ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ബജറ്റ് സമ്മേളനം നാളെ അവസാനിക്കാനിരിക്കെ ഇന്ന് തന്നെ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിനെതിരെ കടുത്ത എതിര്‍പ്പാണ് ക്രൈസ്തവ സഭകളടക്കം ന്യൂനപക്ഷ വിഭാഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. വിഷയത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇന്ന് പാര്‍ലമെന്റ് സാക്ഷിയാകാന്‍ പോകുന്നത്. മുഴുവന്‍ കോണ്‍ഡഗ്രസ്സ് എംപിമാരോടും പാര്‍ലെമന്റില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 26നാണ് ബില്ല് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിനെതിരില്‍ ക്രൈസ്തവ സഭകള്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. അഞ്ചുവര്‍ഷം കൂടുമ്പോഴാണ് എഫ്സിആര്‍ഐ ലൈസന്‍സ് പുതുക്കേണ്ട സമയം എത്തുന്നത്. അപേക്ഷ നല്‍കാതിരിക്കുകയോ പുതുക്കല്‍ നിരസിക്കപ്പെടുകയോ കാലാവധി കഴിഞ്ഞും പുതുക്കി കിട്ടാതിരിക്കുകയോ ചെയ്താല്‍ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ സ്വത്തു വകകള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക സംഘത്തിന് ഏറ്റെടുക്കാം എന്ന നിയമത്തിലെ വ്യവസ്ഥയാണ് നിലവില്‍ വിവാദമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് എഫ്‌സി.ആര്‍.എ അക്കൗണ്ടുകള്‍ ന്യൂഡല്‍ഹിയിലെ എസ്ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ മാത്രമാക്കി നിയമം കൊണ്ടുവന്നിരുന്നു സര്‍ക്കാര്‍. ആ ഭേദഗതിക്ക് പുറമെ പുതിയ ഭേദഗതിയുമായി സര്‍ക്കാര്‍ വന്നതിന്റെ പിന്നിലെ രാഷ്ട്രീയമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്.
