*
ഇറാനിൽ ജനാധിപത്യ പ്രക്ഷോഭം ദൈനംദിനം അക്രമാസക്തമായി കൊണ്ടിരിക്കുകയാണ്.
അമേരിക്കൻ ഡോളറിന് എതിരിൽ ഇറാൻ റിയാലിന്റെ മൂല്യം കൂപ്പുകുത്തിയതിനെത്തുടർന്നുണ്ടായ ജീവിതച്ചിലവ് വർധനയാണ് നിലവിലെ പ്രക്ഷോഭങ്ങൾക്ക് ഹേതു. എന്നാൽ, പ്രക്ഷോഭത്തിന്റെ കാരണം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയാണെന്നും ഇറാനിന്റെ ആത്മീയ നേതൃത്വത്തിനെതിരെയല്ല പ്രക്ഷോഭമെന്നുമാണ് സർക്കാർ മീഡിയ വ്യക്തമാക്കുന്നത്. അതേസമയം ആയത്തുള്ള ഖംനഇയുടെ ചിത്രം സിഗരറ്റ് ഉപയോഗിച്ച് കത്തിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുമെന്നും അഴിമതി തടയുന്നതിന് കൂടുതൽ ശ്രമം നടത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും പ്രതിഷേധത്തെ തണുപ്പിച്ചിട്ടില്ല. അന്താരാഷ്ട്രതലത്തിൽ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾ മൂലം അന്താരാഷ്ട്ര വിപണിയിലേക്കും, മരവിപ്പിച്ച രാജ്യത്തിന്റെ സ്വത്തുവകകളിലേക്കും കൈകടത്താൻ ഇറാന് സാധിക്കുന്നില്ല. കഴിഞ്ഞ ആറുമാസത്തിനിടെ ഇറാനിയൻ റിയാലിന്റെ മൂല്യം അമേരിക്കൻ ഡോളറിനെതിരെ 56% താഴെക്കാണ് കൂപ്പ് കുത്തിയത്. പാൽ ഉൽപ്പന്നങ്ങളുടെ വില ആറ് ഇരട്ടിയും മറ്റ് സാധനസാമഗ്രികളുടെ വില പത്ത് ഇരട്ടിയുമാണ് വർധിച്ചത്.
പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ ശ്രമിക്കുന്നപക്ഷം അമേരിക്ക കയ്യുംകെട്ടി നോക്കിനിൽക്കില്ല എന്നാണ് ട്രംപിന്റെ ഭീഷണി. അമേരിക്കയും ഇസ്രയേലുമാണ് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ നിലവിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ എന്നാണ് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനിന്റെ വാദം. എന്നാൽ, വെനെസ്വലയിൽ സാധിച്ചതുപോലെ അമേരിക്കയ്ക്ക് നിഷ്പ്രയാസം ഒതുക്കാൻ സാധിക്കുന്ന ഭരണകൂടമല്ല ഇറാനിന്റെത്. മധ്യപൂർവ ഏഷ്യയിലെ ഏറ്റവും ശക്തമായ സൈനിക രാഷ്ട്രങ്ങളിൽ ഒന്നാണ് ഇറാൻ എന്നതുതന്നെ അതിന്റെ പ്രധാന കാരണം. ഉപരോധത്തിന് നടുവിലും ഉക്രൈനിൽ യുദ്ധം ചെയ്യുന്ന റഷ്യൻ സേനക്ക് അത്യാധുനിക ഡ്രോണുകൾ നൽകുവാൻ മാത്രം വളർന്നതാണ് അവരുടെ സൈനിക സാങ്കേതിക മേഖല. ഏതുനിമിഷവും ഒരു വലിയ യുദ്ധം തങ്ങൾക്കെതിരെ പൊട്ടിപ്പുറപ്പെടുമെന്ന് ഉറച്ച ധാരണയിലാണ് ഇറാൻ തങ്ങൾ കഴിഞ്ഞുപോയ ഓരോ ദിനങ്ങളെയും തള്ളിനീക്കിയത്. അതുകൊണ്ടുതന്നെ രാജ്യത്തെ എന്നും യുദ്ധ സജ്ജമായി നിലനിർത്തുവാൻ ഇറാൻ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. അമേരിക്ക ഇറാനെ ആക്രമിക്കുന്ന പക്ഷം ഇസ്രായേൽ അതിനോട് പ്രതികരിക്കുക എങ്ങനെ എന്നതും ഏറെ ഗൗരവത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. തങ്ങളുടെ ഹിറ്റ്ലിസ്റ്റ് ഉൾപ്പെട്ട ഇറാനെ ഒതുക്കാൻ ലഭിക്കുന്ന ഈ അവസരം അമേരിക്കയോടൊപ്പം ചേർന്ന് നിർവഹിക്കുവാൻ ഇസ്രായേൽ തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ഇറാനുമേൽ ആക്രമണം ഉണ്ടാകുന്ന പക്ഷം ഇസ്രായേൽ അടക്കം എല്ലാ അമേരിക്കൻ മിലിറ്ററി ബേസുകളെയും ലക്ഷ്യംവെച്ച് പ്രത്യാക്രമണം നടത്തുമെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ ബഖർ ഗാലിബഫ് മുന്നറിയിപ്പു നൽകുന്നുണ്ട്.
