October 10 Saturday 2026

വോയ്സ് ഓഫ് ഹിന്ദ് റജബ്: ഗസ്സയിലെ പെണ്‍കുട്ടിയുടെ അവസാനത്തെ വാക്കുകള്‍

ഫലസ്തീനിലെ റെഡ് ക്രെസന്റ് (റെഡ് ക്രോസ് പോലുള്ള ഒരു സംഘടന) ഓഫീസിലേക്കാണ് ഇസ്രായേല്‍ പട്ടാള അധിനിവേശത്തിന്റെ നടുവില്‍ പെട്ടുപോകുന്ന ഒരു ആറുവയസ്സുകാരിയായ ഹിന്ദ് റജബ് എന്ന പെണ്‍കുട്ടിയുടെ ഫോണ്‍ കോള്‍ എത്തുന്നത്. ആ ഫോണ്‍ കോള്‍ കേള്‍ക്കുന്നതോടെയാണ് വോയ്സ് ഓഫ് ഹിന്ദ് റജബ് എന്ന സിനിമ ആരംഭിക്കുന്നത്.

ഒരു ഘട്ടത്തില്‍, ആ കുട്ടിയുടെ സംസാരത്തിനിടയില്‍ ലഭിക്കുന്ന ഒരു മെസേജിലൂടെ അവളുടെ ഫോട്ടോ കാണുന്നതോടെ, ഉള്ളുലക്കുന്ന കരച്ചിലില്ലാതെ ഈ സിനിമ മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ കഴിയില്ല. ഈ സിനിമ, ഇസ്രായേല്‍ അധിനിവേശത്തിനെതിരായ ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കുമ്പോള്‍ തന്നെ, പ്രേക്ഷകരെ വികാരങ്ങളുടെ അതിരുകളിലേക്ക് വലിച്ചിഴക്കുന്ന ഡോക്യുഫിക്ഷന്‍ ടൂളുകള്‍ എങ്ങനെ സിനിമ എന്ന മീഡിയം ഉപയോഗിച്ച് സെമിയോട്ടിക് അര്‍ഥങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചും ആഴത്തിലുള്ള അന്വേഷണങ്ങളിലേക്ക് നയിക്കുന്നു. ഫലസ്തീനില്‍ നിന്നുള്ള നോ അദര്‍ ലാന്‍ഡ്, ബ്രോക്കന്‍ ക്യാമറ തുടങ്ങിയ ഡോക്യുമെന്ററികളില്‍, ഇസ്രായേല്‍ സേന സാധാരണക്കാരായ മനുഷ്യരെ ക്രൂരമായി ആക്രമിക്കുന്ന വെറ്റി വെച്ചു കൊള്ളുന്ന യഥാര്‍ഥ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടു ഞെട്ടിയിട്ടുണ്ട്.
ഫീച്ചര്‍ സിനിമകള്‍ സാധാരണയായി സങ്കടങ്ങള്‍ പോലുള്ള വികാരങ്ങള്‍ സൃഷ്ടിക്കാന്‍ സംഗീതം, ഡ്രാമറ്റൈസേഷന്‍, ഫിക്ഷനലൈസേഷന്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. പക്ഷേ, ഈ സിനിമയില്‍ ഡോക്യുഫിക്ഷന്റെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് (ഉപയോഗിക്കുക എന്ന വാക്കുപോലും ഇവിടെ ക്രൂരമായി തോന്നുന്നു, ഇതിലെ വോയ്‌സ് യാഥാര്‍ഥ്യമായ ചരിത്രമാണ്) പ്രേക്ഷകരെ പൂര്‍ണ്ണമായും തകര്‍ത്ത് തരിപ്പണമാക്കുന്ന ഒരു അനുഭവമാണ് സൃഷ്ടിക്കുന്നത്. ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിനിടയില്‍, വെടിയുണ്ടകളുടെ നടുവില്‍ പെട്ടുപോയ ഒരു ആറുവയസ്സുകാരിയുടെ യഥാര്‍ഥ ഫോണ്‍ റെക്കോര്‍ഡുകള്‍ക്കും, അതിനോട് സിനിമയിലെ കോള്‍ സെന്ററിലെ കഥാപാത്രങ്ങള്‍ തകര്‍ന്നു തരിപ്പണമായി പ്രതികരിക്കുന്നതിലൂടെയുമാണ് ഈ സിനിമ വികസിക്കുന്നത്. ഇന്നുവരെ ലോകത്ത് നിര്‍മിക്കപ്പെട്ട ഡോക്യുഫിക്ഷന്‍ സിനിമകളില്‍ ഏറ്റവും ഞെട്ടിപ്പിക്കുന്ന പ്രമേയങ്ങളിലൊന്നായിരിക്കും വോയ്സ് ഓഫ് ഹിന്ദ് റജബ്. മരണം എന്ന യാഥാര്‍ഥ്യം ഈ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ രൂപപ്പെടുത്തുന്നത് കാണുന്നത് തന്നെ കാണികളെ തകര്‍ത്ത് കളയും.

