ആല്‍ബര്‍ട് ക്യാമുവിന്റെ ദി ഗസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കി ഡേവിഡ് ഓല്‍ഹൊഫെന്‍ സംവിധാനം ചെയ്ത ഫ്രഞ്ച്-ഇറ്റലി-ബെല്‍ജിയം പ്രൊഡക്ഷന്‍ ആയ ഫാര്‍ ഫ്രം മെന്‍ (2014) എന്ന സിനിമയും, മലയാളത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥ എഴുതി ഭരതന്‍ സംവിധാനം ചെയ്ത താഴ്‌വാരം (1990) എന്ന സിനിമയും അതിഥി/ആതിഥേയന്‍ എന്ന മനുഷ്യാവസ്ഥകളെ ഡീല്‍ ചെയ്യുന്നത് രണ്ട് തരത്തിലാണ്. ഫാര്‍ ഫ്രം മെന്‍ എന്ന സിനിമയിലെ വയലന്‍സും അതിലെ ലോങ്ങ് ഷോട്ടുകളും ഭൂമിശാസ്ത്രവും വിദൂരമായ രീതിയില്‍ താഴ്‌വാരം എന്ന സിനിമയുമായി സാമ്യം തോന്നിയപ്പോള്‍ താഴ്‌വാരം എന്ന സിനിമ വീണ്ടും കാണുകയായിരുന്നു. വിശാലമായ വരണ്ട ജ്യോഗ്രഫികളുള്ള വയലന്‍സ് പേറുന്ന പല തരത്തിലുള്ള സിനിമകള്‍ ലോക സിനിമയില്‍ വേറെയും ഉണ്ടായിട്ടുണ്ട്. പക്ഷേ, ഈ രണ്ട് സിനിമകളുടെയും ഭൂമിയും വയലന്‍സും ഒന്ന് കൂടി സൂക്ഷ്മമായി ശ്രദ്ധിക്കാം എന്ന് കരുതിയപ്പോഴാണ് ഈ രണ്ട് സിനിമകളിലെയും അതിഥി/ആതിഥേയത്വം എന്ന അവസ്ഥകള്‍ ഒന്ന് കൂടി താല്‍പര്യമുണര്‍ത്തുന്നതാണ് എന്ന് മനസ്സിലാകുന്നത്.
വയലന്‍സ് എന്ന ഒരു മാനുഷിക അവസ്ഥയും അതിഥി/ആതിഥേയത്വം എന്ന മാനുഷികമായ സാംസ്‌കാരികതയും ഈ രണ്ട് സിനിമകള്‍ ട്രീറ്റ് ചെയ്യുന്നത് രണ്ട് രീതിയിലാണ്. താഴ്‌വാരം എന്ന സിനിമയില്‍ ഏകാകികളായ മനുഷ്യര്‍ ചില ഭൂമികളുടെ അതിഥികള്‍ ആകുന്നതും, മറ്റു മനുഷ്യരുടെ അതിഥികള്‍ ആകുന്നതും, അതുപോലെ തന്നെ അവര്‍ക്കിടയില്‍ രൂപപ്പെടുന്ന സംഘര്‍ഷങ്ങളും വയലന്‍സുകളും അതിന്റെ പല തരത്തിലുള്ള ലെയറുകളിലൂടെ ഡീല്‍ ചെയ്യുന്നുണ്ട്. അതിന്റെ പലവിധ ഘടകങ്ങളിലേക്ക് ആദ്യം ഒന്ന് പോയി നോക്കാം.
