ഇറാനിന്റെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട കപ്പലുകൾക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിൽ പരോക്ഷമായ ചർച്ചകൾക്കായി ഉന്നത ഇറാനിയൻ നയതന്ത്രഞ്ജർ ജനീവയിൽ എത്തിയിരിക്കുകയാണ്. അമേരിക്ക ഇറാനുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുകയും മേഖലയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ജനീവയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ന്യായവും സന്തുലിതവും നീതിയുക്തവുമായ ഒരു കരാർ സാധ്യമാണെന്നും ഇറാൻ ആണവായുധം കൈവശം വെക്കുന്നില്ല എന്നും ആണവസാങ്കേതിക വിദ്യയുടെ സമാധാനപരമായ ഉപയോഗം എന്ന അവകാശം ആർക്കുമെങ്കിലും അടിയറവ് വെക്കാൻ പോകുന്നില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി വ്യക്തമാക്കി. ജൂലൈയിൽ അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനുശേഷം ഇറാൻ അവരുടെ ആണവ പദ്ധതി പുനരാരംഭിച്ചതിന് അമേരിക്കൻ വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തുന്നുണ്ട്.ഇറാനിന്റെ കൈവശമുള്ള ബാല്ലിസ്റ്റിക് മിസൈലുകൾ അമേരിക്കക്ക് ഭീഷണിയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആശങ്കപ്പെടുന്നു.
ഇറാന്റെ എണ്ണ കപ്പലുകൾക്കും ആയുധശേഖരങ്ങൾക്കും ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്ക. ഇതുവഴി റവല്യൂഷനറി ഗാർഡിന് എത്തുന്ന സാമ്പത്തികം തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിന്നും വ്യത്യസ്തമായി ഭീകര ഗ്രൂപ്പുകളെ സഹായിക്കുവാനും മിസൈലുകൾ ഉണ്ടാക്കുവാനുമാണ് ഇറാൻ പണം ചെലവഴിക്കുന്നത് എന്നാണ് അമേരിക്കയുടെ പക്ഷം.
ഇറാനിന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കഴിഞ്ഞവർഷം അമേരിക്ക ആക്രമണം നടത്തുകയും ആണവ പദ്ധതിയെ തുടച്ചുനീക്കിയതായും അവകാശപ്പെടുന്ന ട്രംപ് അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസിക്ക് ഇറാനിലെ ഫോർദോ, നടാൻസ്,ഇസ്ഫാഹൻ മേഖലയിൽ പരിശോധനയ്ക്കായി അനുമതി ലഭിക്കാത്തതിൽ നിരാശനാണ്. ഉപയകക്ഷി ബന്ധം ശക്തമാക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും വെനെസ്വലയുടെ താൽക്കാലിക പ്രസിഡന്റ് ഡൽസി റോഡ്രിഗസും തമ്മിൽ സംസാരിച്ച ദിവസങ്ങൾക്കുള്ളിൽ ഇന്ത്യ ഇറാനിന് പകരം വെനസ്വലയിൽ നിന്നും എണ്ണ വാങ്ങുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ജനീവയിൽ ചർച്ചകൾ നടക്കുമ്പോഴും എഫ് 16,എഫ് -22,എഫ് -35 വിമാനങ്ങൾ ഇറാനിൽ സമീപം അമേരിക്ക എത്തിച്ചിട്ടുണ്ട്. 50 ഫൈറ്റർ ജെറ്റുകളാണ് അമേരിക്ക ഇറാനി സമീപം വിന്യസിചിരിക്കുന്നത്. യുഎസിന്‍റെ ഇറാക്കിനെതിരെയുള്ള അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിനവ്യോമസേന നടപടിയായാണ് നിരീക്ഷകർ ഇതിനെ വിശേഷിപ്പിക്കുന്നത്.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ വിക്ഷേപണ കേന്ദ്രം ഇറാൻ റവല്യൂഷിനറി ഗാർഡിന്റെ മിലിറ്ററി ബേസുകൾ, റവല്യൂഷനറി ഗാർഡിന്റെ കീഴിലുള്ള അർദ്ധ സൈനിക വിഭാഗമായ ബാസിജ് യൂണിറ്റ് എന്നിവയെ ലക്ഷ്യമിട്ടാകും അമേരിക്കയുടെ ആക്രമണം ഉണ്ടാവുക. ഇറാനെതിരായ ആക്രമണങ്ങൾ അപകടകരമാകുമെന്നും അത് യുഎസിനെ ഒരു നീണ്ട സംഘർഷത്തിലേക്ക് വലിച്ചിഴയ്ക്കാൻ സാധ്യതയുണ്ടെന്നും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ മുന്നറിയിപ്പ് നൽകി.
