August 9 Sunday 2026

നായടിമുതല്‍ നസ്രാണിവരെ; വെള്ളാപ്പള്ളിയുടെ പുതിയ പരീക്ഷണത്തിനു പിന്നില്

ബി.ജെ.പി.യെ സംബന്ധിച്ചിടത്തോളം എസ്.എന്‍.ഡി.പി. യോഗത്തിന്റെ വോട്ട് ബാങ്ക് അവര്‍ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍, വെള്ളാപ്പള്ളി നടേശന്‍ ആ വോട്ട് ബാങ്ക് ഉപയോഗിച്ച് ബി.ജെ.പി.ക്ക് സമാന്തരമായ ഒരു ഹിന്ദു രാഷ്ട്രീയ ശക്തിയായി വളരുന്നത് അവര്‍ ഒട്ടും ആഗ്രഹിക്കുന്നില്ല. ഹിന്ദു വോട്ടുകളുടെ ഏകീകരണം ബി.ജെ.പി. ലക്ഷ്യമിടുന്നത് സ്വന്തം കൊടിക്കീഴിലാണ്. വെള്ളാപ്പള്ളി നടേശന്‍ ബി.ഡി.ജെ.എസ് രൂപീകരിച്ചപ്പോള്‍ അത് കേരളത്തില്‍ ഒരു ‘മൂന്നാം ശക്തി’യാകുമെന്ന് കരുതിയിരുന്നു. എന്നാല്‍, ബി.ഡി.ജെ.എസ്. ശക്തമായാല്‍ അത് ബി.ജെ.പി.യുടെ വളര്‍ച്ചയെ ബാധിക്കുമെന്നും, ഹിന്ദു വോട്ടുകള്‍ക്കായി മറ്റൊരു പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വരുമെന്നും ബി.ജെ.പി. നേതൃത്വംതിരിച്ചറിഞ്ഞു. ഈ ഒരു അവിശ്വാസം കാരണമാണ് ബി.ഡി.ജെ.എസ് ആഗ്രഹിക്കുന്ന പരിഗണനയോ അധികാരസ്ഥാനങ്ങളോ എന്‍.ഡി.എ.യില്‍ അവര്‍ക്ക് ലഭിക്കാതെ പോയത്.

ബി.ജെ.പി.യില്‍ നിന്ന് അര്‍ഹമായ പരിഗണന ലഭിക്കണമെങ്കില്‍ തന്റെ പക്കല്‍ ഉള്ള പരിമിതമായ ഈഴവ വോട്ടുകള്‍ മാത്രമല്ല, മറ്റ് വിഭാഗങ്ങളുടെ പിന്തുണ കൂടി ഉണ്ടെന്ന് കാണിക്കേണ്ടത് വെള്ളാപ്പള്ളിയുടെ ആവശ്യമാണ്. നസ്രാണി ഘടകത്തെ കൂട്ടുപിടിക്കുന്നതിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത് ഇതാണ്: ബി.ജെ.പി. പരാജയപ്പെട്ട ഇടത്ത് ഞാന്‍ വിജയിക്കുന്നു: ബി.ജെ.പി.ക്ക് ഇതുവരെ സാധിക്കാത്ത ക്രൈസ്തവ-ഹിന്ദു ധ്രുവീകരണം തനിക്ക് സാധിക്കുമെന്ന് ബോധ്യപ്പെടുത്തുക. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിച്ചു വാങ്ങാന്‍ ഈ ‘പുതിയ സഖ്യം’ ഒരു കാരണമായി അദ്ദേഹം നിരത്തും.

നമ്പൂതിരിയില്‍ നിന്ന് നസ്രാണിയിലേക്കുള്ള മാറ്റം
പഴയ മുദ്രാവാക്യത്തിലെ നമ്പൂതിരി (സവര്‍ണ്ണര്‍) ബി.ജെ.പി.യുടെ ഉറച്ച വോട്ട് ബാങ്കാണ്. അവരെ കൂടെക്കൂട്ടാന്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത് ബി.ജെ.പി.യുടെ കുത്തകയില്‍ കൈവെക്കുന്നതിന് തുല്യമായിരുന്നു. ഇത് ബി.ജെ.പി. നേതൃത്വത്തെ പ്രകോപിപ്പിച്ചിരുന്നു. അത് അവര്‍ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിനെ പഠിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നമ്പൂതിരിയെ ഒഴിവാക്കി നസ്രാണിയെ ചേര്‍ക്കുന്നത് വഴി, ബി.ജെ.പി.ക്ക് വോട്ട് ചെയ്യാത്ത ഒരു വിഭാഗത്തെ താന്‍ മുന്നണിയിലേക്ക് കൊണ്ടുവരാം എന്നൊരു ‘സമാധാന വാഗ്ദാനം’ കൂടിയാണ് അദ്ദേഹം നല്‍കുന്നത്.

ബി.ഡി.ജെ.എസ്. എന്ന പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയ അപ്രസക്തിയില്‍ നിന്നുള്ള ഒരു രക്ഷപെടലാണ് ഈ പുതിയ പരീക്ഷണം. ബി.ജെ.പി തങ്ങള്‍ക്ക് അര്‍ഹമായത് തരുന്നില്ലെങ്കില്‍, സ്വന്തം നിലയ്ക്ക് പുതിയ സഖ്യങ്ങള്‍ ഉണ്ടാക്കി കരുത്ത് കാണിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നത്. പക്ഷേ, ശക്തമായ സഭയും അധികാരം പങ്കിടുന്ന ഇരുമുന്നണികളിലും പ്രധാന ഭാഗമായ രാഷ്ട്രീയ പാര്‍ട്ടികളും ഉള്ള നസ്രാണികള്‍ക്ക് ഇങ്ങനെയൊരു സത്യത്തിന്റെ ആവശ്യം ഇല്ല എന്നതാണ് യാഥാര്‍ഥ്യം.

ഏതു തന്ത്രത്തിലൂടെയും ബി.ഡി.ജെ.എസിനെ കേന്ദ്രത്തില്‍ അധികാരത്തിന്റെ ഭാഗമാക്കുക എന്നതാണ് വെള്ളാപള്ളിയുടെ ലക്ഷ്യം. എന്നാല്‍, വിശ്വാസ്യത ഇല്ലാത്ത ഒരു നേതാവായി കേരളം വെള്ളാപ്പള്ളിയെ അടയാളപ്പെടുത്തി എന്നത് വെള്ളാപ്പള്ളിയുടെ ഏതെല്ലാം നീക്കങ്ങളെയും പരാജയപ്പെടുത്തുന്നു. കാറില്‍ കയറ്റുമെങ്കിലും ബി.ഡി.ജെ.എസിനെ പിണറായി ഇടതുമുന്നണിയില്‍ കയറ്റില്ല. ബിജെപിക്ക് മുമ്പില്‍ വിലപേശല്‍ ശേഷിയും ഇല്ല. കേരളത്തിലെ ഇരുമുന്നണികള്‍ക്കും ആവശ്യവുമില്ല എന്ന തീവ്ര ദുരന്തമുഖത്താണ് വെള്ളാപ്പള്ളിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും. ബിജെപിയെ സംബന്ധിച്ചിടത്തോളം വെള്ളാപ്പള്ളിയുടെ പാര്‍ട്ടി ആവശ്യമില്ലാത്ത ഘടകകക്ഷിയാണ്, എന്നാല്‍ ഒഴിവാക്കാന്‍ പറ്റുന്നുമില്ല.

Related