നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമുദായ സംഘടനാ നേതാക്കള്‍ ഇടപെട്ടതിനെ ചിലര്‍ വിമര്‍ശിച്ചതായി കണ്ടു. ഇന്ത്യന്‍ മുസ്ലിംകളുടെ വിഷയത്തില്‍ ഇവരൊന്നും ഇടപെടാത്തതാണ് വിമര്‍ശനത്തിന്റെ മര്‍മം എന്ന് മനസ്സിലാക്കുന്നു. അത് മുഖവിലക്കെടുത്തുകൊണ്ടു തന്നെ എന്തുകൊണ്ട് ഈ സംഘടനാനേതാക്കള്‍ക്ക് ഇങ്ങനെയൊരു ഇടപെടല്‍ നടത്താന്‍ കഴിയുന്നു എന്നതിനെക്കുറിച്ച് ആലോചിക്കണമെന്നു തോന്നുന്നു. ആ ചര്‍ച്ച ഒരു വ്യവസ്ഥയെന്ന നിലയില്‍ ജനാധിപത്യത്തിന്റെ ആന്തരിക ദൗര്‍ബല്യത്തിലേക്ക് വെളിച്ചം വീശിയേക്കും.
കഴിഞ്ഞ വര്‍ഷവും ഈ വിഷയത്തില്‍ സമാനമായ ഒരു ചര്‍ച്ച കേരളത്തില്‍ ഉയര്‍ന്നുവന്നിരുന്നു. സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഭീമമായ തുക മലയാളികളുടെ കൂട്ടായ പരിശ്രമം കൊണ്ട് സംഭരിച്ചതായിരുന്നു അന്നത്തെ വിഷയം. ശരീഅത്തിനെയും ഇസ്ലാമിക നിയമങ്ങളെയും സംബന്ധിച്ച തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കാനും അതുവഴി മുസ്ലിം വിരുദ്ധ പ്രചാരണത്തിനും ചിലര്‍ അക്കാലത്ത് ശ്രമിക്കുകയുണ്ടായി. ഇപ്പോഴും നടക്കുന്നു.
‘ബ്ലഡ് മണി’ എന്നറിക്കപ്പെടുന്ന ‘ദിയാധന’ത്തെ പൈശാചികവല്‍ക്കരിച്ചും അടിസ്ഥാന സങ്കല്പങ്ങളെ ചോദ്യം ചെയ്തുമായിരുന്നു അന്നത്തെ ചര്‍ച്ചകള്‍ വികസിച്ചത്. സൗദിയിലെ നിയമത്തിന്റെ പ്രത്യേകതയെന്നതിനേക്കാള്‍ ഇസ്‌ലാമിക ശരിഅത്തിന്റെ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യാനും പരിഹസിക്കാനുമായിരുന്നു ആ അവസരം ഇസ്‌ലാമോഫോബിക് പ്രചാരകര്‍ ഉപയോഗപ്പെടുത്തിയത്. മുസ്‌ലിംകളുടെ ‘അസഹിഷ്ണുത’, ‘പിന്തിരിപ്പത്തം’, ‘വിവേചനം’, ‘കാടത്തം’ തുടങ്ങിയവയായിരുന്നു അക്കാലത്ത് ചര്‍ച്ച ചെയ്യപ്പെട്ട മറ്റു തീമുകള്‍.

