August 13 Thursday 2026

ഇൻഡ്യ സഖ്യവും സിപിഎമ്മും

ദേശീയ തലത്തിൽ കോൺഗ്രസും ഇടതുപക്ഷവും നിൽക്കുന്ന അടിത്തറകൾ തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ സഖ്യങ്ങൾ തകരുമ്പോൾ ഇരുവിഭാഗത്തിനും ഉണ്ടാകുന്ന ആഘാതവും വ്യത്യസ്തമായിരിക്കും. സഖ്യമില്ലെങ്കിലും കോൺഗ്രസിന് പ്രസക്തിയുണ്ട്. അതിന് കാരണങ്ങളുമുണ്ട്.

ഇൻഡ്യ സഖ്യം തകർന്നാലും പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടി സഖ്യങ്ങൾ വഴി മത്സരിച്ച് ഒരു നിശ്ചിത ശതമാനം വോട്ടുകളും സീറ്റുകളും നേടാൻ കോൺഗ്രസിന് കഴിയും. കാശ്മീർ മുതൽ കന്യാകുമാരി വരെ എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും വോട്ടർമാരുള്ള ഏക പ്രതിപക്ഷ പാർട്ടി കോൺഗ്രസ് മാത്രമാണ്. ദേശീയതലത്തിൽ ബി.ജെ.പിക്ക് എതിരെയുള്ള പ്രധാന പോരാട്ടത്തിൽ, വലിപ്പം കൊണ്ടും ചരിത്രം കൊണ്ടും മുഖ്യ പ്രതിപക്ഷ കക്ഷിയായി കോൺഗ്രസ് എന്നും നിലനിൽക്കും. സഖ്യങ്ങളില്ലെങ്കിൽ അവർക്ക് ഭരണം കിട്ടില്ലായിരിക്കാം, പക്ഷേ അവരുടെ പ്രതിപക്ഷ പ്രസക്തി ഇല്ലാതാകില്ല.

പ്രാദേശികമായി ചുരുങ്ങിപ്പോയ ഇടതുപക്ഷത്തിനാണ് ഈ മാറ്റങ്ങൾ ഏറ്റവും വലിയ ഭീഷണിയാകുന്നത്:
കേരളത്തിൽ മാത്രം ഒതുങ്ങുന്ന അവസ്ഥ പശ്ചിമ ബംഗാളിലും ത്രിപുരയിലും തകർന്നതോടെ ഇടതുപക്ഷത്തിന്റെ ഒരേയൊരു ശക്തമായ അടിത്തറ കേരളം മാത്രമാണ്. തമിഴ്‌നാട്ടിൽ താൽക്കാലികമായി വിജയ്-കോൺഗ്രസ് സഖ്യത്തെ പിന്തുണച്ച് ഭരണകകക്ഷിയുടെ ഭാഗമാകാൻ കഴിഞ്ഞെങ്കിലും, സ്വന്തം നിലയിൽ സീറ്റുകൾ ജയിക്കാനുള്ള ശേഷി കേരളത്തിന് പുറത്ത് ഇടതുപക്ഷത്തിന് ഇല്ല.

ഇടതുപക്ഷത്തിന്റെ വലിയ പ്രത്യയശാസ്ത്രങ്ങളും ദേശീയ ബദൽ ചർച്ചകളും കേൾക്കാൻ ഇന്ന് കേരളത്തിലെ വോട്ടർമാർ മാത്രമേയുള്ളൂ. ദേശീയ മാധ്യമങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലെ വോട്ടർമാർക്കിടയിലോ ഈ ചർച്ചകൾക്ക് വലിയ പ്രാധാന്യമില്ല. അതുകൊണ്ടുതന്നെ ഇൻഡ്യ സഖ്യത്തിൽ അവർ ഉണ്ടോ ഇല്ലയോ എന്നത് ദേശീയതലത്തിൽ ഒരു പ്രസക്തമായ കാര്യവുമല്ല. ഇൻഡ്യ സഖ്യം തകർന്നാൽ കോൺഗ്രസിന് അത് ഒരു ‘തിരിച്ചടി’ മാത്രമാണ്, എന്നാൽ ഇടതുപക്ഷത്തിന് അത് തങ്ങളുടെദേശീയ അസ്തിത്വം തന്നെ നഷ്ടപ്പെട്ട് വെറുമൊരു പ്രാദേശിക പാർട്ടിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ദേശീയ രാഷ്ട്രീയത്തിലെ വലിയ തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിയാത്ത, കേരളത്തിൽ മാത്രം സ്വാധീനമുള്ള ഒരു പാർട്ടിയായി ഇടതുപക്ഷം മാറുമ്പോൾ, ഭാവിയിൽ അവർക്ക് ഒരു ദേശീയ പാർട്ടി എന്ന പദവി പോലും നിലനിർത്താൻ കഴിയുമോ എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ഭാവിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (CPIM)എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് കേരള മാർക്സിസ്റ്റ്(CPK M)എന്ന് മാറ്റേണ്ടിവരും. ഒരുപക്ഷേ സഖ്യം വിട്ടാൽ ഇ.ഡിയിൽനിന്ന് പിണറായിയിലെ മകളെയും രക്ഷിക്കാൻ കഴിയുമോ എന്ന പരീക്ഷണം കൂടിയാകും.

Related