‘ഐ ലവ് മുഹമ്മദ്’ കാമ്പയിനുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ബറേലിയിലെ അധികാരികള്‍ക്ക് മുന്നില്‍ നിവേദനം സമര്‍പ്പിക്കുന്നതിനായി ബറേല്‍വി പുരോഹിതനും ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ മേധാവിയുമായ മൗലാന തൗഖീര്‍ റാസഖാന്‍ സംഘടിപ്പിച്ച പ്രകടനത്തോട് ബറേലിയിലെ അധികാരികളുടെയും പൊലീസിന്റെയും സമീപനങ്ങളും മനോഭാവവുമാണ് ഈ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പരിശോധിക്കുന്നത്. ദുരിതബാധിത വ്യക്തികള്‍, അഭിഭാഷകര്‍ എന്നിവരുടെ സാക്ഷ്യങ്ങള്‍, എപിസിആര്‍ (അസോസിയേഷന്‍ ഫോര്‍ പ്രോട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ്) വസ്തുതാന്വേഷണ സംഘത്തിന്റെ നിരീക്ഷണങ്ങള്‍ എന്നിവയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പശ്ചാത്തലം
ബറേല്‍വി പുരോഹിതനും ഇത്തിഹാദെ മില്ലത്ത് കൗണ്‍സില്‍ മേധാവിയുമായ മൗലാന തൗഖീര്‍ റാസ ഖാന്‍ ബറേലിയിലെ അധികാരികള്‍ക്ക് മുന്നില്‍ നിവേദനം സമര്‍പ്പിക്കുന്നതിന്റ പശ്ചാത്തലവും പിന്നീട് ബറേലിയില്‍ നടന്ന പ്രകടനവും കാണ്‍പൂര്‍ കേസിന്റെ ഭാഗമാണ്. കാണ്‍പൂരില്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന് എഴുതിയ ഒരു ബാനര്‍ സ്ഥാപിച്ചെന്നാരോപിച്ച് സെപ്റ്റംബര്‍ 10-ന് പൊലീസ് ഒരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രസ്തുത എഫ്.ഐ.ആര്‍ അനുസരിച്ച് കാണ്‍പൂരിലെ റാവത്പൂര്‍ ഏരിയയിലെ ബറവഫാത്ത് (നബിദിനം) ആഘോഷ സമയത്ത് ‘ഐ ലവ് മുഹമ്മദ്’ എന്നൊരു ലൈറ്റ് ബോര്‍ഡ് സ്ഥാപിച്ചതായി പറയുന്നു. 2025 സെപ്റ്റംബര്‍ 4-നു റാവത്പൂര്‍ ഗ്രാമത്തിലെ കുന്നു കബാടി എന്നയാളുടെ വീട്ടില്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനര്‍ സ്ഥാപിക്കുന്നതിലൂടെ ബോധപൂര്‍വ്വം ഒരു പുതിയ സമ്പ്രദായം ആരംഭിക്കാന്‍ ശ്രമിച്ചതോടെ പ്രദേശത്ത് സാമൂഹിക സംഘര്‍ഷവും കലാപവും ഉണ്ടായി എന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്.
പ്രദേശവാസികളും കാണ്‍പൂരിലുള്ള അഭിഭാഷകരും അഭിപ്രായപ്പെടുന്നത് ബറവാഫാത്ത് അഥവാ ഈദ്-മീലാദുന്നബിയെ (മുഹമ്മദ് നബിയുടെ ജനനം) ചുറ്റിപ്പറ്റിയുള്ള പതിവ് ആഘോഷങ്ങളുടെ ഭാഗമായി മുന്‍കൂര്‍ അനുമതിയോടെയാണ് ബാനര്‍ സ്ഥാപിച്ചിരുന്നതെന്നാണ്. ചില വലതുപക്ഷ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ബാനര്‍ സ്ഥാപിക്കുന്നതിനെ എതിര്‍ക്കുകയും അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 300-400 പേര്‍ പങ്കെടുക്കുന്ന ഈ ബറവഫാത്ത് ആഘോഷങ്ങളുടെ സംഘാടകര്‍ പൊലീസിന് രേഖാമൂലം പരാതി നല്‍കി. സ്ഥലത്തെത്തിയ പൊലീസ് ബാനര്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന വലതുപക്ഷ ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ബാനര്‍ നീക്കം ചെയ്യണമെന്ന് സംഘാടകരോട് ആവശ്യപ്പെടുകയാണുണ്ടായത്. സ്ഥിതിഗതികള്‍ ശമിപ്പിക്കുന്നതിനായി സംഘാടകര്‍ ബാനര്‍ റോഡിന്റെ മറ്റൊരുവശത്തേക്ക് മാറ്റുകയും ചെയ്തു.
വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ ആഘോഷം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സംഘാടകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പകരം, സെപ്റ്റംബര്‍ 10 ന് കാണ്‍പൂര്‍ പൊലീസ് ആഘോഷങ്ങളുടെ സംഘാടകരുള്‍പ്പെടെ 24 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സെപ്റ്റംബര്‍ 4 ന് വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ക്കെതിരെ പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പരാതി നല്‍കി. സെപ്റ്റംബര്‍ 5 ന് റാവത്പൂരില്‍ നടന്ന ഘോഷയാത്രയ്ക്കിടെ മുസ്‌ലിംകള്‍ ഹിന്ദുക്കളുടെ മത പോസ്റ്ററുകള്‍ വലിച്ചുകീറുകയായിരുന്നുവെന്നാണ് എഫ്.ഐ.ആറില്‍ ആരോപിക്കുന്നത്. സെപ്റ്റംബര്‍ 4 ന് മുസ്‌ലിംകള്‍ ‘ഐ ലവ് മുഹമ്മദ്’ എന്ന ബാനര്‍ സ്ഥാപിക്കുന്നതിലൂടെ ബോധപൂര്‍വ്വം പ്രദേശത്തെ ഹിന്ദു നിവാസികളെ അപമാനിക്കുന്ന രീതിയില്‍ ഒരു പുതിയ സമ്പ്രദായം ആരംഭിക്കാനുള്ള ശ്രമമാണെന്നും എഫ്.ഐ.ആറില്‍ ആരോപിക്കുന്നുണ്ട്.
മുസ്‌ലിംകള്‍, പരമ്പരാഗതമായും മതപരമായും, പ്രവാചകന്‍ മുഹമ്മദ് നബിയെ വിശുദ്ധനായി കണക്കാക്കുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ആരാധനയുടെ ഒരു പ്രകടനത്തെ ”പുതിയൊരു പാരമ്പര്യമായി” പൊലീസ് വിശേഷിപ്പിച്ചതോടെയാണ് മുസ്‌ലിംകള്‍ക്കിടയില്‍ പ്രതിഷേധം ഉരുത്തിരിഞ്ഞത്. തങ്ങളുടെ മതവികാരം വൃണപ്പെടുത്തിയതിന്റെ ഫലമായിരുന്നു ഈ പ്രതിഷേധം. ഇന്ത്യയിലെ വിവിധഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ഒത്തുചേരുകയും കാണ്‍പൂരിലെ മുസ്‌ലിംകളെ പിന്തുണച്ചുകൊണ്ട് പ്രതിഷേധം രേഖപ്പെടുത്തുകയും ചില സ്ഥലങ്ങളില്‍ അവരുടെ ആവശ്യങ്ങള്‍ വ്യക്തമാക്കുന്ന നിവേദനങ്ങള്‍ അധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, സമാധാനപരമായ ഇത്തരം ഒത്തുചേരലുകള്‍ക്ക് പൊലീസിന്റെയും അധികാരികളുടെയും ഭാഗത്ത് നിന്ന് കടുത്ത നടപടികള്‍ നേരിടേണ്ടി വന്നു. പ്രതിഷേധക്കാര്‍ക്കെതിരില്‍ ക്രൂരമായ ലാത്തി പ്രയോഗം നടത്തുകയും, കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് നിരവധി പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. 2025 സെപ്റ്റംബര്‍ 23 വരെ 1,324 മുസ്‌ലിംകളെ പ്രതികളാക്കി 21 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 38 പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്.

