November 20 Friday 2026

ഭൂമിയുടെ രാഷ്ട്രീയം, ജാതിവിരുദ്ധ സമരം: ളാഹ ഗോപാലന്‍ സൃഷ്ടിച്ച ചരിത്രം സജീദ് ഖാലിദ്

2025-ലെ ഇന്നത്തെ കേരളത്തില്‍, ചെങ്ങറ സമര നായകന്‍ ളാഹ ഗോപാലന്റെ നാലാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹം ഉയര്‍ത്തിയ പോരാട്ടം കേരള സാമൂഹ്യതലത്തില്‍ ഉണ്ടാക്കിയ പ്രതിഫലനങ്ങള്‍ ചര്‍ച്ചയാക്കേണ്ടതാണ്. ളാഹ ഗോപാലന്‍ ഒരു വ്യക്തി മാത്രമല്ലായിരുന്നു; ഭൂരഹിതരുടെ അവകാശവും സാമൂഹിക നീതിയും പ്രതിനിധീകരിച്ച ഒരു പ്രസ്ഥാനത്തിന്റെ പ്രതീകമായിരുന്നു. ഭൂപരിഷ്‌കരണമെന്ന വഞ്ചനയെ പച്ചയായി സാധാരണക്കാരനുമുന്നില്‍ തുറന്നു കാട്ടി എന്നതാണ് അദ്ദേഹത്തിന്റെ സമര ചരിത്രം തന്നെ. അദ്ദേഹത്തിന്റെ ജീവിതം, ചെങ്ങറ സമരം, കേരളത്തിലെ ഭൂമിരാഷ്ട്രീയം, നവോത്ഥാന നായകരുടെ പാരമ്പര്യം ഇവയെല്ലാം ഒന്നിച്ചു വിശകലനം ചെയ്യേണ്ടതാണ്.

കേരളത്തിലെ ഭൂമിരാഷ്ട്രീയത്തിന്റെ പശ്ചാത്തലം
കേരളത്തിന്റെ സാമൂഹിക ചരിത്രം ഭൂമിയുമായി ഏറെ ബന്ധപ്പെട്ടതാണ്. ദലിതരും ആദിവാസികളും സാമൂഹികമായി മാത്രമല്ല, സാമ്പത്തികമായും ഭൂമിയില്ലായ്മ കൊണ്ട് തന്നെ നിരന്തരമായി അടിച്ചമര്‍ത്തപ്പെട്ടിരുന്നു. ജാതീയതയുടെ അനന്തര ഫലമാണ് ദലിത് ജനവിഭാഗങ്ങളുടെ ഭൂരാഹിത്യം. ഭൂമിയുടെ വിതരണം കേരള നവോഥാനത്തിന്റെ പ്രധാന വിഷയം ആയിരുന്നു. അയ്യങ്കാളി പോലുള്ള നേതാക്കള്‍ നിലത്തിറങ്ങി നടത്തിയ സമരങ്ങള്‍, സമൂഹത്തിന്റെ അടിത്തട്ടിലുള്ളവര്‍ക്കും അവകാശബോധം വളര്‍ത്തി. ‘കല്ലുമാല സമരം’ പോലുള്ള പ്രക്ഷോഭങ്ങള്‍ ഭൂമിയും മാനവാവകാശവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നവയായിരുന്നു. അതുപോലെ മുത്തങ്ങ ആദിവാസി സമരം, എ.കെ.ജി.യുടെ മിച്ചഭൂമി സമരം തുടങ്ങിയവയെല്ലാം ഭൂമിയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ നീക്കങ്ങള്‍ സൃഷ്ടിച്ചവയാണ്.

