ഒഴിവു സമയം ചിലവഴിക്കലിന്റെയും വിനോദസഞ്ചാരത്തിന്റെയും മലബാറിലെ പ്രധാന കേന്ദ്രമാണ് കോഴിക്കോട് ബീച്ച്. അറബിക്കടലിലേക്ക് സൂര്യ കിരണങ്ങള്‍ മാഞ്ഞുപോകുമ്പോള്‍, കടല്‍ത്തീരമാകെ മനുഷ്യസഞ്ചയത്താല്‍ ഉണര്‍ന്നു നില്‍ക്കും. ചെറുകടകളില്‍ നിന്ന് ചായയുടെയും പലഹാരങ്ങളുടെയും കപ്പലണ്ടിയുടെയുമൊക്കെ മണങ്ങള്‍ കടല്‍ക്കാറ്റുമായി ചേര്‍ന്ന് പ്രത്യേക അനുഭൂതി നല്‍കും. രാത്രിയില്‍ കടകളിലെയും ബീച്ചിലെ തെരുവ്
വിളക്കിന്റെയും വെളിച്ചത്തില്‍ കുട്ടികളും വലിയവരും കുടുംബത്തോടും സുഹൃത്തുക്കളുമോടൊപ്പവും കടല്‍ക്കാറ്റ് കൊണ്ടിരിക്കും. ചരിത്രത്തിന്റെ സ്മരണകളാല്‍ സമ്പന്നമായ ഈ തീരം ഒരുകാലത്ത് വൈദേശിക വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു. ഇന്ന് സാംസ്‌കാരികോത്സവങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും സാക്ഷിയാകുന്ന തുറന്ന വേദികൂടിയാണ്. വിശ്രമവും സൗഹൃദവും സ്വപ്നങ്ങളും വാര്‍ത്തെടുക്കുന്ന സന്ധ്യയില്‍ ആരും കാണാതെയും, കണ്ടാല്‍ മുഖം ചുളിച്ചും കടന്ന് പോകുന്ന മറ്റൊരു കാഴ്ച കൂടിയുണ്ട് കോഴിക്കോട് ബീച്ചിന്. കാണുന്ന തിരകള്‍ക്കിപ്പുറമുള്ള കാണാത്ത തീരം.
ബീച്ചിലൂടെ ക്യാമറയും തൂക്കിയുള്ള പ്രഭാത നടത്തത്തില്‍ സാധാരണ നോക്കിയിരിക്കുന്ന തിരയേക്കാള്‍ അധികം ശ്രദ്ധിക്കാത്ത തീരത്തെയാണ് എന്റെ ക്യാമറ കണ്ണുകള്‍ തിരഞ്ഞത്. നേരം പുലരുന്നേയുള്ളൂ. ഒരുപാട് വഴിയോര കച്ചവടക്കാരും അന്തിയുറങ്ങാന്‍ തെരുവിലേക്കിറങ്ങേണ്ടി വന്നവരുമൊക്കെ കടല്‍ തീരത്ത് ഉറക്കത്തിലായിരുന്നു. കാഴ്ചകളൊക്കെ പകര്‍ത്തി കോഴിക്കോട് ഹാര്‍ബറിലേക്ക് നടക്കുമ്പോഴാണ് ത്രീ ഫോര്‍ത്തും ബനിയനുമൊക്കെ ഇട്ട് കൈകളില്‍ നിറയെ പച്ചകുത്തിയ ജിജോയെന്ന ചെറുപ്പക്കാരനെ എന്റെ കാമറയില്‍ ക്ലിക്കായത്. അയാളിലൂടെയാണ് തിരക്കിപ്പുറത്തെ നാം ശ്രദ്ധിക്കാതെ പോകുന്ന തീരത്തെ കേട്ടതും കണ്ടതും.
