August 9 Sunday 2026

കേരളാ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ കാണാപുറങ്ങള്‍

കേരളത്തിലെ മുഴുവന്‍ സ്വകാര്യ, പൊതു ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മിനിമം ഗുണനിലവാരം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (രജിസ്‌ട്രേഷനും നിയന്ത്രണവും) ഭേദഗതി ആക്ട് – 2021. ചില ന്യൂനതകള്‍ പരിഹരിക്കപ്പെടുകയാണെങ്കില്‍ എന്തുകൊണ്ടും കേരളത്തിന്റെ ആരോഗ്യരംഗത്ത് കാതലായ പുരോഗതിയും ഗുണനിലവാരവും കൊണ്ടുവരാന്‍ സാധിക്കുന്നതാണ് ഈ നിയമം.

നിയമത്തിലെ പ്രധാന നിഷ്‌കര്‍ഷങ്ങള്‍

1- ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം (പൊതു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ). രജിസ്‌ട്രേഷന്‍ ലഭിക്കണമെങ്കില്‍ ഓരോ തരം സ്ഥാപനങ്ങള്‍ക്കും നിഷ്‌കര്‍ഷിച്ചിട്ടുള്ള സൗകര്യങ്ങള്‍, യോഗ്യരായ സ്റ്റാഫ് പാറ്റേണുകള്‍ എന്നിവ ഉണ്ടായിരിക്കണം.
2- മുന്‍കൂര്‍ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാല്‍ ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ അടിയന്തിര ചികിത്സ നിഷേധിക്കരുത്.
3- ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്താല്‍ 72 മണിക്കൂറിനുള്ളില്‍ ചികിത്സാരേഖകളും പരിശോധനാ റിപ്പോര്‍ട്ടുകളും നിര്‍ബന്ധമായും രോഗിക്ക് നല്‍കണം.
4- കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ, മറ്റു സേവനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ നിരക്കുകളും ഉള്‍പ്പെടുത്തിയ ഇനം തിരിച്ച ബില്ല് രോഗികള്‍ക്ക് നല്‍കണം.
5- ലഭ്യമായ സേവനങ്ങളും അവയുടെ നിരക്കുകളും, സ്ഥാപനത്തില്‍ ലഭ്യമായിട്ടുള്ള സൗകര്യങ്ങള്‍, രോഗികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനുള്ള ഓഫീസറുടെ വിവരങ്ങള്‍ എന്നിവ അടങ്ങുന്ന പേഷ്യന്റ് ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ ലഭ്യമാക്കണം.
6- ക്ലിനിക്കല്‍ സ്ഥാപനങ്ങളില്‍ പരാതി പരിഹാര സംവിധാനം ഒരുക്കണം.

ചെറുകിട സ്ഥാപനങ്ങള്‍ക്കുള്ള വെല്ലുവിളി

കോവിഡാനന്തരം അഭൂതപൂര്‍വമായ വര്‍ദ്ധനവാണ് ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായത്, പ്രത്യേകിച്ചും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ടവിധം കാര്യക്ഷമമല്ലാത്ത മലബാര്‍ മേഖലയില്‍. ഇതിന്റെ ഫലമായി ഗ്രാമപ്രദേശങ്ങളില്‍ വരെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം മിതമായ പരിശോധനാ നിരക്കില്‍ ലഭ്യമായിത്തുടങ്ങി. ഇത്തരം പ്രദേശങ്ങളില്‍ വന്ന് പരിശോധന നടത്തി വിശദ പരിശോധനകളും സര്‍ജറിയും മറ്റുമൊക്കെ ആവശ്യമുള്ള രോഗികളെ തങ്ങള്‍ ജോലിചെയ്യുന്ന മള്‍ട്ടി-സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്കെത്തിക്കുക എന്ന പണിയാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ഇതിന്റെ ഗുണമെന്തെന്ന് വെച്ചാല്‍ അനാവശ്യ ടെസ്റ്റുകള്‍ക്കും മറ്റും വിധേയമാകാതെ തന്നെ മിതമായ നിരക്കില്‍ സാധാരണക്കാര്‍ക്ക് സ്വകാര്യ മേഖലയില്‍ വിദഗ്ധ ചികിത്സ പ്രാപ്യമായി.

