” അകത്തുള്ള ആളുകളെങ്ങനെ നരകിക്കുന്നുവെന്ന് അവനോട് പറയൂ. ഇസ്രായേല്‍ ഇരുപതിനായിരം വീടുകളും നാല് ഗ്രാമങ്ങളും തകര്‍ത്തുകളഞ്ഞതെങ്ങനെയെന്ന് അവനോട് പറയൂ. പാറ്റകള്‍ നിറഞ്ഞ തടങ്കല്‍പ്പാളയങ്ങള്‍ യുവാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതെങ്ങനെയെന്ന് അവനോട് പറയൂ. അല്‍-ബഹ്ഷിന്റെ മകനും അല്‍-ഷഖ്ഷിറിന്റെയും അല്‍-ഹുവാരിയുടെയും പെണ്‍മക്കള്‍ക്കും എന്ത് സംഭവിച്ചുവെന്ന് അവനോട് പറയൂ. എന്നാല്‍ ഏറ്റവും മോശം കാര്യം, നമ്മളെല്ലാവരും, അവസാനത്തെ ഓരോരുത്തരും, ജീവിക്കാന്‍ വേണ്ടി അവരുടെ ആലയങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ്!”
(സഹര്‍ ഖലീഫെ, വൈല്‍ഡ് തോണ്‍സ്, 1976)
സഹര്‍ ഖലീഫ ഏകദേശം അഞ്ച് പതിറ്റാണ്ടുകള്‍ക്കപ്പുറമിരുന്ന് എഴുതിയ അതേ വെസ്റ്റ്ബാങ്ക് തെരുവുകള്‍ തന്നെയാണിന്നുമവിടെ. അതേ തടങ്കല്‍ പാളയങ്ങള്‍, അപമാനത്തിന്റെയും ചെറുത്തുനില്‍പിന്റെയുമതേ താളം.
1967 ഇസ്രായേല്‍ അധിനിവേശത്തിനു ശേഷമുള്ള വെസ്റ്റ്ബാങ്ക് ആണ് ഖലീഫയുടെ ‘വൈല്‍ഡ് തോണ്‍സ്’ എന്ന നോവലിനാധാരം. അതിര്‍ത്തികളെയും രാഷ്ട്രീയത്തെയും മാത്രമല്ല, ആന്തരിക ജീവിതങ്ങളെയും അധിനിവേശം പരുവപ്പെടുത്തുന്നതെങ്ങനെയെന്ന് കാണിക്കുന്ന ദൈനംദിനസാഹചര്യങ്ങളാണീ നോവല്‍. നന്മയുടെയും തിന്മയുടെയും ലളിത വിഭജനങ്ങള്‍ക്കവിടെ സ്ഥാനമേയില്ല. ധാര്‍മിക അവ്യക്തതയുടെ സങ്കീര്‍ണ്ണ വലയത്തിനുള്ളിലാണ് ഓരോ മനുഷ്യരും വസിക്കുന്നത്.
അധിനിവേശ മണ്ണിലെ കാട്ടുമുള്ളുകള്‍ പോലെ ധിക്കാരപരവും വഴങ്ങാത്തതുമായ ശബ്ദമാണ് സഹര്‍ ഖലീഫയുടേത്. ആന്തരിക സങ്കീര്‍ണ്ണതകളെ രാഷ്ട്രീയ പ്രതിരോധവുമായി ചേര്‍ത്ത് വെച്ചുകൊണ്ട് ഗസ്സാന്‍ കനഫാനി മുന്‍പോട്ട് വെച്ച പ്രതിരോധ സാഹിത്യത്തിന്റെ അതെ പാതയാണ് പ്രമുഖ ഫലസ്തീനിയന്‍ നോവലിസ്റ്റായ ഖലീഫയുടേതും.
