August 11 Tuesday 2026

‘ഇന്ത്യ-ചൈന ഭായി ഭായി’: നെഹ്‌റുവില്‍നിന്ന് മോദിയിലേക്ക് എത്തുമ്പോള്‍

ചൈനയിലെ ടിയാന്‍ജിനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിന്നും കൂടിക്കാഴ്ച നടത്തിയിരിക്കുന്നു. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ)യുടെ ആഭിമുഖ്യത്തില്‍ ടിയാന്‍ജിനില്‍ നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായാണ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. വാണിജ്യ- വ്യവസായ സഹകരണവും അതിര്‍ത്തി സംഘര്‍ഷങ്ങളുമാണ് കൂടിക്കാഴ്ചയുടെ മുഖ്യപ്രമേയം. 1952 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും, ചൈനീസ് പ്രധാനമന്ത്രി ചൗവ് എന്‍ ലായും ചേര്‍ന്ന് ഒപ്പുവെച്ച പഞ്ചശീല തത്വങ്ങള്‍ ഇന്ത്യന്‍ നയതന്ത്ര ചരിത്രത്തിലെ സുപ്രധാനമായ ഏടായിരുന്നു. അന്‍പതുകളിലെ ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗമായി നെഹ്‌റു മുന്നോട്ടുവെച്ച ആപ്തവാക്യമാണ് ‘ഇന്ത്യ-ചൈന ഭായി ഭായി’ എന്നത്. എന്നാല്‍, പ്രസ്തുത മുദ്രാവാക്യത്തിനും പഞ്ചശീല തത്വങ്ങള്‍ക്കും അല്‍പായുസായിരുന്നു എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം.

1962ല്‍ ഇന്ത്യയും ചൈനയും തുറന്ന പോരാട്ടത്തിലേക്ക് എടുത്തെറിയപ്പെട്ടു. നരേന്ദ്രമോദിയുടെ സ്ഥാനാരോഹണത്തെ തുടര്‍ന്ന് ബദ്ധവൈരികളായ പാകിസ്താനുമായി നരേന്ദ്രമോദി സര്‍ക്കാര്‍ ആരംഭിച്ച നയതന്ത്ര ചര്‍ച്ചകള്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഒന്നായിരുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് നരേന്ദ്രമോദിയുടെ മാതാവിന് സാരി സമ്മാനമായി നല്‍കിയത് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ചരിത്രത്തിലെ വ്യത്യസ്തമായ അനുഭവമായിരുന്നു. എന്നാല്‍, അന്ന് തുടക്കം കുറിക്കപ്പെട്ട പ്രസ്തുത നയതന്ത്ര സമാധാന നീക്കങ്ങള്‍ പുല്‍വാമയും കടന്ന് പഹല്‍ഗാമിലൂടെ സഞ്ചരിച്ച് ഓപ്പറേഷന്‍ സിന്ദൂരില്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്നലെ നടന്ന മോദി-ഷീ ജിന്‍ പിന്‍ കൂടിക്കാഴ്ചയുടെ പരിണിതി മറ്റൊരു പഞ്ചശീല കരാര്‍ ആകാതിരുന്നുവെങ്കില്‍ എന്നാണ് ഓരോ സമാധാനകാംക്ഷികളും ആഗ്രഹിച്ചു പോകുന്നത്. ഷി ജിന്‍ പിന്നുമായും സമാനമായ നയതന്ത്ര ബന്ധം കാത്തുസൂക്ഷിക്കാന്‍ തുടക്കകാലം മുതലേ മോദി മുന്‍കൈയെടുത്തിരുന്നു. 2017 സെപ്റ്റംബര്‍ മാസം നടന്ന ചൈനീസ് പ്രസിഡണ്ടിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ന്യൂഡല്‍ഹിക്ക് പുറമേ മോദിയുടെ ജന്മനാടായ ഗുജറാത്തും ഇടം പിടിച്ചിരുന്നു. എന്നാല്‍, അത്തരം ചര്‍ച്ചകള്‍ക്ക് ശേഷവും ഇരുപതിലധികം ഇന്ത്യന്‍ ജവാന്മാരാണ് ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തില്‍ രക്തസാക്ഷികളായത്.

2019 ല്‍ അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ സംഘടിപ്പിക്കപ്പെട്ട ഹൌ ദി മോദിയില്‍, ഒരുവേള ട്രംപിനായി ഇലക്ഷന്‍ പ്രചരണം വരെ നടത്തിയ നമ്മുടെ പ്രധാനമന്ത്രിയെ പഴയ ഫ്രണ്ട് ഇപ്പോള്‍ തീരെ ഗൗനിക്കുന്ന മട്ടില്ല. ശ്രീലങ്കന്‍ പ്രസിഡണ്ട് സിരിസേന, ഇന്ത്യ തന്നെ വധിക്കാന്‍ പദ്ധതിയിടുന്നതായി തുറന്നു പ്രഖ്യാപിച്ചതും ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്താണ്. മോദിയുടെ നയതന്ത്ര ബന്ധങ്ങള്‍ ഏറെ പഴി കേട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചുറ്റുപാടിലാണ് ചൈനീസ് പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച നടക്കുന്നത്. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചും മോദി-ഷി ജിന്‍ പിന്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെങ്കിലും പാകിസ്താനെ പിന്തുണയ്ക്കുന്ന ചൈനീസ് നിലപാടില്‍ പ്രത്യേകിച്ചുള്ള മാറ്റങ്ങള്‍ ബീജിങ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കാവുന്നതല്ല. മേഖലയിലെ ഏറ്റവും നിര്‍ണായക സൈനിക ശക്തിയുമായി പാരസ്പര്യത്തിന്റെ രാഷ്ട്രീയമാണ് എന്നും മേഖലയ്ക്ക് ഭൂഷണം. അമേരിക്കന്‍ പരമോന്നത നീതിപീഠം പോലും വിഭിന്ന നിലപാട് കൈക്കൊണ്ട് ട്രംപിന്റെ തീരുവയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ കൂടിക്കാഴ്ച ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ട്രംപിന്റെ തീരുവ യുദ്ധത്തില്‍ ഇന്ത്യയെ പോലെ തന്നെ ചൈനയും യുഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ വിശേഷിച്ചും. അതിര്‍ത്തി തര്‍ക്കങ്ങള്‍ അതേപടി തുടര്‍ന്നുകൊണ്ട് വാണിജ്യ രംഗത്തെ പരസ്പര സഹകരണത്തിലൂന്നിയ മുന്നോട്ടുപോക്കാണോ കൂടിക്കാഴ്ചയുടെ അനന്തരഫലം എന്നതും നോക്കി കാണേണ്ടതാണ്. അങ്ങനെ നോക്കുമ്പോള്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ലഡാക്കിന്റെ താഴ്‌വരയില്‍ രൂപംകൊണ്ട യുദ്ധത്തിന്റെ ഹിമപാളികളില്‍ മഞ്ഞുരുക്കം ഉണ്ടാകുമോ എന്നത് കണ്ടറിഞ്ഞു കാണേണ്ടതാണ്.

 

 

Related