എന്നാല്‍ ഇത്തരം സ്ഥാപനങ്ങള്‍ക്ക് പൊതുവെ വേണ്ട യോഗ്യതകളുള്ള ലാബ് ടെക്‌നീഷ്യന്മാരോ നഴ്‌സുമാരോ ഫാര്‍മസിറ്റുകളോ ഉണ്ടാകാറില്ല എന്നതാണ് വസ്തുത. അംഗീകാരമില്ലാത്ത പാരാമെഡിക്കല്‍/എ.എന്‍.എം സര്‍ട്ടിഫിക്കറ്റുകളുള്ളവരാണ് ജോലി ചെയ്യുന്നുണ്ടാകുക. മാത്രമല്ല, ചിലയിടങ്ങളില്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ഡോക്ടര്‍മാര്‍ വരെ ജനറല്‍ പരിശോധന നടത്തുകയും അംഗീകാരമില്ലാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും ഫെല്ലോഷിപ്പുകളും വെച്ച് സ്‌പെഷ്യലിസ്റ്റുകള്‍ എന്ന് പറഞ്ഞ് വിദഗ്ധ പരിശോധനയും നടത്തുന്നുണ്ട്. വിദേശത്തുനിന്ന് പഠനം കഴിഞ്ഞ് വന്ന് ഇവിടത്തെ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ‘ഒബ്‌സര്‍വര്‍’ എന്ന പേരില്‍ എടുത്ത് വാര്‍ഡ്/ഐ.സി.യു ഡ്യൂട്ടി ഡോക്ടറാക്കുന്ന പ്രവണത സ്‌പെഷ്യാലിറ്റി ആശുപത്രികളിലുണ്ട് എന്നത് വേറെ വസ്തുത. ഭാഗ്യവശാല്‍ മറ്റു സംസ്ഥാനങ്ങളില്‍ കാണുന്ന പോലെ ആയുഷ് ഡോക്ടര്‍മാരെ ഐ.സി.യുവിലും മറ്റും ഡ്യൂട്ടി ഡോക്ടര്‍മാരായി നിശ്ചയിക്കുന്ന പ്രവണത കണ്ടുതുടങ്ങിയിട്ടില്ല.

ഈയവസരത്തിലാണ് ചെറുകിട സ്ഥാപനങ്ങള്‍ക്കും എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികള്‍ക്കും ഈ നിയമനിര്‍മാണം മരണമണിയാണെന്ന പരാതി കൂടുതലായി ഉന്നയിക്കപ്പെടുന്നത്. ഈ നിയമത്തിനു കീഴില്‍ ഒരു ആരോഗ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സ്റ്റാഫുകളുടേയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറല്‍ നിര്‍ബന്ധമാണ്. ഇവയ്ക്കുപുറമേ സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഡ്രസ്സിംഗ് മറ്റീരിയലുകളും പ്രൊസീജര്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും സ്റ്റെറിലൈസ് ചെയ്യുക, ഓപ്പറേഷന്‍ തിയറ്റര്‍/ഐ.സി.യു നിലവാരം നിലനിര്‍ത്തുക, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ നിയമാനുസൃതം നീക്കം ചെയ്യുക തുടങ്ങിവയൊക്കെ എല്ലാ സ്ഥാപനങ്ങളും നിലവില്‍തന്നെ പാലിച്ചുപോരുന്നവയാണ്.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയരുമോ?

ഈ നിയമപരിധിക്കകത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നുണ്ട് എന്ന് നേരത്തെ പറഞ്ഞുവല്ലോ. ഈ നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണോ നിലവില്‍ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന് എന്ന ചോദ്യം പ്രസക്തമാണ്. ഉദാഹരണത്തിന് ജനറല്‍ വാര്‍ഡില്‍ 1:6 എന്ന അളവില്‍ നഴ്‌സുമാരുടെ ലഭ്യത, 6 ചതുരശ്ര മീറ്റര്‍ / കിടക്ക എന്നിവയൊക്കെ രോഗികള്‍ നിലത്ത് വരെ കിടക്കുന്ന സാഹചര്യങ്ങളില്‍ വലിയ ചോദ്യചിഹ്നമാണ്. പ്രസ്തുത സാഹചര്യങ്ങളില്‍ രോഗികള്‍ പരാതി നല്‍കിയാല്‍ മറുപടി നല്‍കാന്‍ പ്രസ്തുത സ്ഥാപനങ്ങളുടെ മെഡിക്കല്‍ ഓഫീസര്‍ / സൂപ്രണ്ട് ബാധ്യസ്ഥരാണ്. ഇങ്ങനെ വരുമ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കിടക്കകളുടെ എണ്ണം പരിമിതപ്പെടുത്താനും വാര്‍ഡ് നിറഞ്ഞാല്‍ അഡ്മിഷന്‍ നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകും.

