October 14 Wednesday 2026

നേപ്പാളില്‍ “Nepo-Kids” നെ “Gen Z“ നേരിട്ടപ്പോള്‍

ദക്ഷിണേഷ്യയിലെ യുവജന രാഷ്ട്രീയ ബോധത്തിന്റെ പുതിയ അധ്യായം രചിച്ചിരിക്കുകയാണ് നേപ്പാളിലെ ഭരണ സംവിധാനത്തെയാകെ അട്ടിമറിച്ച ജെൻ സി (Gen Z) പ്രക്ഷോഭം. സോഷ്യൽ മീഡിയ നിരോധനത്തിനെതിരെയായിരുന്നു  പ്രക്ഷോഭം ആരംഭിച്ചതെങ്കിലും, അത് വേഗത്തിൽ അഴിമതി, രാഷ്ട്രീയ കുടുംബാധിപത്യം, തൊഴിലില്ലായ്മ തുടങ്ങി സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലേക്ക് വ്യാപിച്ചു. ഭരണ സംവിധാനത്തോടും നേതൃത്വത്തോടുമുള്ള വിശ്വാസ നഷ്ടവും രാഷ്ട്രീയ പാർട്ടികൾ അധികാരത്തിലേറുമ്പോഴെല്ലാം അഴിമതി കേസുകളും കുടുംബാധിപത്യവും ഉയരുന്നതുമെല്ലാം യുവാക്കൾ തുടങ്ങിയ ഈ പ്രക്ഷോഭത്തെ നേപ്പാൾ ജനതയാകെ ഏറ്റെടുത്തിരിക്കുന്നു.

2025 സെപ്റ്റംബർ 4-ന് സർക്കാർ 26 സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ (Facebook, WhatsApp, Instagram, X, YouTube ഉൾപ്പെടെ) നിരോധിച്ചു. ഇവ രാജ്യത്ത് ലോക്കൽ രജിസ്‌ട്രേഷൻ, പരാതികൾ കൈകാര്യം ചെയ്യാൻ പ്രതിനിധി നിയമിക്കൽ, സർക്കാർ സൂചിപ്പിച്ച ഉള്ളടക്കം നീക്കം ചെയ്യൽ തുടങ്ങിയ നിയമങ്ങൾ പാലിച്ചില്ലെന്നായിരുന്നു കാരണം. ആഗസ്റ്റ് മാസം 28 ന് നേപ്പാളിൽ എല്ലാ സോഷ്യൽ മീഡിയാ സംവിധാനങ്ങളും ഒരാഴ്ച കൊണ്ട് പ്രത്യേക രജിസ്ട്രേഷൻ എടുക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പക്ഷേ, ഒരു സാമൂഹ്യ മാധ്യമങ്ങളും അവ്വിധം രജിസ്റ്റർ ചെയ്തില്ല. അതോടെയാണ് സർക്കാർ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളെ നിരോധിക്കാൻ തീരുമാനിച്ചത്.

സോഷ്യൽ മീഡിയ നിരോധനം  യുവജനങ്ങളുടെ സ്വതന്ത്ര ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമായി യുവജനങ്ങൾ കണ്ടു. പ്രത്യേകിച്ച് വലിയ കമ്യൂണിക്കേഷൻ മീഡിയകാളായി വളർന്ന ഇൻസ്റ്റഗ്രാം, എക്സ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ സർക്കാർ വിമർശനവും ഭരണാധികാരികളുടെ കുടുംബാധിപത്യവും അഴിമതിയും ഒക്കെ ചൂണ്ടിക്കാട്ടുന്ന റീലുകളും പോസ്റ്റുകളും വ്യാപകമായി വന്നുകൊണ്ടിരിക്കുകയാണ്. ഇതിനെ നിയന്ത്രിക്കാനാണ് സർക്കാർ രജിസ്ട്രേഷൻ നടപടികളുമായി വന്നത്. ഇതോടെ പ്രക്ഷോഭം ആരംഭിക്കുകയും പ്രക്ഷോഭകാരികൾ അടിസ്ഥാന ജനകീയ പ്രശ്നങ്ങൾ ഉയർത്താനും ആരംഭിച്ചു.

ജീവിതോപാധികളിലെ പ്രതിസന്ധി – തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലെ അസമത്വം, ഭാവി സുരക്ഷിതത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതെല്ലാം പ്രക്ഷോഭ വിഷയമായി.  ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും മക്കൾ രാഷ്ട്രീയത്തെയും ആശ്രിത രാഷ്ട്രീയത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് പ്രക്ഷോഭകാരികൾ ഉയർത്തിയതാണ് “Nepo-Kids” എന്ന പ്രയോഗം.

