November 23 Monday 2026

പ്രവാസി ക്ഷേമം കേവല വാഗ്ദാനമല്ല, അവകാശമാണ്: ‘ജനകീയ പ്രവാസി അവകാശരേഖ 2026’ മുന്നോട്ടുവെക്കുന്നത്

കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയുടെ നട്ടെല്ല് പ്രവാസി മലയാളികളാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളോടും കഠിനമായ കാലാവസ്ഥയോടും പടവെട്ടി അവർ നാടുകളിലേക്ക് അയക്കുന്ന സമ്പാദ്യമാണ് ഇന്നത്തെ കേരളത്തിന്റെ വികസന മാതൃകകൾക്ക് അടിത്തറയിട്ടത്. എന്നാൽ, സംസ്ഥാനത്തിന്റെ നിലനിൽപ്പിന് ആധാരമായ പ്രവാസി സമൂഹത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇനിയും കാതലായ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസി വെൽഫെയർ ആൻഡ് കൾച്ചറൽ ഫോറം ഖത്തർ തയ്യാറാക്കിയ ‘ജനകീയ പ്രവാസി അവകാശരേഖ 2026’ പ്രസക്തമാകുന്നത്.
ഓരോ വർഷവും ഏകദേശം 2.17 ലക്ഷം കോടി രൂപയുടെ വിദേശ നാണ്യമാണ് പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്നത്. ബാങ്ക് നിക്ഷേപങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, നിർമ്മാണം, കാർഷിക മേഖല, ടൂറിസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം കേരളം കൈവരിച്ച നേട്ടങ്ങൾക്ക് പിന്നിൽ പ്രവാസി പണത്തിന്റെ സ്വാധീനമുണ്ട്. ഉൽപാദന മേഖല വളരെ കുറഞ്ഞ, തികച്ചും ഒരു ഉപഭോഗ സംസ്ഥാനമായ കേരളം ദിനംപ്രതി കടത്തിലേക്ക് കൂപ്പുകുത്തുമ്പോഴും സമ്പദ്‌വ്യവസ്ഥ തകർന്നുപോകാതെ താങ്ങിനിർത്തുന്നത് ഈ റിമിറ്റൻസിന്റെ(പണം അയക്കൽ) ശക്തി മാത്രമാണ്. എന്നാൽ, മാറിമാറി വന്ന സർക്കാരുകൾ പ്രവാസികളുടെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നതിൽ വേണ്ടത്ര വിജയിച്ചിട്ടില്ല.
തൊഴിൽ നഷ്ടപ്പെട്ട് വെറുംകൈയോടെ മടങ്ങിയെത്തുന്നവർ, കഠിനാധ്വാനം മൂലം ആരോഗ്യം തകർന്ന് തിരിച്ചെത്തുന്നവർ, പ്രവാസലോകത്ത് അകാലത്തിൽ മരണപ്പെടുന്നവരുടെ ആശ്രിത കുടുംബങ്ങൾ തുടങ്ങി ഗുരുതരമായ അവസ്ഥകളിൽ പ്രവാസികളെ ചേർത്തുപിടിക്കാനോ, അവരുടെ ക്രിയാത്മക ശേഷിയും അനുഭവസമ്പത്തും നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്ന സ്ഥിരം സംവിധാനങ്ങൾ പടുത്തുയർത്താനോ ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ലെന്നത് വസ്തുതയാണ്.
