മാര്‍ച്ച് 15 ന് ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തില്‍ ചിലേടങ്ങളില്‍ നിന്നുയര്‍ന്ന ചോദ്യമാണ്, ” എന്തുകൊണ്ട് ‘ഇസ്‌ലാമോഫോബിയ’ എന്ന പദം മാത്രം ആഗോള രാഷ്ട്രീയ-സാമൂഹിക ചര്‍ച്ചകളില്‍ പ്രധാനമായി ഉയരുന്നു? ഹിന്ദുഫോബിയ, ക്രിസ്ത്യന്‍ഫോബിയ, സിക്ക് ഫോബിയ തുടങ്ങിയ പദങ്ങള്‍ എന്തുകൊണ്ട് അത്ര വ്യാപകമല്ല?”. ലോകത്ത് പലേടത്തും പല മതങ്ങളോടും സമുദായങ്ങളോടും വര്‍ണ്ണങ്ങളോടും വിദ്വേഷം നില നില്‍ക്കുന്നുണ്ട് എന്നത് വസ്തുകയാണ്. അതായിരിക്കെ എന്താണ് ഇസ്‌ലാമോഫോബിയ മാത്രം അന്താരാഷ്ട്ര രാ്രഷ്ട്രീയ പ്രശ്‌നമാകുന്നു എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
ഇസ്‌ലാമോഫോബിയ എന്നത് മുസ്‌ലിം സമുദായത്തോടോ ഇസ്‌ലാം മതത്തോടോ ഉള്ള യുക്തിരഹിതമായ ഭയമോ വിദ്വേഷമോ മാത്രമായി കാണാനാവില്ല. മറിച്ച്, മുസ്‌ലിം വ്യക്തിത്വങ്ങളെയും മൂല്യങ്ങളെയും ആധുനികതയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമായി ചിത്രീകരിക്കുന്ന ഒരു വ്യവസ്ഥാപിത പ്രത്യയശാസ്ത്രമാണിത്. ഇതിനെ ‘വംശീയതയുടെ പുതിയ രൂപം’ (Cultural Racism) എന്നാണ് പല സാമൂഹിക ശാസ്ത്രജ്ഞരും വിശേഷിപ്പിക്കുന്നത്. മറ്റ് മതവിദ്വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇസ്‌ലാമോഫോബിയയ്ക്ക് ഒരു ‘ഇന്റര്‍നാഷണല്‍ ലീഗല്‍ സ്റ്റാറ്റസ്’ കൈവന്നിട്ടുണ്ട്.
ഇസ്‌ലാമോഫോബിയ എന്ന പദം 20-ാം നൂറ്റാണ്ടിന്റെ അവസാനം കൂടുതല്‍ പ്രചാരത്തിലായി. പ്രത്യേകിച്ച് 1997-ലെ Runnymede Trust റിപ്പോര്‍ട്ട് ഈ പദത്തെ അക്കാദമിക്-പൊളിറ്റിക്കല്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നു. ഇത് ഒരു ആഗോള രാഷ്ട്രീയ ടേം ആക്കി മാറ്റുന്നതില്‍ 2001 സെപ്റ്റംബര്‍ 11-ലെ സംഭവങ്ങള്‍ വലിയ പങ്ക് വഹിച്ചു. ഇതിനെത്തുടര്‍ന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘War on Terror’ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടന്ന അധിനിവേശങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ‘ഇസ്ലാം ഒരു സുരക്ഷാ ഭീഷണിയാണ്’ എന്ന ബോധം ലോകമെമ്പാടും വ്യാപിപ്പിക്കേണ്ടത് അധിനിവേശ ശക്തികളുടെ ആവശ്യമായിരുന്നു. ചരിത്രത്തില്‍ മറ്റൊരു മതവിഭാഗവും സമീപകാലത്ത് ഇത്തരമൊരു ആഗോള സൈനിക നീക്കത്തിന് ഇരയായിട്ടില്ല.
എന്തുകൊണ്ടാണ് ഹിന്ദുഫോബിയയോ സിക്ക് ഫോബിയയോ ക്രിസ്ത്യന്‍ ഫോബിയയോ ഇതേ തലത്തില്‍ ആഗോള രാഷ്ട്രീയ ചര്‍ച്ചകളില്‍ ഉയരാത്തത് എന്ന ചോദ്യത്തിന് പ്രധാനമായ ഉത്തരം ‘അധികാര ബന്ധങ്ങള്‍’ (Power Dynamics) എന്ന ആശയത്തിലാണ്. ഒരു സമൂഹത്തിനെതിരെയുള്ള വിദ്വേഷം എത്രത്തോളം വ്യാപകമായി അംഗീകരിക്കപ്പെടുകയും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു എന്നത് ആ സമൂഹത്തിന്റെ ആഗോള രാഷ്ട്രീയ സ്ഥാനത്തോടും അധികാര ഘടനകളോടും ബന്ധപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഇസ്ലാമോഫോബിയ ഒരു രാജ്യത്തിനുള്ളില്‍ ഒതുങ്ങുന്ന പ്രശ്‌നമല്ല; അത് രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്നുപോകുന്ന ഒരു ആഗോള പ്രതിഭാസമാണ്. യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ രാഷ്ട്രീയ പ്രചാരണങ്ങളിലും, അമേരിക്കയിലെ വലതുപക്ഷ ദേശീയതയുടെ ഉയര്‍ച്ചയിലും, ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നടക്കുന്ന വോട്ട് ബാങ്ക് ധ്രുവീകരണങ്ങളിലും ഇസ്ലാം വിരുദ്ധത ഒരു പ്രധാന രാഷ്ട്രീയ ഉപാധിയായി ഉപയോഗിക്കപ്പെടുന്നു.
