വിദേശ സംഭാവന നിയന്ത്രിക്കാനുള്ള എഫ്‌സിആര്‍എ നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ). ഈ നീക്കത്തിന്റെ പ്രത്യാഘാതം അപകടകരമായിരിക്കുമെന്ന് സിബിസിഐ വ്യക്തമാക്കി. ന്യൂനപക്ഷ സ്ഥാപനങ്ങളെ കര്‍ശനമായ നിയന്ത്രണ ചട്ടക്കൂടിനുള്ളില്‍ കൊണ്ടുവരാനുള്ള ശ്രമം ജനാധിപത്യ തത്വങ്ങളെ ദുര്‍ബലപ്പെടുത്തും. ഭേദഗതിയിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധവും സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 26നാണ് ബില്ല് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. അതിനെതിരില്‍ ക്രൈസ്തവ സഭകള്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്. സ്വത്ത് പിടിച്ചെടുക്കാന്‍ കഴിയുന്നത് വലിയ വെല്ലുവിളിയാണെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും കാതോലിക്ക ബാവ പ്രതികരിച്ചു. നിലവിലെ എഫ്‌സിആര്‍എ നിയമം കര്‍ശനമാണ്. തിടുക്കത്തില്‍ ബില്ല് അവതരിപ്പിക്കുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്യപ്പെടുകയാണ്. ബില്ലില്‍ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കയുണ്ടെന്നുമാണ് കാതോലിക്ക ബാവ പറഞ്ഞത്. എഫ്‌സിആര്‍എ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും പ്രതികരിച്ചു. തീരുമാനം കൈകൊണ്ടവര്‍ അത് പുനരാലോചിക്കണമെന്നും ഭേദഗതി സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ മാധ്യമങ്ങളോട് പറഞ്ഞു.അഞ്ചുവര്‍ഷം കൂടുമ്പോഴാണ് എഫ്സിആര്‍ഐ ലൈസന്‍സ് പുതുക്കേണ്ട സമയം എത്തുന്നത്. അപേക്ഷ നല്‍കാതിരിക്കുകയോ പുതുക്കല്‍ നിരസിക്കപ്പെടുകയോ കാലാവധി കഴിഞ്ഞും പുതുക്കി കിട്ടാതിരിക്കുകയോ ചെയ്താല്‍ ആ സംഭാവന ഉപയോഗിച്ചുണ്ടാക്കിയ സ്വത്തു വകകള്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രത്യേക സംഘത്തിന് ഏറ്റെടുക്കാം എന്ന നിയമത്തിലെ വ്യവസ്ഥയാണ് നിലവില്‍ വിവാദമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് എഫ്‌സി.ആര്‍.എ അക്കൗണ്ടുകള്‍ ന്യൂഡല്‍ഹിയിലെ എസ്ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ മാത്രമാക്കി നിയമം കൊണ്ടുവന്നിരുന്നു സര്‍ക്കാര്‍. ആ ഭേദഗതിക്ക് പുറമെ പുതിയ ഭേദഗതിയുമായി സര്‍ക്കാര്‍ വന്നതിന്റെ പിന്നിലെ രാഷ്ട്രീയമാണ് ക്രൈസ്തവ സഭകളെ ചൊടിപ്പിച്ചത്. ഈ ഭേദഗതി അതുകൊണ്ടുതന്നെ ദുരുദ്ദേശപരമാണ് എന്നതാണ് ക്രൈസ്തവ സഭകളുടെ നിലപാട്.