ഐ.എം.എ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍

ഈ ആക്ടിനെതിരെ ഐ.എം.എ, കെ.പി.എച്ച്.എ, കെ.എ.എസ്.സി പോലുള്ള സംഘടനകള്‍ നിയമപോരാട്ടം പരാജയപ്പെട്ട് നിലവില്‍ തെരുവ് സമരത്തിലാണ്. പ്രസ്തുത സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ ഇവയാണ്:

1- വളരെ മിതമായ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട ക്ലിനിക്കുകളും ആശുപത്രികളും പ്രസ്തുത നിലവാരം പുലര്‍ത്തണമെങ്കില്‍ സ്വാഭാവികയായും ബില്ലിംഗ് ഘടനയില്‍ അതിനനുസൃതമായി വര്‍ദ്ധനവ് വരുത്തേണ്ടി വരും. ഇത് പ്രസ്തുത സ്ഥാപനങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളെ ബാധിക്കും. ആയതിനാല്‍ 15 കിടക്കകള്‍ വരെയുള്ള സ്ഥാപനങ്ങളെ പ്രസ്തുത നിയമത്തില്‍ നിന്ന് ഒഴിവാക്കണം.

2- കണ്‍സള്‍ട്ടേഷന്‍ മാത്രം നടത്തുന്ന ഡോക്ടര്‍മാരെയും അവരുടെ സ്ഥാപനത്തെയും ഈ നിയമപരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും രജിസ്റ്റര്‍ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പഞ്ചായത്ത് അധികാരികളുടെ ഇടവിട്ടുള്ള പരിശോധനകള്‍ ബുദ്ധിമുട്ടിക്കുന്നതാണ്.

3- ചികിത്സയെ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകള്‍ പ്രവചനാതീതമായതിനാല്‍ ചികിത്സാചെലവുകള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയില്ല. നിയമത്തില്‍ നിര്‍ണിത നിരക്കിനേക്കാള്‍ അധികം ഈടാക്കാന്‍ പാടില്ല എന്ന് വ്യവസ്ഥ ചെയ്തതിനാല്‍ രോഗികള്‍ ഈ നിയമം ഉയര്‍ത്തിക്കാട്ടി അധിക ബില്‍ അടക്കാന്‍ സന്നദ്ധരാകാതെ വരും.

4- തുടരെയുള്ള ആശുപത്രി പരിശോധനകളിലൂടെ ഇന്‍സ്‌പെക്ഷന്‍ രാജ് നടപ്പാക്കാനുള്ള വ്യവസ്ഥകള്‍ ബില്ലിലുണ്ട്. അനാസ്ഥയെന്ന ആരോപണങ്ങളുടെ പേരില്‍ ആശുപത്രികള്‍ അടച്ചുപൂട്ടാമെന്നാണ് നിയമം.

5- സ്ഥിരം രജിസ്‌ട്രേഷന്‍ കിട്ടിയ സ്ഥാപനങ്ങളും വലിയ ഫീസുകള്‍ നല്‍കി അഞ്ചുവര്‍ഷം കൂടുമ്പോള്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.

6- സുരക്ഷിതമായ റഫറല്‍ സംവിധാനം ഒരുക്കാന്‍ ചെറിയ ക്ലിനിക്കുകള്‍ക്ക് സാധ്യമല്ല.

പരിഹാര നിര്‍ദേശങ്ങള്‍

15 കിടക്കകള്‍ വരെയുള്ള ആശുപത്രികള്‍ക്ക് ഭൗതിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇളവുകള്‍ അനുവദിച്ചാല്‍ നടത്തിപ്പ് ചെലവ് കുറക്കാന്‍ സാധിക്കും. ഇത് നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന മിതമായ നിരക്കിലുള്ള സേവനങ്ങള്‍ തുടരാന്‍ സഹായകമായിരിക്കും.