സുരക്ഷാസേന ഉൾപ്പെടെ അറുന്നൂറോളം പേരാണ് നിലവിൽ ഇറാനിൽ കൊല്ലപ്പെട്ടത്. ലണ്ടൻ, പാരീസ്, ബർലിൻ, ഇസ്താംബുൾ എന്നിവിടങ്ങളിൽ ഇറാൻ പ്രക്ഷോഭകാർക്ക് ഐക്യദാർഢ്യവുമായി പ്രകടനങ്ങൾ നടക്കുന്നു. അമേരിക്കയും ഇസ്രയേലും രാജ്യത്തിനകത്തും പുറത്തും ചിലരെ ഇറാനിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ പരിശീലിപ്പിച്ചിട്ടുണ്ടെന്നും പുറത്തുനിന്ന് ചില തീവ്രവാദികളെ അവർ വിലയ്ക്ക് വാങ്ങിയിട്ടുണ്ടെന്നും ബഖർ ഗാലിബഫ് ആരോപിക്കുന്നു. പ്രക്ഷോഭകരെ കേൾക്കാൻ തങ്ങൾ ഒരുക്കമാണെന്നും ഏതു വിധേനയും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും ഇറാനിയൻ പ്രസിഡണ്ട് തുറന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇറാനിൽ ഡ്രസ്സ് കോഡ് പാലിച്ചില്ല എന്ന കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത മെഹ്സ അമീനി എന്ന 22 കാരി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് 2022-23 കാലയളവിൽ നടന്ന പ്രക്ഷോഭത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭരണകൂട വിരുദ്ധ മുന്നേറ്റത്തിണ് നിലവിൽ ഇറാൻ സാക്ഷിയാകുന്നത്.
1979 ൽ അമേരിക്കൻ പിന്തുണയുള്ള മുഹമ്മദ് റെസ പഹലവിയുടെ ഭരണകൂടത്തെ അട്ടിമറിച്ചാണ് ആയത്തുള്ള ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാൻ ഒരു ഇസ്ലാമിക റിപ്പബ്ലിക്കായി മാറുന്നത്. അന്നുമുതൽ അമേരിക്കയുടെ ശത്രുപക്ഷത്താണ് ഇറാനിലെ ഇസ്ലാമിക ഭരണകൂടം. മുഹമ്മദ് റെസ പഹലവിയുടെ മകൻ റെസ പഹലവിയും ഇപ്പോൾ ഇറാൻ പ്രക്ഷോഭത്തെ തുടർന്ന് ചർച്ചകളിൽ ഇടം പിടിച്ചിരിക്കുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും പിന്തുണ പെഹലവിക്കുണ്ട്. പ്രക്ഷോഭത്തിലൂടെയോ സൈനിക നീക്കങ്ങളിലൂടെയോ ഇറാനിൽ ഒരു ഭരണമാറ്റം ഉണ്ടായാൽ അതിൽ പെഹലവിയുടെ റോൾ എന്തായിരിക്കും എന്നത് കാത്തിരുന്നു കാണേണ്ടതാണ്. അഹിംസ മാർഗ്ഗത്തിലൂടെ ഇറാനിയൻ ഭരണകൂടത്തെ പ്രതിരോധിച്ചിരുന്ന നയം സ്വീകരിച്ചു പോന്നിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിലായി പ്രസ്തുത നിലപാടുകളിൽ നിന്നും ഏറെ പിന്നോട്ട് പോയിരിക്കുന്നു. അമേരിക്കയിൽ താമസമാക്കിയ റെസ പെഹലവി നഗര കേന്ദ്രങ്ങൾ പിടിച്ചടക്കുവാൻ പ്രക്ഷോഭകരോട് ആഹ്വാനം ചെയ്യുന്നുണ്ട്. പെഹലവിയുടേതിന് സമാനമായി ഇറാനിൽ വിപ്ലവം നയിക്കുമ്പോൾ ആയത്തുള്ള ഖുമൈനി ഇറാഖ്, തുർക്കി, ഫ്രാൻസ് എന്നിവിടങ്ങളിലായിരുന്നു.വിപ്ലവ പൂർവ്വ ഇറാനിൽ തന്റെ പിതാവിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന സിംഹത്തിന്റെയും സൂര്യന്റെയും ചിത്രമുള്ള പതാക ഉയർത്തിപ്പിടിക്കുവാൻ പെഹലവി പ്രക്ഷോഭകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ്.
