August 9 Sunday 2026

ഗസ്സ: ധാര്‍മ്മികത മരണ രാഷ്ട്രീയത്തിന്റെ വ്യവഹാരം ആയി മാറിയിരിക്കുന്നു

ഗസ്സ ഒരു ദുരന്തമല്ല. ഇത് സൂക്ഷ്മമായ ആസൂത്രണത്തിലൂടെ നടപ്പാക്കിയ ഒരു കൊടും ക്രൂരതയാണ് – അന്താരാഷ്ട്ര സമൂഹം എന്ന ഏറ്റവും വലിയ നുണയുടെ പൂര്‍ണ്ണമായ കാഴ്ചപ്പുറത്ത് നടപ്പാക്കിയ കൂട്ട പട്ടിണി മരണത്തിന്റെ ഉപരോധം. ഇനി ഗസ്സക്ക് മുകളില്‍ ബോംബുകള്‍ വീഴേണ്ടതില്ല; പട്ടിണിയാണ് കൂട്ട കൊലപാതകത്തിന് ഏറ്റവും നല്ല ആയുധം എന്നു വാര്‍സോ ഘെറ്റോ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ലിബറല്‍ ലോകം ‘സംയമനം’, ‘സമാധാന ചര്‍ച്ച’, ‘വെടി നിര്‍ത്തല്‍’, ‘മനുഷ്യത്വ ഇടനാഴി’ എന്നീ അസംബന്ധങ്ങള്‍ ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലാതെ പിറുപിറുക്കുമ്പോള്‍ കുട്ടികളുടെ ശരീരങ്ങള്‍ വെറും എല്ലും തോലുമായി ക്ഷയിച്ച് ചലനരഹിതമാകുന്നു – ഒരു വ്യാവസായികമായ അളവില്‍. ഇത് യുദ്ധ ദുരന്തം അല്ല – ഇതാണ് വംശഹത്യയുടെ കൊളോണിയല്‍ ലോകക്രമം. പ്രത്യേകിച്ച് ഒരു മുഖംമൂടി ആവശ്യമില്ലാത്ത ആഗോള ക്രമമാണിത് – കാണാന്‍ തയാറുള്ളവര്‍ക്ക് മാത്രം അതിന്റെ വംശീയ അടിത്തറ കാണാന്‍ കഴിയുന്ന ലിബറല്‍ ജനാധിപത്യ വ്യവസ്ഥ. ചാള്‍സ് മില്‍സ് ”ദി റേഷ്യല്‍ കോണ്‍ട്രാക്ടില്‍” (the racial contract) മുന്നറിയിപ്പ് നല്‍കിയതുപോലെ, ലിബറലിസം ഒരിക്കലും എല്ലാവര്‍ക്കും ഉള്ളതായിരുന്നില്ല. അത് സമൂഹങ്ങളെ ഉന്മൂലനം ചെയ്ത കൂട്ടക്കൊലകളുടെ കൊളോണിയല്‍ അധിനിവേശങ്ങളില്‍ നിന്നും അനേക ലക്ഷം മനുഷ്യരെ ചങ്ങലയില്‍ തളച്ച അടിമത്തത്തില്‍ നിന്നും ജനിച്ചതാണ്. ആരൊക്കെയാണ് പൂര്‍ണ്ണ മനുഷ്യരായി കണക്കാക്കാന്‍ കഴിയുന്നത് അത് എപ്പോഴും തീരുമാനിക്കുന്നു. ഗസ്സ അതിനാല്‍ (അന്താരാഷ്ട്ര) നിയമത്തിന് പുറത്തല്ല; നിയമം അനുവദിക്കുന്നത് അതാണ്. ആഗോള ശക്തിയുടെ വംശീയ ശ്രേണിയെ സംരക്ഷിക്കാന്‍ നിയമം യഥാര്‍ഥത്തില്‍ ആവശ്യപ്പെടുന്നത് അതാണ്.