ഇസ്ലാമിലെ വലിയൊരു അനീതിയായി അവതരിപ്പിക്കുന്ന ഒന്നാണ് വധശിക്ഷ ഒഴിവാക്കുന്നതിന് പകരം ഈടാക്കുന്ന ‘ബ്ലഡ് മണി’ അഥവാ ‘ദിയാ ധനം’. അറബിയില്‍ ‘ദിയ’ എന്നാല്‍ ‘നഷ്ടപരിഹാര’മെന്നാണ് അര്‍ത്ഥം. (ഇംഗ്ലീഷില്‍ കോംപന്‍സേഷന്‍). അറബിയില്‍നിന്ന് ഇതര ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തുവരുന്നതിനിടയിലാണ് ‘ദിയ’ എന്ന വാക്കിന് ‘ബ്ലഡ് മണി’ എന്ന അര്‍ഥം ലഭിച്ചത്. പല ഇംഗ്ലീഷ്-ഖുര്‍ആന്‍ വ്യാഖ്യാനങ്ങളും ‘നഷ്ടപരിഹാര’വും ‘ബ്ലഡ് മണി’യും മാറി മാറി ഉപയോഗിക്കുന്നു. അറബിയില്‍ ‘ദിയ’ എന്ന വാക്ക് വികസിച്ചു നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ‘ബ്ലഡ് മണി’ എന്ന വാക്ക് ഉണ്ടായതുതന്നെ (അവലംബം: ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടു). 1500 കളിലാണ് ഈ വാക്ക് ആദ്യമായി ഇംഗ്ലീഷില്‍ ആധികാരികമായി പ്രത്യക്ഷപ്പെട്ടത്, അതും ‘തെറ്റായ വഴിയിലൂടെ നേടുന്ന പണം’ എന്ന അര്‍ഥത്തില്‍. അതിനും എത്രയോ നൂറ്റാണ്ടിനുശേഷമാണ് ‘ദിയ’ എന്ന വാക്കിന് ‘ബ്ലഡ് മണി’ എന്ന അര്‍ഥം ലഭിക്കുന്നത്. ദിയ ധനത്തോടുള്ള അറപ്പിന്റെ ഒരു ഘടകം ഇതാണ്. 1649 ലാണ് ഖുര്‍ആന്റെ ആദ്യ ഇംഗ്ലീഷ് വിവര്‍ത്തനം വരുന്നത്. അലക്സാണ്ടര്‍ റോസ് എന്നയാളാണ് ഫ്രഞ്ചില്‍ നിന്നു ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം നടത്തിയത് എന്നതും കൂട്ടി വായിക്കുക.
ഈ വിഷയത്തില്‍ നമ്മുടെ സമൂഹത്തിന് പാഠമാകേണ്ട രണ്ട് കാര്യങ്ങളാണുള്ളത് –
ഒന്ന്, ശിക്ഷാനടപടിയുമായി ബന്ധപ്പെട്ട് സിവില്‍ സമൂഹത്തിന് ഇടെപടാനുള്ള സാധ്യത. മറ്റൊന്ന്, അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനുള്ള പരമാധികാരം.
നിമിഷയുടെ കേസില്‍ ദിയാധനം സ്വീകരിക്കാന്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം തയ്യാറാവാത്തതാണ് അവരുടെ മോചനത്തിന് തടസ്സമായത്. അതിനുള്ള സാധ്യതകളാണ് ഇപ്പോള്‍ സമുദായ സംഘടനാ നേതാക്കള്‍ ആരായുന്നത്. കുടുംബത്തെ മാത്രമല്ല, കുടുംബമുള്‍പ്പെട്ട സമുദായത്തിന്റെ (ഗോത്രത്തിന്റെ) നേതാക്കന്മാരെക്കൂടി കാണാന്‍ ശ്രമിച്ചതായാണ് അറിവ്. അതായത് അവസാന തീരുമാനമെടുക്കുന്നതില്‍ കുടുംബത്തിനു മാത്രമല്ല സമുദായത്തിനുംകൂടി പങ്കുണ്ട്.
