“ മനുഷ്യ ധാർമ്മികതയുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും എല്ലാ മാനദണ്ഡങ്ങളെയും ലംഘിച്ച് നടത്തിയ കൊലപാതകം ”
ഇറാൻ പരമോന്നത നേതാവ് ഖംനയിയെ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയ അമേരിക്കൻ ഇസ്രായേൽ നടപടിക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുട്ടിൻ നടത്തിയ പ്രസ്താവനയാണ് മേൽ ഉദ്ധരിച്ചത്.
ആരായിരുന്നു ഇറാനിന് ഖംനഈ ?
പരിശോധിക്കാം
വടക്കു കിഴക്കൻ ഇറാനിലെ ഷിയാ മുസ്ലിങ്ങളുടെ പരിശുദ്ധ നഗരമായ മഷ്ഹദിൽ ഒരു പണ്ഡിത കുടുംബത്തിലാണ് ഖംനഈ 1939 ൽ ജനിക്കുന്നത്. അദ്ദേഹത്തിന്റെ വംശ പരമ്പരകൾ നോക്കുമ്പോൾ അസർബൈജാനിലാണ് നാം എത്തിച്ചേരുക.മഷ്ഹദിൽ ഇസ്ലാമിക് തിയോളജി വിദ്യാർഥിയായിരുന്നു. ഖുർആനും പുസ്തകങ്ങളും വായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന മാതാവ് ഖദീജ മിർഡ മഡിയാണ് മകനിലേക്ക് സാഹിത്യത്തിന്റെയും കവിതയുടെയും ലോകത്തെ നട്ടുപിടിപ്പിച്ചത്. ഉമ്മയുടെ പിൻബലവും പ്രോത്സാഹനവുമാണ് താൻ അംഗമായ തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രവേശനമായ ഖുമൈനിയുടെ വിപ്ലവ പ്രസ്ഥാനത്തിലേക്ക് കാലെടുത്തുവെക്കാൻ ഖംനയിക്ക് പ്രചോദനമായത്. 1962 ൽ അദ്ദേഹം ആയത്തുല്ല ഖുമൈനി നേതൃത്വം നൽകിയ വിപ്ലവ പ്രസ്ഥാനത്തിൽ അംഗമായി. ഷാ മുഹമ്മദ് റെസ പഹലവിക്കെതിരെയുള്ള വിപ്ലവ പ്രസ്ഥാനത്തിൽ സജീവ പങ്കുവഹിച്ച അദ്ദേഹം ഭരണകൂടത്തിന്റെ തകർച്ചയ്ക്ക് മുമ്പ് അനേകം തവണ അറസ്റ്റിലായി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഖംനഈ രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയായി ഇസ്ലാമിക വിപ്ലവ സേനയെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1989 ൽ ഖുമൈനി മരണപ്പെട്ടതിനെ തുടർന്ന് നേതൃസഭ ഖംനഇയെ ഖുമൈനിയുടെ പിൻഗാമിയായി, ഇറാനിന്റെ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. അന്നുമുതൽ മരണംവരെ ഇറാനിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ സാമ്രാജ്യത്വ വിരുദ്ധ മുഖമായി ഖംനഈ ധീരതയോടെ നിലകൊണ്ടു.
സാംസ്കാരിക അന്യവൽക്കരണം, അതായത് കിഴക്കൻ സമൂഹങ്ങൾ പാശ്ചാത്യ സംസ്കാരത്തെയും ഭൗതികവാദത്തെയും സാങ്കേതികവിദ്യയെയും അന്ധമായി അനുകരിക്കുകയും അതുവഴി സ്വന്തം സാംസ്കാരിക സ്വത്വവും ഭൗതിക സ്വാതന്ത്ര്യവും നഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥിതി വിശേഷം. ഇതിനെയാണ് ഗൾബ് സാറേഗി അഥവാ westoxification എന്ന് പറയുന്നത്.ജലാൽ അൽ ഇ അഹമ്മദാണ് ഈ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. ഈ ആശയമാണ് പടിഞ്ഞാറിനെ കുറിച്ചും ഇറാനും മേലുള്ള സാമ്രാജ്യത്വ സ്വാധീനത്തെയും കുറിച്ചുള്ള ഖംനഇയുടെ ചിന്തകൾക്ക് രൂപം നൽകിയത്.
