നഗരത്തിലെ തിരക്കേറിയ തെരുവുകളിലൂടെ വര്‍ണ്ണാഭമായ ബാഗുകളും തൂക്കി പായുന്ന ഡെലിവറി ബോയ്‌സ് ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ആധുനിക നഗരവാസികള്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത സേവനമായി ഈ മേഖല മാറുമ്പോഴും, ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതം വലിയൊരു ചോദ്യചിഹ്നമായി തുടരുന്നു. കുറഞ്ഞ വേതനവും തൊഴില്‍ സുരക്ഷിതത്വമില്ലായ്മയും മൂലം പൊറുതിമുട്ടിയ ഈ തൊഴിലാളികള്‍ 2025 ഡിസംബര്‍ 31-ന് രാജ്യവ്യാപക സൂചന പണിമുടക്കികൊണ്ട് പ്രക്ഷോഭം ആരംഭിച്ചിരിക്കുന്നു.
വാഗ്ദാനങ്ങള്‍ പെരുമഴ, യാഥാര്‍ത്ഥ്യം മരുഭൂമി
സംസ്ഥാനത്തെ തൊഴിലില്ലായ്മയും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും കാരണമാണ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരുമടക്കം വലിയൊരു വിഭാഗം ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. എന്നാല്‍, ഉത്സവകാലങ്ങളിലെ ചെറിയ ബോണസുകള്‍ മാറ്റിനിര്‍ത്തിയാല്‍, ഒരു കുടുംബം പുലര്‍ത്താന്‍ ആവശ്യമായ വരുമാനം ഈ ജോലിയില്‍ നിന്ന് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.
കമ്പനികള്‍ പലപ്പോഴും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കാറുണ്ട്:
ഇ-ശ്രം കാര്‍ഡ് (e-Shram): കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങിയ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ സ്വന്തം നേട്ടമായി കമ്പനികള്‍ അവതരിപ്പിക്കുന്നു.
വായ്പാ സൗകര്യങ്ങള്‍: ആപ്പുകള്‍ വഴി ധനകാര്യ സ്ഥാപനങ്ങളുടെ വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബാങ്കുകളില്‍ എത്തുമ്പോള്‍ തങ്ങള്‍ ഈ കമ്പനിയുടെ തൊഴിലാളികളാണെന്ന രേഖ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ഇത് അര്‍ഹമായ വായ്പകള്‍ നിഷേധിക്കപ്പെടാന്‍ കാരണമാകുന്നു. തൊഴില്‍ സുരക്ഷിതത്വം ഒരു മരീചികയായി മാറിയിരിക്കുന്നു.
ഓണ്‍ലൈന്‍ വിതരണ മേഖലയില്‍ ‘തൊഴിലാളി’ എന്ന പദവി പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. ‘പാര്‍ട്ണര്‍മാര്‍’ എന്ന് വിളിക്കപ്പെടുമ്പോഴും യാതൊരുവിധ നിയമപരമായ പരിരക്ഷയോ ആനുകൂല്യങ്ങളോ ഇവര്‍ക്കില്ല. നിസ്സാരമായ കാരണങ്ങളാല്‍ എപ്പോള്‍ വേണമെങ്കിലും ആപ്പില്‍ നിന്ന് പുറത്താക്കപ്പെടാം (Block ചെയ്യപ്പെടാം) എന്ന ഭീതിയിലാണ് ഓരോരുത്തരും ജോലി ചെയ്യുന്നത്. പണിയെടുക്കുന്നവന്റെ ചോര നീരാക്കി കമ്പനികള്‍ ലാഭം കൊയ്യുമ്പോള്‍, വെയിലത്തും മഴയത്തും പണിയെടുക്കുന്നവന് ലഭിക്കുന്നത് നിരാശ മാത്രമാണ്.
തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും മാന്യമായ വേതനം ഉറപ്പാക്കാനുമാണ് തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുന്നത്. ഈ പണിമുടക്ക് പ്രഖ്യാപിച്ചതോടെ, അത് തകര്‍ക്കാന്‍ വന്‍ ആനുകൂല്യങ്ങളുമായി കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ഇവിടെ നാം തിരിച്ചറിയേണ്ട ഒരു പ്രധാന സത്യമുണ്ട്. പണിമുടക്ക് ദിവസം ചില തൊഴിലാളികള്‍ ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകാം. അത് സമരത്തെ പരാജയപ്പെടുത്താനല്ല, മറിച്ച് അന്നത്തെ അന്നത്തിന് മറ്റ് വഴികളില്ലാത്തതുകൊണ്ടാണ്. ദാരിദ്ര്യം കൊണ്ടും വ്യക്തിപരമായ ബാധ്യതകള്‍ കൊണ്ടും ജോലിക്ക് ഇറങ്ങുന്നവരെ സമരവിരുദ്ധരായി കാണാതെ, അവരും ഈ ദുരവസ്ഥയുടെ ഇരകളാണെന്ന് സമൂഹം മനസ്സിലാക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഡെലിവറി തൊഴിലാളികളുടെ ചിരിക്കുന്ന മുഖങ്ങള്‍ക്കപ്പുറം വലിയൊരു കണ്ണീര്‍ക്കഥയുണ്ട്. ഡിസംബര്‍ 31 ന് നടന്ന പണിമുടക്ക് വെറുമൊരു പ്രതിഷേധമല്ല, മറിച്ച് അന്തസ്സോടെ ജീവിക്കാനുള്ള ഒരു വിഭാഗം മനുഷ്യരുടെ നിലവിളിയാണ്. അധികാരികളും പൊതുസമൂഹവും ഈ യാഥാര്‍ത്ഥ്യത്തിന് നേരെ കണ്ണടയ്ക്കരുത്