അധിനിവേശത്തിനെതിരെ പോരാടാന്‍ ജന്മനാട്ടിലേക്ക് (വെസ്റ്റ് ബാങ്കിലെ നബുലുസ്) മടങ്ങിയെത്തിയ ഉസാമ, ഇസ്രായേലില്‍ തുച്ഛവേദനത്തിനു തൊഴില്‍തേടിപ്പോകുന്ന പ്രിയപ്പെട്ടവരെയാണവിടെ കാണുന്നത്. കൃഷിയും സകല ഉപജീവന മാര്‍ഗ്ഗങ്ങളും സൈന്യം നശിപ്പിച്ചു കളഞ്ഞതിനാല്‍, ഉറ്റവരെ പട്ടിണികിടാതിരിക്കാന്‍ ആകെയുള്ള മാര്‍ഗമവര്‍ക്കതുമാത്രമായിരുന്നു. എന്നാല്‍, ഉസാമ ആ വിട്ടുവീഴ്ചയെ വഞ്ചനയായി കാണുന്നു. ദേശീയവാദ ആവേശത്തിന്റെ നിസ്സംഗതയെയും നഷ്ടത്തെയും വിമര്‍ശിക്കുന്നു. അതേസമയം ഈ അതിജീവനമൊരു ചെറുത്തുനില്‍പ്പ് തന്നെയാണെന്നാണ് ബന്ധു ആദിലിന്റെ പക്ഷം.
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഒരു സമാധാനകരാറിനുമവരുടെ അന്തസ്സിനെയുയര്‍ത്തിപ്പിടിക്കാനായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്നുമത് നിരന്തരം പരീക്ഷിക്കപ്പെടുന്നു. സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് തുല്‍ക്കരെമില്‍ ഡസന്‍ കണക്കിന് ഫലസ്തീന്‍ പുരുഷന്മാരെ നഗരവീഥിയിലൂടെ, കൈകള്‍ മുന്നിലുള്ളവരുടെ തോളില്‍ വച്ചു, പട്ടാളക്കാരുടെയും സൈനിക വാഹനങ്ങളുടെയും അകമ്പടിയോടെ തലകുമ്പിട്ടു നടത്തിച്ചത്. മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച ഈ ദൃശ്യം അധിനിവേശത്തിന്റെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയായിരുന്നു.

ഗസ്സയെ ബോംബുകള്‍ തല്‍ക്ഷണമവസാനിപ്പിക്കുന്നിടത്ത്, വെസ്റ്റ് ബാങ്കില്‍ ബുള്‍ഡോസറുകള്‍ പതുക്കെ ചരിത്രങ്ങളടര്‍ത്തിമാറ്റുന്നു. തടയാന്‍ ശ്രമിക്കുന്നവരെ ആ നിമിഷമില്ലാതാക്കുന്നു. കഴിഞ്ഞ ജൂലൈയിലാണ് പ്രമുഖ ഫലസ്തീന്‍ വെസ്റ്റ്ബാങ്ക് ആക്ടിവിസ്റ്റും അധ്യാപകനുമായ ഔദ അല്‍-ഹത്തലീന്‍ വെടിയേറ്റു മരിച്ചത്. ‘no other land’ എന്ന ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ഡോക്യൂമെന്ററിക്ക് പിന്നിലീ ആക്ടിവിസ്റ്റിന്റെ കയ്യൊപ്പുണ്ട്. വെസ്റ്റ്ബാങ്ക് ഗ്രാമമായ ഉമ്മുല്‍-ഖൈറില്‍, ബുള്‍ഡോസറുമായെത്തിയ ഇസ്രായേലി കുടിയേറ്റക്കാരന്‍ യിനോണ്‍ ലെവിയുടെ വെടിയേറ്റാണദ്ദേഹം മരിച്ചത്.
