August 13 Thursday 2026

‘നിങ്ങള്‍ ഭയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍’ | ഫലസ്തീന്‍ കവിത | നിമ ഹസ്സന്‍

റഫയില്‍ നിന്നുള്ള എഴുത്തുകാരിയും കവിയും സാമൂഹിക പ്രവര്‍ത്തകയുമാണ് നിമ ഹസ്സന്‍. ഖാന്‍ യൂനിസിലേക്ക് കുടിയിറക്കപ്പെട്ടവരാണ് നിമ ഹസ്സന്‍. ഗസ്സയിലെ ഫലസ്തീനികളുടെ മേലുള്ള ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തെ കുറിച്ചും ജനങ്ങളുടെ ജീവിതാവസ്ഥകളെ കുറിച്ചുമുള്ള എഴുത്തുകള്‍ ‘യുദ്ധ ഡയറീസ്’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിങ്ങള്‍ എന്റെ ഭയത്തെക്കുറിച്ച് ചോദിക്കുമ്പോള്‍
ഞാന്‍ കാപ്പിക്കടക്കാരന്റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നു.
പിന്നെ എന്റെ പാവാട,
അതിപ്പോള്‍ എന്റെ അഭയാര്‍ഥി ക്യാമ്പിന്റെ
മേല്‍ക്കൂരയാണ്.

ചുട്ടെരിക്കപ്പെട്ട നഗരത്തില്‍ ഉപേക്ഷിക്കപ്പെട്ട
എന്റെ പൂച്ചയെക്കുറച്ചു ഞാന്‍ സംസാരിക്കുന്നു.
ഇപ്പോള്‍ അതിന്റെ നിലവിളി എന്റെ തലയില്‍ ആവര്‍ത്തിച്ചലയടിക്കുന്നു

എനിക്ക് വലിയ മേഘ പാളികള്‍ വേണം
ഒരിക്കലും മഴയായ് പെയ്തിറങ്ങാനാകാത്തവ

പിന്നെ മിഠായികള്‍
വിതറുന്ന വിമാനം,
വര്‍ണ്ണങ്ങള്‍ ചാലിച്ച ചുവരുകള്‍
ആ ചുവരില്‍ എനിക്ക്
കൈകള്‍ വിടര്‍ത്തി പാല്‍ പുഞ്ചിരി തൂകുന്ന കുഞ്ഞിനെ വരയ്ക്കണം

ഇതൊക്കെയാണ്
എന്റെ അഭയാര്‍ത്ഥി ക്യാമ്പിലെ സ്വപ്നങ്ങള്‍
പിന്നെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുണ്ട്.

തകര്‍ന്നുപോയ കെട്ടിടങ്ങളിലേക്ക് കയറാനുള്ള
ധീരത ഞാന്‍ നേടിയിട്ടുണ്ട്.
പിന്നെ സ്വപ്നത്തില്‍ ഞാന്‍ നിന്റെ കൈകളിലേക്ക് കുതിക്കുന്നു.

ആയതിനാല്‍ ഞാന്‍ ഏറ്റുപറയുന്നു
ഞാനിപ്പോള്‍ സംതൃപ്തയാണ്

വീണ്ടും ചോദിക്കൂ…
എന്റെ സ്വപ്നത്തെക്കുറിച്ച്

വീണ്ടും ചോദിക്കൂ എന്റെ ഭയത്തെക്കുറിച്ചും.
……………………………

പരിഭാഷ:
പി.എ പ്രേംബാബു

 

Related