കഴിഞ്ഞ ദിവസം ഡൽഹി സർവകലാശാലയിൽ ബ്രാഹ്മിൻവാദി സിന്ദാബാദ് മുദ്രാവാക്യം മുഴക്കുന്ന വീഡിയോ ശ്രദ്ധയിൽ പെട്ടിരുന്നു. ഇന്നലെയാണ് ഡൽഹി സർവകലാശാലയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു കൊണ്ടിരിക്കേ പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബിനെതിരെ ആക്രമണം ഉണ്ടായത്.
സംഘപരിവാർ ഭരിക്കുന്ന ഒരു രാജ്യത്ത് ഓരോ ദിവസവും കൂടുതൽ അരക്ഷിതമായി കൊണ്ടിരിക്കുമ്പോഴാണ് ചെറിയൊരു പ്രതീക്ഷ നൽകികൊണ്ട് ഹൈദരാബാദിലെ ഇഫ്ളു സർവകലാശാലയിൽ ഫ്രറ്റേണിറ്റി നേതൃത്വം നൽകിയ ആവാസ് സഖ്യം അധികാരത്തിൽ വരുന്നത്.
ഇന്ത്യയിലെ കലാലയ രാഷ്ട്രീയത്തിലെ അടയാളപ്പെടുത്തലുകളിൽ പ്രധാനപ്പെട്ട ഏടായി മാറുകയാണ് ഹൈദരബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗേജ് യൂണിവേഴ്സിറ്റി. കാമ്പസുകളാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഗതി നിർണയിക്കുന്നത്. ആ അർത്ഥത്തിൽ 2026 ലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നിർണ്ണായകമാവുന്നത് ഇവിടെയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ രാജ്യത്തുണ്ടായ ഭരണ മാറ്റങ്ങൾ കാമ്പസുകളിൽ പ്രതിഫലിച്ചത് കൂടുതൽ തീക്ഷ്ണമായാണ്. പൗരത്വ പ്രക്ഷോഭത്തെ തുടർന്ന് വിദ്യാർത്ഥി നേതാക്കൾ വിചാരണയില്ലാതെ ഇപ്പോഴും ജയിലുകളിലാണ്.
സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് കാമ്പസുകൾ കയ്യടക്കുക എന്നതും; ഡൽഹി സർവകലാശാലയിലും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലും അവർ ലക്ഷ്യത്തിലേക്ക് അടുത്ത വേളയിലാണ് ഇഫ്ളുവിൽ യൂണിയൻ ഇലക്ഷൻ പ്രഖ്യാപിക്കുന്നത്.
കൊവിഡാനന്തര കാമ്പസിൽ നടന്ന തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിലും എബിവിപിയെ പുറത്ത് നിർത്താൻ കഴിഞ്ഞു എന്നതാണ് ഇഫ്ളു വിദ്യാർത്ഥികളുടെ വിജയം. (കഴിഞ്ഞ രണ്ട് ഇലക്ഷനുകളിൽ കൗൺസിലർ സീറ്റുകളിലേക്ക് ABVP എത്തിയിട്ടുണ്ട്.)എന്തുകൊണ്ട് ഇഫ്ളുവിൽ ABVP വിരുദ്ധ വികാരം തുടർച്ചയായി പ്രതിഫലിക്കുന്നു എന്നതാണ് ഇവിടെ പരിശോധിക്കുന്നത്. ഒരു ബഹുജൻ മുന്നണി കാമ്പസുകൾ ആവശ്യമാണെന്നിരിക്കുമ്പോഴും മറ്റു കാമ്പസുകളിൽ ABVP പിടി മുറുക്കി കൊണ്ടിരിക്കുകയാണ്.
പുതിയ യുജിസി ചട്ടങ്ങളും രോഹിത് ആക്റ്റിന് വേണ്ടിയുള്ള സമരങ്ങളും കാമ്പസുകളെ വീണ്ടും പ്രക്ഷുബ്ധമാക്കിയിരിക്കുന്ന സാഹചര്യം കൂടിയാണ്. അതോടൊപ്പം , അഡ്മിനിസ്ട്രേഷൻ കൂടുതൽ ക്രൂരമായാണ് ഇത്തരം സമരങ്ങളെ നേരിടുന്നത്.