ഒരു കല്‍പ്പണിക്കാരന്റെ മകനായ ശങ്കരാടിയുടെ കുട്ടേട്ടന്‍ എന്ന കഥാപാത്രവും, അയാള്‍ മിശ്രവിവാഹം ചെയ്ത വാരസ്യാര്‍ ആയ സ്ത്രീയുടെയും കഥ കുട്ടേട്ടന്‍ തന്നെ നറേറ്റ് ചെയ്യുന്നതിലൂടെ ആണ് ആ ദമ്പതികളുടെ ആ താഴ്‌വാരത്തിലേക്കുള്ള കുടിയേറ്റത്തിന്റെ ചരിത്രം ഈ സിനിമ പറഞ്ഞു തുടങ്ങുന്നത്. അയാളുടെ ജീവിതം വളരെ ‘നിഷ്‌കളങ്കമായി’ ഈ സിനിമ പ്രസന്റ് ചെയ്യുന്നുണ്ടെങ്കിലും, താഴ്‌വാരം പോലുള്ള സിനിമയില്‍ ഉയര്‍ന്നുവന്ന കുടിയേറ്റങ്ങള്‍ക്ക് പലവിധമായ ചരിത്രങ്ങള്‍ ഉണ്ടായിരിക്കാം. അവിടെ ഒരുപക്ഷേ ആതിഥേയരായും അല്ലാതെ പുറമെ നിന്നുള്ള മനുഷ്യരെ അകല്‍ച്ചയോടെയും അടുപ്പത്തോടെയും പല രീതികളില്‍ കണ്ടിട്ടുള്ള ആദിവാസികളും ആയിരിക്കാം അവിടത്തേത്. അത്തരം കുടിയേറ്റങ്ങളില്‍ വയലന്‍സും, സംഘര്‍ഷങ്ങളും, അധ്വാനങ്ങളും, ഭൂമിയുടെ മുകളില്‍ ഉള്ള വെട്ടിപ്പിടിക്കലുകളും ഒക്കെ ഉണ്ടായിട്ടുണ്ടാകാം. പലവിധ സംഘര്‍ഷങ്ങളിലൂടെ ഉള്ള ഒരു കുടിയേറ്റജീവിതം തന്നെ ആയിരിക്കാം കുട്ടേട്ടന്റെയും വാരസ്യാരുടെതായ ഭാര്യയുടേതും. വളരെ തുച്ഛമായ വിലക്ക് ഭൂമി വാങ്ങിക്കൂട്ടുന്നതിന്റെ, പിന്നീട് കൃഷി ചെയ്ത് വളരുന്നതിന്റെ ഒക്കെ എക്കണോമിക്‌സും ഈ സിനിമയില്‍ കുട്ടേട്ടന്റെ കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ അയാളുടെ സംസാരങ്ങളിലൂടെ പുറത്ത് വരുന്നുണ്ട്.
ഇതേ സിനിമയില്‍ തന്നെ ആദിവാസികളും, അതുപോലെ കുട്ടേട്ടന്റെയും മകള്‍ ആയ കൊച്ചൂട്ടിയുടെയും ജീവിതങ്ങളും തമ്മില്‍ പലവിധ സംഘര്‍ഷങ്ങളിലൂടെയും ഉള്ളിലുള്ള വയലന്‍സുകളുടെ പല ലെയറുകളിലൂടെയും മുന്നോട്ട് പോകുന്നു. ഒരുപക്ഷേ ശങ്കരാടിയുടെയും കുടുംബത്തിന്റെയും കുടിയേറ്റത്തില്‍ അതിഥികളായും പ്രതിരോധിക്കുന്നവരായും ആദിവാസികള്‍ മാറിയിട്ടുണ്ടാകാം. അതൊന്നും ഈ സിനിമ പറയുന്നില്ല. പക്ഷേ, അധികാരത്തിന്റെ വയലന്‍സുകളുടെ പല അടരുകളും ശങ്കരാടിയുടെയും മകളായ സുമലതയുടെയും കഥാപാത്രങ്ങള്‍ ഈ സിനിമയിലെ ചില ബോഡി ബിഹേവിയറുകളിലൂടെ, സംസാരങ്ങളിലൂടെ ആദിവാസികളോട് പുറപ്പെടുവിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രകടമായത് തൊഴിലാളിതൊഴില്‍ ഉടമ ബന്ധത്തിലൂടെയാണ്. കൂലിയുടെ മുകളിലുള്ള കാര്‍ക്കശ്യത്തിലൂടെയും, ജോലി സമയത്തെ കുറിച്ചുള്ള സംസാരത്തിലൂടെയും, ആദിവാസികളുടെ ഭക്ഷണരീതികളെ കുറിച്ച് പറഞ്ഞുകൊണ്ടുമൊക്കെ അത്തരം വയലന്‍സുകള്‍ ഈ അച്ഛന്റെയും മകളുടെയും കഥാപാത്രങ്ങള്‍ ഈ സിനിമയില്‍ പുറപ്പെടുവിക്കുന്നു.