ഒരു വ്യക്തിക്കെതിരെ ആധുനിക ഭരണകൂടത്തിനു നല്‍കാവുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണ് വധശിക്ഷ. മറ്റൊരാളുടെ ജീവനെടുക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന ഈ ശിക്ഷയില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ അവസാന തീരുമാനമെടുക്കുന്നത് കുടുംബമാണ് എന്നതാണ് അറേബ്യന്‍ നിയമത്തിന്റെ സവിശേഷത. പല മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇതേ രീതി നിലനില്‍ക്കുന്നു. എന്നാല്‍, പല ജനാധിപത്യ രാജ്യങ്ങളിലും വധശിക്ഷ ഇളവു ചെയ്യാനുള്ള അധികാരം ഭരണകൂടത്തിനാണ്. ഇന്ത്യയിലത് രാഷ്ട്രപതിയില്‍ നിക്ഷിപ്തമായിരിക്കുകയാണ്. എന്നാല്‍, മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബവും പ്രതിയും തമ്മിലുള്ള നീക്കുപോക്കിന് (കോടതിയില്‍ കുറ്റം തെളിഞ്ഞാലും) സാധ്യതയുണ്ട്. വധശിക്ഷയുടെ കാര്യത്തില്‍ എല്ലാ സന്ദര്‍ഭങ്ങളിലും പരമാധികാര ശക്തിയായി ഇടപെടാനുള്ള അവകാശം ഭരണകൂടത്തിനില്ലെന്നാണ് ഇതിനര്‍ഥം. എന്നാല്‍, നമ്മുടെ പോലുള്ള ജനാധിപത്യ രാജ്യങ്ങളില്‍ അങ്ങനെയൊരു സാധ്യത പോലും നിലവിലില്ല. രാജീവ് വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതിയായ നളിനിക്ക് മാപ്പ് നല്‍കാന്‍ ഗാന്ധി കുടുംബം തയ്യാറായിരുന്നു. സോണിയാഗാന്ധി നളിനിയെ ജയിലില്‍ സന്ദര്‍ശിക്കുകയും ചെയ്തു. തുടര്‍ന്ന് തമിഴ്‌നാട് സംസ്ഥാന കാബിനറ്റ് നടത്തിയ ശുപാര്‍ശകൂടി പരിഗണിച്ചാണ് നളിനിയുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ചുരുക്കിയത്. എന്നാല്‍, മിഡിലീസ്റ്റ് രാജ്യങ്ങളില്‍ കൊലചെയ്യപ്പെട്ടയാളുടെ കുടുംബത്തില്‍ ഈ അവകാശം വ്യവസ്ഥാപിതമായിത്തന്നെ ലഭ്യമാണ്.
മറ്റൊന്ന്, നിയമവ്യവസ്ഥയില്‍ ഇടപെടുന്നതില്‍ സമുദായത്തിനും പൊതുസമൂഹത്തിനും ലഭിക്കുന്ന സാധ്യതയാണ്. നിമിഷയുടെ കേസില്‍ വധശിക്ഷയില്‍ ഇളവു വരുത്തുന്നതിനുള്ള ഇടപെടല്‍ നടത്താന്‍ മുന്‍പന്തിയിലുള്ളത് കേരളത്തിലെ സിവില്‍സമൂഹമാണ്. അവരാണ് പണം ശേഖരിച്ച് മറ്റൊരു രാജ്യത്തെ ജയിലില്‍ തടവില്‍ കഴിയുന്നയാളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.
ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഏറ്റവും സുപ്രധാനമായ സ്വാധീന ഘടകമാണ് സമുദായവും കുടുംബവും. എന്നാല്‍, ഏറ്റവും സുപ്രധാനമായ ഒരു കാര്യത്തില്‍ അഭിപ്രായം പറയാനും ഇടപെടല്‍ നടത്താനുള്ള അവകാശം ഈ യൂണിറ്റുകള്‍ക്കില്ല – എന്നാല്‍, പല മുസ്ലിം രാജ്യങ്ങളും ഈ അവകാശം വകവെച്ചു കൊടുക്കുന്നു. നമ്മുടെ രാജ്യത്തും കുടുംബങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ഒരര്‍ഥത്തില്‍ ഇങ്ങനെ ഇടപെടാനുള്ള കഴിവുണ്ടന്ന് നമുക്കറിയാം – പക്ഷേ, അതില്‍ നിന്ന് കീഴാള സമൂഹം ഒഴിച്ചു നിര്‍ത്തപ്പെട്ടിരിക്കയാണ്. കേരളത്തിലെ ഏതാനും മുസ്ലിം സമുദായ നേതാക്കള്‍ ഇത്തരം ഇടപെടല്‍ നടത്തുമ്പോള്‍ നാം ചോദിക്കേണ്ടത് എന്തുകൊണ്ട് ഇന്ത്യയില്‍ നമുക്കീ അവകാശം ലഭിക്കുന്നില്ലെന്നാണ്. എങ്കില്‍, ജനാധിപത്യ സങ്കല്പത്തെ അത് ശക്തിപ്പെടുത്തും.
(ഇസ്‌ലാമോ ഫോബിയ റിസര്‍ച്ച് കളക്റ്റീവിന്റെ ഇസ്ലാമോഫോബിയ റിപോര്‍ട്ട് – 2024 ല്‍(മീഡിയാവണ്‍) ഉള്‍പ്പെടുത്തിയ നിരീക്ഷണങ്ങളെ അവലംബിച്ച് എഴുതിയ കുറിപ്പ്)