ഗസ്സയിലെ നിര്‍ബന്ധിത ക്ഷാമം – മരണത്തിലേക്ക് ഒരു ജനത ഒന്നായി പ്രവേശിക്കുന്ന അഞ്ചാം ഡിഗ്രി ക്ഷാമം – നാഗരികതയുടെ പരാജയമല്ല. വംശീയ മുതലാളിത്തം, കുടിയേറ്റ കൊളോണിയലിസം, സാമ്രാജ്യം എന്നിവയാല്‍ രൂപകല്‍പ്പന ചെയ്യപ്പെട്ട നാഗരികതയാണിത്. അതിനാല്‍ വ്യവസ്ഥ തകര്‍ന്ന സ്ഥലമല്ല ഗസ്സ. വ്യവസ്ഥ പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ഇടമാണ് ഗസ്സ.

ബോംബുകളുടെയും പട്ടിണിയുടെയും യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം – ഏറ്റവും ഭയാനകമായ കാര്യം ഉദാരവാദത്തിന് പുറത്ത് മൗലികമായ/സമൂലമായ ഒരു രാഷ്ട്രീയ പ്രതികരണത്തിന്റെ ഏതാണ്ട് പൂര്‍ണ്ണമായ അഭാവത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നു എന്നതാണ്. ആഗോള ക്രമത്തിന്റെ നിഷ്ഠൂരത മാത്രമല്ല, അതിനെ എതിരിടാന്‍ കഴിയുന്ന രാഷ്ട്രീയ ഭാവനയുടെ ശൂന്യതയും ഗസ്സ വെളിപ്പെടുത്തുന്നു. പ്രതിഷേധം ശിഥിലമായിരിക്കുകയോ അസംബന്ധം ആവുകയോ ചെയ്തിരിക്കുന്നു. ഇടതുപക്ഷമോ മറ്റേതെങ്കിലും വിമോചന രാഷ്ട്രീയമോ – എവിടെയെങ്കിലും ഏതെങ്കിലും രീതിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ – ഒരു ഫലവും ഉദ്ദേശിക്കാത്തത് പോലെ അത് ശാന്തമായി മന്ത്രിച്ചു സംസാരിക്കുന്നു. പ്രതിരോധത്തിന്റെ ചട്ടക്കൂടുകള്‍ മെരുക്കപ്പെടുകയും, ആഗിരണം ചെയ്യപ്പെടുകയും, നിരായുധീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഗസ്സ ബോംബിങ്ങിലും അതിനേക്കാള്‍ അസഹ്യമായ വിശപ്പിലും കത്തി അമര്‍ന്നു തീരുമ്പോള്‍ – ലോകം ‘നടപടിക്രമങ്ങളുടെ’ മാനദണ്ഡങ്ങള്‍ അനുസരിച്ച് ചര്‍ച്ച തുടര്‍ന്നു കൊണ്ടിരിക്കുന്നു.

സ്വതന്ത്രമായ ആശയമണ്ഡലം എന്ന് പരിഹാസ്യമായി അവകാശപ്പെടുന്ന ‘പൊതുമണ്ഡലം’ ആഴത്തില്‍ കോളനിവത്കരിക്കപ്പെട്ട സങ്കല്‍പ്പങ്ങളാണെന്നത് വ്യക്തമാണ്. മാധ്യമങ്ങള്‍, അക്കാദമിക സമൂഹം, നയതന്ത്രം എന്നിവയുടെ പൊള്ളയായ വാക്കുകള്‍ക്ക് കീഴില്‍ വംശഹത്യ വികസിക്കുമ്പോള്‍, അതിന്റെ വക്താക്കള്‍ വ്യാജമായ ‘വസ്തുനിഷ്ഠതയുടെ’ ആചാരങ്ങള്‍ നിര്‍വഹിക്കുന്നു. അറിവ് വ്യവസായം ഉണ്ടാക്കുന്ന കടലാസുകളുടെ കൂമ്പാരങ്ങളില്‍ പ്രതിഷേധത്തിന്റെ ലഘുലേഖനങ്ങളും അടിഞ്ഞു പോകുന്നു. യൂഫെമിസം ഒരു ദൂഷിത കൂട്ടുകെട്ടായി മാറിയിരിക്കുന്നു: അവര്‍ കുട്ടികളുടെ കൂട്ടിലിട്ട് പട്ടിണിയാല്‍ കൊല്ലുന്നതിന് ഒരു ‘മാനുഷിക പ്രതിസന്ധി’ എന്ന പേരിട്ട് വിളിക്കുന്നു. കൊടും കുറ്റകൃത്യങ്ങള്‍ ഒരു കാലാവസ്ഥാ വിവരണം പോലെ നിസ്സാരമാകുന്നു.

