August 13 Thursday 2026

ഇന്ത്യ യുഎസ് വ്യാപാര കരാർ ; നവ കൊളോണിയലിസത്തി ന്റെ പ്രച്ഛന്ന രൂപം

എങ്ങനെയാണ് രണ്ട് രാജ്യങ്ങൾക്കിടയിൽ ഒരു കരാർ രൂപപ്പെടേണ്ടതെന്നതിന് ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്ന നമ്മുക്ക് ഏറെ പരിചിതമായ ചില നടപടിക്രമങ്ങൾ ഉണ്ട് .എന്നാൽ അത്തരം മുൻധാരണകളെ കീഴ്മേൽ മറിച്ചിരിക്കുകയാണ്‌ മോദി സർക്കാർ.ഒരു രാവ് വെളുക്കുമ്പോഴേക്കും ഇന്ത്യ അമേരിക്ക വ്യാപാര കരാർ യാഥാർഥ്യമായിരിക്കുകയാണ് .ട്രമ്പും മോദിയും തമ്മിലുള്ള ഒരു ഫോൺ കോളിലൂടെയാണ് കരാർ നിലവിൽ വന്നത്.കരാർ നിലവിൽ വന്നതായി ഏകപക്ഷീയമായി ആദ്യം പുറത്തുവിടുന്നത് അമേരിക്കൻ പ്രസിഡന്റ് തന്നെയാണ് .പാർലമെന്റ് നടന്നുകൊണ്ടിരിക്കുന്ന ഈ വെളിയിൽ പോലും പ്രസ്തുത കരാറിനെ കുറിച്ചുള്ള ചർച്ചക്ക് പാർലമെൻറിൽ അവസരം ലഭിച്ചില്ല .ഇത് ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന സമീപനമാണെന്ന് പറയാതെ വയ്യ.

എന്താണ് ഇന്ത്യ അമേരിക്ക വ്യാപാര കരാർ ? എന്താണ് കരാർ മുന്നോട്ട് വെക്കുന്ന പ്രതിസന്ധികൾ ?പരിശോധിക്കാം

ഫെബ്രുവരി രണ്ടിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇന്ത്യ – യു എസ് കരാർ പ്രഖ്യാപനം ഏകപക്ഷീയമായി ട്രംപ് നിർവഹിക്കുന്നത്. പരസ്പര ബഹുമാനത്തിന്റെ പ്രോട്ടോക്കോളുകൾ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു ഈ പ്രഖ്യാപനം.