തങ്ങൾക്ക് വഴങ്ങാത്ത ഭരണകൂടങ്ങളെ അട്ടിമറിയിലൂടെയും ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയും സ്ഥാനഭൃഷ്ടരാക്കുവാൻ എന്നും ശ്രമിച്ചിട്ടുള്ള രാജ്യമാണ് അമേരിക്ക. ഇറാനിൽ ഒരിക്കൽ അവർ അത് പയറ്റി വിജയിച്ചതുമാണ്. ഇത്തരത്തിൽ ജനകീയ പ്രക്ഷോഭത്തിലൂടെ വെനസ്വലയിൽ നിക്കോളാസ് മധുറോ നേതൃത്വം നൽകുന്ന ഭരണകൂടത്തെയും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വിഫലമായപ്പോഴാണ് സൈനിക നീക്കത്തിലൂടെ ഭരണകൂടത്തെ യു.എസ് അട്ടിമറിച്ചത്. അത്തരം ഒരു സൈനിക നീക്കത്തിനും തങ്ങൾ സജ്ജമാണ് എന്നാണ് യു.എസ് ഇറാനുമേൽ മുഴക്കുന്ന ഭീഷണി.
രാജ്യത്ത് നടക്കുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയും ഇസ്രായേലും ആണ് എന്ന് ഇറാൻ വ്യക്തമാക്കുമ്പോൾ, അമേരിക്ക ഇറാനെ ആക്രമിക്കുന്ന പക്ഷം ഇറാന്റെ തിരിച്ചടി അമേരിക്കയിൽ മാത്രം ഒതുങ്ങി നിൽക്കാതെ അത് ഇസ്രായേലിലേക്കും വ്യാപിക്കും എന്ന നിരീക്ഷണം ഏറെ സാധ്യതയുള്ളതാണ്.
ഇറാനിനും വെനസ്വലക്കും ഒരു പൊതു പ്രത്യേകതയുണ്ട്. രണ്ടും എണ്ണ സമ്പന്ന രാഷ്ട്രങ്ങളാണ് എന്നതാണത്. ഇറാനിൽ ഭരണമാറ്റം അമേരിക്ക ആഗ്രഹിക്കുവാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്ന് എണ്ണ രാഷ്ട്രീയമാണ് എന്ന നിരീക്ഷണത്തിനും ഇവിടെ പ്രസക്തിയുണ്ട്. റഷ്യയുടെ എണ്ണ വാങ്ങുന്നതിനെതിരിൽ ഇന്ത്യ ഉൾപ്പടെയുള്ള രാഷ്ട്രങ്ങൾക്കുമേൽ അധികതീരുവ ചുമത്തി ട്രംപ് ഭീഷണി മുഴക്കുമ്പോഴും റഷ്യയുടെ എണ്ണ ഉൽപ്പന്നങ്ങൾ പിൻവാതിലിൽ കൂടി അമേരിക്ക ഇപ്പോഴും വാങ്ങുന്നത് അമേരിക്ക നേരിടുന്ന എണ്ണ പ്രതിസന്ധി വ്യക്തമാക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തെയും കൂടി മുൻനിർത്തി വേണം ഇറാൻ പ്രതിസന്ധിയെ മനസ്സിലാക്കേണ്ടത്.
