November 20 Friday 2026

ഇന്ത്യ-യു.എസ് കരാര്‍ ഇന്ത്യയുടെ മരണ വാറണ്ടെന്ന് അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞന്‍ ജോണ്‍ ജെ. മിയര്‍ഷൈമര്‍

ഇന്ത്യ-യു.എസ് കരാറിലൂടെ ഇന്ത്യന്‍ ജനത വഞ്ചിക്കപ്പെടുകയാണെന്നും കരാര്‍ ഇന്ത്യയുടെ മരണവാറണ്ട് ആണെന്നും അഭിപ്രയപ്പെടുന്നു അമേരിക്കന്‍ രാഷ്ട്രതന്ത്രജ്ഞനും ചിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറുമായ ജോണ്‍ ജോസഫ് മിയര്‍ഷൈമര്‍. അമേരിക്കയിലെ വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. ഇത് ലക്ഷക്കണക്കിന് കര്‍ഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുമെന്ന് ജോണ്‍ ജെ. മിയര്‍ഷൈമര്‍ തന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ഇന്ത്യ-അമേരിക്ക വ്യാപര കരാറുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ മുന്‍പേജുകളില്‍ നാം കാണുന്നത് ഒരു നയതന്ത്ര വിജയമല്ല. ഇത് അന്താരാഷ്ട്ര സൗഹൃദത്തിലേക്കുള്ള ഒരു ചുവടുവെപ്പുമല്ല. വാഷിംഗ്ടണിലെയും ന്യൂഡല്‍ഹിയിലെയും ഉന്നതര്‍ ഒരു ‘ചരിത്രപരമായ വ്യാപാര കരാര്‍’ എന്ന് വിശേഷിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പരസ്പരം അഭിനന്ദിക്കുന്ന തിരക്കിലാണ്. 140 കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ട്രംപിന് പരസ്യമായി നന്ദി പറയുന്നു; വാഷിംഗ്ടണിലെ ഭരണകൂടമാകട്ടെ, ആകാശത്തോളം ഉയര്‍ന്ന നികുതികള്‍ (Tariffs) വന്‍തോതില്‍ കുറച്ചതിനെക്കുറിച്ച് വീമ്പും പറയുന്നു.

ആഗോള സമ്പദ്വ്യവസ്ഥയുടെ ഉജ്ജ്വല നിമിഷമാണിതെന്നും, വ്യാപാര തടസ്സങ്ങള്‍ അത്ഭുതകരമായി നീങ്ങിയെന്നും, ഇരുരാജ്യങ്ങള്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും അവര്‍ നിങ്ങളോട് പറയുന്നു. എന്നാല്‍, ഇതിന്റെ കപടമായ ആവരണം ഞാന്‍ ഒന്ന് മാറ്റിത്തരാം. ഈ പരിഹാസ്യവും അപകടകരവുമായ നിഷ്‌കളങ്കതയുടെ യഥാര്‍ത്ഥ മുഖം ഞാന്‍ വെളിപ്പെടുത്താം. ഇത് സുഹൃത്തുക്കള്‍ തമ്മിലുള്ള ഒരു ഹസ്തദാനമല്ല. മറിച്ച്, ഒരു വന്‍ശക്തിയുടെ അഹന്തയും വളര്‍ന്നു വരുന്ന ഒരു രാജ്യത്തിന്റെ നിര്‍ബന്ധിത കീഴടങ്ങലും വഴി എഴുതപ്പെട്ട, ആ രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണാധികാരത്തിനുള്ള (Strategic Autonomy) മരണവാറണ്ടാണ്. ഒരു വന്‍ശക്തി മറ്റൊരു രാജ്യത്തിന്റെ പരമാധികാരം പകല്‍വെളിച്ചത്തില്‍ കവരുന്നത് തന്നെയാണ് നാം ഇവിടെ കാണുന്നത്.