മറ്റു മതവിഭാഗങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും വിവേചനവും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായേക്കാം; എന്നാല്‍ അവ പലപ്പോഴും പ്രാദേശിക സാഹചര്യങ്ങളിലോ പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളിലോ ഒതുങ്ങിനില്‍ക്കുന്നതാണ്. ഉദാഹരണത്തിന്, ചില രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ ഉണ്ടാകാം, ചിലിടങ്ങളില്‍ സിഖുകള്‍ക്കെതിരായ തെറ്റിദ്ധാരണകള്‍ ഉണ്ടാകാം. പക്ഷേ, അവ സാധാരണയായി ആ പ്രദേശത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളായിരിക്കും. അതേസമയം, ഒരു മുസ്ലിം എന്ന തിരിച്ചറിയല്‍ പലപ്പോഴും ആഗോള സുരക്ഷാ രാഷ്ട്രീയത്തിന്റെ ഭാഗമായി കാണപ്പെടുന്നു. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്നുള്ള ഒരു മുസ്ലിം വിദേശ രാജ്യത്തെ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ ‘സുരക്ഷാ സംശയം’ അല്ലെങ്കില്‍ ‘റാഡിക്കല്‍’ എന്ന മുദ്രയോടെ അധിക പരിശോധന നേരിടേണ്ടി വരാനുള്ള സാധ്യത ഉണ്ടാകാം.
അതിനാല്‍ ഇത് ഒരു വ്യക്തിയുടെ സ്വകാര്യ അനുഭവമായി മാത്രം കാണാന്‍ കഴിയില്ല; മറിച്ച് ഒരു മതവിഭാഗം മുഴുവന്‍ നേരിടുന്ന ഘടനാപരമായ (systemic) പ്രശ്‌നമാണ്. സുരക്ഷാ നയങ്ങള്‍, മാധ്യമ ചിത്രീകരണങ്ങള്‍, കുടിയേറ്റ നിയമങ്ങള്‍, രാഷ്ട്രീയ പ്രചാരണങ്ങള്‍ എന്നിവയുടെ സംയുക്ത ഫലമായി രൂപപ്പെടുന്ന ഈ ഘടനാപരമായ അവസ്ഥയാണ് ഇസ്ലാമോഫോബിയയെ മറ്റു പല മതവിദ്വേഷങ്ങളേക്കാള്‍ കൂടുതല്‍ ആഗോള രാഷ്ട്രീയ പദമായി മാറ്റിയത്.
ചൈനയിലെ ഉയിഗര്‍ മുസ്‌ലിംകളുടെ അവസ്ഥ, മ്യാന്‍മറിലെ രോഹിങ്ക്യന്‍ വംശഹത്യ, ഇന്ത്യയിലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍, ഫ്രാന്‍സിലെ ഹിജാബ് നിരോധനം തുടങ്ങിയ സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത് ഒരു പ്രധാന സത്യത്തിലേക്കാണ്: ഇസ്ലാമോഫോബിയ പലപ്പോഴും സാമൂഹിക മുന്‍വിധിയായി മാത്രം നിലനില്‍ക്കുന്നതല്ല, ഭരണകൂടങ്ങളുടെ ഔദ്യോഗിക നയങ്ങളിലേക്കും അത് മാറുന്നുവെന്നതാണ്. ചില രാജ്യങ്ങളില്‍ സുരക്ഷ, ദേശീയത, സാംസ്‌കാരിക ഏകീകരണം എന്നീ പേരുകളില്‍ മുസ്ലിം സമൂഹത്തെ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങള്‍ നിയമങ്ങളിലൂടെയും ഭരണനടപടികളിലൂടെയും നടപ്പിലാക്കപ്പെടുന്ന സാഹചര്യം കാണാം. ചൈനയിലെ ഉയിഗൂര്‍ മുസ്ലിംകളുടെ കാര്യത്തില്‍ നിരീക്ഷണ സംവിധാനങ്ങളും പുനര്‍വിദ്യാഭ്യാസ ക്യാമ്പുകളുമെന്ന പേരിലുള്ള നിയന്ത്രണങ്ങളും, മ്യാന്‍മറില്‍ രോഹിങ്ക്യന്‍ മുസ്ലിംകള്‍ക്ക് പൗരത്വം നിഷേധിക്കപ്പെട്ടതും അതിനെ തുടര്‍ന്ന് ഉണ്ടായ കൂട്ടപ്പലായനവും, ഇന്ത്യയില്‍ പൗരത്വ നിയമത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദങ്ങളും, ഫ്രാന്‍സില്‍ മതചിഹ്നങ്ങള്‍പ്രത്യേകിച്ച് ഹിജാബ് പൊതു ജീവിതത്തില്‍ നിയന്ത്രിക്കുന്ന നിയമങ്ങളും, ഇവയെല്ലാം പലരുടെയും കാഴ്ചപ്പാടില്‍ മുസ്ലിം തിരിച്ചറിയലുമായി ബന്ധപ്പെട്ട ഭരണനയങ്ങളുടെ ഉദാഹരണങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്നു.