സമഗ്രമായ പ്രവാസി നയം രുപീകരിക്കണം
പ്രവാസികളെ നിക്ഷേപകർ, വികസന പങ്കാളികൾ, തൊഴിൽ വിദഗ്ധർ, ആഗോള മേഖലയിൽ  കേരളത്തിന്റെ പ്രതിനിധികൾ, സാംസ്കാരിക സംവേദകർ എന്നീ നിലകളിൽ അവരെ നിർവചിക്കുന്നതുമാവണം  സമഗ്ര പ്രവാസി നയത്തിന്റെ അടിസ്ഥാനം. പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സുരക്ഷ, തൊഴിൽ സുരക്ഷ, നിയമ സുരക്ഷ, ആരോഗ്യ സുരക്ഷ, നൈപുണ്യ വികസനം, നിക്ഷേപം, പുനരധിവാസം, വിദ്യാഭ്യാസം, വനിതാ പ്രവാസി സംരക്ഷണം, യുവ പ്രവാസി ശാക്തികരണം, പ്രവാസികൾക്കായുള്ള ഡിജിറ്റൽ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കണം ഇതിന്റെ ഊന്നലുകൾ.  പ്രവാസികൾക്കായി ഒരു പ്രത്യേക മന്ത്രാലയം  അനിവാര്യാമാണ്. പ്രവാസികളുടെ ജീവിത, തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും, അവർ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും പഠിക്കാനും പരിഹാരം നിർദ്ദേശിക്കാനും ഒരു കമ്മീഷൻ രൂപീകരിക്കണം.
നോർക്കയും പ്രവാസി ക്ഷേമ പദ്ധതികളും;  വേണ്ടത് സമഗ്ര പരിഷ്കാരം
മാറിവരുന്ന പ്രവാസ ജീവിത സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ സമഗ്രമായ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. നോർക്ക കാർഡ് ഇൻഷുറൻസിൽ സ്വാഭാവിക മരണം ഉൾപ്പെടുത്തുകയും  വിദേശത്തു വെച്ച് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന ചെലവ് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുകയും വേണം. ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ പ്രതിമാസ തവണകളായി പ്രീമിയം അടയ്ക്കാൻ അവസരം നൽകണം. ആജീവനാന്ത ആരോഗ്യ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കണം. പ്രവാസി കുടുംബങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ത്രിതല പഞ്ചായത്തുകളിലും  പ്രധാന സർക്കാർ സർവീസ് കേന്ദ്രങ്ങളിലും    “പ്രവാസി ഏകജാലക സേവന കൌണ്ടർ” ആരംഭിക്കണം.
കേരള പ്രവാസി ക്ഷേമ ബോർഡ്:
പ്രവാസി പെൻഷൻ പരിഷ്കരിക്കുകയും പെൻഷൻ തുക കുറഞ്ഞത് 10,000 രൂപയാക്കി ഉയർത്തുകയും വേണം. പെൻഷന് അർഹത നേടിയ വ്യക്തിക്ക് ചെറിയ കുടിശ്ശിക പോലും ഉണ്ടെങ്കിൽ പെൻഷൻ അനുവദിക്കാത്ത സാഹചര്യമുണ്ട്. ഈ ചട്ടം പുനഃപരിശോധിച്ച്, അർഹത നേടിയവർക്ക് കുടിശ്ശിക തീർപ്പാക്കാനുള്ള അവസരം നൽകിയശേഷം പെൻഷൻ അനുവദിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്തണം. അർഹത പൂർത്തിയാക്കിയവർക്ക് സ്വാഭാവികമായി പെൻഷൻ അനുവദിക്കുന്ന  രീതി സ്വീകരിക്കണം. പ്രവാസി പെന്ഷനിൽ ചേരാനുള്ള പ്രായപരിധി ഒഴിവാക്കി   ഏതു പ്രവാസിക്കും ചേരാവുന്ന ഒന്നാക്കി മാറ്റണം.