വെറും 30 ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 23 നഗരങ്ങളിലായി 45 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇവയെല്ലാം മുസ്ലിംകള്‍ക്ക് എതിരിലാണ്. 544 പേരുകള്‍ സഹിതം 4,505 മുസ്‌ലിംകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ ഏഴ് വരെ 265 മുസ്‌ലിംളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം കടുത്ത നടപടികളുടെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 26-ന് ‘ഐ ലവ് മുഹമ്മദ്’ ക്യാമ്പയിനുമായി ബന്ധപ്പെട്ട്, മൗലവി തൗഖീര്‍ റസാഖാന്‍ ഒരു നിവേദനം ബറേലിയിലെ പ്രാദേശിക അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
വസ്തുതാന്വേഷണത്തിന് സ്വീകരിച്ച രീതിശാസ്ത്രം
ബറേലിയില്‍ നേരിട്ട് നടത്തിയ വസ്തുതാന്വേഷണ സന്ദര്‍ശനത്തിലൂടെയാണ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചത്. അഭിഭാഷകര്‍, തടവുകാരുടെ ബന്ധുക്കള്‍, പെഹല്‍വാന്‍ മര്‍ക്കസ് മാര്‍ക്കറ്റിലെ വാടകക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള നാട്ടുകാരുടെ നേരിട്ടുള്ള മൊഴികള്‍, ലഭ്യമായ നിയമപരമായ രേഖകള്‍, സംഭവങ്ങളെക്കുറിച്ചുള്ള പ്രാദേശിക റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താകുറിപ്പുകള്‍ എന്നിവ ചേര്‍ന്നതാണ് അനുബന്ധ ഡാറ്റ.
സംഭവങ്ങളുടെ ക്രമം
2025 സെപ്റ്റംബര്‍ 21-25:
പ്രാരംഭ പിരിമുറുക്കങ്ങളും പ്രതിഷേധത്തിനുള്ള ആഹ്വാനവും
ഇത്തിഹാദ്-ഇ-മില്ലത്ത് കൗണ്‍സില്‍ (ഐ.എം.സി) മേധാവി മൗലാന തൗഖീര്‍ റസാഖാന്‍ എഫ്.ഐ.ആറിനെ എതിര്‍ക്കുന്നതിനും ഐ ലവ് മുഹമ്മദ് കാമ്പയിനെ പിന്തുണയ്ക്കുന്നതിനുമായി ബറേലിയില്‍ പ്രകടനം പ്രഖ്യാപിക്കുന്നു.
സെപ്റ്റംബര്‍ 21:
ഇസ്‌ലാമിയ ഗ്രൗണ്ടില്‍ സെപ്റ്റംബര് 26 വെള്ളിയാഴ്ച്ച നമസ്‌കാരത്തിന് ശേഷം ഒത്തുകൂടാന്‍ അനുയായികളോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അദ്ദേഹം പുറത്തിറക്കുന്നു. ബറേലി ഭരണകൂടം വാക്കാലും രേഖാമൂലവും ഒത്തുചേരലിന് അനുമതി നിഷേധിച്ചു.
സെപ്റ്റംബര്‍ 25:
വെള്ളിയാഴ്ച്ച നമസ്‌കാരത്തിന് ശേഷം നാട്ടിലേക്ക് മടങ്ങണമെന്നും ഇസ്‌ലാമിയ ഗ്രൗണ്ടില്‍ ഒത്തുകൂടരുതെന്നും ഐ.എം.സി ഔദ്യോഗിക പ്രസ്താവന ഇറക്കി. എന്നാല്‍, ഇത് വ്യാജമാണെന്നും ഐ.എം.സിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ആരോപിച്ച് നദീംഖാന്‍ പുലര്‍ച്ചെ 1.23 ന് വാട്സ്ആപ്പില്‍ സന്ദേശം പ്രചരിപ്പിച്ചു. ഈ പരസ്പരവിരുദ്ധമായ പ്രചരണം ആശയക്കുഴപ്പത്തിലേക്ക് നയിക്കുകയും ആളുകള്‍ ഒത്തുചേരുന്നതിലേക്ക് നയിക്കുകയും ചെയ്തു.
സെപ്റ്റംബര്‍ 26:
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം അലാ ഹസ്രത്ത് ദര്‍ഗയ്ക്കും മൗലാന തൗഖീര്‍ റാസ ഖാന്റെ വസതിക്കും മുന്നില്‍ ‘ഐ ലവ് മുഹമ്മദ്’ പ്ലക്കാര്‍ഡുകളുമേന്തി വന്‍ തോതില്‍ ജനം തടിച്ചുകൂടി. 90-95 ശതമാനം ജനക്കൂട്ടം സമാധാനപരമായി പിരിഞ്ഞുപോയെങ്കിലും ഒരു വിഭാഗം അസ്വസ്ഥത സൃഷ്ടിക്കാന്‍ തുടങ്ങിയതായി പൊലീസ് പറയുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാനായി പൊലീസ് ബി.എന്‍.എസ്.എസ് സെക്ഷന്‍ 163 പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്നു. ഇതിനെ തുടര്‍ന്ന്് പത്ത് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ദര്‍ഗായെ അലാ ഹസ്രത്ത്, ഇസ്‌ലാമിയ ഗ്രൗണ്ട്, ആലംഗിരിഗഞ്ച്, സിവില്‍ ലൈന്‍സ്, ബഡാ ബസാര്‍, ബന്‍സ്മന്തി എന്നിവിടങ്ങളിലേക്ക് അക്രമം വ്യാപിച്ചു. ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിച്ച പോലീസ് പിന്നീട് പ്രദേശത്ത് കൂടുതല്‍ സായുധസേനയെ വിന്യസിച്ചു. 10 എഫ്.ഐ.ആറുകളിലായി 2,000 പേര്‍ക്കെതിരില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സെപ്റ്റംബര്‍ 27:
മൗലാന തൗഖീര്‍ റാസഖാനെയും മറ്റ് എട്ട് പേരെയും അറസ്റ്റ് ചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുറഞ്ഞത് ഏഴ് എഫ.്ഐ.ആറുകളിലെങ്കിലും ഇദ്ദേഹത്തെ മുഖ്യപ്രതിയാക്കി. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
സെപ്റ്റംബര്‍ 28-29:
പ്രധാന ഗൂഢാലോചനക്കാരനായ നദീംഖാന്‍ ഉള്‍പ്പെടെ എഴുപത്തിരണ്ട് പേരെ സെപ്റ്റംബര്‍ 29 നകം അറസ്റ്റ് ചെയ്തു. അറസ്റ്റ് ശ്രമങ്ങള്‍ക്കിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി ആരോപിക്കപ്പെടുന്ന താസിമുമായുള്ള ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ വിവധ ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒക്ടോബര്‍ 1:
സംഘര്‍ഷവും വരാനിരിക്കുന്ന ദസറ ആഘോഷങ്ങളും പരിഗണിച്ച് ബറേലി ഡിവിഷനിലുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ 48 മണിക്കൂര്‍ (ഒക്ടോബര്‍ 4 ഉച്ചകഴിഞ്ഞ് 3 മണി വരെ) നിരോധിച്ചു. സി.ബി ഗഞ്ച് പ്രദേശത്ത് ഷാജഹാന്‍പൂരില്‍ നിന്നുള്ള ഇദ്രീസ്, ഇഖ്ബാല്‍ എന്നീ രണ്ട് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലുടെ അറസ്റ്റ് ചെയ്യുകയും കലാപത്തിനിടെ തട്ടിയെടുത്തതായി പറയുന്ന സര്‍ക്കാര്‍ തോക്ക് വീണ്ടെടുക്കുകയും ചെയ്തു.
ഒക്ടോബര്‍ 4-5:
അധികൃതര്‍ കലാപത്തില്‍ പ്രതികളാക്കപ്പെട്ടവരുമായി ബന്ധപ്പെട്ട വിവിധ സ്വത്തുവകകള്‍ തകര്‍ക്കാന്‍ ആരംഭിച്ചു. തൗഖീര്‍ റാസയുടെ അടുത്ത അനുയായിയായ ഡോ. നഫീസിന്റെ ഉടമസ്ഥതയിലുള്ള റാസ പാലസ് ബാന്‍ക്വറ്റ് ഹാള്‍ കനത്ത സുരക്ഷയിലാണ് അധികാരികള്‍ തകര്‍ത്തത്. 500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വഖ്ഫ് സ്ഥലമാണ് അനധികൃതമായി കൈയ്യേറിയിരുന്നതായി അധികൃതര്‍ അവകാശപ്പെടുന്നത്.
