November 20 Friday 2026

തെരഞ്ഞെടുപ്പ് കാലത്തെ ബസ് റിപ്പോര്‍ട്ടിങ്ങും വില്ലുവണ്ടിയെന്ന പൊളിറ്റിക്കല്‍ വെഹിക്കിളും

കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, അതുമായി ബന്ധപ്പെട്ട് മെയിന്‍സ്ട്രീം ടെലിവിഷന്‍ മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഉയിര്‍ക്കുന്ന പുതിയ പല തരത്തിലുള്ള ഡിജിറ്റല്‍ മീഡിയകളാണ്. വ്യവസ്ഥാപിതമായ മീഡിയ ‘ശരീരങ്ങള്‍’ സ്റ്റുഡിയോയിലും റോഡിലും നിറഞ്ഞ് കളത്തില്‍ ആടുന്ന സമയത്ത് തന്നെ, മെയിന്‍സ്ട്രീം രാഷ്ട്രീയത്തിനപ്പുറമുള്ള പലതരം ഡിജിറ്റല്‍ അനാലിസിസുകളും ഇവിടെ നടക്കുന്നുമുണ്ട്, ഉയിര്‍ക്കുന്നുമുണ്ട്. അതേസമയം, കേരളത്തിലെ തെരഞ്ഞെടുപ്പ് എന്ന ആഘോഷം/യുദ്ധം/കാര്‍ണിവല്‍ ഈ മെയിന്‍സ്ട്രീം മീഡിയകളിലൂടെയും അല്ലാതെയും ആഘോഷിക്കപ്പെടുന്ന മുന്‍നിരയില്‍ നില്‍ക്കുന്ന ശരീരങ്ങളെ സൂക്ഷ്മമായി നോക്കിയാല്‍, പലതും നമുക്ക് കണ്ടെത്താനും കഴിയും.

‘ബസ് റിപ്പോര്‍ട്ടിങ്ങുകളുടെ സൂക്ഷ്മ രാഷ്ട്രീയം

കേരളത്തിന്റെ പൊതുസ്ഥലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, അവയെ വെറും ഭൗതിക ഇടങ്ങളായി മാത്രം മനസ്സിലാക്കാന്‍ കഴിയില്ല. ഈ ഭൂമിയിലെ വഴികള്‍ ഒരിക്കല്‍ എല്ലാവര്‍ക്കും ഒരുപോലെ തുറന്നിരുന്നില്ല. ആരൊക്കെയാണ് നടക്കേണ്ടത്, ആരൊക്കെയാണ് മാറിനില്‍ക്കേണ്ടത്, ആരുടെ ശരീരത്തിന് പൊതുസ്ഥലത്ത് ദൃശ്യമാകാന്‍ അവകാശമുണ്ട്, ആരുടെ ശരീരമാണ് അദൃശ്യമാക്കപ്പെടേണ്ടത് എന്നൊക്കെയുള്ള നിര്‍ണ്ണയങ്ങള്‍ ഒരിക്കല്‍ കേരളത്തിലെ ജാതി സമൂഹം വളരെ വ്യക്തമായി നിര്‍വഹിച്ചു. അതുകൊണ്ടുതന്നെ അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും വൈക്കം സത്യാഗ്രഹവും പോലുള്ള സമരങ്ങള്‍ വെറും സഞ്ചാരാവകാശത്തിനായിരുന്നില്ല; മനുഷ്യന്റെ ശരീരം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാനുള്ള അവകാശത്തിനായിരുന്നു. മനുഷ്യനെന്ന നിലയില്‍ വഴിയിലൂടെ കടന്നുപോകാന്‍ കഴിയുക എന്നത് രാഷ്ട്രീയ ആധുനികതയുടെ ഏറ്റവും അടിസ്ഥാനപരമായ അര്‍ഥങ്ങളിലൊന്നാണ്. അതിനാല്‍ കേരളത്തില്‍ ‘വഴി’ എന്നത് റോഡ് എഞ്ചിനീയറിംഗിന്റെ ഒരു വാക്കല്ല; അത് മനുഷ്യസമത്വത്തിന്റെ ഭൗതിക രൂപകമാണ്.