പുനരധിവാസം, നൈപുണ്യ വികസനം, തൊഴിൽ അവസരങ്ങൾ 
മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി സർക്കാർ  “Comprehensive Pravasi Rehabilitation Policy” രൂപീകരിക്കണം. സാമ്പത്തിക പുനഃസ്ഥാപനം, തൊഴിൽ പുനരധിവാസം, സംരംഭകത്വ സഹായം, മാനസിക പിന്തുണ, സാമൂഹിക പുനഃസംയോജനം എന്നിവ ഉറപ്പാക്കുകയാണ് ഈ നയത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രവാസികളുടെ സമ്പാദ്യവും അനുഭവവും കേരളത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുന്നതിനായി “Pravasi Entrepreneurship Mission” ആരംഭിക്കണം. അതിനായി സ്മാർട്ട് സിറ്റി മോഡലിൽ പ്രവാസികൾക്കായി പ്രത്യേക വ്യവസായ പാർക്കുകൾ ആരംഭിക്കണം. ഗൾഫ് പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് PSC പരീക്ഷകൾ എഴുതാൻ ഓൺലൈൻ പരീക്ഷാ സംവിധാനം  ഒരുക്കുക എന്നത് പരിഗണിക്കണം.. മടങ്ങിയെത്തുന്ന പ്രവാസികളുടെ വിദ്യാഭ്യാസം, തൊഴിൽ പരിചയം, നൈപുണ്യം, നിക്ഷേപ താൽപര്യം എന്നിവ ഉൾപ്പെടുത്തിയ ഡിജിറ്റൽ ഡാറ്റാബേസ് തയ്യാറാക്കുകയും വേണം. തൊഴിൽ ബന്ധിപ്പിക്കൽ, നിക്ഷേപ പദ്ധതികൾ, പരിശീലന പരിപാടികൾ എന്നിവയുടെ ആസൂത്രണത്തിന് ഈ ഡാറ്റാബേസ് അടിസ്ഥാനമാകും.
സുരക്ഷിത കുടിയേറ്റം 
ഉയർന്ന ജോലി വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്നും കൊണ്ടുപോകുന്ന പലരും വിവിധ ചൂഷണങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കും ഇരയാകുന്നു. പ്രവാസം തിരഞ്ഞെടുക്കുന്നവർക്കായി “Safe Migration Awareness Programme” ആരംഭിക്കുകയും, നിലവിലുള്ള യാത്രാപൂർവ പരിശീലന പദ്ധതി (Pre-Departure Orientation Programme) കൂടുതൽ കാര്യക്ഷമമാക്കുകയും വേണം. വിദേശ തൊഴിൽ തേടുന്നവർക്ക് സുരക്ഷിതമായ അവസരങ്ങൾ ഒരുക്കുന്നതിനായി ODEPC (Overseas Development and Employment Promotion Consultants) പോലുള്ള സർക്കാർ നിയന്ത്രണത്തിലുള്ള റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണം. അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളെ കർശനമായി നിയന്ത്രിക്കാനും നിരീക്ഷിക്കാനുമുള്ള നിയമ നിർമ്മാണം നടത്തണം. ഓരോ രാജ്യത്തെയും തൊഴിൽ നിയമങ്ങൾ, താമസ നിയമങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ “Global Pravasi Legal Information Portal” ആരംഭിക്കണം.
പ്രായാധിക്യമുള്ള വിദേശ ജയിലുകളിൽ കഴിയുന്നവരുടെ  കേസുകളിൽ  നിയമപരമായ പുനഃപരിശോധന, നിയമ സഹായം, നയതന്ത്ര ഇടപെടൽ, മാനുഷിക പരിഗണന, നാട്ടിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള സാധ്യതകൾ എന്നിവ  പ്രത്യേകം പരിശോധിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണം.
വനിതാ പ്രവാസികൾ, കുടുംബ ക്ഷേമം, സാമൂഹ്യ സുരക്ഷ:
വനിതാ പ്രവാസികളുടെ പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി “Pravasi Women Support Cell” രൂപീകരിക്കണം. പ്രവാസികുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ “Pravasi Family Support Programme” ആരംഭിക്കണം. വർഷങ്ങളോളം വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിലേക്ക് മടങ്ങുന്ന വയോജന പ്രവാസികൾക്ക് ആരോഗ്യ സംരക്ഷണം, സാമൂഹ്യ സുരക്ഷ, മാനസിക പിന്തുണ എന്നിവ ആവശ്യമാണ്. അതിനായി “Pravasi Senior Care Programme” ആരംഭിക്കണം.