വെടിയുതിര്‍ക്കുന്ന വീഡിയോ പ്രചരിച്ചിട്ടുപോലും ലെവിക്കെതിരെ യാതൊരു കുറ്റവും ചുമത്താതെ ഒറ്റദിവസം വീട്ട്തടങ്കലില്‍ വെച്ച് വിട്ടയച്ചു. അതേസമയം ഔദാ ഹത്തലിന്റെ മൃതദേഹം വിട്ടുകൊടുക്കാന്‍ പോലും ഇസ്രായേല്‍ അധികാരികള്‍ തയ്യാറായിരുന്നില്ല. പത്ത് ദിവസത്തിന് ശേഷം നാട്ടുകാരുടെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് കുടുംബത്തിന് മൃതദേഹം ലഭിക്കുന്നത്. ഔദ ഒരുദാഹരണം മാത്രം. ഇങ്ങനെ എത്രയോ ഔദമാര്‍. റേച്ചല്‍ കോറിയെ അധിനിവേശ ബുള്‍ഡോസര്‍ കയറ്റി കൊന്നത് ഇന്നുമാരും മറന്നിട്ടില്ല. സ്വത്വത്തെയും, പ്രതിരോധത്തെയും തകര്‍ത്തു കളയുന്ന അധികാരത്തിന്റെ മൂര്‍ച്ചയാണവിടെ ബുള്‍ഡോസര്‍. എതിര്‍ക്കാന്‍ വരുന്നവരെ അവിടെത്തന്നെ വച്ച് തീര്‍ത്തുകളയുമെന്നുള്ള സന്ദേശം കൂടിയാണ് യിനോണ്‍ ലെവിമാര്‍ ഓടിച്ചു കയറ്റുന്നയീ വാഹനം. ഖലീഫയുടെ നോവലിലം ഈ യാഥാര്‍ഥ്യം പ്രതിധ്വനിക്കുന്നത് കാണാം. അതിജീവനത്തിനും പ്രതിരോധത്തിനം ഇടയിലകപ്പെട്ട ആദില്‍, ഇസ്രായേല്‍ സൈന്യം തന്റെ വീട് തകര്‍ക്കുന്നത് നോക്കി നില്‍ക്കുന്ന രംഗമുണ്ട്. തങ്ങള്‍ക്ക് താഴെയുള്ള മണ്ണിനെ, ചരിത്രത്തെ, വേരിനെ, സ്വത്വത്തെ പൊടിച്ചു കളയുന്ന ബുള്‍ഡോസര്‍.
വെസ്റ്റ് ബാങ്ക് ഇസ്രേലിനൊട് കൂട്ടിച്ചേര്‍ക്കാന്‍ അനുവദിക്കുകയില്ലെന്നാണ് ട്രംപിന്റെ ഇപ്പോഴത്തെ വാദമെങ്കിലും സിയോണ്‍ കുടിയേറ്റ പദ്ധതി തുടങ്ങി ഭാവിയില്‍ ഒരു ഫലസ്തീന്‍ രാഷ്ട്രത്തിനു സാധ്യമല്ലാത്ത രീതിയിലുള്ള ബുള്‍ഡോസര്‍ മുഴക്കം അവിടെയുണ്ട്. CWRC യുടെ ടാറ്റ പ്രകാരം ആഗസ്റ്റില്‍ മാത്രം അനധികൃത കുടിയേറ്റക്കാര്‍ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും നേരെ 431 ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ കണക്കെടുത്താല്‍ അനധികൃത കുടിയേറ്റക്കാരും ഇസ്രായേല്‍ സൈന്യവും ചേര്‍ന്ന് വെസ്റ്റ്ബാങ്കില്‍ 1038 ഫലസ്തീനികളെയാണ് കൊലപ്പെടുത്തിയത്. അതായത് ശരാശരി ഒരുമാസം 43 പേരെ. 10000 ലധികം പേര്‍ക്ക് പരിക്കേറ്റു. ഹമാസ് ഇല്ലാത്ത വെസ്റ്റ് ബാങ്കിനെക്കുറിച്ചാണീ പറയുന്നതെന്നോര്‍ക്കണം. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കുന്നതിന്റെ ഭാഗമായി അവിടത്തെ അധിനിവേശ നിര്‍മ്മിതികള്‍ ഇസ്രായേല്‍ വിപുലമാക്കുന്നുവെന്നും, അത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും 2023 നവംബര്‍ മുതല്‍ 2024 ഒക്ടോബര്‍ വരെയുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ യു.എന്‍ പരാമര്‍ശിച്ചിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് ‘ഈ സ്ഥലം ഞങ്ങളുടേതെന്ന്’ പറഞ്ഞ് നെതന്യാഹു ഔദ്യോഗികമായി മുന്‍പോട്ട് വന്നത്. അതോടു കൂടെ സായുധാക്രമണങ്ങള്‍, ഭൂമി പിടിച്ചെടുക്കല്‍, കൊല, കൃഷിനശിപ്പിക്കല്‍, അനധികൃത ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അധികരിച്ചതായി റിപോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ജൂലൈയില്‍ അധിനിവേശ വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേര്‍ക്കുന്ന പ്രമേയം ഇസ്രായേല്‍ നെസ്സെറ്റ് അംഗീകരിച്ചിരുന്നു. 120 സീറ്റുകളുള്ള അസംബ്‌ളിയിലെ 71 അംഗങ്ങളും വോട്ട് ചെയ്താണ് പ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി ഇത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നതിനിടയിലാണ് ഇത്തരമൊരു തീരുമാനം.