കോഴിക്കോട്ടെ അഴുക്ക് ചാലിലെ വെള്ളം ഒഴുകി എത്തുന്നത് ബീച്ചിലേക്കാണ്. പൊതു ശുചിമുറികളിലെയും വീടുകളിലെയും കടകളിലെയുമൊക്കെയുള്ള അഴുക്ക് വെള്ളത്തിന്റെ ചാലുകളുടെ പാത നീളുന്നത് ഇവിടെക്കാണ്. ഹാര്‍ബറിലേക്ക് കടക്കുന്ന ഭാഗത്തെ കടലും കരയും മലിനമാണ്. വെള്ളത്തിന്റെയും മണലിന്റെയും നിറവും മണവും ഒരുപോലെ മാലിന്യത്തിന്റെ ആഴം മനസ്സിലാക്കിത്തരുന്നവയാണ്. അവിടെ നില്‍ക്കുന്നതുതന്നെ അസ്വസ്ഥപ്പെടുത്തും. ജിജോയും സുഹൃത്തുക്കളും ചേര്‍ന്ന് തീരത്തിനടുത്ത് കുറ്റിക്കാട്ടില്‍ ഒന്നിച്ചിരിക്കാനായി ഉണ്ടാക്കിയ ഇരിപ്പിടം തലേന്ന് രാത്രി സാമൂഹിക വിരുദ്ധര്‍ പൊളിച്ചുവത്രേ. അതിന്റെ ബാക്കിയെന്നോണം മദ്യക്കുപ്പികളും സിഗരറ്റ് പാക്കറ്റുകളും ആ വെള്ളത്തില്‍ ഒഴുകുന്നുണ്ടായിരുന്നു. ഹാര്‍ബാറിനെയും ബീച്ചിനെയും വേര്‍ത്തിരിക്കുന്ന കരിങ്കല്ല് കടന്ന് ചെന്നപ്പോള്‍ കണ്ടത് മാലിന്യ കൂമ്പരമാണ്. ഭക്ഷണത്തിന്റെയും, പ്ലാസ്റ്റിക് കവറുകള്‍ മുതല്‍ കുട്ടികളുടെ ഡെയപ്പറുകള്‍ വരെ കുന്ന് കൂടി കിടക്കുന്നു. അവക്കിടയിലൂടെയുള്ള നടത്തം അസഹ്യമായിരുന്നു. ബീച്ചിനോട് ചേര്‍ന്ന് കിടക്കുന്ന വനംവകുപ്പിന് കീഴിലെ ചതുപ്പിലെ കണ്ടല്‍ പ്രദേശം പൂര്‍ണമായും മലിനമായി കിടക്കുകയാണ്. കണ്ട് കഴിഞ്ഞാല്‍ മുഖം തിരിച്ചു പോകുന്ന (അറപ്പുളവാക്കുന്ന) തരത്തില്‍ ചപ്പ് ചവറുകള്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നു. മാലിന്യത്തില്‍ മുങ്ങിക്കിടക്കുകയാണ് ആ സര്‍ക്കാര്‍ ഭൂമി.
കോഴിക്കോട് കടപ്പുറം ഇന്ന് ഒരു പരിസ്ഥിതി ദുരന്തത്തിന്റെ ലൈവ് ഡോക്യുമെന്റാണ്. കടല്‍ക്ഷോഭം തടയാനിട്ട പാറക്കല്ലുകള്‍ക്കിടയിലൂടെ ഒഴുകുന്ന മലിനജലം. കുന്നുകൂടിയ പ്ലാസ്റ്റിക്. കത്തിയ മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍. ഇതൊന്നും ഒറ്റപ്പെട്ട കാഴ്ചകളല്ല. ഔദ്യോഗിക കണക്കുകളും നിയമങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍, ഇത് ഒരു നീണ്ടുനില്‍ക്കുന്ന മനുഷ്യന്റെ സാമൂഹിക ബോധത്തിന്റെ തകര്‍ച്ചയുടെയും ആസൂത്രണമില്ലായ്മയുടെയും ഫലമാണെന്ന് വ്യക്തമാണ്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (CPCB) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ദിവസേന പതിനായിരം ടണ്‍ മുതല്‍ പതിനൊന്നായിരം ടണ്‍ വരെ ഘരമാലിന്യമാണ് (Solid Waste) ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ ഏകദേശം 69 ശതമാനം ജൈവ വിസര്‍ജ്ജ്യ മാലിന്യവും, പന്ത്രണ്ടു മുതല്‍ പതിനഞ്ചുവരെ ശതമാനം പ്ലാസ്റ്റിക് മാലിന്യവുമാണ്. നഗരപ്രദേശങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന മാലിന്യത്തിന്റെ മുഴുവന്‍ അളവും ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുന്നില്ല എന്നതാണ് ഔദ്യോഗിക ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. കോഴിക്കോട് നഗരവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. കോര്‍പറേഷന്റെ തന്നെ ആഭ്യന്തര റിപ്പോര്‍ട്ടുകള്‍ പ്രകാരം, നഗരത്തില്‍ നിന്നുള്ള മുഴുവന്‍ മാലിന്യവും ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുന്ന സംവിധാനം ഇന്നും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല.
