August 13 Thursday 2026

പോളിങ് ശതമാനത്തിന്‍റെ അന്തിമ കണക്ക് പുറത്തുവിടാത്തതിൽ ആശങ്ക: പ്രതിപക്ഷനേതാവ് തെരഞെടുപ്പ് കമീഷന് കത്തയച്ചു

 

സംസ്ഥാനത്ത് വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടുദിവസം പിന്നിട്ടിട്ടും അന്തിമ പോളിങ് ശതമാനം ഔദ്യോഗികമായി പുറത്തുവിടാത്തതിൽ മുന്നണികൾക്കും പാർട്ടികൾക്കും ആശങ്ക. അന്തിമ കണക്ക് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തെരഞെടുപ്പ് കമീഷന് കത്തയച്ചു. വോട്ടെടുപ്പ് കഴിഞ് നാലു ദിവസത്തിലേക്ക് കടന്നിട്ടും ഇതുവരെ ആകെ പോൾ ചെയ്ത വോട്ട് ശതമാനം കമ്മീഷൻ പുറത്തുവിട്ടിട്ടില്ല.

വ്യാഴാഴ്ച വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി വോട്ട് ചെയ്തവരുടെ കണക്കുകൾ മാത്രമാണ് കമ്മീഷൻ നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ജില്ലാ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ ക്രോഡീകരിക്കുന്നതിലെ കാലതാമസമാണ് കണക്കുകൾ വൈകാൻ കാരണമായി കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും ഉൾപ്പെടുത്തിയുള്ള കൃത്യമായ കണക്കുകൾ കമീഷന് ഇപ്പോഴും ലഭ്യമായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
അതേസമയം പോളിങ് ശതമാന കണക്ക് പ്രഖ്യാപിക്കാത്തതിനാൽ രാഷ്ട്രീയ പാർട്ടികൾക്ക് പുറമെ വോട്ടർമാരിലും വലിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നു. ഇത് സംബന്ധമായ ഓൺലൈൻ വാർത്തകൾക്ക് താഴെ ജനങ്ങൾ പലതരത്തിലുള്ള ആശങ്കകൾ പങ്കുവെക്കുന്നുണ്ട്. ഈ വർഷം തിരഞ്ഞെടുപ്പ് നടന്ന ബീഹാറിൽ ആകെ ചെയ്ത വോട്ട് 7.45 കോടിയാണ്. എന്നാൽ ആകെ വോട്ടർമാരുടെ എണ്ണംമാകട്ടെ 7.42 കൊടിയും അതായത് കണക്കിൽ പെടാത്ത മൂന്നുലക്ഷം വോട്ടുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സമാന സാഹചര്യമാണ് മഹാരാഷ്ട്രയിലും സംഭവിച്ചത്. മഹാരാഷ്ട്രയിൽ ആകെ പോൾ ചെയ്ത വോട്ട് 9.7 കോടിയാണ്. എന്നാൽ ആകെ വോട്ടർമാരുടെ എണ്ണം ആകട്ടെ 9.5 കോടിയും. അതായത് കണക്കിൽ പെടാത്ത രണ്ട് ലക്ഷം വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

രണ്ടു ദിവസത്തിനുള്ളിൽ അന്തിമ കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും, അവധി ദിവസങ്ങളും ഡാറ്റാ എൻട്രിയിലെ സങ്കീർണതകളും നടപടികൾ വൈകിപ്പിച്ചു.
പോളിങ് ഉദ്യോഗസ്ഥരുടെ വോട്ടുകളെ ചൊല്ലിയാണ് പ്രധാനമായും തർക്കങ്ങൾ നിലനിൽക്കുന്നത്. വോട്ടെടുപ്പിന് തലേദിവസം വരെ 45 ശതമാനം ഉദ്യോഗസ്ഥർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. ബാക്കിയുള്ളവർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം ഒരുക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നെങ്കിലും, ഏകദേശം 20,000ത്തോളം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന് സർവീസ് സംഘടനകൾ ആരോപിക്കുന്നു. ഇക്കാര്യം ഉന്നയിച്ച് സംഘടനകൾ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

നിലവിലെ സൂചനകൾ പ്രകാരം സംസ്ഥാനത്തെ പോളിങ് 78 ശതമാനത്തിന് മുകളിലാണ്. ഹോം വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി ചേരുന്നതോടെ ഇത് 80 ശതമാനം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയാണെങ്കിൽ 1987ന് ശേഷം കേരളം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനമായി ഇത് മാറും. വോട്ടിങ് ശതമാനം ഉയർത്താൻ കമ്മീഷൻ നടത്തിയ വിപുലമായ പ്രചാരണങ്ങളുടെ വിജയമായാണ് ഇതിനെ കാണുന്നത്.

Related