ഒക്ടോബര്‍ 6:
സമാജ് വാദി പാര്‍ട്ടിയുടെ കൗണ്‍സിലര്‍ അബ്ദുല്‍ ഖയ്യൂം ഖാന്‍ മുന്ന, വാജിദ് ഭേഗ്, നസീര്‍ ഖാന്‍, സാക്കിര്‍ പ്രധാന്‍, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരുടേതടക്കം അഞ്ച് സ്വത്തുക്കള്‍ കൂടി സീല്‍ ചെയ്തു. തൗഖീര്‍ റസാഖാന്റെ മരുമകനുമായി ബന്ധമുള്ള ഉമന്‍ റാസ എന്നയാളുടെ ഒരു ഇ-റിക്ഷ ചാര്‍ജിംഗ് സ്റ്റേഷനും തകര്‍ത്തതില്‍ പെടുന്നു.
ഒക്ടോബര്‍ 6-7:
16 അംഗ ആം ആദ്മി പാര്‍ട്ടി പ്രതിനിധി സംഘത്തെ ബറേലി സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൊലീസ് തടഞ്ഞു. നിരവധി നേതാക്കള്‍ വീട്ടുതടങ്കലിലാക്കപ്പെട്ടു. സമാജ് വാദി പാര്‍ട്ടി പ്രതിനിധികള്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ നേരിടേണ്ടി വന്നു. മതിയായ അറിയിപ്പ് കൂടാതെയുള്ള പൊളിക്കല്‍ നടപടികളെ ചോദ്യം ചെയ്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുമ്പാകെ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടു.
ഒക്ടോബര്‍ 8 – നിലവിലെ സ്ഥിതി:
കുറഞ്ഞത് 89 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്യാഷ് റിവാര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ള ഏഴ് പേരെ പിടികൂടാനുള്ള ശ്രമം പൊലീസ് തുടരുന്നു. നിരവധി വസ്തുവകകള്‍ മുനിസിപ്പല്‍, കൈയേറ്റ നിയമങ്ങള്‍ പ്രകാരം സീല്‍ ചെയ്യുകയോ പൊളിക്കപ്പെടുകയോ ചെയ്തിരിക്കുന്നു. പത്ത് എഫ്.ഐ.ആറുകളാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിലുള്ളത്. 48 മണിക്കൂര്‍ നിര്‍ത്തിവച്ച ശേഷം ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പതിവ് കയ്യേറ്റ വിരുദ്ധ യജ്ഞങ്ങളുടെ ഭാഗമായി നടന്നതാണ് പ്രദേശത്തെ ബുള്‍ഡോസര്‍ നടപടികളെന്ന് സര്‍ക്കാര്‍ പറയുന്നു. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു
എഫ്.ഐ.ആര്‍ വിശകലനം
സെപ്റ്റംബര്‍ 26 ന് രാത്രിയും സെപ്റ്റംബര്‍ 27 പുലര്‍ച്ചെയുമായി ബറേലിയില്‍ 10 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ 10 ല്‍ 8 എണ്ണവും വസ്തുതാന്വേഷണ സംഘത്തിന് ആക്സസ് ചെയ്യാന്‍ കഴിഞ്ഞു. ബാക്കി രണ്ട് എഫ.്ഐ.ആറുകള്‍ സമുദായ നേതാക്കള്‍ക്കും പ്രാദേശിക അഭിഭാഷകര്‍ക്കും ആക്സസ് ചെയ്യാന്‍ കഴിയുന്നില്ല. സന്ദര്‍ശനത്തിന് മുമ്പ് രണ്ട് എഫ.്ഐ.ആറുകളും സന്ദര്‍ശന വേളയില്‍ ആറ് എഫ്.ഐ.ആറുകളും ടീമിന് ലഭിച്ചു.
ബറേലി പ്രതിഷേധത്തിന് ശേഷം ഫയല്‍ ചെയ്ത എഫ.്ഐ.ആറുകളില്‍ സംഭവങ്ങളുടെ വികലമായ അവതരണമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സമാധാനപരമായ ഒത്തുചേരലിനെ നിയമവിരുദ്ധവും അക്രമാസക്തവുമായ സമ്മേളനമായി ചിത്രീകരിക്കുന്നു. എഫ.്ഐ.ആറുകളില്‍ മൗലാന തൗഖീര്‍ റാസയെയും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളെയും ആവര്‍ത്തിച്ച് പേര് ചേര്‍ക്കുകയും നിരവധി ‘അജ്ഞാത’ വ്യക്തികളെ ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. സമാധാനപരമായി സംഘടിച്ചവരെയും, കാഴ്ചക്കാരെയും, അക്രമത്തില്‍ ഏര്‍പ്പെട്ടവരെയും വേര്‍തിരിക്കാത്ത ഈ സമീപനം സമാധാനപരമായി സംഘടിക്കാനുള്ള പൗരന്റെ ഭരണഘടനാപരമായ അവകാശത്തെ ഒരു സമുദായത്തിനുമേല്‍ ക്രിമിനല്‍ കുറ്റമായി ആരോപിക്കുന്നു.
സാധാരണ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന നിയമവിരുദ്ധമായി ഒത്തുചേരല്‍, കലാപം എന്നിവയ്ക്ക് ചുമത്തുന്ന ഭാരതീയ ന്യായ സംഹിത 190, 191 വകുപ്പുകളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. എന്നിരുന്നാലും, മരണങ്ങളുണ്ടായിട്ടില്ല എന്നുമാത്രമല്ല സായുധ കലാപം പോലും അല്ലാതിരുന്നിട്ടും ദേശീയ സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയുണ്ടാകുമ്പോള്‍ ഉപയോഗിക്കേണ്ട സെക്ഷന്‍ 132 (ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍), സെക്ഷന്‍ 302 (കൊലപാതകം) തുടങ്ങിയ കടുത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തിയത് പൊലീസ് വിവരണം അപ്പാടെ ശരിയാണെന്ന് കണക്കാക്കിയാലും നിയമത്തിന്റെ അമിതപ്രയോഗമാണെന്ന് കാണാം. അതുപോലെ, വിദ്വേഷ പ്രസംഗത്തിന്റെയോ സാമുദായികത വളര്‍ത്തുന്നതിന്റെയോ വ്യക്തമായ തെളിവുകളില്ലാതെ സെക്ഷന്‍ 196 (ശത്രുത ഉണ്ടാക്കല്‍) ചുമത്തിയിരിക്കുന്നു. ഇതെല്ലാം സമാധാനപരമായ ഏത് ഒത്തുചേരലിനെയും നിയമം ഉപയോഗിച്ച് ഭീഷണിപ്പെടുത്താനും അടിച്ചമര്‍ത്താനും രൂപകല്‍പ്പന ചെയ്തതായി സംശയം ജനിപ്പിക്കുന്നു.
പ്രത്യേക വ്യക്തികളെ ലക്ഷ്യം വെച്ചുള്ളതും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുമായ അവ്യക്തവും സമാനവുമായ എഫ്.ഐ.ആറുകള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തയ്യാറാക്കിയതായി കാണുന്നു. രാത്രി വൈകി രജിസ്റ്റര്‍ ചെയ്ത ഈ എഫ്.ഐ.ആറുകളുടെ പകര്‍പ്പുകള്‍ തടവുകാരുമായോ അവരുടെ കുടുംബങ്ങളുമായോ യഥാസമയം പങ്കുവെച്ചിട്ടില്ല. എന്തുകൊണ്ടാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നുപോലും പലര്‍ക്കും അറിയില്ലായിരുന്നു. ശരിയായ നടപടിക്രമങ്ങളുടെയും അറസ്റ്റിലാവുന്ന വ്യക്തികളുടെ അവകാശങ്ങളുടെയും വ്യക്തമായ ലംഘനമാണ് ഇത്. ഈ കാലതാമസവും തനിപകര്‍പ്പുകളായ എഫ്.ഐ.ആറുകളും മതവികാരങ്ങളുടെ സമാധാനപരമായ പ്രകടനങ്ങളെപ്പോലും ക്രിമിനല്‍ കുറ്റമാക്കാനുള്ള, ഭയത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.