നേരത്തെ അവിടെ നിലനിന്നിരുന്ന ആദിവാസി സമൂഹത്തിന് ഒരു അതിഥി/ആതിഥേയ ബന്ധം എന്നതിനപ്പുറം ഒരു തൊഴില്‍ഉടമ ബന്ധത്തിലെ വയലന്‍സിലൂടെയാണ് ആ രണ്ട് കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഉയിര്‍ക്കുന്നത്. മോഹന്‍ലാലിന്റെ ബാലന്‍ എന്ന കഥാപാത്രം ഒരു അതിഥി അല്ല, കള്ളന്‍ ആണ് എന്ന് ശങ്കരാടി മനസ്സിലാക്കുന്നതോടെ തന്റെ മകള്‍ ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തി ആദിവാസി പെണ്‍കുട്ടിയെ കൊണ്ട് ഭക്ഷണം കൊടുകക്കുന്നതാണ് അതിഥി/ആതിഥേയന്‍ എന്ന ഒരു ബന്ധത്തിലെ അടരുകളില്‍ അയാള്‍ ചെയ്യുന്ന ഏറ്റവും വലിയ വയലന്‍സ്. ആദിവാസികളെ ഒരേ സമയം തന്റെ കൃഷിക്ക് ആവശ്യമുള്ളവരായും, അതേ സമയം അകറ്റി നിര്‍ത്തേണ്ട ഇന്‍ഡിജിനിയസ് ഐഡന്റിറ്റിയായും ഈ അച്ഛനും മകളും പല തരത്തില്‍ ഡീല്‍ ചെയ്യുന്നു. അതേ സമയം ആദിവാസികളുടെ ആഘോഷങ്ങള്‍ അവരുടെ വീട്ടിലേക്ക് വരികയും, ആദിവാസികളുടെ ഉത്സവത്തിന് കോച്ചൂട്ടിയുടെ കഥാപാത്രം പോകുന്ന തരത്തിലുള്ള കൊടുക്കല്‍വാങ്ങലുകളും നിലനില്‍ക്കുന്നുണ്ട്. പിന്നെ ഭൂമി പിടിച്ചെടുക്കലില്‍, വെട്ടിപ്പിടിക്കലില്‍, അധ്വാനിച്ച് നേടിയെടുക്കലുകളില്‍ ആദിവാസികളോടുള്ള വിവിധങ്ങളായ വയലന്‍സുകളുടെ അടരുകള്‍ ഈ സിനിമയില്‍ പറയുന്നില്ല. പക്ഷേ അത്തരം ഒരു ചരിത്രം ആ താഴ്‌വാരത്തില്‍ നിലനിന്നിട്ടുണ്ടാകാം. അത് വായിച്ചെടുക്കാന്‍ ഈ സിനിമയിലൂടെ തന്നെ സാധിക്കുകയും ചെയ്യും.
ഇനിയുള്ളത് കുട്ടേട്ടനും കൊച്ചൂട്ടിയും രാഘവന്‍ എന്ന സലിം ഗൗസിന്റെ കഥാപാത്രവും, ബാലന്‍ എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെയും അതിഥികളായി സ്വീകരിക്കുമ്പോഴുള്ള അടരുകളില്‍ സംഭവിക്കുന്ന വയലന്‍സുകളാണ്. ചതി, വിശ്വാസവഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ പല തരത്തിലുള്ള ലെയറുകളോടെ സലിം ഗൗസിന്റെ കഥാപാത്രം ഈ കുടുംബത്തിലേക്ക് കടന്നുകയറി വിശ്വാസം കണ്ടെത്തുന്നു. ഒറ്റപ്പെട്ടുപോയ മനുഷ്യരാണ് ആ താഴ്‌വാരത്തിലേക്ക് കടന്നുവരുന്നത് എന്ന് ശങ്കരാടി പല ഇടങ്ങളിലും ഈ സിനിമയില്‍ പറഞ്ഞുവെക്കുന്നു. അവരും ഒറ്റപ്പെട്ടവര്‍ ആയത് കൊണ്ട് കടന്നുവരുന്ന മനുഷ്യരെ അതിഥികള്‍ ആയി സ്വീകരിക്കുന്നു. പുറത്തുള്ള സമൂഹത്തില്‍ നിന്ന് പലായനം ചെയ്ത സകലമാന വയലന്‍സിന്റെയും ചിഹ്നങ്ങളോടെയാണ് രാഘവന്‍ ആ താഴ്‌വാരത്തില്‍ എത്തുന്നത്. ഒരുപക്ഷേ ഭൂമി വെട്ടിപ്പിടിക്കുന്ന യുദ്ധം നടക്കുന്ന ആ ഭൂമികയില്‍ ചതി, വയലന്‍സ്, വെട്ടിപ്പിടിക്കല്‍ എന്നിവയുടെ മൊറാലിറ്റി ക്വസ്റ്റ്യന്‍സ്, സ്റ്റിഗ്മ ഒക്കെ പല രീതിയിലായിരിക്കും അവിടെ മനുഷ്യര്‍ ഡീല്‍ ചെയ്തത്.
