ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ ഏറെക്കുറെ വിസ്മരിക്കപ്പെട്ട ഒരു പേരാണ് ഫാത്തിമ ഷെയ്ക്കിന്റേത്. 1848-ല്‍ പൂനയില്‍ ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം സ്ഥാപിച്ച ഫൂലെ ദമ്പതികള്‍ക്കൊപ്പം പെണ്‍ക്കുട്ടികളുടെയും അധഃസ്ഥിതരുടെയും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി യത്‌നിച്ച ഫാത്തിമ ഷെയ്ഖ് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം അധ്യാപിക എന്ന നിലയിലും സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയിലുമാണ് പില്‍ക്കാലത്ത് ചരിത്രത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്. മഹാത്മ ജ്യോതിറാവു ഫൂലെയുടെയും സാവിത്രി ഫുലെയുടെയും ജീവചരിത്ര രചയിതാക്കളാണ് ആദ്യമായി ഫാത്തിമ ഷെയ്ഖ് എന്ന സ്ത്രീ വിമോചന പോരാളിയുടെ അസാധാരണ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പരിമിതമെങ്കിലും ആവേശകരമായ ചില വിവരങ്ങള്‍ രേഖപ്പെടുത്തിയത്. ഡയറിക്കുറിപ്പുകളിലൂടെയൊ നോട്ടുബുക്കിലൂടെയൊ കവിതകളിലൂടെയൊ മറ്റോ സ്വന്തം ജീവിതാനുഭവങ്ങള്‍ രേഖപ്പെടുത്താതെ, അധ്യാപനത്തെയും സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തനത്തെയും സ്ത്രീകളുടെ ശാക്തീകരണത്തെയും ജീവിത സപര്യയായി കണ്ട ഫാത്തിമ ഷെയ്ഖ് ജാതിസമൂഹം ബഹിഷ്‌കൃതരെന്നു മുദ്രകുത്തി പുറന്തള്ളിയ ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ത്യാഗ മനോഭാവത്തോടെ അനവരതം പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്‌കര്‍ത്താവാണെന്ന് അവരെക്കുറിച്ചുള്ള പഠനങ്ങളും കേട്ടറിവുകളും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവരുടെ അനശ്വരമായ സംഭാവനകളെ അനുസ്മരിക്കാതെ ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന്റെ പോരട്ട ചരിത്രം പൂര്‍ണമാവുകയില്ല. കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഇച്ഛാശക്തിയോടും ആത്മസംയമനത്തോടും സഹനതയോടും അതിജീവിച്ച ധീരയായ നവോത്ഥാന നായിക എന്ന നിലയില്‍ എക്കാലവും ചരിത്രം അനുസ്മരിക്കേണ്ട വ്യക്തിത്വത്തിന് ഉടമയാണ് ഫാത്തിമ ഷെയ്ഖ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി 1848- 50 കാലഘട്ടങ്ങളില്‍ പൂനെ കേന്ദ്രീകരിച്ച് ഫൂലെ ദമ്പതികള്‍ (മഹാത്മ ഫൂലെയും സാവിത്രി ഫൂലെയും) ആരംഭിച്ച തദ്ദേശീയ സ്‌കൂളുകളില്‍ സാവിത്രി ഫൂലെക്കൊപ്പം ദീര്‍ഘകാലം അധ്യാപികയായി സേവനം അനുഷ്ഠിച്ച അവര്‍ പിന്നീട് സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിച്ചും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉദ്‌ബോധനം ചെയ്യുന്നതിന് വേണ്ടി സമൂഹമധ്യത്തിലൂടെ നിരന്തരം സഞ്ചരിച്ചുമാണ് ജീവിതത്തെ അര്‍ഥപൂര്‍ണമാക്കിയത്. ജാതിവ്യവസ്ഥയുടെ തിട്ടൂരങ്ങള്‍ അലംഘനീയമാം വിധം നിലനിന്നിരുന്ന, ശൂദ്രനു പോലും അക്ഷരാഭ്യാസം വിലക്കപ്പെട്ടിരുന്ന പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടത്തില്‍ വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ ഏതൊരു സമൂഹത്തിനും പുരോഗതിയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നു ഉറച്ചുവിശ്വസിച്ചിരുന്ന ഫാത്തിമ ഷെയ്ഖ് ഇന്ത്യയിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി നല്‍കിയ സംഭാവനകള്‍ എക്കാലവും അനശ്വരവും പ്രശംസനീയമാണ്. സമൂഹത്തില്‍ നിന്നും സതി, ശൈശവ വിവാഹം തുടങ്ങിയ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിര്‍മാര്‍ജനം ചെയ്യുന്നതിനും പുരുഷനോടൊപ്പം സ്ത്രീക്കും തുല്യനീതി ഉറപ്പാക്കുന്നതിനും ജീവിതാവസാനം വരെ അവര്‍ യത്‌നിച്ചു.