എഫ്.ഐ.ആറുകളിലെ ആഖ്യാനങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ സംഭവങ്ങളെ ഊതിപ്പെരുപ്പിച്ചുകാണിക്കുന്നതും യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നതുമാണ് ഇവയെന്ന് വ്യക്തമാകും. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ പരിക്കുകള്‍ നിസ്സാരമായിരുന്നു. തോക്കുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല. വ്യക്തികളെ അക്രമങ്ങളുമായി ബന്ധിപ്പിക്കുന്ന വ്യക്തമായ തെളിവുകളൊന്നുമില്ല.
പ്രതിഷേധിക്കുന്ന ആളുകളെ വ്യക്തികളായല്ല, മറിച്ച് മുഖമില്ലാത്ത അക്രമകാരികളായ ‘ജനക്കുട്ടം’ എന്നതുപോലെ ചിത്രീകരിക്കുകയാണ് എഫ്.ഐ.ആറുകളില്‍. നിര്‍ദ്ദിഷ്ട വ്യക്തികളെ പരാമര്‍ശിക്കാതെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുന്നത് പൊലീസ് പതിവായി ഉപയോഗിക്കുന്ന ഒരു തന്ത്രമാണ്. ഇത് ഏത് പ്രാദേശികവാസിയുടെയും പേര് എഫ്.ഐ.ആറില്‍ പിന്നീട് ഉള്‍പ്പെടുത്താമെന്ന ഭയവും ഭീഷണിയും പരത്താനുള്ള മാര്‍ഗമായി പൊലീസിന് ഉപയോഗിക്കാനാകുന്നു.
ഇത് സമരങ്ങളെയും പ്രതിഷേധിക്കാനുള്ള ഒത്തുചേരലുകളെയും ക്രിമിനലൈസ് ചെയ്യാന്‍ പൊലീസിന് അവസരമൊരുക്കുന്ന രീതിയാണ്. പിന്നാലെ വന്ന പൊലീസ് നടപടികള്‍ സമാധാനപരമായിരുന്ന പ്രതിഷേധ പരിപാടിയുടെ സ്വഭാവം പാടെ അവഗണിക്കുന്നതും ഇത്തരം പ്രതിഷേധങ്ങളെ ക്രിമിനല്‍ നടപടികളിലേക്കു തള്ളിയിടുന്ന അപകടകരമായ പ്രവണതക്ക് വകവെക്കുന്നതും പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അധികാര ദുഷ്പ്രയോഗത്തെയും തുറന്നുകാട്ടുന്നതുമാണ്.
കണ്ടെത്തലുകള്‍
മൗലാന തൗഖീര്‍ റാസയും ബറേലിയിലെ സമുദായ നേതാക്കളും ചേര്‍ന്ന് സമാധാനപരമായി നടത്താനിരുന്ന പ്രകടനമായിരുന്നു ബറേലിയിലെ ‘ഐ ലവ് മുഹമ്മദ്’ പ്രതിഷേധ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നിവേദനം സമര്‍പ്പിക്കുക എന്നതായിരുന്നു അവരുടെ ഏക ലക്ഷ്യം. മുമ്പും പല സന്ദര്‍ഭങ്ങളിലും മൗലാന തൗഖീര്‍ റാസ ഇത്തരം നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നതിനായി സമാനമായ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതുപോലെ, ഇത്തരം പ്രകടനങ്ങള്‍ ബറേലിയിലെ അധികാരികള്‍ക്കും പരിചിതമാണ്. പ്രകടനത്തില്‍ മുദ്രാവാക്യങ്ങളോ നശീകരണ പ്രവര്‍ത്തനങ്ങളോ അക്രമമോ സംഘാടകര്‍ ആരും ഉദ്ദേശിച്ചിരുന്നില്ല.
1. കടകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ഇടപെടലുകള്‍
പ്രകടനം നടന്ന് രണ്ട് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 29 ന്, മസാര്‍ പെഹല്‍വാന്‍ മാര്‍ക്കറ്റ് പ്രദേശത്ത് കടയുടമകള്‍ക്ക് മുന്‍കൂര്‍ അറിയിപ്പോ രേഖകളോ നല്‍കാതെ 32 കടകള്‍ അധികൃതര്‍ സീല്‍ ചെയ്തു. രജിസ്റ്റര്‍ ചെയ്ത വഖ്ഫ് ഭൂമിയാണ് ഈ മാര്‍ക്കറ്റ് (വഖഫ് നമ്പര്‍ 383). മാര്‍ക്കറ്റിനായി ബറേലി നഗര്‍ നിഗം, വഖഫ് മാനേജ്മെന്റ് കമ്മിറ്റി, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവ തമ്മിലുള്ള നീണ്ടകാലത്തെ നിയമ വ്യവഹാരങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലമായി മാര്‍ക്കറ്റ് കൈവശം വെച്ചിരിക്കുന്നത് വഖഫ് മാനേജ്മെന്റ് കമ്മിറ്റിയാണ്. വഖഫ് മാനേജ്മെന്റ് കമ്മിറ്റിയില്‍ ഡോ. നഫീസ് ഖാന്‍ അംഗവുമാണ്. വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ പരിഗണനയിലുള്ള വിഷയമായതിനാല്‍, പ്രാദേശിക അധികാരികള്‍ക്ക് അവരുടെ ഏകപക്ഷീയമായ ശിക്ഷാ നടപടികളിലൂടെ സമാധാനപരമായി കൈവശം വെച്ചുപോരുന്ന വാടകക്കാരുടെ കടകള്‍ സീല്‍ ചെയ്യാന്‍ പാടില്ലാത്തതാണ്.
ട്രൈബ്യൂണല്‍ കോടതി സ്റ്റേ ഉത്തരവ് നല്‍കിയിട്ടും കടകള്‍ സീല്‍ ചെയ്യുന്നതിന് മുമ്പ് രേഖാമൂലമുള്ള യാതൊരു അറിയിപ്പോ നിയമപരമായ രേഖകളോ കടയുടമകള്‍ക്ക് നല്‍കിയിട്ടില്ല.
സാധാരണ കടകള്‍ അവധിയായ ഞായറാഴ്ച്ച വാടകക്കാരെ മുന്‍കൂട്ടി അറിയിക്കാതെയാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ മാര്‍ക്കറ്റ് പരിസരത്ത് സര്‍വേ നടത്തിയത്. ഇതും പ്രദേശത്ത് അസ്വസ്ഥത വര്‍ധിപ്പിച്ചു.
കനത്ത സുരക്ഷാ വിന്യാസത്തിലാണ് കടകള്‍ അടച്ചുപൂട്ടിയത്, ഇത് പ്രദേശത്ത് ഭയം നിറക്കുകയും കടകള്‍ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധിക്കുന്നതില്‍ നിന്ന് വാടകക്കാരെ പിന്തിരിപ്പിക്കുകയും ചെയ്തു.
വഖഫ് ബോര്‍ഡിന് കൃത്യമായി വാടക നല്‍കി വരുന്നതായി വാടകക്കാര്‍ വ്യക്തമാക്കുന്നു. ബറേലിയിലെ വഖഫ് മാനേജ്മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഡോ. നഫിസ് ഈ നടപടികള്‍ നടക്കുമ്പോള്‍ ജയിലിലായിരുന്നു. ബറേലിയില്‍ നടന്ന പ്രകടനത്തിന് ശേഷം രജിസ്റ്റര്‍ ചെയ്ത പത്ത് എഫ്.ഐ.ആറുകളില്‍ ഒന്നില്‍ ഡോ. നഫീസിനെയും പ്രതിയാക്കുകയാണുണ്ടായത്.
2. ആള്‍ക്കൂട്ടവും പൊലീസ് നടപടിയും
പ്രതിഷേധം സമാധാനപരമായിരുന്നുവെന്ന് നാട്ടുകാര്‍ അവകാശപ്പെടുന്നു. എന്നാല്‍, പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിക്കുകയായിരുന്നു. ലാത്തിച്ചാര്‍ജിംഗിന് മുമ്പ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. പ്രതിഷേധത്തെ അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് നഗരത്തില്‍ പി.എ.സി, ആര്‍.ആര്‍.എഫ്, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട കനത്ത സായുധ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ബിസിനസ്സിനെ ബാധിക്കുകയും സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും നഗരത്തില്‍ അസ്വസ്ഥത വര്‍ധിപ്പിക്കുകയും ചെയ്തു.