രാഘവന്‍ തന്റെ വയലന്‍സിലൂടെ, ചതിയിലൂടെ പൊതു സമൂഹത്തെയും, പൊതു സമൂഹത്തിനു പുറത്ത് ജീവിക്കുന്ന ലൈംഗിക തൊഴിലാളികള്‍ അടങ്ങിയ സമൂഹങ്ങളോടും വയലന്‍സ് പുറപ്പെടുവിക്കുന്നു. ഒരു ലൈംഗിക തൊഴിലാളിയുടെ ഭര്‍ത്താവിനെ കുത്തിയിട്ടാണ് അയാള്‍ ആദ്യം തന്നെ കാട് കയറുന്നത്. പിന്നീട് താഴ്‌വാരത്തിലേക്ക് കയറുന്ന അയാള്‍ ഭൂമി വാങ്ങുന്നു, കൃഷി ചെയ്യുന്നു, ചതിക്കുന്നു, കോച്ചൂട്ടിയുടെ കഥാപാത്രത്തോട് അതിക്രമം കാണിക്കുകയും ചെയ്യുന്നു. അയാള്‍ അതിഥികളായ സമൂഹങ്ങള്‍ (അയാളുടെ ആതിഥേയര്‍) ക്കു മുകളില്‍ അനേകം വയലന്‍സുകളുടെ അടരുകള്‍ പല ഇടങ്ങളിലും അതിഥിയായി അയാള്‍ പുറത്തെടുക്കുന്നു. അങ്ങനെ വയലന്‍സ് എന്ന ഒരു മാനുഷികസാംസ്‌കാരിക അവസ്ഥയുടെ പല തരത്തിലുള്ള അടരുകളുടെ ‘ആഘോഷങ്ങള്‍’ ആയി താഴ്‌വാരം എന്ന സിനിമ മാറുന്നു. ബാലന്റെ കല്യാണദിവസം ഒരു വിളിക്കാത്ത അതിഥിയായി കയറിച്ചെന്നു അയാളുടെ തന്നെ വധുവിനെ കൊല്ലുന്ന വയലന്‍സിലേക്കും രാഘവന്‍ നീങ്ങുന്നു.