നൂറ്റാണ്ടുകള്‍ അക്ഷരജ്ഞാനത്തിന്റെ പരിസരങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടിരുന്ന നമ്മുടെ രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടെ പുരോഗതിയിലേക്ക് നയിക്കുക എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നവോത്ഥാന നായികയായിരുന്നു ഫാത്തിമ ഷെയ്ഖ്. സ്വന്തം ജീവിതം അക്ഷരങ്ങളിലൂടെ രേഖപ്പെടുത്താതിരുന്നതിനാലും നമ്മുടെ രാജ്യത്തിന്റെ വിദ്യാഭ്യാസ ചരിത്രമെഴുതിയവര്‍ വിസ്മരിച്ചതിനാലും ആയിരത്തിതൊള്ളായിരത്തി എണ്‍പതുകളുടെ പ്രഭാതം വരേയ്ക്കും ഫാത്തിമ ഷെയ്ഖ് എന്ന നിശശബ്ദ വിപ്ലവകാരി നമുക്ക് അജ്ഞാതയായിരുന്നു. 1978-ല്‍ കാന്‍ഷിറാമിന്റെയും ഡി.കെ ഖാര്‍പാഡയുടെയും നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട BAMCEF (All India Backward (SC/ST/OBC) and Minority Communities Employees Federation ) എന്ന ദലിത് – ബഹുജന്‍ സംഘടനയാണ് ഫാത്തിമ ഷെയ്ഖിനെ ചരിത്രപരമായി വീണ്ടെടുത്ത് സമൂഹമധ്യത്തില്‍ പുനപ്രതിഷ്ഠിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ജാതിസമ്പ്രദായത്തിന്റെ തിന്മകള്‍ക്കെതിരെ സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായ സമൂഹസൃഷ്ടിക്കു വേണ്ടി നിലകൊണ്ട ബാംസെഫിന്റെ നോട്ടീസുകളിലും പോസ്റ്ററുകളിലും ബഹുജന്‍ നായിക എന്ന നിലയില്‍ ഫൂലെ ദമ്പതിമാര്‍ക്കൊപ്പം ഫാത്തിമ ഷെയ്ഖിനെയും അവതരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ദലിത് – ബഹുജന്‍ എഴുത്തുകാരും ഗവേഷകരും സംഘടനകളും ഫാത്തിമ ഷെയ്ഖ് എന്ന വിപ്ലവ നായികയുടെ അസാധാരണ ജീവിതത്തെപ്പറ്റി അന്വേഷണം നടത്തുകയും സാഹസികവും പ്രചോദനാത്മകവുമായ അവരുടെ ജീവിതത്തിന് പൊതുജനമധ്യത്തില്‍ പ്രചുരപ്രചാരം നല്‍കുകയും ചെയ്തു. എന്നാല്‍, 1842 മുതല്‍ മറാത്തിയില്‍ പ്രസിദ്ധീകരിച്ചു പോന്ന ധ്യാനോദയ് (Dnyanoday) എന്ന പ്രസിദ്ധീകരണത്തിലാണ് ഫാത്തിമ ഷെയ്ഖിനെപ്പറ്റിയുള്ള ആദ്യത്തെ പരാമര്‍ശങ്ങള്‍ കാണുന്നത്. ഫൂലെ ദമ്പതികള്‍ ആരംഭിച്ച തദ്ദേശിയ സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശിക്കുന്ന അവസരത്തിലാണ് പ്രസ്തുത സ്‌കൂളുകളിലെ അധ്യാപികയായ ഫാത്തിമ ഷെയ്ഖിന്റെ നിസ്വാര്‍ഥമായ സേവനത്തെപ്പറ്റി ധ്യാനോദയ് സൂചിപ്പിക്കുന്നത്.