3. അറസ്റ്റുകളും ക്രമക്കേട് നിറഞ്ഞ നിയമനടപടികളും
മുസ്‌ലിംകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. തടവിലാക്കിയവരെ നിയമപരമായി അറസ്റ്റ് ചെയ്യുന്നു എന്ന വസ്തുത അറിയിച്ചിരുന്നില്ല. ഇവരെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തുകയുമാണുണ്ടായത്.
അറസ്റ്റ് മെമ്മോകളും എഫ്.ഐ.ആറുകളും നല്‍കിയില്ല, അറസ്റ്റിന്റെ കാരണങ്ങളെക്കുറിച്ച് കുടുംബങ്ങളെ അറിയിച്ചില്ല. അഭിഭാഷകര്‍ക്ക് പോലും എഫ്.ഐ.ആറുകള്‍ പരിശോധിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു.
പ്രാദേശിക അഭിഭാഷകരുടെ കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 4-ന് 80 മുസ്‌ലിംകളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അവര്‍ക്ക് ലഭ്യമായ പൊലീസ്, കോടതി രേഖകളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഈ കണക്ക് തയ്യാറാക്കിയത്. കുറഞ്ഞത് നൂറ് പേരെയെങ്കിലും വീടുകളില്‍ നിന്ന് പിടിച്ചു കൊണ്ടുപോയിട്ടുണ്ടെന്നും അവര്‍ കണക്കാക്കുന്നു. ഒക്ടോബര്‍ ഏഴിന് അറസ്റ്റിന്റെ കണക്ക് 89 ആയി. ഞങ്ങളുടെ വസ്തുതാന്വേഷണ സന്ദര്‍ശന വേളയില്‍ ബറേലിയിലെ ബരാദാരി പ്രദേശത്ത് നിന്ന് മുസ്‌ലിംകളെ പിടികൂടിക്കൊണ്ടിരിക്കുകയാണെന്നും പ്രദേശത്ത് സായുധ സൈനികരെ ഗണ്യമായി വിന്യസിച്ചതിനാല്‍ പ്രദേശം കനത്ത സംഘര്‍ഷാവസ്ഥയിലാണെന്നും പ്രാദേശിക അഭിഭാഷകര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ കൂടുതല്‍ പിരിമുറുക്കമുള്ളതാവുകയും തുടര്‍ന്നു കൊണ്ടേയിരിക്കുന്ന അറസ്റ്റുകള്‍ ഇനിയും വര്‍ധിക്കുമെന്നുമാണ് വസ്തുതാന്വേഷണ സംഘത്തിന്റെ നിഗമനം.
പ്രായപൂര്‍ത്തിയാകാത്ത നിരവധി മുസ്‌ലിം കുട്ടികളെയും പൊലീസ് പിടികൂടിയതായി പ്രാദേശിക അഭിഭാഷകര്‍ ഞങ്ങളോട് പറഞ്ഞു. ഇപ്പോള്‍ എത്ര കുട്ടികളെ പിടികൂടിയിട്ടുണ്ട് അവരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് അല്ലെങ്കില്‍ അവര്‍ക്ക് നിയമസഹായം ലഭിക്കുന്നുണ്ടോ എന്നീ വിവരങ്ങളൊന്നും ലഭ്യമല്ലെന്നും അവര്‍ അറിയിച്ചു.
4. മുസ്‌ലിം വസ്തുവകകളെയും പ്രദേശങ്ങളെയും ടാര്‍ഗറ്റ് ചെയ്തുള്ള നടപടികള്‍
ഇന്റര്‍നെറ്റ് നിയന്ത്രണവും കനത്ത പൊലീസ് സാന്നിധ്യവുമുണ്ടായിരുന്ന സമയത്ത് മുസ്‌ലിം കമ്മ്യൂണിറ്റി നേതാക്കളുമായി ബന്ധപ്പെട്ട വസ്തുവകകള്‍ (വിവാഹ മണ്ഡപങ്ങള്‍, വീടുകള്‍, കടകള്‍ എന്നിവയുള്‍പ്പെടെ) പൊളിക്കുകയോ സീല്‍ ചെയ്യുകയോ ചെയ്തു.
മുസ്‌ലിം പ്രദേശങ്ങളില്‍ കാര്യമായ സേനാ വിന്യാസം വസ്തുതാന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍ വന്നിരുന്നു. പിരിമുറുക്കം നിറഞ്ഞതും വിജനവുമായ മുസ്‌ലിം പ്രദേശങ്ങളും ഇതൊന്നും ബാധിക്കാതെ സജീവവുമായ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളും തമ്മിലെ അന്തരം പ്രകടമായിരുന്നു.
ഉപസംഹാരം
മുസ്‌ലിം സമൂഹത്തിന്റെ സമാധാനപരമായ പ്രതിഷേധത്തോട് ആനുപാതികമല്ലാത്ത ആക്രമണാത്മക നടപടികളാണ് അധികൃതര്‍ നടത്തിയതെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. മുന്‍കൂട്ടി അറിയിക്കുക, നിയമവിധേയമായ അറസ്റ്റുകള്‍ എന്നിങ്ങനെയുള്ള ശരിയായ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. ഇത് മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് നയിക്കുകയും നിയമത്തിന്റെ സുതാര്യതയെയും സാധുതയെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. പ്രദേശത്തുടനീളം മുസ്‌ലിം കമ്മ്യൂണിറ്റിയില്‍ ബിസിനസ്സ് നഷ്ടം, നിലനില്‍പ്പിനുള്ള ഭീഷണി എന്നിങ്ങനെ സാമൂഹികവും സാമ്പത്തികവുമായ വലിയ ആഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ബറേലിയിലെ മുസ്‌ലിംകള്‍ക്കെതിരിലുളള നടപടികളില്‍ സുതാര്യതയുടെ അഭാവം, അമിത ബലപ്രയോഗം, ശരിയായ നടപടിക്രമങ്ങളുടെ ലംഘനങ്ങള്‍ എന്നിവ നടന്നിട്ടുണ്ട്. മതന്യൂനപക്ഷത്തെ അടിച്ചമര്‍ത്തുകയും അവരുടെ മതാചാരങ്ങള്‍ക്ക് മേല്‍ ഏകപക്ഷീയമായ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുകയുമാണെന്ന അഭിപ്രായത്തെ സാധൂകരിക്കുന്ന വിശ്വസനീയമായ തെളിവുകള്‍ ഈ നടപടികളിലുണ്ട്.
ശുപാര്‍ശകള്‍
1. പരസ്പര വിശ്വാസം പുനഃസ്ഥാപിക്കുന്നതിനായി മുസ്‌ലിം സമൂഹവും പ്രാദേശിക അധികൃതരും സ്വതന്ത്ര മധ്യസ്ഥരുടെ സാന്നിധ്യത്തില്‍ സംസാരിക്കുന്നതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കണം.
2. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരിലുണ്ടായെന്ന് പറയപ്പെടുന്ന പൊലീസിന്റെ കടുത്ത നടപടികളെയും, നേതാക്കളെതിരെയുള്ള സ്വത്തുപിടിച്ചെടുക്കല്‍, വസ്തുവകകള്‍ സീല്‍ ചെയ്യല്‍, കെട്ടിടങ്ങള്‍ പൊളിക്കല്‍ എന്നിങ്ങനെയുള്ള ശിക്ഷാനടപടികളെയും സംബന്ധിച്ച് അന്വേഷിക്കുന്നതിനായി ഒരു കമ്മിറ്റിയെ രൂപീകരിക്കണം.
3. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറസ്റ്റിലും മറ്റ് നടപടികളിലുമുണ്ടായ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം.
4. മുസ്ലിംകള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് പൊലീസ് അവസാനിപ്പിക്കുകയും ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധ ബലപ്രയോഗം നടത്തുന്നതിനെക്കുറിച്ച് അന്വേഷിക്കുകയും വേണം.
5. സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ അമിത ബലപ്രയോഗം നടത്തുകയും നിയമവിരുദ്ധ അറസ്റ്റുകള്‍ നടത്തുകയും അറസ്റ്റിലായവരുടെ നിയമസഹായത്തിനുള്ള അവകാശം നിഷേധിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കണം.