ഇഫ്ളുവിനും പറയാനുള്ളത് തുടർച്ചയായ വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളെ കുറിച്ചാണ്, അതിനെ അഡ്മിനും പൊലീസും കൂടെ അടിച്ചമർത്തിയതിനെ കുറിച്ചും. ഇലക്ഷനിൽ തുടർച്ചയായി നാലാം തവണയാണ് ഫ്രറ്റേണിറ്റി ഉൾപ്പെടുന്ന സഖ്യം അധികാരത്തിൽ എത്തുന്നത്.
ഇത്തവണ അത് ഫ്രറ്റേണിറ്റി നേതൃത്വത്തിലുള്ള സഖ്യത്തിൻ്റെ സമ്പൂർണ്ണ വിജയമായി മാറുകയാണ്.
2023 ൽ കാമ്പസിൽ നടന്ന സമരങ്ങൾ ഈ വിജയത്തിൻ്റെ പുറകിലുണ്ട്.
അന്ന് ഫ്രറ്റേണിറ്റിയുടെ നേതാക്കൾ ഉൾപ്പടെ 17 വിദ്യാർത്ഥികൾക്കെതിരെയാണ് FIR ചുമത്തപ്പെട്ടത്. കേസുകൾ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുന്നു.
തുടർന്നുള്ള വർഷങ്ങളിലും പലസ്തിൻ ഐക്യദാർഡ്യ മാർച്ചുകളെ തുടർന്ന്, ABVP യെ കൂട്ട് പിടിച്ച് അഡ്മിൻ വീണ്ടും വിദ്യാർത്ഥികൾക്ക് എതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. തുടർച്ചയായി ABVP യുടെയും അഡ്മിൻ്റെയും ഭാഗത്ത് നിന്നു വന്ന കേസുകളെയും അക്രമങ്ങളെയും ചെറുത്ത് നിന്നതിൻ്റെ ഫലം കൂടിയാണ് ഈ ഇലക്ഷൻ വിജയമെന്ന് പറയാം.
എന്നാൽ സമരങ്ങളിലും , കേസുകളിലും പലപ്പോഴും ഒന്നിച്ച് വരുന്ന SFI ആകട്ടെ ഇലക്ഷൻ ചർച്ചകളിലേക്ക് കടക്കുമ്പോൾ സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ രൂപപ്പെടുന്ന വിശാല സഖ്യത്തെ ദുർബ്ബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. സംഘപരിവാർ ആശയത്തിനെതിരെ ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമായിരിക്കുമ്പോൾ പോലും , ABVP ജയിച്ചാലും ഫ്രറ്റേണിറ്റിക്ക് ഒപ്പമില്ല എന്ന് പറയുന്നതിൻ്റെ അപകടം അവർ ഗൗരവത്തിൽ കാണുന്നില്ല.
എല്ലാ രംഗത്തുമെന്ന പോലെ അക്കാദമിക ലോകവും സംഘ് പരിവാറിൻ്റെ പിടിയിൽ അമരുകയാണ് .
വിദ്യാർത്ഥികളുടെ ‘ഗവേഷണ വിഷയമായ തെരഞ്ഞെടുപ്പുകളിൽ കൂച്ചു വിലങ്ങിട്ടും സാമൂഹ്യ ശാസ്ത്രവിഷയങളിൽ ഫണ്ട് വെട്ടിക്കുറച്ചു കൊണ്ട് പല വകുപ്പുകളും സർവകലാശാലകളിൽ നിന്ന് ഇല്ലാതാക്കിയുമാണ് കേന്ദ്രസർക്കാരുകൾ ധൈഷണിക മേഖലയെ കൈകാര്യം ചെയ്യുന്നത്.മറുവശത്ത് സർവകശാലകളിൽ ഗോശാലകൾ വേണമെന്ന് വാദിക്കുന്ന വിദ്യാർത്ഥി സംഘടനകളും, ഗോൽഗാട്ടിയ പോലെയുള്ള സ്വകാര്യ സർവകലാശാലകൾക്ക് അപ്രമാദിത്വം കൊടുക്കുന്ന സർക്കാരുകളും
ഈ ഒരു സാഹചര്യത്തിൽ ഫ്രറ്റേണിറ്റിയുടെ ഹർഷദ് ഷിബിൻ പ്രസിഡൻ്റായി നേതൃത്വം നൽകുന്ന യൂണിയൻ പ്രതീക്ഷയാണ് മുന്നോട്ട് വെക്കുന്നത്. ഇതിനൊരു തുടർച്ച കൊണ്ട് വരാനുള്ള പ്രവർത്തനങ്ങളാണ് വിദ്യാർത്ഥി പ്രസ്ഥാനം ഏറ്റെടുക്കേണ്ടത്.