ഭാവി തലമുറയുടെ വിദ്യാഭ്യസത്തിനായി സമഗ്രമായ ഗ്ലോബൽ പ്രവാസി വിദ്യാഭ്യസ നയം 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന മലയാളി പ്രവാസി വിദ്യാർത്ഥികൾക്ക് കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനവുമായി ബന്ധപ്പെടാനും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പ്രയോജനപ്പെടുത്താനും സമഗ്രമായ ഗ്ലോബൽ പ്രവാസി വിദ്യാഭ്യസ നയം രൂപീകരിക്കണം. എൻ .ആർ .ഐ  എന്ന ഓമനപ്പേരിൽ നടക്കുന്ന ഫീസ് കൊള്ള അവസാനിപ്പിക്കണം.  NRI സൗഹൃദ പ്രവേശന സംവിധാനം, വിദേശ രാജ്യങ്ങളിൽ പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ, കേരളത്തിലെ സർവകലാശാലകളുടെ വിദ്യാഭ്യാസ സാധ്യതകൾ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ലഭ്യമാക്കുന്നതിനായി “Global Online Kerala Campus” ആരംഭിക്കുകയും വേണം.. ലോകമെമ്പാടുമുള്ള മലയാളി അധ്യാപകർ, ഗവേഷകർ, ശാസ്ത്രജ്ഞർ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി “Kerala Academic Diaspora Mission (KADM)” രൂപീകരിക്കണം. പ്രവാസി കലാ-സാംസ്കാരിക സംഭാവനകൾക്ക് അംഗീകാരം നൽകുന്നതിനായി  പ്രവാസി കലാ പുരസ്കാരങ്ങൾ, യുവ പ്രതിഭാ പുരസ്കാരങ്ങൾ, സാംസ്കാരിക കൈമാറ്റ പരിപാടികൾ എന്നിവ ആരംഭിക്കണം.
പ്രവാസി സൗഹൃദ സർക്കാർ സേവനങ്ങളും യാത്രാ അവകാശവും
വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സമയബന്ധിതമായ സേവനങ്ങളുടെ അഭാവമാണ്. വിവിധ രാജ്യങ്ങളിലെ ലൈസൻസോടുകൂടി  പ്രവർത്തിക്കുന്ന സർവീസ്സെന്ററുകളെ ഉപയോഗപ്പെടുത്തി  പ്രവാസി അക്ഷയ സർവീസ് സെന്ററുകൾ ആരംഭിക്കണം. പ്രവാസികൾക്കായി “Pravasi Single Window Digital Portal”  തുടങ്ങിയവ വികസിപ്പിക്കണം. അപേക്ഷ സമർപ്പിക്കൽ, അപേക്ഷയുടെ സ്ഥിതി പരിശോധിക്കൽ, സർട്ടിഫിക്കറ്റ് ഡൗൺലോഡ്, പരാതികൾ നൽകൽ, സർക്കാർ പദ്ധതികളുടെ വിവരങ്ങൾ എന്നിവ ഈ പോർട്ടലിലൂടെ ലഭ്യമാക്കണം.
വിമാന യാത്രാ ചെലവ് വർധിക്കുന്നത് പ്രവാസി സമൂഹം വർഷങ്ങളായി ഉന്നയിക്കുന്ന പ്രധാന പ്രശ്നമാണ്.പ്രധാന പ്രവാസി കേന്ദ്രങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ, മത്സരാധിഷ്ഠിത നിരക്കുകൾ, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം. മുൻ മുഖ്യമന്ത്രി  ഉമ്മൻ ചാണ്ടിയുടെ കേരള എയർ എന്ന സ്വപ്നം പൊടിതട്ടിയെടുക്കാൻ  പുതിയ ഗവര്മെന്റിന് സാധിച്ചാൽ അത് അദ്ദേഹത്തോട് ചെയ്യുന്ന വലിയ ആദരവ് കൂടിയാവും. ഉത്സവകാലങ്ങൾ, അവധിക്കാലം, തുടങ്ങി സമയങ്ങളിൽ നോർക്ക മുൻകൈയെടുത്തു ചാർട്ടേർഡ് വിമാന സംവിധാനം ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കണം.