ലിബറല്‍ ആധുനികതയുടെ സാര്‍വ്വജനീനതയില്‍ നിന്നുള്ള ഒരു വ്യതിയാനത്തിനല്ല നാം സാക്ഷ്യം വഹിക്കുന്നത്- യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതം അതിന്റെ പേടിസ്വപ്നത്തിനുള്ളില്‍ അമര്‍ന്നു പോയിരിക്കുന്നു. നിയമത്തില്‍ അക്രമത്തെയും നിഷ്പക്ഷതയില്‍ വംശീയതയെയും ‘സംയമന’ത്തില്‍ നിസ്സംഗതയെയും മറയ്ക്കുന്ന പേടിപ്പെടുത്തേണ്ട ഒരു ലോകക്രമത്തിന്റെ ഏറ്റവും വ്യക്തമായ നൈതികതയുടെ പതനം ആണ് ഗസ്സ.

ഗസ്സയില്‍, അക്രമത്തെ വെറുക്കുന്ന ഒരു പ്രയത്‌നമായല്ല, പകരം അതിനെ പ്രാപ്തമാക്കുന്ന ഒരു സംവാദമായിട്ടാണ് ലിബറല്‍ ധാര്‍മികത പ്രവര്‍ത്തിക്കുന്നത് – പാശ്ചാത്യ കൊളോണിയല്‍ ഭരണ സാങ്കേതികവിദ്യയുടെ സര്‍വ്വസാധാരണവും (banal) സാര്‍വ്വജനീനവും (universal), എന്നാല്‍ അനിവാര്യവുമായ ഒരു ഘടകമാണിത്. ഗില്‍ അനിഡ്ജാര്‍ വാദിക്കുന്നതുപോലെ, ധാര്‍മ്മിക രോഷം അത് വിമര്‍ശിക്കുന്നതായി നടിക്കുന്ന ബോംബിംഗ്, അധിനിവേശം, കൂട്ട പട്ടിണിക്കിടല്‍, ഉന്മൂലനം എന്നിവയുടെ ഭരണവ്യവസ്ഥ നിലനിര്‍ത്തുന്ന ഒരു ആചാരപരമായ പ്രകടനമായി മാറുന്നു. ഇത് ‘ധാര്‍മ്മികതയുടെ’ പരാജയമല്ല, മറിച്ച് അതിന്റെ പ്രവര്‍ത്തനമാണ്: നാഗരികതയെന്ന മിഥ്യാധാരണ ഉല്പാദിപ്പിച്ച് കുഞ്ഞുങ്ങളെ ചുട്ടും, ചിതറി തെറിപ്പിച്ചും, പട്ടിണിക്കിട്ടും കൊല്ലുന്നതിനെ കണ്ടില്ലെന്ന് നടിക്കുന്ന, അല്ലാത്തപ്പോള്‍ ന്യായീകരണങ്ങള്‍ ഉല്പാദിപ്പിക്കുന്ന, സൈനിക-വ്യാവസായിക സമുച്ചയത്തിന്റെ (military-industrial complex) ഒരു മതേതര മതത്തിന്റെ ധാര്‍മ്മികത.