കരാറിന്റെ യഥാര്‍ത്ഥ വില

പുറമെ നോക്കിയാല്‍ ന്യൂഡല്‍ഹിക്ക് വലിയൊരു നേട്ടം ലഭിച്ചതായി തോന്നും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ അമേരിക്ക ചുമത്തിയിരുന്ന 50 ശതമാനം നികുതി അവസാനിപ്പിക്കുകയും അത് 18 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇത് ഏഷ്യയിലെ മറ്റു മത്സരാര്‍ഥികള്‍ക്കൊപ്പം ഇന്ത്യയെ എത്തിക്കുന്നു. ഓഹരി വിപണി മൂന്ന് ശതമാനം ഉയര്‍ന്നു, രൂപയുടെ മൂല്യം തിരിച്ചുവന്നു. എന്നാല്‍, ഈ നികുതി ഇളവിന് പകരമായി ഇന്ത്യ നല്‍കുന്ന വില എന്താണ്? അത് സ്വയംനിര്‍ണ്ണയാധികാരത്തിന്റെ പൂര്‍ണ്ണമായ കീഴടങ്ങലാണ്.

ഈ കരാറിലെ ഞെട്ടിപ്പിക്കുന്ന ഒരു കണക്ക് ശ്രദ്ധിക്കുക: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാമെന്ന് ഇന്ത്യ സമ്മതിച്ചിരിക്കുന്നു. ഇത് ഇന്ത്യയുടെ ആകെ ഇറക്കുമതി ഇരട്ടിയാക്കുന്നതിന് തുല്യമാണ്. ഇത് വെറുമൊരു കടലാസ് കണക്കല്ല; ഇന്ത്യയുടെ വ്യാവസായിക അടിത്തറയെയും വിദേശനാണ്യ ശേഖരത്തെയും നേരിട്ട് തകര്‍ക്കുന്ന ഒന്നാണ്. ഇത്രയും വലിയ അളവില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ രാജ്യത്തേക്ക് വരുമ്പോള്‍, നമ്മുടെ ആഭ്യന്തര ഉല്‍പ്പാദകരെ ശ്വാസം മുട്ടിച്ചു കൊല്ലുകയല്ലാതെ മറ്റ് വഴികളില്ല. സ്വയംപര്യാപ്തതയുടെ എഞ്ചിന്‍ തന്നെയാണ് ഇവിടെ തകരുന്നത്.

നയതന്ത്ര ശേഷി തകര്‍ക്കപ്പെടുന്നു

ഈ കരാറിലെ ഏറ്റവും വലിയ ദുരന്തം സാമ്പത്തികമല്ല, മറിച്ച് ഇന്ത്യയുടെ വിദേശനയത്തിന്റെ നട്ടെല്ല് വാഷിംഗ്ടണ്‍ തകര്‍ത്തു എന്നതാണ്. സംയുക്ത പ്രസ്താവനകളില്‍ റഷ്യയെക്കുറിച്ച് മിണ്ടാതിരുന്നെങ്കിലും, വൈറ്റ് ഹൗസിന്റെ രേഖകള്‍ വ്യക്തമാക്കുന്നത് മറ്റൊന്നാണ്: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താം എന്ന ഇന്ത്യയുടെ ഉറപ്പിന്മേലാണ് ഈ നികുതി ഇളവ് നല്‍കിയിരിക്കുന്നത്.

ശീതയുദ്ധകാലം മുതല്‍, പ്രത്യേകിച്ച് 2022-ലെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം, ‘തന്ത്രപരമായ നിഷ്പക്ഷത’ (Strategic Neutrality) എന്ന കലയിലൂടെയാണ് ഇന്ത്യ അതിജീവിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ നിലപാട് അടിയറവ് വെച്ചിരിക്കുന്നു. സ്വന്തമായി ഒരു വിദേശനയം പാടില്ലെന്നും, ഒരു യജമാനന്‍ മാത്രമേ പാടുള്ളൂ എന്നുമുള്ള സന്ദേശമാണ് വാഷിംഗ്ടണ്‍ നല്‍കുന്നത്. ഇത് കണ്ടുനില്‍ക്കുന്ന ചൈന കാണുന്നത് ശക്തമായ ഒരു ഇന്ത്യയെയല്ല, മറിച്ച് ഭീഷണിക്ക് വഴങ്ങുന്ന, സ്വന്തം സുരക്ഷാ താല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്ന ഒരു ഇന്ത്യയെയാണ്.