1848 മുതല്‍ അങ്ങോട്ട് ഫൂലെ ദമ്പതികള്‍ ആരംഭിച്ച തദ്ദേശീയ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച്, പ്രത്യേകിച്ചും സാവിത്രി ഭായിയുടെ അഭാവത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ ഫാത്തിമ ഷെയ്ഖ് കാണിച്ച ശുഷ്‌കാന്തിയെപ്പറ്റി സാവിത്രി ഭായി ഫൂലെക്ക് എഴുതുന്ന കത്തുകളിലും ഫാത്തിമ ഷെയ്ഖ് എന്ന മഹിളാ രത്‌നത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നിരവധി പരാമര്‍ശങ്ങള്‍ കാണാം. സാവിത്രി ഭായി ഫൂലെയും ഫാത്തിമ ഷെയ്ഖും അവരുടെ രണ്ടു വിദ്യാര്‍ഥിനികള്‍ക്കൊപ്പം ഇരിക്കുന്ന, ആ കാലഘട്ടത്തിലേതെന്നു വിശ്വസിക്കുന്ന ഒരു ഫോട്ടോയും പുരാരേഖകളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. 2011 – ല്‍ വിക്കിപീഡിയ ഫാത്തിമ ഷെയ്ഖിനെപ്പറ്റിയുള്ള ഒരു കുറിപ്പ് , പത്തൊന്‍പതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകയും സാമൂഹിക പരിഷ്‌കര്‍ത്താവും എന്ന മുഖവുരയോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. 2022 ജനുവരി 9 ന് ഫാത്തിമ ഷെയ്ഖിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഗൂഗ്ള്‍ ഷെയ്ഖിനെ ഡൂഡ്ള്‍ ചെയ്തതോടെ ആ ധീരവനിതയുടെ ഖ്യാതി ലോകം മുഴുവന്‍ വ്യാപിക്കാന്‍ തുടങ്ങി. 2022-ല്‍ മോഹന്‍ദാസ് നൈമിശ്രായി ഹിന്ദിയില്‍ പ്രസിദ്ധീകരിച്ച ‘ഭാരത് കി പെഹലി മുസ്‌ലിം മഹിളാ അധ്യാപിക ക്രാന്തികാരി ഫാത്തിമ ഷെയ്ഖ്’ എന്ന പുസ്തകവും 2023-ല്‍ റീത്ത രാമമൂര്‍ത്തി ഗുപ്ത പ്രസിദ്ധീകരിച്ച Savithri Phule – Her life , Her relationship , Her legacy എന്ന പുസ്തകവും ഫാത്തിമ ഷെയ്ഖിനെക്കുറിച്ചുള്ള അപൂര്‍വ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന പുസ്തകങ്ങളാണ്. ഫാത്തിമ ഷെയ്ഖിനെക്കുറിച്ചും അവരുടെ സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖിനെക്കുറിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനു വേണ്ടി അവര്‍ നടത്തിയ ഐതിഹാസിക പ്രവര്‍ത്തനങ്ങളുടെ മാഹാത്മ്യവും ഈ പുസ്തകങ്ങളില്‍ ഹൃദയസ്പര്‍ശിയായി ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നു. വര്‍ത്തമാനകാലഘട്ടത്തില്‍ ഫാത്തിമ ഷെയ്ഖിന്റെ ജീവിതത്തെയും സംഭാവനകളെയും പറ്റി ആശാവഹമായ നിരവധി പഠനഗവേഷണങ്ങള്‍ നടന്നുവരുന്നു.
