തൊട്ടു ഞാനുമ്മാ! ഗാന്ധിയെ
തൊട്ടു ഞാനുമ്മാ!
പട്ടുപോലെ നനുത്ത തോളില്‍
തൊട്ടു ഞാനുമ്മാ!
കടലു കരകയ്യേറുമാറ്
മനുഷ്യരാകെ ഇരമ്പിയാര്‍ത്തു
വൈക്കം ജെട്ടിയില്‍ ബോട്ടടുത്തു
ഗാന്ധി വന്നുമ്മാ, നാട്ടില്
കാന്തി വന്നുമ്മാ!
ഗാന്ധി കാലു വച്ചു മണ്ണില്‍
ശാന്തിവിത്തു തരിച്ചു
രണ്ടു പല്ലു പോയ മോണ-
സ്സൂരിയന്‍ ചിരിച്ചു
വിത്തുപൊട്ടിച്ചെടിയായി
വൈക്കമൊരു വാടിയായി
നോക്കിനില്‍ക്കെ, എന്തു മായം!
പൂത്തുലഞ്ഞുമ്മാ, കാന്തി
പൂത്തുലഞ്ഞുമ്മാ!
തൊട്ടു ഞാനുമ്മാ! ഗാന്ധിയെ
തൊട്ടു ഞാനുമ്മാ!
പട്ടുപോലെ തിളങ്ങുമുയിരില്‍
തൊട്ടു ഞാനുമ്മാ!
ഗാന്ധി കേറി തുറന്ന കാറില്‍
കൂടി ഞാന്‍ പിന്നാലെ ജോറില്‍
വള്ളിപോലെ പടര്‍ന്നു കാറിന്‍
വക്കില്‍ ഞാനുമ്മാ!
വന്മലയില്‍ മുകില്‍ക്കീറ്
വീണുപെയ്യും പോലേ
വന്‍കടലില്‍ നീര്‍ച്ചാല്
വന്നുചേരും പോലേ
രാമനെ റഹീമു പോലേ
അയ്യനെ വാവരു പോലെ
വൈക്കത്തപ്പനെക്കോരമ്പുലയന്‍
ചെന്നു തൊടും പോലെ
തൊട്ടു ഞാനുമ്മാ! ഗാന്ധിയെ
തൊട്ടു ഞാനുമ്മാ!
പട്ടുപോലിഴചേര്‍ന്ന ഖല്‍ബില്‍
തൊട്ടു ഞാനുമ്മാ!
പിന്നൊരുനാളിന്ത്യ
രണ്ടുതുണ്ടായി
കാന്തിയോടപരകാന്തി ചേര്‍ന്നതില്‍
മിന്നലുണ്ടായി
തൊട്ടടുത്തുനിന്നു പാഞ്ഞൂ
മൂന്നു തീയുണ്ട…
മുട്ടിലൊന്നു നിന്നു; പിന്നെ
വീണുപോയിന്ത്യ…
ഗോഡ്‌സെ തൊട്ടുമ്മാ! ഗാന്ധിയെ
ഗോഡ്‌സെ തൊട്ടുമ്മാ!
കാഞ്ചിയില്‍ വിരല്‍കൊണ്ട്
ഗോഡ്‌സെ തൊട്ടുമ്മാ!
തൊട്ടു ഞാനുമ്മാ! കാന്തിയെ
തൊട്ടു ഞാനുമ്മാ!
പട്ടടയില്‍ കത്തുമിന്ത്യയെ
തൊട്ടു ഞാനുമ്മാ.