ഇന്ന്, ധാര്‍മ്മികത അക്രമത്തെ നിയമവിധേയമാക്കുന്നു. ന്യായീകരണം, തുലനീകരണം, സുരക്ഷയെ കുറിച്ചുള്ള അനന്തമായ വ്യവഹാരങ്ങള്‍ കൊളോണിയല്‍ അധികാരത്തെ നിലനിര്‍ത്തുന്നു. ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലത്ത് ഒരു ലിബറല്‍ ജനാധിപത്യം ബോംബുകള്‍ വര്‍ഷിക്കുമ്പോള്‍, ആശുപത്രികള്‍, വീടുകള്‍ സ്‌കൂളുകള്‍, ടോയ്‌ലറ്റുകള്‍ എന്നിവയില്‍ ഒന്നുപോലും അവശേഷിപ്പിക്കാതെ തകര്‍ത്തു മാലിന്യകൂമ്പാരം ആക്കി മാറ്റുമ്പോള്‍, വൈദ്യുതി, കുടിവെള്ളം, ഭക്ഷണം, മരുന്ന് എന്നുവേണ്ട ജീവിതം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാത്തിനെയും ഒന്നൊഴിയാതെ തടഞ്ഞു വെച്ച് ജനങ്ങളെ ഒന്നാകെ ഏറ്റവും വേദനാജനകമായ കൂട്ടമരണയിലേക്ക് അടുപ്പിക്കുമ്പോള്‍ അതെല്ലാം നിര്‍ബന്ധിത ‘ധാര്‍മ്മിക’ കടമയുടെ ഭാഷയില്‍ പൊതിഞ്ഞാണ് ചെയ്യുന്നത്. ഇങ്ങനെയാണ് ആധുനികതയുടെ ധാര്‍മ്മികത രൂപകല്‍പ്പന ചെയ്യപ്പെട്ടിരിക്കുന്നത്. ധാര്‍മ്മികത മരണ രാഷ്ട്രീയത്തിന്റെ വ്യവഹാരം ആയി മാറിയിരിക്കുന്നു.

അനിഡ്ജര്‍ പറയുന്നതു പോലെ ഇന്നത്തെ ഭരണ സാങ്കേതികവിദ്യ അടിസ്ഥാനപരമായി ധാര്‍മ്മികതയുടെ സാധാരണത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധം സാധ്യമാക്കിത്തീര്‍ക്കുന്ന സന്ദര്‍ഭം ആയി വാഴ്‌സോ ഗെറ്റോയെക്കാള്‍ അടുത്ത ബാള്‍ക്കനെ കുറിച്ച് നമുക്ക് ആലോചിക്കാവുന്നതാണ്. നടക്കുന്നതിന് മുമ്പോ, ആ സമയത്തോ, അതിന് ശേഷമോ, നടന്ന് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമോ, ഈ പ്രവൃത്തികളെ ന്യായീകരിക്കാനോ, അതെ കുറിച്ച് ഖേദിക്കാനോ, അപലപിക്കാനോ കഴിയുമോ എന്നത് ഇനി പ്രശ്‌നമേ അല്ല. ആധുനികതയുടെ മതമായ ഈ രാഷ്ട്രീയ/സുരക്ഷാ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിന് പിന്തുണ നല്‍കുന്ന ഭരണ സാങ്കേതികവിദ്യയുടെ പ്രധാനപ്പെട്ട ഭാഗമാണ് ഇന്ന് ധാര്‍മ്മികത. ഗസ്സയുടെ കാര്യത്തില്‍, ഒരു ശിക്ഷയും ഒഴിവാക്കപ്പെടുന്നില്ലെന്നും ഒരു കുട്ടിയെയും നിരപരാധിയായി കണ്ട് ബാക്കിയാക്കില്ലെന്നും ഇത് ഉറപ്പാക്കുന്നു.

Related