ഒരു സിനിമയിലെ ഏറ്റവും ബ്രില്ല്യന്റായ ടെക്‌നിക്കല്‍ വിഭാഗം അതിന്റെ എഡിറ്റിംഗ് ആണെന്ന് പലപ്പോഴും പറയാറുണ്ട്. പക്ഷേ ഈ സിനിമ എഡിറ്റ് ചെയ്യുമ്പോള്‍, ഇതിലെ എഡിറ്റര്‍മാരായ ഖുതൈബ ബര്‍ഹാംജി (Qutaiba Barhamji), മാക്സിം മതീസ് (Maxime Mathis), കൗതര്‍ ബെന്‍ ഹാനിയ (Kaouther Ben Hania) എന്നിവര്‍ എത്രമാത്രം മാനസികമായി തകര്‍ന്നിട്ടുണ്ടാകുമെന്നതാണ് ഞാന്‍ ആലോചിക്കുന്നത്. സ്വന്തം കുടുംബം മുഴുവന്‍ ഇസ്രായേല്‍ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് ശേഷം, അവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ ഒരു കാറില്‍ ഇരുന്ന് ഫോണ്‍ സംസാരിക്കുന്ന ഒരു ആറുവയസ്സുകാരിയുടെ ശബ്ദവും, അതിനോട് പ്രതികരിക്കുന്ന സിനിമയിലെ ഫിക്ഷണല്‍ കഥാപാത്രങ്ങളുടെയും വികാരപ്രകടനങ്ങളും കട്ട് ചെയ്യുമ്പോള്‍, ആ മനുഷ്യര്‍ എങ്ങനെ കരയാതെ സ്വബോധം നിലനിര്‍ത്തി എന്നതിനെക്കുറിച്ച് നമ്മള്‍ ആലോചിച്ചു പോകും.

ശബ്ദങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഫോണ്‍ കോളുകള്‍, ഷേക്കിംഗ് ക്യാമറ തുടങ്ങിയ സിനിമാറ്റിക് ടൂളുകളും ഭാഷകളും ഉപയോഗിച്ചാണ്, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലാസിക്കുകളില്‍ ഒന്നായി മാറുന്ന ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്.
ആ കുട്ടിയുടെ ഫോണ്‍ കോളുകളുടെ ഗ്രാഫിക് റെപ്രസന്റേഷന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ നമ്മള്‍ ഭീതിയിലാകും. ഓരോ ഫോണ്‍ കോളും അവസാനിക്കുന്നത് തുടര്‍ച്ചയായ വെടിയൊച്ചകളിലൂടെയാകുമ്പോള്‍, ഗസ്സയിലെ ആ പെണ്‍കുട്ടിക്ക് ഒന്നും സംഭവിക്കരുതേ എന്ന് പ്രാര്‍ഥിച്ചു പോകും. അതുപോലെ, രക്ഷാപ്രവര്‍ത്തനത്തിന് പോയ ഫലസ്തീനികളായ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങള്‍ കോള്‍ സെന്ററിലെ സീനിയര്‍, ഫോട്ടോകള്‍ കാണിച്ചുകൊണ്ട് സംസാരിക്കുന്ന സീനുകള്‍ പോലും നമുക്ക് സഹിക്കാനാകാത്തതായിരിക്കും.

യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന ഒരു ആറുവയസ്സുകാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ നമ്മള്‍ കാണുന്നതോടെ, ഡോക്യുഫിക്ഷന്‍ എന്ന സിനിമാറ്റിക് ജാനറിന്റെ ഒരു മിസ്റ്റിക്കല്‍ ചുഴിയിലേക്ക് നമ്മള്‍ വലിച്ചിഴയ്ക്കപ്പെടുന്നു, അവിടെ നിന്ന് രക്ഷപ്പെടാന്‍ കഴിയാത്ത വിധം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഞാന്‍ വ്യക്തിപരമായി അനവധി സിനിമകള്‍ കണ്ടിട്ടുണ്ട്. പക്ഷേ, ഒരു സിനിമ കാണുമ്പോഴും കണ്ടതിന് ശേഷവും ഉള്ളിന്റെ ഉള്ളില്‍ ഇത്ര ഉച്ചത്തില്‍ കരയിപ്പിച്ച മറ്റൊരു സിനിമ എനിക്ക് വേറെ ഉദാഹരണമായി പറയാന്‍ കഴിയില്ല.

റെഡ് ക്രെസന്റ് ഓഫീസിലെ ജീവനക്കാരുടെ അതിഭീകരമായ മാനസിക സംഘര്‍ഷങ്ങള്‍ ദൃശ്യവത്കരിക്കാന്‍ ഷേക്കിംഗ് ക്യാമറ ടെക്‌നിക് ആണ് ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ആ ഓഫീസിലെ ഓരോ മനുഷ്യനും ഭ്രാന്തിന്റെ വക്കിലാണ്. ഓരോ ഫോണ്‍ കോളിന്റെയും അവസാനം മരണമായിരിക്കാം എന്ന സത്യം അറിഞ്ഞ് ജീവിക്കുന്ന ആ മനുഷ്യരെ ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്തമുള്ള, സൈക്യാട്രിയുടെ ജോലി ചെയ്യുന്ന സ്ത്രീ പോലും തകര്‍ച്ചയുടെ അതിരിലാണ്. വല്ലപ്പോഴുമുള്ള ഒരു സിഗരറ്റാണ് ആ ജീവനക്കാരുടെ ഏക ആശ്വാസം. അതും പുരുഷന്മാര്‍ക്കു മാത്രം. നന്മ, മോറാലിറ്റി എന്നിവയ്ക്കപ്പുറം, വെടിയേറ്റ് വീഴുന്നതിന് തൊട്ടുമുമ്പ് തന്നെ ഫോണ്‍ ചെയ്യുന്ന മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്ന ഈ കഥാപാത്രങ്ങളുടെ മനോഭാവങ്ങള്‍ ഭ്രാന്തിലേക്ക് വീഴുന്നതിന് തൊട്ടുമുമ്പുള്ള ഒരു നൂല്‍പ്പാലം പോലെഷേക്കിംഗ് ക്യാമറയിലൂടെ ചിത്രീകരിക്കുമ്പോള്‍, അത് പ്രേക്ഷകരെ നിരന്തരം പിന്തുടര്‍ന്ന് തകര്‍ക്കുന്നു. ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുള്ള ഒരു കൊച്ചു പെണ്‍കുട്ടിയെ ഖുര്‍ആന്‍ ഓതിക്കൊണ്ടും, മറ്റ് സൈക്കോളജിക്കല്‍ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടും, ശബ്ദത്തിലൂടെ ഫോണ്‍ വഴി ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങള്‍, ലോകത്ത് യുദ്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം നിലനില്‍ക്കും.