കര്‍ഷകരുടെ നിലവിളിയും ആഭ്യന്തര തകര്‍ച്ചയും

വിദേശനയത്തേക്കാള്‍ ഭീകരമാണ് ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് സംഭവിക്കാന്‍ പോകുന്നത്. ‘ചില പയറുവര്‍ഗ്ഗങ്ങള്‍’ (Pulses) ഇറക്കുമതി ചെയ്യാന്‍ വിപണി തുറന്നു കൊടുക്കുമെന്ന് കരാറിലുണ്ട്. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് സാധാരണക്കാരുടെ പ്രോട്ടീന്‍ സ്രോതസ്സായ ‘പരിപ്പ്’ വര്‍ഗ്ഗങ്ങളെയാണ് ഇത് ബാധിക്കുക. പയറുവര്‍ഗ്ഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നാണക്കേടാണെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രിയുടെ വാക്കിന് പുല്ലുവില കല്‍പ്പിക്കാതെയാണ് അമേരിക്കന്‍ കുത്തകകള്‍ക്ക് വിപണി തുറന്നു നല്‍കുന്നത്.

അമേരിക്കയിലെ വന്‍കിട കമ്പനികളോട് മത്സരിക്കാന്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കഴിയില്ല. ഇത് ലക്ഷക്കണക്കിന് കര്‍ഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും നയിക്കും. 2020-ല്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തെരുവിലിറങ്ങിയ കര്‍ഷക സംഘടനകള്‍ ഈ കരാറിനെ ‘പൂര്‍ണ്ണമായ കീഴടങ്ങല്‍’ എന്നാണ് വിളിക്കുന്നത്.

സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങള്‍

ഇന്ത്യയില്‍ നിന്ന് എല്ലാ ആനുകൂല്യങ്ങളും നേടിയെടുത്തതിന് തൊട്ടുപിന്നാലെ, ട്രംപ് ഭരണകൂടം ബംഗ്ലാദേശുമായി പുതിയ കരാര്‍ ഒപ്പിട്ടു. ഇത് ഇന്ത്യയുടെ വസ്ത്രനിര്‍മ്മാണ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകും. തങ്ങളെ സഹായിച്ചതിന് നന്ദി പറഞ്ഞ ഇന്ത്യന്‍ ടെക്‌സ്‌റ്റൈല്‍ സംഘടനകള്‍ ഇപ്പോള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇതാണ് സാമ്രാജ്യത്വത്തിന്റെ രീതിഒരു രാജ്യം വളരുന്നത് തടയാന്‍ അയല്‍രാജ്യങ്ങളെ അവര്‍ ആയുധമാക്കും.

സമാധാനത്തിന്റെയും പുരോഗതിയുടെയും മനോഹരമായ വാക്കുകളാല്‍ നാം വഞ്ചിക്കപ്പെടുകയാണ്. തണുത്ത മുറികളിലിരുന്ന് അവര്‍ ലാഭവിഹിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പൊള്ളുന്ന വെയിലില്‍ പണിയെടുക്കുന്ന കര്‍ഷകന്റെ ഉപജീവനമാണ് തകരുന്നത്. ഒരു വന്‍ശക്തിക്ക് മുന്നില്‍ സ്വന്തം പരമാധികാരം പണയം വെക്കുന്ന ഏതൊരു രാജ്യവും സ്വന്തം മരണവാറണ്ടാണ് എഴുതുന്നത്.

(ജോണ്‍ ജോസഫ് മിയര്‍ഷൈമര്‍ ഒരു അമേരിക്കന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനും അന്താരാഷ്ട്ര ബന്ധ പണ്ഡിതനുമാണ്)

 

 

 

Related