ലഭ്യമായ വിവരങ്ങളും വായ് മൊഴിവഴക്കങ്ങളും സൂചിപ്പിക്കുന്നത്, 1831 ജനുവരി 9 നായിരുന്നു ഫാത്തിമ ഷെയ്ഖ് എന്ന ചരിത്ര നായികയുടെ ജനനം എന്നാണ്. പൂനെയിലെ ഒരു ഗ്രാമത്തിലായിരുന്നു അവരുടെ കുടുംബം താമസിച്ചിരുന്നത്. വളരെ ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഫാത്തിമ പിന്നീട് സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖിന്റെ സംരക്ഷണയിലാണ് വളര്‍ന്നതും പഠിച്ചതും അധ്യാപികയായി സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടി സേവനം അനുഷ്ഠിക്കുകയും ചെയ്തത്. എന്നിരിക്കലും ഈ ചരിത്രശില്പിയുടെ മതാപിതാക്കളുടെ പേരുവിവരങ്ങളോ കുടുംബപശ്ചാത്തലമോ യാതൊന്നും തന്നെ നാളിതുവരെ കണ്ടെത്താനായിട്ടില്ല. 1837- ലെ ക്ഷാമകാലത്ത് ഫാത്തിമയുടെ കുടുംബം മെലിഗോണിലേയ്ക്ക് പോവുകയും അവിടെ കുറച്ചുനാള്‍ കൈത്തറി തുണികള്‍ കച്ചവടം നടത്തിയിരുന്നതായും പിന്നീട് പൂനെയിലേയ്ക്ക് മടങ്ങി വന്നതായും അവിടെ സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖിന്റെ സംരക്ഷണയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടുകയും പിന്നീട് അഹമ്മദ്‌നഗറിലെ അമേരിക്കന്‍ മിഷണറിയുടെ ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാവിത്രി ഫൂലെയുടെ സഹപാഠിയായി അധ്യാപകവൃത്തിയില്‍ പരിശീലനം നേടുകയും ചെയ്തതായാണ് ഇവരുടെ ജീവചരിത്രരചയിതാക്കള്‍. സാക്ഷ്യപ്പെടുത്തുന്നത്. അഹമ്മദ്‌നഗറിലെ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് തുടങ്ങിയ ഇരുവരുടെയും സൗഹൃദവും സഹവര്‍ത്തിത്വവും സഹകരണവും ജീവിതത്തിലുടനീളം നീണ്ടുനില്‍ക്കുകയായിരുന്നു. അതായിരുന്നു അവരുടെ ജീവിതത്തിലെ ഈടുവയ്പിന്റെ തുടക്കം.
പൊതുവെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം വിലക്കപ്പെട്ടിരുന്ന അഥവാ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്യുന്നത് പാപമായി കരുതിയിരുന്ന കാലഘട്ടത്തിലാണ് സാവിത്രി ഫുലെയ്‌ക്കൊപ്പം ഫാത്തിമ ഷെയ്ഖും വിദ്യാഭ്യസം നേടി പെണ്‍കുട്ടികളുടെയും അധഃസ്ഥിതരുടെയും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരു മുസ്‌ലിം എന്ന നിലയില്‍ സ്വസമുദായത്തില്‍ നിന്നും സ്ത്രീ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ നിന്നും ഒരേ സമയം എതിര്‍പ്പുകളെ നേരിട്ടു കൊണ്ടായിരുന്നു ഫാത്തിമ ഷെയ്ഖ് ഫൂലെ ദമ്പതികള്‍ക്കൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം എന്ന ദൗത്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ചത്. സാവിത്രി ഫൂലെ ഹിന്ദു സമൂഹത്തിലെ ബ്രാഹ്മണിക പുരുഷമേധാവിത്വത്തെയും ജാതി വ്യവസ്ഥയെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്തുകൊണ്ടായിരുന്നു തന്റെ സാമൂഹിക ദൗത്യത്തില്‍ മുഴുകിയതെങ്കില്‍ ഫാത്തിമ ഷെയ്ഖ് പ്രധാനമായും പത്തൊന്‍പതാം നൂറ്റാണ്ടിലെ മുസ്‌ലിം സമുദായത്തെ ആധുനിക വിദ്യാഭ്യാസത്തിന്റെ അനന്ത സാധ്യതകളിലേക്ക് നയിക്കുന്നതിനു വേണ്ടിയാണ് യത്‌നിച്ചത്. പക്ഷേ, ഫാത്തിമ ഷെയ്ഖിനെപ്പറ്റിയോ അവരുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ സവിസ്തരം പ്രതിപാദിക്കുന്ന രേഖകള്‍ ഇനിയും വീണ്ടെടുക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ചില രേഖകളില്‍ സാവിത്രി ഫൂലെയും ഫാത്തിമ ഷെയ്ഖും പൂനയിലെ മിസിസ് മൈക്കിളിന്റെ സ്‌കൂളില്‍ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നതായും മഹാത്മ ഫൂലെയും ഉസ്മാന്‍ ഷെയ്ഖും ഇവിടം സ്ഥിരമായി സന്ദര്‍ശിച്ചിരുന്നതായും കാണുന്നുണ്ട്. എന്നാല്‍, ഇവയെല്ലാം തന്നെ അപൂര്‍ണമായ രേഖപ്പെടുത്തലുകളായാണ് അവശേഷിക്കുന്നത്.

ഹിന്ദു പെണ്‍കുട്ടികളും താഴ്ന്ന ജാതിക്കാരെന്നു മുദ്രകുത്തപ്പെട്ടിരുന്നവരും വിദ്യാഭ്യാസം നേടുന്നതും അവരെ വിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നതും കൊടിയ പാപവും വിശ്വാസലംഘനവുമായി കരുതപ്പെട്ടിരുന്ന ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തിലായിരുന്നു ഫൂലെ ദമ്പതികള്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ സാമൂഹിക പരിവര്‍ത്തനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. ആധുനിക വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ ഏതൊരു സമൂഹത്തിലെയും സ്ത്രീകള്‍ക്ക് മുന്നേറാന്‍ കഴിയൂ എന്ന ഉത്തമവിശ്വാസമായിരുന്നു ഇതിനവരെ പ്രേരിപ്പിച്ചത്. എന്നാല്‍, സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും വിലക്കുകളും അവരെ പ്രതിരോധത്തിലാക്കുകയായിരുന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ പ്രത്യേകിച്ചും ശൈശവ വിവാഹത്തിനും നിര്‍ബന്ധിത വൈധവ്യത്തിനുമെതിരെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച ഫൂലെ ദമ്പതികള്‍ക്ക് ഒടുവില്‍ സ്വന്തം വീട്ടില്‍ നിന്നു തന്നെ ബഹിഷ്‌കൃതരാകേണ്ടി വന്നു എന്നതാണ് പില്‍ക്കാല ചരിത്രം. അങ്ങനെ സ്വന്തം കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെട്ട ഫൂലെ ദമ്പതികള്‍ക്ക് ഒടുവില്‍ അഭയം ലഭിച്ചത് പൂനയിലെ ഫാത്തിമ ഷെയ്ഖിന്റെയും സഹോദരന്‍ ഉസ്മാന്‍ ഷെയ്ഖിന്റെയും വീടായിരുന്നു. ഉത്പതിഷ്ണുക്കളായ അവര്‍ ഫൂലെ ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമല്ല ആ വീടിന്റെ പിന്‍ഭാഗം ഇന്ത്യയിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം പ്രവര്‍ത്തിക്കുന്നതിനു വേണ്ടി സജ്ജമാക്കിക്കൊടുക്കുകയും ചെയ്തു. തദ്ദേശീയ ലൈബ്രറി (indegenous library ) എന്നു പേരില്‍ അറിയപ്പെട്ട പ്രസ്തുത സ്‌കൂളിലായിരുന്നു സാവിത്രി ഫൂലെക്ക് ഒപ്പം