1953 ൽ ഇറാനിലെ എണ്ണ വ്യവസായത്തെ ദേശസാൽക്കരിച്ച പ്രധാനമന്ത്രി മുഹമ്മദ് മുസദ്ദിഗിനെ CIA സ്ഥാനഭ്രഷ്ടനാക്കിയ സംഭവവികാസങ്ങൾ അടക്കം ഖംനഇയുടെ ലോകവീക്ഷണത്തെ രൂപപ്പെടുത്തുവാൻ സഹായിച്ചു. മുസ്ലിം ബ്രദർഹുഡ് നേതാവും ലോകപ്രശസ്ത മുസ്ലിം ബുദ്ധിജീവിയുമായ സയ്യിദ് ഖുത്തുബിനെ കുറിച്ചുള്ള തന്റെ വായനകളാണ് അദ്ദേഹത്തെ ഫലസ്തീൻ അനുകൂല നിലപാടിലേക്ക് എത്തിച്ചത്. ഖുതുബിന്റെ രചനകൾ അദ്ദേഹം പേർഷ്യനിലേക്ക് മൊഴിമാറ്റം ചെയ്തു. 1981 ൽ സദ്ദാം ഹുസൈൻ തുടങ്ങിവച്ച ഇറാൻ – ഇറാഖ് യുദ്ധത്തിൽ ഖംനഈ ഇറാനിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം അദ്ദേഹം ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെടുകയും അതുമൂലം അദ്ദേഹത്തിന്റെ വലതുകൈ ഭാഗികമായി തളർന്നു പോവുകയും ചെയ്തു. 1989 വരെ ഇറാനിലെ പ്രസിഡണ്ട് പദവിയിൽ ഖംനഇ തുടർന്നു.
ഫലസ്തീനിൽ ഹമാസ്-ഇസ്ലാമിക് ജിഹാദ്, ലെബനാലിൽ ഹിസ്ബുല്ല, ഇറാഖിൽ ഷിയാ മിലീഷ്യ, സിറിയ എന്നിവരെ ഉൾപ്പെടുത്തി ഇസ്രായേൽ – അമേരിക്കൻ വിരുദ്ധമായ പ്രതിരോധത്തിന്റെ അച്ചുതണ്ട് എന്നറിയപ്പെടുന്ന സഖ്യത്തിന് ഖംനഈ രൂപം നൽകി. ഇറാൻ ഭീകരവാദത്തെ സഹായിക്കുന്നു എന്ന പടിഞ്ഞാറിന്റെ ആരോപണങ്ങൾക്ക് ഈ സഖ്യമാണ് മുഖ്യകാരണം. ജൂണിൽ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ അഴിച്ചുവിട്ട 12 ദിന യുദ്ധത്തിനു ശേഷം ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞുവെച്ചത് ഖംനഈ അധികനാൾ തുടരില്ല എന്നായിരുന്നു. അതേ മാസം തന്നെ
ഖംനഇയെ വധിക്കാനുള്ള ഇസ്രായേൽ പദ്ധതികൾ തള്ളിക്കളയാനാവില്ലെന്ന് ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കിയിരുന്നു.
1999 ലെ വിദ്യാർത്ഥി പ്രക്ഷോഭം 2009 ലെ തിരഞ്ഞെടുപ്പനന്തര പ്രക്ഷോഭം, 2019ൽ ഇന്ധനവിലക്കേറ്റത്തിന് എതിരെ ഉണ്ടായ പ്രക്ഷോഭം, 2022ലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭം, 2026 ൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉടലെടുത്ത പ്രക്ഷോഭം എന്നിവയെല്ലാം ഖംനയിക്ക് വെല്ലുവിളി ഉയർത്തിയെങ്കിലും അവയെ എല്ലാം അദ്ദേഹം നേരിട്ടു.