സമാധാനമെന്ന് കൊട്ടിഘോഷിച്ച്, 1993 ല്‍ യാസര്‍ അറഫാത്തും യിസാഖ് റാബിനും പ്രസിഡണ്ട് ബില്‍ ക്ലിന്റന്റെ പുഞ്ചിരിക്കുന്ന മേല്‍നോട്ടത്തില്‍ കൈകോര്‍ത്ത ആ ചരിത്രപരമായ ഹസ്തദാനം ‘ഓസേ്‌ലോ ഉടമ്പടി’ ഒരിക്കലും സമാധാനത്തിലേക്കുള്ള പാതയേ ആയിരുന്നില്ല. ഒസേ്‌ലോയുടെ നിബന്ധനകള്‍ നടപ്പാക്കാന്‍ അമേരിക്ക ഒരിക്കലും ഇസ്രയേലിനെ നിര്‍ബന്ധിച്ചിട്ടില്ല. പ്രതിരോധത്തെ നിരായുധമാക്കുകയും, അധിനിവേശത്തെ നിയമവിധേയമാക്കുകയും മാത്രമാണ് അതിലൂടെ സംഭവിച്ചത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം ഏതൊരുടമ്പടിയും കടലാസില്‍ പിറന്ന് കടലാസില്‍ തന്നെ നിലകൊള്ളാനുള്ളതാണ്. അവരുടെ ഭൂമികൊള്ളയും കൊലയുമായി എല്ലാ നിയമങ്ങളെയും നോക്കുകുത്തികളാക്കി മുന്‍പോട്ട് പോയിക്കൊണ്ടേയിരിക്കും.
ഫലസതീന്‍ എന്നൊരു രാഷ്ട്രമുണ്ടാവാത്തിടത്തോളം അപമാനവും ദാരിദ്ര്യവും ചൂഷണവും പേറി ശാശ്വത അടിമത്തത്തിലേക്ക് നടക്കുന്ന ഒരു ജനതയായി അവര്‍ മാറും. എന്നിരുന്നാലും ഈ കഷ്ടപ്പാടില്‍ നിന്ന് തന്നെ, പ്രതിരോധം പുനര്‍ജനിക്കും. സ്വന്തം നാട് നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക്, അവരുടെ അന്തസ്സും സ്വാതന്ത്ര്യവും പൂര്‍ണ്ണമായി പുനഃസ്ഥാപിക്കപ്പെടുന്നതുവരെ, വീണ്ടും വീണ്ടും ഉയര്‍ന്നുവരാതിരിക്കാനാവില്ല!
ഒലിവ് മരങ്ങള്‍ പിഴുതെറിയപ്പെട്ടേക്കാം. ബുള്‍ഡോസറുകള്‍ തിരിച്ചെത്തുമ്പോഴേക്കും അവര്‍ മരങ്ങള്‍ വീണ്ടും നട്ടുകൊണ്ടേയിരിക്കും. റിഫാത്ത് അലരീറിന്റെ അവസാന കവിതയിലെ പട്ടം പോലെ, സ്വാതന്ത്ര്യത്തിന്റെ സ്വപ്നം എങ്ങനെ ഉപേക്ഷിക്കാനാണ്.