6. ഒരു ന്യൂനപക്ഷ സമൂഹത്തിന്റെ മതവിശ്വാസങ്ങളെ ക്രിമിനല്‍വല്‍ക്കരിക്കുന്നത് തടയുന്നതിനും പ്രാദേശിക അധികാരികളെ അവര്‍ നടത്തിയ അതിക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കുന്നതിനും സിവില്‍ സമൂഹം ക്രിയാത്മകമായി ഇടപെടണം.
7. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റിലായ എല്ലാ മുസ്ലിംകളും ഉടന്‍ നിരുപാധികം മോചിപ്പിക്കപ്പെടുമെന്ന് ജുഡീഷ്യറി ഉറപ്പാക്കണം.
8. നോട്ടീസ് നല്‍കാതെയും നടപടിക്രമങ്ങള്‍ ലംഘിച്ചും സ്വത്തുക്കള്‍ സീല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം.
അനുബന്ധങ്ങള്‍:
അനുഭവസ്ഥരുടെ സാക്ഷ്യങ്ങള്‍
സോള്‍, പെഹല്‍വാന്‍ മര്‍ക്കസ് മാര്‍ക്കറ്റിലെ വാടകക്കാരന്‍:
കടകളുടെ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വഖഫ് ബോര്‍ഡിനും ചില വാടകക്കാര്‍ക്കും ട്രൈബ്യൂണല്‍ കോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചിട്ടുണ്ടായിരുന്നു എന്നും സോള്‍ സംഘത്തോട് പറഞ്ഞു. പെഹല്‍വാന്‍ മര്‍ക്കസ് മാര്‍ക്കറ്റ് സമുച്ചയത്തില്‍ 30-32 കടകളുണ്ട്, അവയെല്ലാം ഒന്നിച്ചാണ് പൂട്ടി സീല്‍ ചെയ്തത്. വാടകക്കാര്‍ക്ക് മുന്നറിയിപ്പായി നോട്ടീസോ ഒന്നും നല്‍കിയിരുന്നില്ല. അവര്‍ ഒരു തുണി കെണ്ടുവന്നു അതില്‍ ചുവന്ന മുദ്ര പതിച്ചു. ആ സമയത്ത് ഭയം കാരണം ഒരു കടയുടമയ്ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. വഖഫ് ബോര്‍ഡ് നിയോഗിച്ച മുത്തവല്ലി ഡോക്ടര്‍ നഫീസ് അപ്പോള്‍ ജയിലിലായിരുന്നു. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച്ച കടകള്‍ പൂട്ടി സീല്‍ ചെയ്തത്.

ഞായറാഴ്ച വൈകീട്ടാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘം ആദ്യമായി മാര്‍ക്കറ്റില്‍ എത്തിയത്. അപ്പോള്‍ ഞാനവിടെ ഉണ്ടായിരുന്നില്ല. ഓരോ ഷോപ്പിന്റെയും വലിപ്പവും മാര്‍ക്കറ്റിന്റെ മുഴുവന്‍ അളവും അവരെടുത്തെന്ന് മറ്റ് കടയുടമകള്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. എന്തിനാണ് ഇപ്പോള്‍ സര്‍വേ നടത്തുന്നതെന്ന് കടയുടമകള്‍ ചോദിച്ചിരുന്നു. കേസ് നടക്കുന്നതിനാല്‍ ഞങ്ങള്‍ ഒരു സര്‍വേ നടത്തുന്നതാണെന്ന് മാത്രം അവര്‍ മറുപടി തന്നു. വഖഫ് ട്രൈബ്യൂണില്‍ നിന്ന് സ്റ്റേ ഉള്ളതിനാല്‍ ഇപ്പോഴത്തെ സര്‍വേയ്ക്ക് പിന്നിലെ കാരണം കടയുടമകള്‍ ചോദിച്ചു. സ്റ്റേയുടെ പകര്‍പ്പ് തങ്ങളുടെ പക്കലില്ലെന്നാണ് അതിനവര്‍ മറുപടി പറഞ്ഞത്. ഞായറാഴ്ച്ച മാര്‍ക്കറ്റ് അവധി ദിവസമായതിനാല്‍ ആ ദിവസം തന്നെ അവര്‍ സര്‍വേക്കായി വന്നതിലുള്ള എതിര്‍പ്പ് ഞങ്ങള്‍ അവരെ അറിയിച്ചിരുന്നു. സര്‍വെ നടത്തിയ സംഘം മടങ്ങിയപ്പോള്‍
തൊട്ടടുത്ത ദിവസം തന്നെ (തിങ്കളാഴ്ച്ച) സ്റ്റേ ഓര്‍ഡര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ സമര്‍പ്പിക്കാനും ഞങ്ങള്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ അഭിഭാഷകന്‍ ട്രൈബ്യൂണല്‍ കോടതിയില്‍ കേസ് വാദിക്കുന്നുണ്ടായിരിക്കെ എങ്ങനെയാണ് സ്റ്റേ ഉത്തരവിന്റെ പകര്‍പ്പ് അവരുടെ കൈവശം ഇല്ലാതിരിക്കുന്നത്? ഇതേ വക്കീല്‍ തന്നെയാണ് അലഹബാദ് ഹൈക്കോര്‍ട്ടിലും ഈ കേസില്‍ ഹാജരാവുന്നത്. വക്കീല്‍ ഉണ്ടായിരിക്കെ സ്റ്റേ ഇല്ലാതാകുന്നത് എങ്ങനെയാണ്?
വെള്ളിയാഴ്ച മുതലേ സ്ഥലത്തെ പ്രധാന ജംഗ്ഷനില്‍ (നോവല്‍റ്റി ചൗരഹ്) ധാരാളം പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു, തിങ്കളാഴ്ച്ച ദിവസം അവരുടെ എണ്ണം വര്‍ധിച്ചു. ഏകദേശം 150-200 റാപ്പിഡ് റെസ്പോണ്‍സ് ഫോഴ്സ്, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ടീം, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെടെയുള്ള സായുധ ഉദ്യോഗസ്ഥര്‍ ചൗരഹയിലുണ്ടായിരുന്നു. അതുകണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി, എന്തിനാണ് ഇത്രയധികം പൊലീസ് പ്രദേശത്ത് സംഘടിക്കുന്നതെന്ന് ഞങ്ങള്‍ ആശ്ചര്യപ്പെട്ടു. ഏകദേശം 1:45 ഓടെ രണ്ടോ മൂന്നോ വാഹനങ്ങളിലായി മാര്‍ക്കറ്റിലേക്ക് ഉദ്യോഗസ്ഥര്‍ എത്തി. കടകള്‍ പൂട്ടി സീല്‍ ചെയ്യാന്‍ പോവുകയാണെന്നും വാടകക്കാര്‍ക്ക് കടകളില്‍ നിന്ന് കഴിയുന്നത്ര സാധനങ്ങള്‍ എടുക്കാന്‍ ഉച്ചകഴിഞ്ഞ് 3 മണി വരെ സമയമുണ്ടെന്നും അവര്‍ അറിയിച്ചു. ഞാനുള്‍പ്പെടെ പലരും അവരോട് വ്യക്തിപരമായി അഭ്യര്‍ത്ഥിച്ചു: ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ വേണ്ട ടെക്നീഷ്യന്‍മാരെ കണ്ടെത്തി ഉപകരണങ്ങളൊക്കെ അഴിച്ച് കടയില്‍ നിന്ന് എല്ലാം എങ്ങനെ നീക്കംചെയ്യാന്‍ കഴിയാനാണ്. എന്നാല്‍, അവര്‍ അതൊന്നും ചെവിക്കൊണ്ടില്ല, ആ സമയത്ത് ഞങ്ങള്‍ നന്നായി ഭയപ്പെട്ടിരുന്നു. ഞങ്ങള്‍ അവരോട് കൂടുതല്‍ എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍, പ്രകടനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തി എന്തെങ്കിലും ചെയ്യുമോയെന്ന് ഞങ്ങള്‍ ഭയന്നു.
