October 14 Wednesday 2026

ദലിത് വിരുദ്ധ പരാമര്‍ശം: ശ്രൂദ്ര സിനിമാ മുനിയായ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടപടി വേണം – സേവ് ഇന്ത്യ കളക്ടീവ്

ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങിനെ അഭിസംബോധന ചെയ്ത്, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സിനിമയെടുക്കാന്‍ ആനുകൂല്യങ്ങള്‍ നല്‍കരുത് അവര്‍ പണം നശിപ്പിക്കും എന്നും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി, ദലിതര്‍ക്ക് കഠിനമായ പരിശീലനം നല്‍കണമെന്നും പറഞ്ഞ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നടപടി വേണം.

ശൂദ്രമുനികളായ ഗോപാലകൃഷ്ണന്മാരിലൂടെ, അവരുടെ പാദശുശ്രൂഷയിലൂടെ മാത്രമേ സിനിമ നിര്‍മിക്കാന്‍ കഴിയൂ എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞുവരുന്നത്. 1982ല്‍ പുറത്തിറങ്ങിയ എലിപ്പത്തായത്തിന് ശേഷം 43 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, ഗോപാലകൃഷ്ണന്‍ എത്ര ദൂരം സഞ്ചരിച്ചിട്ടും അയാളുടെ ആധുനിക ബോധങ്ങളെ ഇന്നും വഴി നടത്തുന്ന സവര്‍ണ്ണ നീതിബോധം അഥവാ അയാളെ നയിക്കുന്ന ‘അബോധം’ ഒന്നുകൂടി സവര്‍ണ്ണമായി സുദൃഢമായതല്ലാതെ ഒരു മാറ്റവും വന്നിട്ടില്ല, ഒരയവും ഉണ്ടായിട്ടില്ല.

എലിപ്പത്തായത്തില്‍ തന്നെ ദലിത് കഥാപാത്രത്തെ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രീകരിച്ചിട്ടുള്ളത് ദുര്‍നടപ്പുകാരിയായിട്ടാണ്. പ്രധാന സവര്‍ണ്ണ കഥാപാത്രമായ ഉണ്ണി, ീനാക്ഷി എന്ന ഒരു കീഴാള സ്ത്രീയെ
അഭിമുഖീകരിക്കുമ്പോള്‍ മീനാക്ഷി അയാള്‍ക്കു മുമ്പില്‍ ശൃംഗാര ചേഷ്ടകള്‍ കാണിക്കുന്നവള്‍ ആയിട്ടാണ് ചിത്രീകരിച്ചത്.
ഉണ്ണിയുടെ തറവാട്ട് പുരയിടത്തില്‍ നിന്നും ഒരു കശുമാങ്ങ (പറങ്കിമാങ്ങ) എടുത്ത മീനാക്ഷിയുടെ കുഞ്ഞിനെ ‘എടാ കഴുവേറീ…’ എന്നാണ് വിളിക്കുന്നത്. പിന്നീട് കീഴാള സ്ത്രീയായ മീനാക്ഷി, അവളുടെ തോള്‍മുണ്ട് താഴേക്ക് വീഴ്ത്തുന്നതും നിറഞ്ഞ മാറിടം മനപ്പൂര്‍വ്വം ഉണ്ണിക്കുമുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ കാണിക്കുന്നു.

കീഴാള സ്ത്രീകള്‍ ചരിത്രത്തില്‍ എക്കാലവും, ദുര്‍നടപ്പുകാരും അഴിഞ്ഞാട്ടക്കാരും ആയിരുന്നു എന്ന വ്യാജ ബോധം സൃഷ്ടിക്കുന്ന ചിത്രീകരണം നടത്താന്‍ അന്നും അടൂര്‍ ഗോപാലകൃഷ്ണന് ഒരു മടിയും ഉണ്ടായിട്ടില്ല..
കീഴാള കുഞ്ഞുങ്ങള്‍ അയാള്‍ക്ക് ‘കഴിവേറികളും’ ആണ്.

അപമാനവികമായ ഹൈന്ദവ വൈദികവത്കരണത്തിന് ശൂദ്ര പക്ഷത്തുനിന്ന് ഗോപാലകൃഷ്ണന്‍ എന്ന ശൂദ്ര ശ്രേഷ്ഠ ബിംബം മാത്രമല്ല ചരിത്രത്തില്‍ ഇങ്ങനെ സംസാരിച്ചിട്ടുള്ളത്. നീതിക്കുവേണ്ടി ദലിത് കുട്ടികള്‍ നിലവിളിക്കുമ്പോള്‍ ഗോപാലകൃഷ്ണന്‍മാരുടെ സവര്‍ണ്ണ വെറ്റിലച്ചെല്ലം താങ്ങിയായ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ കൃത്യമായി മറുപടി പറയാതെ മെയ്‌വഴക്കത്തോടെ ഒഴിഞ്ഞുമാറുകയാണ്. അതുകൊണ്ട് പട്ടികജാതി/പട്ടിക വര്‍ഗക്കാരെ അവഹേളിക്കണമെന്ന മനഃപൂര്‍വ ഉദ്ദേശ്യത്തോടെ പൊതുസ്ഥലത്ത് അവരെ അപമാനിക്കുന്ന പ്രസംഗം നടത്തിയ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

(സേവ് ഇന്ത്യ കളക്ടീവിന് വേണ്ടി ചെയര്‍മാന്‍ എ.എം ഗഫൂര്‍, ജനറല്‍ കണ്‍വീനര്‍ പി.എ പ്രേംബാബു എന്നിവര്‍
ചേര്‍ന്ന് പുറത്തിയറക്കിയ പ്രസ്താവന)

Related