പ്രവാസി നിക്ഷേപം, സംരംഭകത്വം, വികസന പങ്കാളിത്തം:
പ്രവാസി നിക്ഷേപങ്ങളെ കേരളത്തിന്റെ വികസന പദ്ധതികളുമായി ബന്ധിപ്പിക്കുന്നതിനായി “Pravasi Development Investment Policy” രൂപീകരിക്കണം.. “Pravasi Investor Facilitation Centre” ആരംഭിക്കണം. നിക്ഷേപ ഉപദേശം, പദ്ധതി തിരഞ്ഞെടുക്കൽ, അനുമതി, സഹായം, സർക്കാർ പദ്ധതികളുടെ വിവരങ്ങൾ എന്നിവ ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കണം. പ്രവാസി നിക്ഷേപകരെ ലക്ഷ്യമാക്കി “Pravasi Industrial Parks” സ്ഥാപിക്കണം. യുവപ്രവാസികളുടെയും പ്രൊഫഷണലുകളുടെയും കഴിവുകൾ ഉപയോഗപ്പെടുത്താൻ “Pravasi Startup Mission” ആരംഭിക്കണം. പ്രവാസികൾക്ക് വിശ്വാസത്തോടെ നിക്ഷേപിക്കാൻ കഴിയുന്ന “Pravasi Savings & Investment Schemes” ആരംഭിക്കണം. ദീർഘകാല സമ്പാദ്യ പദ്ധതി, ഭവന നിക്ഷേപ പദ്ധതി, പെൻഷൻ സുരക്ഷാ പദ്ധതി, വികസന ബോണ്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്താം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ “Kerala Pravasi Development Bond” പരിഗണിക്കണം.
ജനാധിപത്യ പങ്കാളിത്തവും പ്രതിനിധാനവും:
പ്രവാസികൾക്ക് തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വോട്ടവകാശം ഉറപ്പാക്കണം. കേരളത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന് നിയമനിർമ്മാണ സഭയിൽ അർഹമായ പ്രതിനിധാനം നൽകണം. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ഉണ്ടായിരുന്ന മാതൃകയിൽ പ്രത്യേക പ്രവാസി പ്രതിനിധി നിയമസഭയിൽ ഉണ്ടാകുന്നതിനുള്ള സാധ്യത പരിശോധിക്കണം. പുതിയ പ്രവാസി നയങ്ങൾ രൂപീകരിക്കുമ്പോൾ പ്രവാസി സംഘടനകൾ, തൊഴിലാളി പ്രതിനിധികൾ, വനിതാ പ്രവാസി പ്രതിനിധികൾ, വിദഗ്ധർ, അക്കാദമിക് സമൂഹം എന്നിവരുടെ അഭിപ്രായങ്ങൾ ഘടനാപരമായി ഉൾപ്പെടുത്തണം.
പുതുയുഗ കേരളത്തെ കുറിച്ച് സംസാരിക്കുന്ന ഭരണകൂടം പ്രവാസികളെ കൂടി ചേർത്ത് പിടിച്ചാണ് മുന്നോട്ട് പോകേണ്ടത് . പ്രവാസികളുടെ സമ്പത് മാത്രമല്ല അവന്റെ അറിവും അനുഭവവും  നാടിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തണം. അവന്റെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തണം. പതിറ്റാണ്ടുകളായി പുറം നാടുകളിൽ പണിയെടുത്തവൻ നാട്ടിലേക്ക് തിരിച്ചുവരുമ്പോൾ അവനെ ചേർത്ത് പിടിക്കാൻ, അവന്റെ പ്രശ്ങ്ങളെ അഡ്രെസ്സ് ചെയ്യാൻ ഒരു ഭരണകൂടത്തിന് സാധിക്കുമ്പോൾ മാത്രമേ അവരോടു അന്തസ്സുള്ള നിലപാട് സ്വീകരിക്കുന്ന  നാടായി  നമ്മുടെ  നാടിന് മാറാൻ കഴിയുകയുള്ളു  എന്ന തിരിച്ചറിവും നമ്മുക്ക് ഉണ്ടാവണം.
(പ്രവാസി വെൽഫെയർ ഖത്തർ പ്രസിഡന്റ്‌ ആണ് ലേഖകൻ)

Related