ആ സമയത്താണ് മാധ്യമ പ്രവര്‍ത്തകര്‍ എത്തുന്നത്. ഞങ്ങള്‍ക്ക് എന്തെങ്കിലും നോട്ടീസ് നല്‍കിയിരുന്നോ എന്ന് റിപ്പോര്‍ട്ടര്‍മാര്‍ ഞങ്ങളോട് ചോദിച്ചു. ഞങ്ങള്‍ക്ക് ഒരു നോട്ടീസും നല്‍കിയിട്ടില്ലെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഞങ്ങള്‍ ഡോക്ടര്‍ നഫീസിന്റെ വാടകക്കാരാണോ എന്നും അവര്‍ ചോദിച്ചു. അല്ല, ഡോ. നഫീസ് വഖഫ് ബോര്‍ഡ് ചുമതലപ്പെടുത്തിയ കെയര്‍ ടേക്കര്‍ മാത്രമാണ്. വഖഫ് ബോര്‍ഡ് അദ്ദേഹത്തെ എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാം, ഞങ്ങള്‍ വഖഫ് ബോര്‍ഡിനാണ് വാടക നല്‍കുന്നതെന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി.
ഭരണകൂട നടപടികളെക്കുറിച്ചുള്ള ഭയം ഈയിടെ സമൂഹത്തില്‍ വര്‍ധിച്ചിട്ടുണ്ട്. അധികാരികള്‍ മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് നടപടിയെടുക്കുകയാണ്. ഞങ്ങള്‍ മാര്‍ക്കറ്റിലെ കടക്കാര്‍ സ്ഥിരമായി മാര്‍ക്കറ്റിലെത്തി കാര്യങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ട്, പക്ഷെ സായുധ പൊലീസ് ഞങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യാറുണ്ട്.
പ്രദേശത്തെ അന്തരീക്ഷം ഇപ്പോള്‍ തണുത്തിട്ടുണ്ട്, പ്രദേശ വാസികള്‍ സാധാരണപോലെ സഞ്ചരിക്കുന്നു. അധികാരികള്‍ ചിലരെ ടാര്‍ഗറ്റ് ചെയ്ത് നടപടിയെടുത്തതാണെന്ന് ഞങ്ങള്‍ക്കിപ്പോള്‍ വ്യക്തമാണ്.
അര്‍മന്ദ്, അഭിഭാഷകന്‍
മൗലാന തൗഖീര്‍ റാസ മുമ്പും മെമ്മോറാണ്ടങ്ങള്‍ നല്‍കുകയും അത് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും അവയെല്ലാം പൊതുയോഗങ്ങളിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, സെപ്റ്റംബര്‍ 26 ലെ പ്രകടനം പ്രാദേശിക ഭരണകൂടത്തിന് അറിവില്ലാത്തതായിരുന്നുവെന്നും അതിനാല്‍ വേണ്ട തയ്യാറെടുപ്പുകളെടുക്കാന്‍ കഴിഞ്ഞില്ല എന്നതും ശരിയല്ല. ജനക്കൂട്ടം ഒത്തുകൂടിയപ്പോള്‍ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. അവര്‍ വീടുകളില്‍ നിന്ന് വരുമ്പോള്‍, മുദ്രാവാക്യം വിളിക്കുകയോ പാട്ടുകള്‍ പ്ലേ ചെയ്യുകയോ ചെയ്തിട്ടില്ല. യാതൊരു നശീകരണവും നടത്താതെ സമാധാനപരമായ ഒരു ജനക്കൂട്ടമായിരുന്നു അത്. ഈ വീഡിയോകള്‍ കാണുക, ജനക്കൂട്ടം വന്നയുടന്‍ പൊലീസ് മുന്നറിയിപ്പൊന്നുമില്ലാതെ അവര്‍ക്ക് നേരെ ലാത്തി പ്രയോഗിക്കുകയായിരുന്നു എന്ന് ഇതില്‍ കാണാം.
ഉദ്യോഗസ്ഥര്‍ സ്വയം കഴിവുള്ളവരായി സ്ഥാപിക്കാന്‍, അവരുടെ അധികാരങ്ങള്‍ അമിതമായി ഉപയോഗിച്ചുവെന്ന് ബോധ്യപ്പെടുത്താന്‍ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്. അവരുടെ അജ്ഞതയും നിരുത്തരവാദപരമായ പെരുമാറ്റവും ദീര്‍ഘവീക്ഷണമില്ലായ്മയും പ്രദേശത്ത് തെറ്റിദ്ധാരണാജനകമായ അന്തരീക്ഷം സൃഷ്ടിക്കുകയാണുണ്ടായത്.
ഇതിന്പുറമെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു. ബറേലി ഒരു വലിയ വ്യാപാരകേന്ദ്രമാണ്, ബിസിനസിനായി സ്ഥലത്തെത്തിയവര്‍ അതവസാനിപ്പിച്ച് നഗരം വിടുന്ന സാഹചര്യമുണ്ടായി. ബറേലിയില്‍ എത്തേണ്ടിയിരുന്ന ധാരാളം ഉപഭോക്താക്കളും വ്യാപാരികളും ഇങ്ങനെ തിരികെ പോയിട്ടുണ്ട്. ഇത് നഗരത്തില്‍ കോടികളുടെ നഷ്ടം ഉണ്ടാക്കി.
കാരണം അറിയിക്കാതെയാണ് അറസ്റ്റുകള്‍ നടന്നത്. എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, അറസ്റ്റിന്റെ കാരണം ആരോടും പറഞ്ഞില്ല. അവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങളെക്കുറിച്ച് അവരെ അറിയിച്ചില്ല. എഫ്.ഐ.ആറുകള്‍ മറച്ചുവയ്ക്കുകയും അഭിഭാഷകരെ തടയുകയുമാണ് ഉണ്ടായത്. അഭിഭാഷകര്‍ക്ക് പോലും എഫ്.ഐ.ആറിന്റെ പകര്‍പ്പുകള്‍ ലഭിക്കുന്നില്ല. എഫ്.ഐ.ആറുകളില്‍ നിരവധി ആളുകളുടെ പേരുകളുണ്ട്. തൗഖീറിനെപ്പോലെ നിരവധിയാളുകളുകള്‍ നിരവധി എഫ്.ഐ.ആറുകളില്‍ പേര് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 2.30 നാണ് സംഭവം നടന്നതെങ്കിലും രാത്രി 10 മണിക്കാണ് എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എഫ.്ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നീണ്ട ഈ എട്ട് മണിക്കൂര്‍ എന്തിനായിരുന്നു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട് അതിനാല്‍ ആളുകള്‍ പരിഭ്രാന്തരാണ്.
ആരും മുദ്രാവാക്യം വിളിക്കില്ലെന്ന് പ്രതിഷേധം സംഘടിപ്പിച്ച നേതാക്കളിലൊരാള്‍ പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. സമാധാനപരമായി മെമ്മോറാണ്ടം സമര്‍പ്പിച്ച് മടങ്ങാമെന്നാണ് അദ്ദേഹം അതില്‍ പറയുന്നത്. ജനക്കൂട്ടം വളരെ സമാധാനപരമായിരുന്നു എന്നതാണ് ഞങ്ങളുടെ പ്രധാന സബ്മിഷന്‍. പൊലീസുകര്‍ക്ക് അക്രമത്തിനിടെ ഉണ്ടായെന്ന് ആരോപിക്കുന്ന മുറിവുകള്‍ വ്യാജമാണ്. അതുപോലെതന്നെ് അറ്റാച്ച് ചെയ്തിട്ടുള്ള മെഡിക്കല്‍ രേഖകകളും വ്യാജമാണ്. വീഡിയോ കണ്ടാല്‍ ഒരു ജനക്കൂട്ടം സമാധാനപരമായി വരുന്നതായി മാത്രമേ കാണാനാവൂ. ഭരണകൂടം ചെയ്യേണ്ടിയിരുന്നത് ജനക്കൂട്ടത്തിന് മുന്നറിയിപ്പ് നല്‍കുക മാത്രമായിരുന്നു, അത് അവര്‍ ചെയ്തില്ല. ഞാന്‍ എല്ലാം എഴുതിയിട്ടുണ്ട്, പക്ഷേ ഉദ്യോഗസ്ഥര്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറല്ല.