2006-ല്‍ ‘സാധുജന വിമോചന സമിതി’യുടെ നേതൃത്വത്തില്‍ ളാഹ ഗോപാലന്‍ ആരംഭിച്ച ചെങ്ങറ സമരം, കേരളത്തിലെ ഭൂചരിത്രത്തില്‍ തന്നെ ഒരു തിരിവായിരുന്നു. ആയിരക്കണക്കിന് ഭൂരഹിത കുടുംബങ്ങള്‍ പത്തനംതിട്ട ജില്ലയിലെ ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍ ഭൂമിയില്‍ കുടിലുകള്‍ കെട്ടി. 2007-ഓടെ ഇത് കേരള രാഷ്ട്രീയത്തിന്റെ കേന്ദ്ര ചര്‍ച്ചയായി. ചെങ്ങറ സമരം മറ്റെല്ലാ സമരങ്ങളില്‍ നിന്നും വ്യത്യസ്തമായത്, അത് രാഷ്ട്രീയ പാര്‍ട്ടികളുടെ മേല്‍നോട്ടത്തില്‍ അല്ലാതെ, ജനങ്ങള്‍ തന്നെയാണ് സ്വയംസംഘടിതമായി മുന്നോട്ടു കൊണ്ടുപോയത് എന്നതുകൊണ്ടാണ്. മാത്രമല്ല, ഇത് ‘ഭൂമി ഇല്ലാതെ സ്വാതന്ത്ര്യം ഇല്ല’ എന്ന സന്ദേശം പരത്തുകയും ചെയ്തു. ഭൂപരിഷ്‌കരണം കൊണ്ട് അടിസ്ഥാന ജനതക്ക് ഭൂമി ലഭ്യമായില്ല എന്ന് അക്കാദമിക് തലങ്ങളില്‍ കെ.കെ കൊച്ചിനെപ്പോലുള്ള ദലിത് ചിന്തകര്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നത്തെ സാധാരണക്കാരന്റെ ചര്‍ച്ചാ വിഷയമാക്കി മാറ്റി എന്നതാണ് ചെങ്ങറ സമരം കേരളത്തിലുണ്ടാക്കിയ രാഷ്ട്രീയ ചലനം. എല്ലാ വര്‍ക്കും ഭൂമി നല്‍കണം എന്ന ചര്‍ച്ച പല തരത്തില്‍ ഉയരാനും കേരളത്തില്‍ തോട്ടം മേഖലയുടെ മറവില്‍ ഹരിസണിനെയും ടാറ്റയെയും പോലുള്ള വന്‍ കുത്തകകള്‍ ഭൂമി കൈയേറുകയും പാട്ടകരാര്‍ ലംഘിക്കുകയും ചെയ്യുന്നു എന്നും കേരളത്തിലെ ഭൂരാഹിത്യത്തിന്റെ പ്രധാനപ്പെട്ട കാരണം ഈ കുത്തകള്‍ ഭൂമി തിന്നുന്ന ഭീകരന്‍മാരായതാണ് എന്നും കേരളത്തിലെ അടിസ്ഥാന ജനത തിരിച്ചറിഞ്ഞു എന്നതും ചെങ്ങറ സമരത്തിന്റെ നേട്ടമാണ്.

ളാഹ ഗോപാലന്‍ തന്റെ ജനതയുടെ വേദന ഹൃദയത്തില്‍ കൊണ്ടുനടന്ന നേതാവായിരുന്നു. അദ്ദേഹം കെ.എസ്.ഇ.ബി.യിലെ ഒരു ജീവനക്കാരനായി ജീവിതം തുടങ്ങി. തൊഴില്‍ ജീവിതത്തില്‍ നേടിയ അനുഭവങ്ങളും പൊതുസമൂഹവുമായി ഉണ്ടായ ഇടപെടലുകളും അദ്ദേഹത്തെ സമൂഹത്തിലെ തള്ളിപ്പറഞ്ഞവരുടെ പോരാളിയാക്കി. ചെങ്ങറ സമരം വര്‍ഷങ്ങളോളം ശക്തമായി മുന്നോട്ടുകൊണ്ടുപോയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും സമര്‍പ്പിതമായ നേതൃത്വവുമാണ്. സത്യസന്ധത, ധൈര്യം, രാഷ്ട്രീയക്കച്ചവടങ്ങള്‍ക്കെതിരെ ഉറച്ച നിലപാട് ഇവയാണ് അദ്ദേഹത്തെ വേറിട്ട് കാട്ടിയത്.