ഫാത്തിമ ഷെയ്ഖ് തന്റെ അധ്യാപകവൃത്തിയില്‍ മുഴുകി സാമൂഹിക സേവന രംഗത്ത് സജീവമാകുന്നത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ കൂടി മാത്രമേ സാമൂഹിക പരിവര്‍ത്തനം യാഥാര്‍ഥ്യമാകൂ എന്ന വീക്ഷണത്തിന്റെ വക്താവായിരുന്നു ഫാത്തിമ ഷെയ്ഖ് എന്ന് അവരുടെ അധ്യാപകവൃത്തിയും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ശൂദ്രര്‍ക്കു പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലമായിരുന്നതിനാല്‍ വളരെയേറെ പ്രതിബന്ധങ്ങള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. സ്വസമൂഹത്തിനകത്തു നിന്നും പുറത്തു നിന്നും ഫൂലെ ദമ്പതികളെ പോലെ അവര്‍ക്കും സമ്മര്‍ദങ്ങളെയും ഭീഷണികളെയും അഭിമുഖീകരിക്കേണ്ടി വന്നു. ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായിരുന്നു അവരുടെ പ്രവര്‍ത്തന സീമ. രക്ഷിതാക്കള്‍ക്ക് വിദ്യാലയങ്ങളിലേക്ക് പെണ്‍കുട്ടികളെ അയക്കാന്‍ താല്‍പര്യമില്ലാതിരുന്ന അഥവാ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അര്‍ഥശൂന്യമാണെന്ന് വിശ്വസിക്കപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങള്‍ക്കിയില്‍ പ്രത്യേകിച്ചും മാതാപിതാക്കള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി നിരന്തരം ബോധവത്ക്കരണം നടത്തിയായിരുന്നു സാവിത്രി ഫുലെയും ഫാത്തിമ ഷെയ്ഖും കുട്ടികളെ അവര്‍ നടത്തിയിരുന്ന വിദ്യാലയങ്ങളില്‍ പ്രവേശിപ്പിച്ചിരുന്നത് അക്കാലത്തെ ചില ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും അവര്‍ക്കു നേരെ കല്ലും ചാണകവും അസഭ്യവര്‍ഷങ്ങളും ഉണ്ടായിട്ടും അവര്‍ തങ്ങളുടെ ഉദ്യമങ്ങളില്‍ നിന്നും പിന്മാറിയില്ല. ആയിരത്താണ്ടുകാലം വിദ്യാഭ്യാസം ഉള്‍പ്പടെ പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്ന മംഗ്, മഹര്‍, മാതംഗ്, മാലി, മാലിക് തുടങ്ങിയ ജാതിയില്‍പ്പെട്ട കുട്ടികളെയാണ് ഇപ്രകാരം ധീരമായ ഇടപെടലുകളിലൂടെ അവര്‍ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്തേക്ക് ആനയിച്ചത്. 1851 ആയപ്പോഴേക്കും സ്വന്തം പരിശ്രമത്തില്‍ ബോംബെയില്‍ അവര്‍ രണ്ടു സ്‌കൂളുകള്‍ തുറന്നതായും 1856 വരെ സാവിത്രി ഫൂലെയൊടൊപ്പം പ്രവര്‍ത്തിച്ചിരുന്നതായും ചില രേഖകളില്‍ കാണാം. എങ്കിലും ഫാത്തിമ ഷെയ്ഖ് എന്ന ചരിത്ര ശില്പിയുടെ സംഭവബഹുലമായ ജീവിതം ഇനിയും സമ്പൂര്‍ണമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 1900 – ല്‍ തിരശ്ശീല വീണ ഫാത്തിമ ഷെയ്ഖ് എന്ന ഇന്ത്യയിലെ പ്രഥമ മുസ്‌ലിം വനിതാ അധ്യാപികയുടെയും സാമൂഹിക പരിഷ്‌കര്‍ത്താവിന്റെയും അനശ്വരമായ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ചരിത്രത്തില്‍ സമ്പൂര്‍ണമായും വീണ്ടെടുക്കാന്‍ ഒരു പക്ഷേ ഇനിയും നമമള്‍ കാത്തിരിക്കേണ്ടി വരും.