ദേശസുരക്ഷയും തീരുവ ഇളവുമാണ് കരാറിലെ ഇന്ത്യക്ക് ഗുണകരമാകുന്ന രണ്ട് കാര്യങ്ങൾ.കരാർ ഇന്ത്യൻ കയറ്റുമതി മേഖലയ്ക്കും ഉണർവ് പകരും എന്നാണ് സർക്കാർ വാദം. ഏഷ്യൻ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ തീരുവ നിരക്ക് മെച്ചപ്പെടുത്തുന്നതാണ് കരാർ. അമേരിക്കൻ ഇറക്കുമതിക്കായി ഇന്ത്യ തീരുവയിൽ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 2024ൽ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം ഏകദേശം 7. 3 ശതമാനമായിരുന്നു. ഏറ്റവും കൂടിയ നിരക്ക് 14.6 ശതമാനവുമായിരുന്നു. കരാർ പ്രകാരം അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഈടാക്കിയിരുന്ന തീരുവ 50 ശതമാനത്തിൽ നിന്നും 18 ശതമാനമായി കുറയും. താരിഫ് നില കുറയുന്നതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിലെ മത്സരക്ഷമത വീണ്ടെടുക്കുവാൻ സാധിക്കും.കയറ്റുമതി മേഖലയ്ക്കും വ്യാവസായിക മേഖലയ്ക്കും നേട്ടമുണ്ടാക്കാൻ കരാറിലൂടെ സാധിക്കും എന്ന് ഒരുപക്ഷം അവകാശപ്പെടുന്നു. നിരവധി ഏഷ്യൻ രാജ്യങ്ങൾ അമേരിക്കയുടെ തീരുവ വർധനവിന്റെ ഭീഷണിയിൽ കഴിയുമ്പോൾ തീരുവ ഇളവിന്റെ ആനുകൂല്യം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതൽ അനുഭവിക്കുവാൻ സാധിക്കും. അമേരിക്ക ഇന്ത്യക്കു മേൽ ചുമത്തിയ പിഴ തീരുവകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് പുതിയ കരാർ. ഇന്ത്യൻ എയർ ക്രാഫ്റ്റുകൾക്കും, വാഹന ഭാഗങ്ങൾക്കും അമേരിക്ക ചുമത്തിയ സെഷൻ 232 താരിഫുകൾ അമേരിക്ക പിൻവലിക്കും എന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഉരുക്ക്‌, അലൂമിനിയം മുതലായ ചരക്കുകളുടെ ഇറക്കുമതി അമേരിക്കൻ ആഭ്യന്തര സുരക്ഷയെ ദോഷകരമായി ബാധിച്ചാൽ ആ ഇറക്കുമതിക്കുമേൽ അധികതീരുവ ചുമത്താൻ അമേരിക്കൻ പ്രസിഡണ്ടിന് അനുവാദം നൽകുന്നതാണ് സെഷൻ 232. അമേരിക്കൻ വ്യാപാരത്തിന് കരാറിലൂടെ വിശാലമായ വിപണി ഇന്ത്യ തുറന്നു കൊടുക്കും. കാർഷിക മേഖലയിൽ ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതിയിളവ് നൽകും. സംസ്കരിച്ച പഴങ്ങൾ, വിത്തുകൾ, ധാന്യങ്ങൾ, എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ നികുതി ഇളവ് നൽകും. റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ പൂർണമായും അവസാനിപ്പിക്കും. 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഊർജ്ജ ഉൽപ്പന്നങ്ങൾ, വിമാനങ്ങൾ, വിമാനഭാഗങ്ങൾ, വിലയേറിയ ലോഹങ്ങൾ സാങ്കേതിക ഉത്പന്നങ്ങൾ കൽക്കരി എന്നിവ അടുത്ത അഞ്ച് വർഷത്തേക്ക് ഇന്ത്യ അമേരിക്കയിൽ നിന്നും വാങ്ങും.

സ്വതന്ത്ര വ്യാപാര കരാർ ഇന്ത്യ – യൂറോപ്പ്യൻ യൂണിയൻ വ്യാപാര കരാർ എന്നിവ പോലെ കാർഷിക ഉത്പന്നങ്ങളുടെ വിശേഷിച്ച് ധാന്യങ്ങളുടെ താരിഫ് കുറക്കുമോ എന്ന് ഈ കരാറിലും വ്യക്തമാക്കുന്നില്ല. അത്തരത്തിൽ ഒരു തീരുവ ഇളവ് ഇന്ത്യ പ്രഖ്യാപിക്കുകയും അമേരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വിപണി സാധ്യത നൽകുകയും ചെയ്താൽ അത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കൃഷിയെയും കർഷകരെയും ദോഷകരമായി ബാധിക്കും എന്ന വിമർശനം ശക്തമാണ്. ഇന്ത്യയുടെ ശക്തമായ വിപണിയിലേക്ക് കൂടുതൽ കാർഷിക ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുക, അവയുടെ വില ഉയർത്തുക, അമേരിക്കയുടെ ഗ്രാമീണ മേഖലയിലേക്ക് പണം ഒഴുക്കുക എന്നിവ കരാറിന്റെ ലക്ഷ്യങ്ങളായി അമേരിക്കൻ കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസ് പ്രഖ്യാപിക്കുന്നുണ്ട്. ഇത് ഇന്ത്യയെ എവ്വിധം ബാധിക്കുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഓട്ടോമൊബൈൽ മേഖലയിൽ പതിനെട്ട് ശതമാനത്തിലേക്ക് നികുതി കുറയുന്നത് നേട്ടമുണ്ടാക്കും. വാഹന ഭാഗങ്ങൾ നിർമ്മിച്ച് അമേരിക്കയിലേക്ക് അയക്കുന്ന കമ്പനികൾക്ക് ഇത് നേട്ടമാക്കും, ഭാരത് ഫോർജ്, സാൽ എൻജിനീയറിങ് തുടങ്ങിയ കമ്പനികൾ കാര്യമായ അമേരിക്കൻ സമ്പർക്കം ഉള്ളവയാണ്. ഇന്ത്യൻ കമ്പനികളായ ഇവയ്ക്ക് കരാർ നേട്ടം സൃഷ്ടിക്കും.