Solid Waste Management Rules, 2016, Water (Prevention and Control of Pollution) Act, 1974 എന്നിവ പ്രകാരം ഡ്രെയിനേജുകള്‍ കടലിലേക്ക് തുറക്കുന്നത് നിയമവിരുദ്ധമാണ്. എന്നിരിക്കെ ശുദ്ധീകരിക്കാത്ത മലിനജലം നേരിട്ട് ജലാശയങ്ങളിലേക്കൊഴുക്കി കൊണ്ടിരിക്കുകയാണ്. നഗരസഭകള്‍ക്ക് മലിനജലം ശുദ്ധീകരിക്കുന്ന STP (Sewage Treatment Plant) സംവിധാനം നിര്‍ബന്ധമാണ്. എന്നിട്ടും കോഴിക്കോട് കോര്‍പറേഷനില്‍ കടലിലേക്കൊഴുകുന്ന പല തോടുകളും ശുദ്ധീകരണമില്ലാത്ത ഡ്രെയിനേജുകളാണ്. ഇത് നിയമലംഘനം മാത്രമല്ല, പൊതുജനാരോഗ്യത്തിന് നേരെയുള്ള തുറന്ന ഭീഷണിയുമാണ്.
ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ (UNEP) കണക്കുകള്‍ പ്രകാരം, ഒരു പ്ലാസ്റ്റിക് കവറിന് 400-500 വര്‍ഷം വരെ പ്രകൃതിയില്‍ നിലനില്‍ക്കാനാകും. ഇന്ത്യയില്‍ ഓരോ വര്‍ഷവും 30 ലക്ഷം ടണ്‍നുമേല്‍ പ്ലാസ്റ്റിക് മാലിന്യം പരിസ്ഥിതിയിലെത്തുന്നു. കോഴിക്കോട് കടപ്പുറത്ത് കാണുന്ന ഡയപ്പറുകളും മള്‍ട്ടി-ലെയര്‍ പ്ലാസ്റ്റിക്കുകളും Plastic Waste Management Rules, 2016 പ്രകാരം നിരോധിത വിഭാഗത്തില്‍പ്പെടുന്നവയാണ്. ഇവ ശേഖരിക്കാനും സംസ്‌കരിക്കാനും നഗരസഭകള്‍ക്ക് വ്യക്തമായ ഉത്തരവാദിത്വമുണ്ട്. പ്ലാസ്റ്റിക്കുകള്‍ കടലിലെ ശാശ്വത സാന്നിധ്യമായി നിലനില്‍ക്കും.
പ്ലാസ്റ്റിക് കത്തിക്കല്‍ National Green Tribunal (NGT) ഉത്തരവുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. കത്തിയ പ്ലാസ്റ്റിക്കില്‍ നിന്ന് പുറപ്പെടുന്ന ഡയോക്‌സിന്‍, ഫ്യൂറാന്‍ പോലുള്ള വിഷവാതകങ്ങള്‍ കാന്‍സര്‍ വരെ കാരണമാകുന്നവയാണ്. കടപ്പുറത്തെ കത്തിയ മാലിന്യകൂമ്പാരങ്ങള്‍ നിയമങ്ങളെ നോക്കുകുത്തിയാകുന്നതിന്റെ തെളിവാണ്. ഈ കുറ്റകൃത്യം കണ്ടിട്ടും നടപടിയില്ലാത്തത് ആരുടെ ഉത്തരവാദിത്വമില്ലായ്മ തന്നെയാണ്.
കടപ്പുറത്ത് വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവറിന്റെ സഞ്ചാരം മണല്‍ തിട്ടയില്‍ ചെന്നവസാനിക്കുന്നില്ല. മഴവെള്ളത്തിലൂടെയും ചാലുകളികളിലൂടെയും അത് കടലിലേക്ക് എത്തുന്നു. പ്ലാസ്റ്റിക് വിഘടിക്കപ്പെടുന്നില്ല, അത് മൈക്രോ പ്ലാസ്റ്റിക് ആയി പൊടിഞ്ഞ് കടല്‍ജലത്തില്‍ ലയിക്കുന്നു. പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ഇന്ത്യന്‍ തീരപ്രദേശങ്ങളിലെ മത്സ്യങ്ങളില്‍ വലിയ തോതില്‍ മൈക്രോ പ്ലാസ്റ്റിക് അംശങ്ങളുണ്ടെന്നാണ്. ഇത് കടല്‍ജീവികള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും നേരിട്ടുള്ള ഭീഷണിയാണ്. കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ മനുഷ്യന്റെ ഭക്ഷണ ശൃംഖലയിലേക്കാണ് എത്തുന്നത്. കടല്‍ നിശ്ശബ്ദമായി മനുഷ്യനിലേക്ക് വിഷം തിരിച്ചുനല്‍കുകയാണ്.
ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലുകള്‍ പ്രകാരം കടപ്പുറ പ്രദേശങ്ങളില്‍ മലിനജലവുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ചര്‍മ്മരോഗങ്ങളും വയറിളക്ക രോഗങ്ങളും 23 ഇരട്ടിവരെ കൂടുതലാണ്. ഭൂഗര്‍ഭജലം മലിനമാകുന്നത് ഗുരുതര പ്രശ്‌നമായി മാറിയിട്ടുണ്ട്. കുടിവെള്ള ക്ഷാമം, ചര്‍മ്മരോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവ തീരദേശ സമൂഹങ്ങളില്‍ വര്‍ധിച്ചുവരുന്നു. തീരദേശ പ്രദേശങ്ങളില്‍ മലിനീകരണം വര്‍ധിക്കുമ്പോള്‍ മത്സ്യസമ്പത്തിന്റെ ഗുണനിലവാരവും കുറയുന്നു. മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് മത്സ്യസമ്പത്ത് കുറയുന്നതോടെ ഉപജീവനവും ആരോഗ്യവും ഒരേസമയം നഷ്ടമാകുന്നു.
മാലിന്യങ്ങള്‍ കടല്‍ച്ചെടികളെയും കണ്ടല്‍ച്ചെടികളെയും നശിപ്പിക്കുന്നു. ഇവ തീരത്തിന്റെ സ്വാഭാവിക പ്രതിരോധ കവചങ്ങളാണ്. ഈ കവചം ഇല്ലാതാകുമ്പോള്‍ തീരക്ഷയം വര്‍ധിക്കുന്നു, കടല്‍ക്ഷോഭങ്ങളുടെ ആഘാതം കൂടുതല്‍ ശക്തമാകുന്നു. ഓരോ വര്‍ഷവും കേരളത്തിന്റെ തീരരേഖ ചില ഭാഗങ്ങളില്‍ മീറ്ററുകള്‍ക്കണക്കിന് പിന്നോട്ട് നീങ്ങുന്നതായി പരിസ്ഥിതി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാലിന്യങ്ങള്‍ നിറഞ്ഞ ഡ്രെയിനുകള്‍ മഴക്കാലത്ത് അടഞ്ഞുപോകുന്നു. ഫലമായി നഗരങ്ങളില്‍ വെള്ളക്കെട്ടും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. പിന്നീട് അതിനെ ‘പ്രകൃതിദുരന്തം’ എന്ന് വിളിച്ച് മനുഷ്യന്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. എന്നാല്‍, അത് മനുഷ്യന്‍ തന്നെ സൃഷ്ടിച്ച ദുരന്തങ്ങളാണ് എന്നതാണ് യാഥാര്‍ഥ്യം. കോര്‍പറേഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആരോഗ്യവകുപ്പ് എന്നിവക്കെല്ലാം നിയമപരമായ ചുമതലകളുണ്ട്.
കോഴിക്കോട് കടപ്പുറം രേഖപ്പെടുത്തുന്ന പരിസ്ഥിതി കുറ്റകൃത്യം, മനുഷ്യന്‍ പ്രകൃതിയോട് ചെയ്തുകൊണ്ടിരിക്കുന്ന അതിക്രമങ്ങളുടെ തുറന്ന അന്വേഷണരേഖയായി മാറിയിരിക്കുന്നു. മണല്‍ത്തിട്ടകളില്‍ പടര്‍ന്നുകിടക്കുന്ന മാലിന്യങ്ങള്‍ കാഴ്ചയിലെ മലിനത മാത്രമല്ല അവ പരിസ്ഥിതി തകര്‍ച്ചയുടെ കണക്കുകള്‍ കൂടിയാണ്, മറയ്ക്കാന്‍ കഴിയാത്ത തെളിവുകളാണ്.