ഇവയെല്ലാം സൂചിപ്പിക്കുന്നത്, മുസ്ലിം സമൂഹവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പല രാജ്യങ്ങളിലും നിയമനിര്‍മാണങ്ങളുടെയും ഭരണപരമായ നടപടികളുടെയും തലത്തിലേക്കു തന്നെ ഉയരുന്നുവെന്നതാണ്. മറ്റ് മതവിഭാഗങ്ങള്‍ക്കെതിരായ വിവേചനങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായേക്കാം, എന്നാല്‍ അവയെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര തലത്തില്‍ ഇത്തരത്തില്‍ നിയമങ്ങളും നയങ്ങളും രൂപപ്പെടുന്ന പ്രവണത താരതമ്യേന കുറവാണെന്നതാണ് പല ഗവേഷകരുടെയും നിരീക്ഷണം. അതുകൊണ്ടുതന്നെ ഇസ്ലാമോഫോബിയയെ ഇന്ന് പലപ്പോഴും ഒരു സാധാരണ സാമൂഹിക പ്രശ്‌നമായി മാത്രം കാണുന്നില്ല; അത് മനുഷ്യാവകാശ ചര്‍ച്ചകളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും സ്വാധീനിക്കുന്ന ഒരു ‘ഡിപ്ലോമാറ്റിക് ഇഷ്യൂ’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ വിമര്‍ശനങ്ങളിലും ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിലെ ചര്‍ച്ചകളിലും ഇത് ആവര്‍ത്തിച്ച് ഉയരുന്ന വിഷയമായി മാറിയിരിക്കുന്നത് അതിന്റെ തെളിവാണ്.
ഇന്ത്യയില്‍ നടക്കുന്ന പല ആഭ്യന്തര വിഷയങ്ങളിലും (ഉദാഹരണത്തിന് ഹിജാബ്, ഹലാല്‍ വിവാദങ്ങള്‍) വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഇടപെടാന്‍ കാരണം ‘ഇസ്ലാമോഫോബിയ’ എന്ന ടേമിന് ലഭിച്ച ആഗോള സ്വീകാര്യതയാണ്. ഇത് ഇന്ത്യയുടെ വിദേശനയത്തെയും നയതന്ത്ര ബന്ധങ്ങളെയും പലപ്പോഴും സമ്മര്‍ദ്ദത്തിലാക്കുന്നു. വംശീയമായ മുന്‍വിധികള്‍ വികസനത്തെയും ജനാധിപത്യത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇന്ത്യയിലെ സാഹചര്യം പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. ഇസ്ലാമോഫോബിയ വെറുമൊരു മതവിദ്വേഷമല്ല; അത് ആധുനിക രാഷ്ട്രീയത്തിന്റെ അധികാര ഘടനയെ നിര്‍ണ്ണയിക്കുന്ന ഒരു മൂലകമാണ്. ഒരു മതവിഭാഗത്തെ സംശയമുനയില്‍ നിര്‍ത്തി ലോകക്രമത്തെ നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ തന്ത്രമാണ് ഇതിന് പിന്നിലുള്ളത്. മറ്റ് ഫോബിയകള്‍ കേവലം വ്യക്തിപരമായോ പ്രാദേശികമായോ ഉള്ള വിദ്വേഷമായി ചുരുങ്ങുമ്പോള്‍ ഇസ്ലാമോഫോബിയ ലോകത്തെ മാറ്റിമറിക്കുന്ന ഒരു രാഷ്ട്രീയ സത്യമായി നിലകൊള്ളുന്നു. ഇതിനെതിരെ പോരാടുന്നത് മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമല്ല, മറിച്ച് ജനാധിപത്യപരമായ ഒരു ലോകക്രമത്തിന് വേണ്ടിയുള്ള രാഷ്ട്രീയ പോരാട്ടം കൂടിയാണ്.