ചൈനയുമായുള്ള മത്സരം, അസംസ്കൃത വസ്തുക്കളുടെ നിർമ്മാണം, അമേരിക്കൻ തീരുവ വർധനവ് എന്നിവ നിമിത്തം സമ്മർദ്ദത്തിലായിരുന്നു ഇന്ത്യൻ രാസ വ്യാപാര മേഖല. എന്നാൽ പുതിയ കരാറിലൂടെ രാസ വ്യാപാര മേഖലയിൽ ചൈന, വിയറ്റ്നാം, മലേഷ്യ, ഇൻഡോനേഷ്യ എന്നീ രാഷ്ട്രങ്ങളുമായി മികച്ച രീതിയിൽ ഇന്ത്യയ്ക്ക് മത്സരിക്കാം. ഇലക്ട്രോണിക് മേഖലകളിലും കരാർ ഫലപ്രദമായ മാറ്റങ്ങൾ കൊണ്ടുവരും.

റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിമിത്തം അമേരിക്ക ഇന്ത്യക്കു മേൽ ചുമത്തിയ 25 ശതമാനം തീരുവ കുറയ്ക്കുന്നതും ,അമേരിക്കയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് തീരുവ ഒഴിക്കുന്നതുമാണ് കരാറിന്റെ പ്രധാന വശം .ഉപരോധത്തെ തുടർന്ന് റഷ്യൻ എണ്ണ വിലക്കുറവിൽ ഇന്ത്യക്ക് ലഭിച്ചിരുന്നു,ഇത് മൂലം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഏറെ ആശ്വാസം ലഭിച്ചിരുന്നതുമാണ്. എന്നാൽ പുതിയ കരാർ പ്രകാരം റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കും. ഇത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . സ്വാഭാവികമായും എണ്ണ വില വർധിക്കുകയും അത് മറ്റ് ജീവിത ചിലവുകൾ കൂട്ടുകയും ചെയ്യും.

കരാർ പ്രകാരം 50,000 ലക്ഷം കോടി ഡോളറിന്റെ ഉത്പന്നങ്ങൾ അമേരിക്കയിൽ നിന്നും ഇന്ത്യ വാങ്ങണം എന്നാണ് വ്യവസ്ഥ. ഇത് നമ്മുടെ ചെറുകിട നിർമാണ മേഖലയെ അടക്കം പ്രതികൂലമായി ബാധിക്കും.make in india പോലുള്ള പദ്ധതികൾ ഇവിടെ നോക്കുകുത്തിയാകും .

ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ നിർബന്ധമാക്കാനുള്ള കരാർ വ്യവസ്ഥ ഇന്ത്യൻ ജനറിക് മരുന്നുകളുടെ ഉത്പാദനത്തെ തകർക്കും. മരുന്ന് മേഖലയിൽ അമേരിക്കയുടെ കുത്തക ആധിപത്യത്തിന് ഇത് വഴി വെക്കുകയും മരുന്ന് വില വർദ്ധനവിന് ഇത് വഴിവെക്കുകയും ചെയ്യും.

കരാർ പ്രകാരം ഇന്ത്യൻ തുണിത്തരങ്ങളുടെ മത്സരക്ഷമത വർദ്ധിക്കുമെന്ന് അനുമാനിച്ചിരുന്നുവെങ്കിലും ഫെബ്രുവരി 9ന് ബംഗ്ലാദേശുമായി തുണിത്തരങ്ങളുമായി ബന്ധപ്പെട്ട കരാർ അമേരിക്ക ഒപ്പിട്ടതോടെ ഇന്ത്യയുടെ അവസരം മങ്ങിയതായാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ബംഗ്ലാദേശിലുള്ള എല്ലാ ഇറക്കുമതി തീരുവയും അമേരിക്ക എടുത്തു മാറ്റിയ പ്രസ്തുത കരാറിൽ ഈ നിരീക്ഷണം പ്രസക്തമാണ്. അമേരിക്കയിലെ തുണിത്തരങ്ങളുടെ ഇറക്കുമതിയിൽ എട്ടു ശതമാനവും കയ്യാളുന്ന രാജ്യമാണ് ഇന്ത്യ. കോവിഡിന് ശേഷം അമേരിക്കയിലേക്കുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യ മുന്നോട്ടുപോവുകയും ചൈന പിന്നോട്ട് പോവുകയും ചെയ്തിരുന്നു.

അഞ്ചു ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വ്യാപാര കരാറുമായി ബന്ധപ്പെട്ട ഉയർത്തുന്നത്.