ഈ സിനിമയുടെ ഗ്രാമറില്‍, സിനിമ തുടങ്ങുമ്പോള്‍ രാഘവന്‍ വയലന്‍സ് നിറഞ്ഞ ആ താഴ്‌വാരത്തിന്റെ ഭാഗമായി അവിടെ നിലനില്‍ക്കുമ്പോള്‍, ആദ്യ ഷോട്ടുകളില്‍ നിന്ന് തന്നെ വിശാലമായ ആ താഴ്‌വാര ഭൂമികയില്‍ ഒറ്റക്ക് നടന്ന് വരുന്ന എല്ലാം നഷ്ടപ്പെട്ട മനുഷ്യനായാണ് ബാലന്‍ കടന്നുവരുന്നത്. അയാള്‍ വയലന്‍സ് നിറഞ്ഞ ആ ഭൂമികയിലേക്ക് പ്രവേശിക്കുന്നു. ഇനി അയാളുടെ ലോകവും വയലന്‍സിന്റേതാണ് എന്ന് അതിനു ശേഷമുള്ള കഴുകന്റെ ഷോട്ടുകളിലൂടെയും, ജോണ്‍സന്റെ ഭീതിയുണര്‍ത്തുന്ന ബി.ജി.എം-ലൂടെയും, വിശാലമായ നരച്ച ഭൂമികകളിലൂടെയും സൂചിപ്പിക്കുന്നു. കുട്ടേട്ടന്റെയും മകളുടെയും അതിഥിയായി അയാള്‍ മാറുകയും ചെയ്യുന്നു. അയാള്‍ നിര്‍മിക്കുന്ന അതിഥി എന്ന സങ്കല്‍പ്പത്തിന് പല തരത്തിലുള്ള അടരുകള്‍ ഉണ്ട്. ഒന്ന് രാഘവന്റെ കൂട്ടുകാരനായ അതിഥിയായും, രണ്ടാമത് രാഘവനാല്‍ വേട്ടയാടപ്പെട്ട ഒരു കൊല്ലിയില്‍ കിടക്കേണ്ടിവന്ന ഇരയായും, പിന്നെ ചികിത്സ തേടേണ്ടിവരുന്നവനായും, അതിനു ശേഷം ഒരു ‘കള്ളന്‍’ ആയി രൂപാന്തരപ്പെടുന്ന ഒരു ആതിഥേയര്‍ക്കു വേണ്ടാത്ത അതിഥിയായും ബാലന്‍ രൂപപ്പെടുന്നു. ബാലന്‍ പലപ്പോഴും രാഘവനെ സ്വീകരിച്ച് അതിഥിയാക്കുന്നതിലൂടെ ചതിക്കപ്പെട്ട മനുഷ്യനാണ്. അതേ ബാലന്‍ ഒരു ചതിയനായി ആ കുടുംബത്തിലും രൂപപ്പെടുന്നു. മനുഷ്യരുടെ മേല്‍ ചാര്‍ത്തപ്പെടുന്ന ചതിയന്‍/വഞ്ചകന്‍/വയലന്റ് മനുഷ്യന്‍ എന്നീ പല തരത്തിലുള്ള മൊറാലിറ്റിസോഷ്യല്‍ ചിഹ്നങ്ങള്‍ വളരെ കോംപ്ലക്‌സ് ആയ രീതിയില്‍ ഈ സിനിമയുടെ അടരുകളില്‍ പ്രവര്‍ത്തിക്കുന്നു. മനുഷ്യര്‍ ഏതു സമൂഹത്തിലായാലും ചതി, വഞ്ചന, കളവ്, ശരീരങ്ങളിലെ അധികാരം, അടിമ-ഉടമ ബന്ധം തുടങ്ങിയവയിലൂടെ വയലന്‍സ് പല തരത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകം ലെയറുകളുള്ള സങ്കീര്‍ണതകളെ ഈ സിനിമ മുന്നോട്ടുവെക്കുന്നു.