ചെങ്ങറ സമരത്തെ ചില വിഭാഗങ്ങള്‍ വിമര്‍ശിച്ചുവെങ്കിലും, അത് കേരളത്തില്‍ ഭൂമിപ്രശ്‌നങ്ങളെപ്പറ്റി ഒരു പുതുവഴി തുറന്നുവെന്നത് ആരും നിഷേധിക്കാനാവില്ല. ഭൂമി ആവശ്യപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ പരിഹാരങ്ങള്‍ പലപ്പോഴും അപര്യാപ്തമായിരുന്നു. ചിലര്‍ക്കു വാസയോഗ്യമല്ലാത്ത ഭൂമി, മറ്റുചിലര്‍ക്കു പട്ടയമില്ലാത്ത സ്ഥലം ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നിലനിന്നു. എന്നാല്‍, ചെങ്ങറയില്‍ നിന്ന് സമൂഹം മനസ്സിലാക്കിയത്, നീതി തേടാനുള്ള ജനങ്ങളുടെ കൂട്ടായ്മയാണ് സാമൂഹിക മാറ്റത്തിന്റെ ശക്തിയെന്നതാണ്.

കേരളത്തില്‍ ഭൂമി സംബന്ധമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. വികസന പദ്ധതികളുടെ പേരില്‍ കാര്‍ഷിക ഭൂമികള്‍ ഏറ്റെടുക്കപ്പെടുന്നു. ആദിവാസികളും തീരദേശ സമൂഹങ്ങളും അവരുടെ പാരമ്പര്യ ഭൂമിയില്‍ നിന്ന് നീക്കപ്പെടുന്നു. ഭൂരഹിതര്‍ക്ക് നല്‍കുന്ന ഭൂമി പലപ്പോഴും കൃഷി്ക്ക് യോജിക്കാത്തതോ വെള്ളമില്ലാത്തതോ ആയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍, ചെങ്ങറ സമരവും ളാഹ ഗോപാലന്റെ പോരാട്ടവും ഇന്നും തീര്‍ച്ചയായും പ്രസക്തമാണ്.
ളാഹ ഗോപാലന്റെ ജീവിതവും സമരവും ഒരു വ്യക്തിയുടെ ചരിത്രം മാത്രമല്ല, കേരളത്തിലെ ഭൂരാഷ്ട്രീയത്തിന്റെ, ജാതിവിരുദ്ധ സമരങ്ങളുടെ, ജനാധിപത്യ അവകാശപ്രസ്ഥാനങ്ങളുടെ ചരിത്രം കൂടിയാണ്. അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നത്, ‘നീതിയില്ലാതെ വികസനം സാധ്യമല്ല, ഭൂമിയില്ലാതെ സ്വാതന്ത്ര്യം സാധ്യമല്ല.’ എന്നാന്ന്. കേരളത്തിലെ ഭൂപ്രശ്‌നങ്ങളെയും ജാതീയതകളെയും കുറിച്ച് സംസാരിക്കുമ്പോള്‍ ളാഹ ഗോപാലനെ പരാമര്‍ശിക്കാതെ പോകുക സാധ്യമല്ല. അയ്യങ്കാളിക്ക് ശേഷം ദലിത് ജനതയുടെ ജനകീയ സംഘാടനം തീഷ്ണമായും ലളിതമായും പ്രായോഗികമായും കാട്ടി തന്നത് ളാഹ ഗോപാലനാണ്. അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷികത്തില്‍, നാം ഓര്‍ക്കുന്നത് ഒരാള്‍ മാത്രമല്ല, ഒരു കാലഘട്ടത്തെയും, ഒരു ജനപ്രസ്ഥാനത്തെയും, സവര്‍ണ്ണതയ്‌ക്കെതിരായ പോരാട്ടത്തെയുമാണ്

Related