സലമോണ്‍ (അറസ്റ്റിലായ മുസ്‌ലിംകളില്‍ ഒരാളായ സാദെന്റെ അമ്മാവന്‍)
സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിയോടെയാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സാദെനെ പിടിച്ചു കൊണ്ടുപോയത്. എന്തിനാണ് കൊണ്ടുപോകുന്നതെന്ന് വീട്ടുകാരോട് പറഞ്ഞില്ല, കൊണ്ടുപോകുമ്പോള്‍ രേഖകളൊന്നും നല്‍കിയിട്ടില്ല. വളരെ പരുഷമായാണ് വന്നവര്‍ പെരുമാറിയത്. തങ്ങളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്ക് വരാനും പിന്നീട് വിട്ടയക്കാമെന്നുമാണ് അവര്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ 14 വയസ്സുള്ള സാദെന്റെ മകനും കൂടെ പോയിരുന്നു. പിന്നീട് മകന്‍ എന്നെ വിളിച്ച് സാദെനെ പൊലീസ് അറസ്റ്റ് ചെയ്തതായി പറഞ്ഞു.
വേണ്ടത്ര സമയം ലഭിക്കാത്തതിനാല്‍ ഞങ്ങള്‍ സാധാരണ പ്രകടനങ്ങള്‍ക്കൊന്നും പോകാറില്ല. വെള്ളിയാഴ്ച നമസ്‌കാര ശേഷം പ്രകടനം നടന്ന സ്ഥലത്ത് സാദന്‍ പോയിരുന്നില്ല. അദ്ദേഹം മീരാ കി പൈത്ത് പള്ളിയിലാണ് നമസ്‌കാരം നിര്‍വ്വഹിച്ചത്. അവന്‍ ഇതുവരെ ഒരു ക്രിമിനല്‍ കേസിലും ഉള്‍പ്പെട്ടിട്ടില്ല. ശരിക്കും മുസ്‌ലിംകളെ വഴിയില്‍ കണ്ടാല്‍ സ്റ്റേഷനിലേക്ക് പൊലീസ് പിടിച്ചുകൊണ്ടുപോവുകയാണ്.
പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ പൊലീസുകാര്‍ ഞാന്‍ പറയുന്നതൊന്നും ഗൗനിക്കുന്നില്ലായിരുന്നു. അവനെ കാണാന്‍ പോലും അവരെന്നെ അനുവദിച്ചില്ല, രേഖകളൊന്നും അവരെനിക്ക് തന്നില്ല. പിന്നീട് അഭിഭാഷകനില്‍ നിന്നാണ് രേഖകള്‍ ഞങ്ങള്‍ക്ക് ലഭിച്ചത്.
വസ്തുതാന്വേഷണ സന്ദര്‍ശനത്തില്‍നിന്നുള്ള ഫീല്‍ഡ് കുറിപ്പുകള്‍:
അറസ്റ്റിലാവുകയും നിയമനടപടികള്‍ നേരിടുകയും ചെയ്ത മുസ്‌ലിംകളുടെ എണ്ണം 80 ആണെന്നാണ് പ്രാദേശിക അഭിഭാഷകര്‍ ഞങ്ങളോട് പറഞ്ഞത്. വിവിധ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങളും കോടതിയില്‍ നിന്ന് ലഭ്യമായ രേഖകളും അടിസ്ഥാനമാക്കിയാണ് ഈ കണക്കില്‍ എത്തിയതെന്ന് അവര്‍ പറഞ്ഞു. യഥാര്‍ത്ഥ എണ്ണം ഏകദേശം നൂറോളമാകാമെന്ന് അവര്‍ വിലയിരുത്തുന്നു. ബരാദാരിയില്‍ ഇപ്പോഴും മുസ്‌ലിംകളെ പിടികൂടിക്കൊണ്ടിരിക്കുന്നതായും അവിടെ സ്ഥിതി ഏറെ ഉത്കണ്ഠാജനകമാണെന്നും അവര്‍ പറഞ്ഞു.

ആ നഗരത്തില്‍ നിന്ന് പുറത്തുകടക്കുമ്പോള്‍ തിരക്കേറിയ ഇടവഴികള്‍ ഞങ്ങള്‍ ശ്രദ്ധിച്ചു. വാഹനം പൊലീസ് സ്റ്റേഷന്‍ മുറിച്ചുകടന്നപ്പോള്‍ പുറത്ത് നില്‍ക്കുകയായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ ഞങ്ങള്‍ പോകുന്ന പ്രദേശത്തെ മനസ്സിലായ മട്ടില്‍ മുഖം ചുളിച്ചു. ഞങ്ങള്‍ പ്രവേശിച്ച പ്രദേശത്ത് കനത്ത നിശ്ശബ്ദദയായിരുന്നു. അത് പൊലീസ് സ്റ്റേഷനും ഒരു ഹിന്ദു പ്രദേശത്തിനുമിടയിലുള്ള ഭാഗമാണെന്ന് ഞങ്ങള്‍ പിന്നീട് മനസ്സിലാക്കി. മൗലാന തൗഖീര്‍ റാസയുടെ കുടുംബവും മറ്റും താമസിക്കുന്ന ദര്‍ഗയുടെ ഭാഗത്തേക്ക് പോകുന്ന പാതകളാണ് അവിടെയെന്ന് ഞങ്ങളുടെ സംഘത്തിലെ ഒരംഗം പറഞ്ഞു. കനത്ത സേനാ വിന്യാസവും സംഘര്‍ഷാവസ്ഥയുള്ളതിനാലും ഞങ്ങള്‍ക്ക് ആ പ്രദേശം സന്ദര്‍ശിക്കാന്‍ സാധിച്ചില്ല,
നഗരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തിരക്കില്ലാത്ത നിരത്തില്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇടവഴികള്‍ വിജനമായിരുന്നു. വീടുകള്‍ ശൂന്യമായി കാണപ്പെട്ടു. അന്തരീക്ഷം നിശ്ചലമായതായി ഞങ്ങള്‍ക്ക് തോന്നി. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ മുസ്ലിംകള്‍ പുറത്തേക്കിറങ്ങാറില്ലെന്ന് ഞങ്ങളോട് സംഘത്തില്‍ ഒരാള്‍ പറഞ്ഞു. പോലീസ് മുസ്ലിം ചെറുപ്പക്കാരെ വീടുകളില്‍ നിന്ന് പിടിച്ചുകൊണ്ട് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ ഈ ഭയം അടിസ്ഥാനരഹിതമായി തോന്നേണ്ടതില്ലല്ലോ.
ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് സായുധ സേനയുടെ ഒരു ബസ് ഞങ്ങള്‍ കണ്ടു. അത് ശൂന്യമായിരുന്നു. കാര്‍ വേഗത കുറച്ച് ഞങ്ങള്‍ അതിന്റെ ഫോട്ടോ എടുത്തു. കനത്ത ട്രാഫിക്കിനെ തുടര്‍ന്ന് ഇതിനകം തന്നെ കാറിന്റെ വേഗത മന്ദഗതിയിലായിരുന്നു. ആ വാഹനം കടന്നുപോയപ്പോള്‍ മറ്റൊരു പി.എ.സി വാഹനവും രണ്ട് പോലീസ് ജീപ്പുകളും കാണാനായി. അവയെല്ലാം ശൂന്യമായിരുന്നു. ഞങ്ങള്‍ കടന്നുവന്ന മുസ്ലിം പ്രദേശത്ത് അവരെ വിന്യസിച്ചതു കൊണ്ടായിരിക്കാം സേനാ വാഹനങ്ങള്‍ ശൂന്യമായിരിക്കുന്നത്്.
ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് പ്രവേശിച്ചയുടനെ അതൊരു ഹിന്ദു പ്രദേശമാണെന്ന് വേഗം തിരിച്ചറിയാന്‍ കഴിഞ്ഞു. ഹിന്ദു പേരുകളുള്ള കടകള്‍ തുറന്നിരുന്നു. ടിക്ക ധരിച്ചയാളുകളും സാരിയും സിന്ദൂരവും ധരിച്ച സ്ത്രീകളും സാധാരണപോലെ റോഡിലുണ്ടായിരുന്നു. കനത്ത അന്തരീക്ഷം അവിടെയുണ്ടായിരുന്നില്ല. മുസ്ലീം പ്രദേശത്ത് നിന്ന് ഞങ്ങള്‍ പുറത്തേക്ക് വരുന്തോറും എല്ലാം സ്വതന്ത്രമായി ഒഴുകിക്കൊണ്ടിരിക്കുന്നത് ഞങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായിക്കൊണ്ടേയിരുന്നു.