അതേസമയം ഫാര്‍ ഫ്രം മെന്‍ എന്ന സിനിമയില്‍ മറ്റൊരു സമൂഹത്തില്‍, വേറെ ഒരു ദേശത്ത്, അതിഥി/ആതിഥേയന്‍ എന്ന കണ്‍സെപ്റ്റും വയലന്‍സും വേറെ ഒരു തലത്തില്‍ മുന്നോട്ടുവെക്കുന്നു. ഫ്രഞ്ച് കോളനി ആയ അള്‍ജീരിയ എന്ന രാജ്യത്തിലെ അതിദാരിദ്ര്യം മൂലം വിളവിനായി തന്റെ ബന്ധത്തിലുള്ള ഒരാളെ കൊല്ലേണ്ടിവരുന്ന മുഹമ്മദ് എന്ന മനുഷ്യനും, അയാളുടെ ‘ആതിഥേയന്‍’ ആയ യൂറോപ്യന്‍/സ്പാനിഷ് ഐഡന്റിറ്റിയിലുള്ള ദാരു എന്ന മനുഷ്യനും തമ്മിലുള്ള ഒരു ബന്ധവും അവര്‍ രണ്ട് പേരും നേരിടുന്ന വയലന്‍സുമാണ് ആ സിനിമ. ക്യാമുവിന്റെ ദി ഗസ്റ്റ് എന്ന ചെറുകഥയെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ഈ സിനിമയില്‍ മുഹമ്മദ് ഒരു ശിക്ഷ വിധിക്കപ്പെടാനായി കൈമാറ്റം ചെയ്യപ്പെടുന്ന കുറ്റവാളിയായാണ് ദാരുവിന്റെ അടുത്തെത്തുന്നത്. അത് കോളോണിയലിസത്തിന്റെ, സമൂഹത്തിന്റെ, നീതിയുടെ, നിയമത്തിന്റെ, മൊറാലിറ്റിയുടെ ‘വയലന്‍സ്’ ആണ് അയാളെ കുറ്റവാളിയായി വിധിക്കുന്നത്. ഒരുപക്ഷേ അള്‍ജീരിയയിലെ ഫ്രഞ്ച് കോളോണിയലിസവും ദാരിദ്ര്യവും ഒക്കെ ആയിരിക്കാം അയാളെ ‘കുറ്റവാളി’ ആക്കുന്നത്. ഒരാളെ കുറ്റവാളിത്തം എന്ന പ്രക്രിയയിലേക്ക് നയിക്കുന്നതും വയലന്‍സ് തന്നെയാണല്ലോ. പക്ഷേ, ഇങ്ങനെ കയറുകൊണ്ട് വിലങ്ങുപോലെ കെട്ടിക്കൊണ്ട് വരുന്ന മുഹമ്മദിന്റെ കയ്യിലെ കയര്‍ അഴിച്ചുകൊണ്ട് അയാളെ അതിഥിയായി സ്വീകരിക്കുകയാണ് ദാരു ചെയ്യുന്നത്. അയാളോട് രക്ഷപ്പെട്ടോളൂ എന്ന് പറഞ്ഞുകൊണ്ട് രക്ഷപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യുന്നു.
ഭൂമിയും, നീണ്ടുകിടക്കുന്ന ഭൂമിയും, ലോങ്ങ് ഷോട്ടുകളും, വയലന്‍സും ഒക്കെ സിനിമയില്‍ സൃഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പല തരത്തില്‍ ലോക സിനിമയില്‍ വിവിധ തരത്തിലുള്ള സൗന്ദര്യങ്ങള്‍ ഉല്‍പ്പാദിപ്പിച്ചേക്കാം. അത്തരം വിഷ്വലുകള്‍ക്കും വയലന്‍സുകളുടെ സൗന്ദര്യങ്ങള്‍ക്കും നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ടാകാം. താഴ്‌വാരം എന്ന സിനിമ കേരളം എന്ന സ്‌പേസിലെ ഭൂമി/വയലന്‍സ് എന്ന വായനകളെ വ്യത്യസ്തമായി നോക്കാന്‍ പ്രേരിപ്പിക്കുന്നു. അതുപോലെ അതിഥി/ആതിഥേയത്വം എന്ന സങ്കല്‍പ്പത്തിന് ഫാര്‍ ഫ്രം മെന്‍ എന്ന ഫ്രഞ്ച് സിനിമയുമായി സാമ്യവും ഉണ്ട്. ഏറ്റവും വലിയ രസം താഴ്‌വാരം പുറത്തിറങ്ങിയത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറിലും ഫാര്‍ ഫ്രം മെന്‍ രണ്ടായിരത്തി പതിനാലിലുമാണ് എന്നതുമാണ്. താഴ്‌വാരം എന്തായാലും മനുഷ്യന്റെ വയലന്‍സും സിനിമയിലെ ദൃശ്യതകളും പല തരത്തില്‍ വായിക്കാന്‍ പറ്റുന്ന ഒരു ടെക്സ്റ്റ് ആണ്. പന്നികളെ കൊല്ലുമ്പോഴുള്ള ഭീകരത വര്‍ണ്ണിക്കുന്ന കൊച്ചൂട്ടിയുടെ ഡയലോഗിലൂടെ പോലും വയലന്‍സ് എന്ന മാനുഷീക അവസ്ഥയെകുറിച്ച് ഈ സിനിമ പറയുന്നു.