2003 ൽ ഇറാക്കിനെ ആക്രമിക്കാൻ അമേരിക്ക കണ്ടെത്തിയ അതെ ന്യായം തന്നെയാണ് ഇറാനെ ആക്രമിക്കാൻ അമേരിക്ക ഇപ്പോൾ പുറത്തെടുത്തിരിക്കുന്നത്. ഇറാഖിന്റെ കൈവശം ആണവായുധം ഉണ്ട് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ഇറാഖിൽ അമേരിക്ക അധിനിവേശം നടത്തിയത്. ആക്രമണത്തോടെ ഇറാനിൽ ജനാധിപത്യ പ്രക്ഷോഭയുടെ നേതൃത്വത്തിൽ അമേരിക്കൻ പിന്തുണയുള്ള ഒരു സർക്കാർ രൂപീകരിക്കാം എന്നതാണ് അമേരിക്കയുടെ ധാരണ. എന്നാൽ അമേരിക്ക സമാനമായി സൈനിക ഇടപെടൽ നടത്തിയ ലിബിയയിയും ഇറാഖിലും സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടങ്ങളിലെ ഭരണകൂടത്തെ അട്ടിമറിച്ച ശേഷവും ജനാധിപത്യ ക്രമത്തിലേക്ക് ആ രാഷ്ട്രങ്ങൾക്ക് മടങ്ങിപ്പോകുവാൻ സാധിച്ചിരുന്നില്ല.കൂടുതൽ ഏകാധിപത്യത്തിലേക്ക് ആഭ്യന്തര സംഘർഷങ്ങളിലേക്കോ ആ രാജ്യങ്ങൾ എടുത്തറിയപ്പെടുകയാണ് ഉണ്ടായത്. സദ്ദാം ഹുസൈനെ പിടികൂടി വധിക്കുവാൻ അമേരിക്കയ്ക്ക് സാധിച്ചുവെങ്കിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ പ്രസ്ഥാനത്തിന്റെ ഉദയത്തെ തടഞ്ഞുനിർത്തുവാൻ അമേരിക്കക്കും സഖ്യകക്ഷികൾക്കും സാധിച്ചിരുന്നില്ല. അഫ്ഗാനിസ്ഥാനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല അഫ്ഗാനിൽ താലിബാനു മുന്നിൽ അടിപതറി യുഎസിന്.
യുഎസ് ആക്രമണം ഇറാനെ മുൻകാല നിലപാടുകളിൽ നിന്നും ഒരു പരിധിവരെ പിന്തിരിപ്പിക്കാൻ കാരണമാകുമെന്ന് പാശ്ചാത്യ മീഡിയകൾ നിരീക്ഷിക്കുന്നു. അതുവഴി മേഖലയിലെ മിലീഷ്യകൾക്ക് നൽകി പോകുന്ന സഹായങ്ങൾ ലഘൂകരിക്കപ്പെടാനും ആണവ പദ്ധതികൾ മന്ദഗതിയിൽ ആക്കുവാനും, പ്രതിഷേധക്കാരോടുള്ള സമീപനത്തിൽ മിതത്വം കൊണ്ടുവരാനും സാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പട്ടാള അട്ടിമറിയും ഇറാനിന്റെ കാര്യത്തിൽ സംഭവിച്ചേക്കാം എന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം ആരംഭിച്ചാൽ ഇറാന്റെ തിരിച്ചടി അമേരിക്കൻ സേനയിൽ മാത്രം ഒതുങ്ങി നിൽക്കില്ല. ഇസ്രായേലിനെയും അമേരിക്കയ്ക്ക് വ്യോമത്താവളങ്ങൾ ഉള്ള അറബ് രാജ്യങ്ങളിലേക്കും തിരിച്ചടി നീളും. ഇത് മേഖലയെ ആകെ യുദ്ധത്തിലേക്ക് കൊണ്ടെത്തിക്കാം. തങ്ങളുടെ വ്യോമപാത ഇറാനിനെ ആക്രമിക്കാൻ വിട്ടു നൽകില്ല എന്ന് അറബ് രാജ്യങ്ങൾ പ്രഖ്യാപിക്കുമ്പോഴും ഇറാനിലെ തിരിച്ചടിയിൽ നിന്ന് മേഖല മുക്തമാകുമോ എന്ന ചോദ്യം ബാക്കിയാവുകയാണ്.