നേതൃത്വമില്ലാത്ത (leaderless) മുന്നേറ്റ രീതിയിൽ സോഷ്യൽ മീഡിയ വഴി ഒരുമിക്കുകയും, ഔപചാരിക നേതാക്കളില്ലാതെ പ്രക്ഷോഭം വളരുകയും ചെയ്തു. കോളജുകളും നഗരചത്വരങ്ങളും സമര കേന്ദ്രങ്ങളായി. പ്രക്ഷോഭം ശക്തമായപ്പോൾ സർക്കാർ സോഷ്യൽ മീഡിയ നിരോധനം നീക്കി. പക്ഷേ, പ്രക്ഷോഭം ശക്തിയായി. മീം, ഹാഷ്‌ടാഗ്, തത്സമയ ലൈവുകൾ എന്നിവ അതോടെ ആരംഭിച്ചു. പല സ്ഥലങ്ങളിലും അതോടെ പ്രക്ഷോഭം അക്രമാസക്തമായി. സർക്കാരാഫീസുകൾ കത്തിക്കൽ, പൊലീസ് സൈനിക വിഭാഗങ്ങളുമായി സമരക്കാരുടെ ഏറ്റുമുട്ടൽ എന്നിവ വ്യാപകമായി. പ്രക്ഷോഭം സ്വതന്ത്രമാണ് എന്ന് പറയുന്നുണ്ടെങ്കിലും ഹിന്ദുത്വ ബന്ധമുള്ള 2015-ൽ സ്ഥാപിതമായ യുവജന കേന്ദ്രീകൃത എൻ.ജി.ഒയായ “ഹാമി നേപ്പാൾ” (Hami Nepal) പ്രതിഷേധം ഏകോപിപ്പിച്ചു എന്ന് വിവിധ വാർത്താ മധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതെ തുടർന്ന് ആദ്യം കെ.പി. ശർമ്മ ഒലി രാജിവെച്ചു. തൊട്ടു പിന്നാലെ പ്രസിഡണ്ട് രാംചന്ദ്ര പൌഡൽ രാജിവെച്ചതായി അഭ്യൂഹവും ഉയർന്നു. അത് സൈന്യം നിഷേധിക്കുന്നുവെങ്കിലും പ്രസിഡണ്ട് ഔദ്യോഗികമായി ഒരു വിശദീകരണവും ഇതുവരെ നൽകിയിട്ടില്ല.  പൊലീസ്/സൈന്യത്തിന്റെ അടിച്ചമർത്തൽ ശ്രമത്തിൽ ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും 20ഓളം പേർ മരണപ്പെടുകയും ചെയ്തു. കലാപത്തിനിടെ ആയിരക്കണക്കിന് തടവുകാർ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ടു. ബാങ്കെ ജില്ലയിലെ യുവജന ശിക്ഷാകേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട അഞ്ച് തടവുകാരെ (എല്ലാം 18 വയസിൽ താഴെ) സുരക്ഷാസേന വെടിവെച്ചു കൊന്നു.

ഭരണ കക്ഷിയായ CPN (UML എത്രമാത്രം ജനങ്ങളിൽ നിന്നകുന്നു എന്നത് പ്രക്ഷോഭത്തിൻ്റെ ജനപിന്തുണ വ്യക്തമാക്കുന്നുണ്ട്. നേപ്പാളി കോൺഗ്രസ് പാർട്ടി Gen Z-യുടെ പിന്തുണ നേടാൻ ശ്രമിച്ചെങ്കിലും “പഴയ യാഥാസ്ഥിക സ്വഭാവമുള്ള പാർട്ടി” എന്ന ഇമേജിലാണ് വിദ്യാർത്ഥി യുവജനങ്ങൾ അതിനെ കാണുന്നത്. എന്നുമാത്രമല്ല, കാഠ്മണ്ഡുവിലെ നേപ്പാളി കോൺഗ്രസ്സ് പാർട്ടി ഹെഡ്ക്വാർട്ടേഴ്സും, നേതാവ് ഷേർ ബഹദൂർ ദൂബയുടെ വീടും കത്തിക്കപ്പെട്ടു.