നിരക്കുകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും അധികാരികളുടെ പരിശോധനകളുമായി ബന്ധപ്പെട്ടുമുള്ള അനാവശ്യ ആശങ്കകള്‍ സംഘടനകള്‍ ഒഴിവാക്കേണ്ടതാണ്. സ്ഥാപനത്തിനെതിരെ പരാതി ഉന്നയിക്കപ്പെടുമ്പോള്‍ അതിനെതിരായി അപ്പീലിന് പോകാന്‍ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. അടിയന്തര ചികിത്സ നല്‍കണം എന്ന് പറയുമ്പോള്‍ അതുകൊണ്ടര്‍ത്ഥമാക്കുന്നത് പ്രസ്തുത സ്ഥാപനത്തില്‍ ലഭ്യമായിട്ടുള്ള മുഴുവന്‍ സൗകര്യങ്ങളും ഉപയോഗപ്പെടുത്തണം എന്ന് മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. സുരക്ഷിതമായ റഫറല്‍ സംവിധാനം ഒരുക്കുന്നതിന് അടുത്തുള്ള ആംബുലന്‍സ് സര്‍വീസിന്റെ ബന്ധപ്പെടേണ്ട നമ്പര്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് വ്യവസ്ഥയില്‍ പറയുന്നത്, അല്ലാതെ എല്ലാ സ്ഥാപനങ്ങള്‍ക്കും ആംബുലന്‍സ് സൗകര്യം ഉണ്ടായിരിക്കണം എന്നല്ല. അതിനാല്‍ ഈ വിഷയത്തിലും അനാവശ്യ ആശങ്ക വെച്ചുപുലര്‍ത്തേണ്ടതില്ല.

സ്ഥിരം രജിസ്‌ട്രേഷന്‍ ലഭിച്ച സ്ഥാപനങ്ങള്‍ക്ക് തന്നെ വീണ്ടും പുതുക്കുന്നതിന് സ്ഥാപനത്തിന്റെ തരമനുസരിച്ച് 2000 മുതല്‍ 60000 വരെ ഫീസടക്കേണ്ടി വരുന്നത് ദുഷ്‌കരമാണ്. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഫീസിളവ് അനുവദിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണം.

ആരോഗ്യ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതിന് ജനസംഖ്യാനുപാതികമായി ഒരു മാനദണ്ഡം രൂപീകരിക്കുന്നത് സ്ഥാപനങ്ങളുടെ ആധിക്യം കുറക്കാനും അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനും സഹായകമാകും. ഒരു ഡോക്ടര്‍ക്കോ അല്ലെങ്കില്‍ ചുരുങ്ങിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കോ മാത്രം സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അനുവാദം നല്‍കുക എന്നതും ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ പ്രധാനമാണ് (ചപ്പാത്തി കമ്പനി പോലെ അനിയന്ത്രിതമായി അടുത്തടുത്ത പ്രദേശങ്ങളില്‍ ക്ലിനിക്കുകള്‍ ആരംഭിച്ചതാണ് ഒട്ടുമിക്ക ക്ലിനിക്കുകളേയും പിന്നീട് അടച്ചുപൂട്ടേണ്ട ഗതികേടിലേക്കെത്തിച്ചത്).

എല്ലാത്തിലുമുപരി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രസ്തുത സൗകര്യങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാറിന് മുന്നിലെ വലിയ വെല്ലുവിളിയാണ്. അതിന് പ്രായോഗിക പ്രതിവിധികള്‍ കാണാതെ എല്ലാം മെഡിക്കല്‍ ഓഫീസര്‍മാരുടേയും സൂപ്പ്രണ്ടിന്റേയും തലയില്‍ കെട്ടിവെക്കുന്നത് നീതികേടാണ്.

ചുരുക്കത്തില്‍ വേണ്ട തിരുത്തലുകളും പ്രതിവിധികളും സ്വീകരിക്കുന്ന പക്ഷം കേരളത്തിന്റെ പൊതുജനാരോഗ്യം മികച്ച നിലവാരത്തിലേക്കുയര്‍ത്താന്‍ ഈ ആക്ട് വഴി സാധ്യമാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

(മെഡിക്കല്‍ ഫ്രറ്റേണ്‍സ് സംസ്ഥാന കൗണ്‍സില്‍ അംഗമാണ് ലേഖകന്‍)

 

Related