August 11 Tuesday 2026

ഫേസ്ബുക്ക് പേജ് ബ്ലോക്ക്: മീഡിയവണ്‍ ഹൈക്കോടതിയില്‍

ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതിനെതിരെ മീഡിയവണ്‍ ഹൈക്കോടതിയെസമീപിച്ചു. അകാരണമായി പേജ് ബ്ലോക്ക് ചെയ്തക ഫേസ്ബുക്കിന്റെ നടപടി സുപ്രിംകോടതി വിധികള്‍ക്കും ഐടി ആക്ടിനും വിരുദ്ധമാണെന്ന് മീഡിയവണ്‍ നല്‍കിയ ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഏപ്രില്‍ 24ന് ആണ് മീഡിയവണ്‍ ടിവി എന്ന പേജിന് ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ത്യയില്‍നിന്നുള്ള പ്രേക്ഷകര്‍ക്കാണ് ഫെയ്‌സ്ബുക്ക് പേജില്‍ പ്രവേശനം തടഞ്ഞത്. ഏതെങ്കിലും വാര്‍ത്തയോ ഉള്ളടക്കമോ ചൂണ്ടിക്കാട്ടാതെയാണ് ഫേസ്ബുക്ക് പേജ് ബ്ലോക്ക് ചെയ്തതെന്ന് മീഡിയവണ്‍ മാനേജ്‌മെന്റ് കുറ്റപ്പെടുത്തി.

ഫേസ്ബുക്കിന്റെ മാനദണ്ഡങ്ങള്‍ ലംഘിച്ചാലോ നിയമപരമായ ഉത്തരവ് പ്രകാരമോ വാര്‍ത്ത നീക്കംചെയ്യാന്‍ ഫേസ്ബുക്കിന് കഴിയുമെങ്കിലും പേജ് ബ്ലോക്ക് ചെയ്യാന്‍ അധികാരമില്ല. ‘നിയമ നിര്‍വഹണ ഏജന്‍സിയോ യൂണിയന്‍ ഓഫ് ഇന്ത്യയോ ആവശ്യപ്പെട്ട പ്രകാരം ബ്ലോക്ക് ചെയ്യുന്നു’ എന്ന് മാത്രമായിരുന്നു പേജ് ബ്ലോക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മീഡിയവണിന് ഫേസ്ബുക്ക് നല്‍കിയ വിശദീകരണം. ഈ സാഹചര്യത്തിലാണ് ഫേസ്ബുക്കിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ മീഡിയവണ്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ഇന്ത്യയില്‍ പേജ് ബ്ലോക്ക് ചെയ്തെങ്കിലും വാര്‍ത്തയും വിഡിയോയും അപ്ലോഡ് ചെയ്യുന്നത് അടക്കമുള്ള അഡ്മിന്‍ അവകാശങ്ങള്‍ക്കോ ഇന്ത്യക്ക് പുറത്ത് പേജ് ലഭ്യമാകുന്നതിനോ തടസ്സമില്ല. പേജ് ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്ന് മീഡിയവണ്‍ ന്യൂസ് എന്ന പേജിലാണ് മീഡിയവണ്‍ കണ്ടെന്റുകള്‍ ലഭ്യമാക്കുന്നത്.

 

 

 

Related