2014 ൽ ഖംനഈ പോസ്ട്രേറ്റ് സർജറിക്ക് വിധേയനായി. അതിനിടയിൽ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള കിംദന്തികൾ പ്രചരിച്ചിരുന്നു.തന്റെ കാലത്ത് ഇറാൻ ഭരിച്ച പ്രസിഡണ്ട് മാരായ മുഹമ്മദ് ഖതാമി, മഹ്മൂദ് അഹമ്മദി നജാദ്, ഹസൻ റൂഹാനി എന്നിവരുടെ സർക്കാരുകളിൽ പുരോഗമനപരവും യാഥാസ്ഥിതികവുമായുള്ള സമീപനങ്ങൾ ദൃശ്യമായിരുന്നു.
ഖംനയിയെ പരമോന്നത നേതാവായി തിരഞ്ഞെടുത്ത നേതൃ സഭ തന്നെയായിരിക്കും അടുത്ത പിൻഗാമിയെയും തിരഞ്ഞെടുക്കുക.എൺപത്തിയെട്ടംഗ സഭയാണ് ഈ നേതൃസഭ. എട്ടുവർഷം കൂടുമ്പോൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് സഭാംഗങ്ങൾ. പരമോന്നത നേതാവിന്റെ സ്ഥാനത്ത് ഒഴിവു വന്നാൽ കഴിയും വിധം വേഗം ആ പദവിയിലേക്ക് പകരം ആളെ തിരഞ്ഞെടുക്കണമെന്ന് ഇറാനിയൻ ഭരണഘടന അനുശാസിക്കുന്നുണ്ട്. പരമോന്നത നേതാവിന്റെ സ്ഥാനം ഒഴിവ് വന്നാൽ പ്രസിഡണ്ട്, നീതിന്യായ തലവൻ, ഗാർഡിയൻ കൗൺസിലിലെ ശക്തനായ പുരോഹിതൻ, എന്നിവരായിരിക്കും പരമോന്നത നേതാവിന്റെ താൽക്കാലിക ചുമതല വഹിക്കുക.
ഇറാനിയൻ പ്രസിഡന്റ്, പാർലമെന്റ് ഇലക്ഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ എന്നിവരെ പരമോന്നത നേതാവായ ഖംനയിയുടെ പരിശോധനകൾക്ക് വിധേയമാക്കപ്പെടും. ആയതിനാൽ തന്നെ ഇറാനിലെ ഇസ്ലാമിക പരമാധികാര സങ്കൽപത്തെ ഉയർത്തിപ്പിടിക്കുന്നവർ തന്നെയായിരിക്കും ഇറാൻ പ്രസിഡണ്ടായും ഇറാനിയൻ പാർലമെന്റ് അംഗങ്ങളായും തിരഞ്ഞെടുക്കപ്പെടുക. ഇന്നു കാണുന്ന രീതിയിൽ ഇറാനിയൻ റവല്യൂഷനറി ഗാർഡ് കോർപ്സിനെയും, പാര മിലിറ്ററി സംവിധാനത്തെയും രൂപപ്പെടുത്തിയത് ഖംനഇയുടെ നേതൃത്വമാണ്.
ഷിയാ വിശ്വാസ പ്രകാരം ന്യായവിധി ദിവസത്തിനു മുമ്പ് പ്രത്യക്ഷപ്പെടാനിരിക്കുന്ന ജീവിതത്തിൽ തെറ്റുപറ്റാത്ത ഇമാമിന്റെ പുനരാഗമനം നടക്കുന്നത് വരെ മതപരവും സാമൂഹികവും രാഷ്ട്രീയപരവുമായ ഷിയാ മുസ്ലിംകളുടെ നേതൃത്വം നീതിമാനായ ഷിയാ നേതാവിന്റെ കൈയിൽ ആയിരിക്കണം. ഈ സിദ്ധാന്തത്തെയാണ് വിലായത്ത്-ഇ -ഫാഖിഹ് എന്ന പേരിൽ അറിയപ്പെടുന്നത്. ഈ സിദ്ധാന്തപ്രകാരമുള്ള നീതിമാനായ നിയമജ്ഞനായാണ് ഖംനഈ ഇറാനിന്റെ പരമോന്നത നേതൃ സ്ഥാനം വഹിച്ചു പോന്നിരുന്നത്. ഈ പരമോന്നത നേതാവിനെയാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇറാനിൽ മാത്രമല്ല ലോകത്തെ ശിയാ മുസ്ലിങ്ങൾ അടക്കം കോപം കൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ.