ഒന്ന്) അമേരിക്കൻ ചോളം ജനിതകമാറ്റം വരുത്തിയത് വാറ്റിയശേഷം ബൈ പ്രൊഡക്റ്റായി കിട്ടുന്ന ഡി.ഡി.ജി (ഡ്രൈഡ് ഡിസ്റ്റിലേഴ്സ് ഗ്രെയ്ൻ) ഇന്ത്യയിലെ കന്നുകാലികൾക്ക് ഭക്ഷണമായി കൊടുക്കാനല്ലേ യു.എസിൽനിന്ന് ഇറക്കുമതി ചെയ്യുന്നത്?യു.എസ് കാർഷിക വ്യവസായത്തിന്റെ ആശ്രിതത്വത്തിലേക്ക് രാജ്യത്തിന്റെ ക്ഷീരോൽപാദനത്തെ കൊണ്ടെത്തിക്കാൻ ഇത് കാരണമാകില്ലേ?

രണ്ട്) മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി രാജ്യത്താകമാനമുള്ള സോയ കർഷകർക്ക് ജനിതകമാറ്റം വരുത്തിയ സോയാബീൻ എണ്ണ ഇറക്കുമതി അനുവദിച്ചാൽ എന്ത് സംഭവിക്കും? അവർക്കെങ്ങനെ വിലയിടിവ് ഉൾക്കൊള്ളാൻ പറ്റും?

മൂന്ന്) പയർവർഗങ്ങളും മറ്റു വിളകളും ‘അധിക ഉൽപന്നങ്ങൾ’ എന്ന കരാറിലെ വ്യവസ്ഥയിലൂടെ, ഇറക്കുമതി ചെയ്യാൻ യു.എസിന് അവസരം നൽകുമോ?

നാല്) വ്യാപാരേതര തടസ്സങ്ങൾ നീക്കുമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ജനിതകമാറ്റം വരുത്തിയ വിളകളുടെയും ദുർബലമായ സംഭരണത്തിന്റെയും ചുരുങ്ങിയ താങ്ങുവിലയുടെയും കാര്യത്തിലുള്ള നിലപാട് വീണ്ടും കുറയ്ക്കുവാൻ രാജ്യം നിർബന്ധിതമാകുമോ?

അഞ്ച്) ഇപ്പോൾ അമേരിക്കയ്ക്ക് വാതിൽ തുറന്നുകൊടുത്താൽ എല്ലാ കൊല്ലവും വിപണി വികസിപ്പിക്കുന്നതിൽ നിന്ന് അമേരിക്കയെ എങ്ങനെ തടഞ്ഞ് നിർത്താൻ കഴിയും ? സംരക്ഷണ നടപടികളുണ്ടാകുമോ, അതോ കൂടുതൽ വിളകളുടെ കാര്യത്തിൽ ചർച്ച നടക്കുമോ?

ഇവയാണ് രാഹുൽ ഗാന്ധി മുന്നോട്ട് വെക്കുന്ന അഞ്ചു ചോദ്യങ്ങൾ. ചോദ്യങ്ങൾ എല്ലാം തന്നെ കൃത്യവും വ്യക്തവുമാണ് എന്നതോടൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്നതുമാണ്.

നവ കൊളോണിയലിസം ഇത്തരം പ്രച്ഛന്ന രൂപങ്ങളിലാണ് ആധുനികകാലത്ത് പ്രത്യക്ഷപ്പെടാറുള്ളത്. ഏകപക്ഷീയമായ അമേരിക്കയുടെ കരാർ പ്രഖ്യാപനത്തെ ആ രീതിയിൽ വേണം നോക്കി കാണാൻ. അമേരിക്കൻ തിട്ടൂരത്തിന് മുന്നിൽ രാജ്യത്തിൻറെ പരമാധികാരം അടിയറവ് വെച്ച മോദി സർക്കാർ രാജ്യത്തിൻറെ അന്തസ്സിനെയാണ് പണയപ്പെടുത്തിയത്. ഏകപക്ഷീയമായി പ്രഖ്യാപിച്ച കരാർ അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നത് വ്യക്തം.രാഷ്ട്ര താൽപര്യങ്ങൾക്കു മേൽ അമേരിക്കൻ താൽപര്യമാണ് മോദി സർക്കാർ പരിഗണിച്ചത് എന്നിരിക്കെ ജനാതിപത്യ ഇന്ത്യ ഉണരേണ്ടതുണ്ട് .

Related