. ഈ നീക്കം ഒരു ജാതി സെന്‍സസിനുള്ള സാധ്യതകള്‍ക്ക് തടയിടും.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയ ഈ പുതിയ ഉത്തരവ് ഒരിക്കലും തന്നെ ജാതിയെ ഇല്ലാതാക്കില്ല. ജാതിയെ ഒരു കുറ്റകൃത്യമായി ചിത്രീകരിച്ച് സാമൂഹിക നീതിക്ക് തുരങ്കം വെക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്.