ശ്രീലങ്ക 2022 ൽ നടന്ന അരഗലയ  ( Aragalaya) എന്ന പേരിലറിയപ്പെട്ട ജനകീയ പ്രക്ഷോഭവുമായും ബംഗ്ലാദേശിൽ ഇക്കഴിഞ്ഞ വർഷം നടന്ന Monsoon Uprising എന്നീ പ്രക്ഷോഭങ്ങളോടും ഏറെ സമാനതയുള്ളതാണ് നേപ്പാളിൽ നടന്ന പ്രക്ഷോഭവും. പരന്പരാഗത രാഷ്ട്രീയ പാർട്ടികളിലും ബ്യൂറോക്രസിയിലും നീതിന്യായ സംവിധാനത്തിലും വിശ്വാസം നഷ്ടപ്പെട്ട ജനങ്ങൾ സംഘടിച്ച് നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു ഇവ രണ്ടും. സർക്കാരിനെയും ഭരണകൂടങ്ങളെയും ഇല്ലാതാക്കാൻ ഈ പ്രക്ഷോഭങ്ങൾക്ക് കഴിഞ്ഞിരുന്നു. നേപ്പാളിലേതു പോലെ യുവജനങ്ങൾ – ഇവിടങ്ങളിലും വിദ്യാർത്ഥികൾ / Gen Z ആയിരുന്നു മുഖ്യ ശക്തി.

2008-ൽ റിപ്പബ്ലിക് സ്ഥാപിച്ചെങ്കിലും പ്രോ-മൊണാർക്കി പ്രക്ഷോഭങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന രാജ്യമാണ് നേപ്പാൾ. RPP (Royalist peoples Party (പോലുള്ള പാർട്ടികൾ “ഹിന്ദു രാജ്യം” ആവശ്യപ്പെടുന്നു. പ്രക്ഷോഭകാരികൾ താരതമ്യേനെ അനുഭാവം പ്രകടിപ്പിച്ചത് ആർ.പി.പിയുമായാണ്. എന്നാൽ, ജനാധിപത്യ-റിപ്പബ്ലിക് സംവിധാനത്തിന്റെ സ്ഥാപിത ശക്തി ഇപ്പോഴും നേപ്പാളിലുണ്ട്. അതിനാൽ, ഹിന്ദു രാഷ്ട്രമാകാനുള്ള സാധ്യത രാഷ്ട്രീയമായി ദുർബലമാണ്, എങ്കിലും സാമൂഹിക-മതപരമായ പ്രചാരണങ്ങൾ തുടർന്നാൽ ഭാവിയിൽ അത്തരത്തിൽ പരിവർത്തിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.

നേരത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സുഷില കാർക്കിയെ രാജ്യത്തെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യം സമരക്കാർ ഉന്നയിക്കുന്നുണ്ട്. സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച് കാഠ്മണ്ഡു മേയർ ആയ ബാലേന്ദ്ര ഷായെയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചിലർ പറയുന്നുണ്ട്. ഹിന്ദുത്വ ഗ്രൂപ്പുകളുടെ പിന്തുണ മേയർ തെരെഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായ്ക്ക് ലഭിച്ചിരുന്നു. ശ്രീലങ്കയിൽ പ്രക്ഷോഭങ്ങളെ പിന്തുണച്ച തീവ്ര ഇടതുപക്ഷ ഗ്രൂപ്പായ ജനതാവിമുക്തി പെരുമനെ ആണ് പിന്നീട് അവിടെ അധികാരത്തിലെത്തിയത്. നേപ്പാളിൽ പ്രക്ഷോഭത്തിനെ പരസ്യമായി പിന്തുണച്ചില്ലെങ്കിലും ഹിന്ദുത്വ ഗ്രൂപ്പുകളുടെ സഹായം പ്രക്ഷോഭങ്ങൾക്കുണ്ടായിരുന്നു.

നേപ്പാളിലെ Gen Z പ്രക്ഷോഭം ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ യുവജനങ്ങളുടെ ഇടപെടലിന്റെ പുതിയ മാതൃകയാണ്. യുവജനങ്ങളുടെ സ്വരം അവഗണിക്കാനാകില്ലെന്ന് ഭരണകൂടങ്ങൾക്ക്  തിരിച്ചറിവു നൽകുന്നതാണ് ഈ പ്രക്ഷോഭം. അതേസമയം ജനാധിപത്യ സംവിധാനവും നീതിന്യായ സംവിധാനവും ബ്യൂറോക്രസിയും ജനങ്ങളെ പരിഗണിക്കുകയും അഴിമതിയിൽ നിന്ന് മുക്തമാകുകയും ചെയ്തില്ലെങ്കിൽ അതിഭീകരമായ തിരിച്ചടികൾ രൂപപ്പെടും എന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.

Related