മനുഷ്യ മനഃശാസ്ത്രത്തില്‍, മറ്റൊരു മനുഷ്യനെ ആശ്വസിപ്പിക്കാന്‍ ടച്ച്, കെട്ടിപ്പിടിത്തം തുടങ്ങിയ ജൈവികമായ, നോണ്‍ടെക്‌നിക്കല്‍ മാര്‍ഗങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. പക്ഷേ, ഈ സിനിമയില്‍, ഒരു ആറുവയസ്സുകാരിയായ പെണ്‍കുട്ടിയെ ടെലിഫോണ്‍ എന്ന ഉപകരണത്തിലൂടെ, വെറും ശബ്ദങ്ങളിലൂടെ, സംസാരത്തിലെ കരുണയിലൂടെ, വോയ്‌സ് മോഡുലേഷനിലൂടെ, മരണത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഒരു കുട്ടിയുടെ ലോകത്തിലേക്ക് ഇറങ്ങി നിന്നാണ് ആ ജീവനക്കാര്‍ക്കു ആശ്വസിപ്പിക്കേണ്ടി വരുന്നത്. മൊബൈല്‍ ഫോണ്‍ മനുഷ്യരുടെ പ്രണയം, ലൈംഗികത, ആഹ്ലാദം എന്നിവയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളില്‍ വലിയ വിപ്ലവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകാം. എന്നാല്‍, ഈ സിനിമയില്‍, ഒരു കൊച്ചു പെണ്‍കുട്ടിയെ ആശ്വസിപ്പിക്കുക എന്ന സൈക്കോളജിക്കല്‍ ദൗത്യം ഫോണ്‍ വഴിയാണ് നടക്കുന്നത്. അത് കാണുമ്പോള്‍, നമ്മള്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ച് അതിന്റെ ഭീകരതയെ കുറിച്ച് വീണ്ടും ആലോചിക്കേണ്ടിവരും.
ഫലസ്തീനിലെ ഇസ്രായേല്‍ അധിനിവേശത്തിന്റെ ക്രൂരതയെക്കുറിച്ച് നിരവധി ഡോക്യുമെന്ററികളും ഫിക്ഷണല്‍ സിനിമകളും ഉണ്ടായിട്ടുണ്ട്. എന്നാല്‍, യുദ്ധത്തിന്റെ ഒരു ദൃശ്യം പോലും നേരിട്ട് കാണിക്കാതെ, ശബ്ദങ്ങളിലൂടെ മാത്രം ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിന്റെ ഭീകരത തുറന്നു കാണിക്കുന്ന സിനിമയാണ് ഇത്. സിനിമ എന്നത് ദൃശ്യമാണ് എന്നും ഡയലോഗുകള്‍ക്കു വലിയ സ്ഥാനമില്ല എന്നുമുള്ള തീയറിയെ ഈ സിനിമ ചുട്ടു കരിച്ചു ചാമ്പലാക്കുന്നുമുണ്ട്. ശബ്ദം കൂടെ ആണ് സിനിമ എന്നതുകൂടെ തെളിയിക്കുന്നു. ശബ്ദങ്ങളുടെ ടെക്‌നിക്കലിറ്റിക്ക് അപ്പുറം അതിന്റെ ഇമോഷനിലേക്ക് ഈ സിനിമ കൊണ്ട് പോകുന്നു. ഈ ഡോക്യുഫിക്ഷന്റെ അവസാന റിയല്‍ സീനുകള്‍ കാണുമ്പോള്‍ നമ്മള്‍ പൂര്‍ണ്ണമായും തകര്‍ന്നുപോകും. അതിനെക്കുറിച്ച് എഴുതാനുള്ള മാനസിക ബലം ഇപ്പോള്‍ എനിക്കില്ല. അതുകൊണ്ട് അതിവിടെ അവസാനിപ്പിക്കുന്നു.

Related