വില്ലുവണ്ടി എന്ന പൊളിറ്റിക്കല്‍ വെഹിക്കിള്‍
അയ്യങ്കാളിയുടെ വില്ലുവണ്ടിയെ കുറിച്ച് പറയുമ്പോള്‍, വില്ലുവണ്ടി എന്ന വാഹനത്തിന്റെ മെക്കാനിക്കല്‍ സ്ട്രക്ചര്‍ അനലൈസ് ചെയ്യുന്നത് നന്നായിരിക്കും. ഒരു തുറന്നിട്ട വാഹനത്തിലാണ് അയ്യങ്കാളി തന്റെ ശരീരം കാണിച്ചുകൊണ്ട് യാത്ര ചെയ്തത്. ദലത് ശരീരത്തിന്റെ വിസിബിലിറ്റിയും ആ യാത്രയില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നു. ഒരുപക്ഷേ മോട്ടോര്‍ റിവലൂഷന്‍ ശേഷമാണ് അടച്ചിട്ട വാഹനങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നത്. (അതിനു മുമ്പേ പല്ലക്കുകള്‍ ഉണ്ടായിരുന്നു.) അതായത്, ഒരു വില്ലുവണ്ടിയുടെ തുറന്നിട്ട മെക്കാനിക്കല്‍ ബോഡി സ്ട്രക്ചറും അതില്‍ സഞ്ചരിക്കുന്നതിലൂടെ അയ്യങ്കാളിയുടെ വിസിബിള്‍ ആകുന്ന ബോഡിയും തമ്മില്‍ വലിയ ബന്ധമുണ്ട്. അത് ജനാധിപത്യത്തിന്റെയും ബോഡി പൊളിറ്റിക്‌സിന്റെയും പലതരം ചിഹ്നശാസ്ത്രങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. അങ്ങനെ പിടിച്ചെടുത്ത പൊതുഇടത്തിലൂടെയാണ് ഇന്ന് റിപ്പോര്‍ട്ടര്‍മാര്‍ അടച്ചിട്ട വാഹനത്തില്‍ അവരുടെ മേലാള ചോദ്യങ്ങളും അനാലിസിസും നടത്തുന്നത്. അതായത്, അയ്യങ്കാളി തുറന്നിട്ട വാഹനത്തില്‍ പിടിച്ചെടുത്ത റോഡില്‍ ഇന്ന് അടച്ചിട്ട വാഹനത്തില്‍ അവര്‍ പൊളിറ്റിക്കല്‍ റീഡിങ് നടത്തുന്നു. ഈ പൊളിറ്റിക്കല്‍ ബസ് റൈഡിന് പഴയ പല്ലക്കുകളുടെ സ്വഭാവമുണ്ട്. അതില്‍ യാത്ര ചെയ്തവരെ തൂക്കി നടന്നിരുന്ന തൊഴിലാളികളും ഈ ‘ബസ് റിപ്പോര്‍ട്ടിങ്ങിലെ’ ഡ്രൈവര്‍മാരും’ ഏകദേശം ഒരു കാറ്റഗറി ആയിരിക്കും.

ടെലിവിഷന്‍ സ്റ്റുഡിയോകള്‍ എന്ന സവര്‍ണ്ണ തറവാടുകള്‍
ഇത് തന്നെയാണ് ഓരോ ടെലിവിഷന്‍ സ്റ്റുഡിയോയുടെയും രീതികള്‍. അത് കേരളത്തില്‍ ജാതിവ്യവസ്ഥയില്‍ നിലനിന്നിരുന്ന സവര്‍ണ്ണ തറവാടുകളെപ്പോലെയാണ്. അവിടെ നടക്കുന്ന ഒരു പൊളിറ്റിക്കല്‍ ഡിസ്‌കഷനുകളിലും മരുന്നിന് പോലും ഒരു പട്ടികജാതിക്കാരന് പ്രവേശനം ഇല്ല. ഡിബേറ്റുകളില്‍ ചില ‘ദലിത് ചിന്തകര്‍’ ഉണ്ടാകും. അനാലിസിസില്‍ അവരുടെ പൊടി പോലും ഉണ്ടാകില്ല. അവിടെ സ്മൃതി പരുത്തിക്കാട് മുതല്‍ ഇങ്ങോട്ട് ജിമ്മി ജെയിംസ് വരെ ഉള്ള സവര്‍ണ്ണര്‍ അനലിറ്റിക്‌സ് നടത്തുന്നു. അതേ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍, എക്‌സിറ്റ് പോള്‍ പരിപാടികള്‍, കണക്കുകൂട്ടലുകള്‍, വോട്ടുശതമാനത്തിന്റെ തര്‍ക്കങ്ങള്‍ ഇവയെല്ലാം നമ്മോട് ഒരു ബൗദ്ധിക പ്രവര്‍ത്തനമായി അവതരിപ്പിക്കപ്പെടുന്നു. പക്ഷേ, ഇവിടെ ഒന്നും ദലിത് ശരീരങ്ങളുടെ വിസിബിലിറ്റി ഇല്ല. പക്ഷേ, സ്റ്റുഡിയോ എന്നത് വെറും വാദപ്രതിവാദങ്ങളുടെ മുറിയല്ല; അത് അറിവ് ഉല്‍പ്പാദിപ്പിക്കുന്ന അധികാരസ്ഥലമാണ്. ആരാണ് സ്റ്റുഡിയോയിലെ സ്ഥിരം വിശകലനക്കാര്‍? ആരുടെ ശരീരമാണ് ”വിദഗ്ധത” എന്ന രൂപത്തില്‍ അംഗീകരിക്കപ്പെടുന്നത്? ആരുടെ ഭാഷയാണ് ‘സംയമിത രാഷ്ട്രീയബോധം’ ആയി സ്വീകരിക്കപ്പെടുന്നത്? ആരാണ് കോപത്തോടെ സംസാരിക്കുമ്പോഴും ‘ബലമുള്ള അനാലിസ്റ്റ്’ ആകുന്നത്, ആരാണ് അതേ ശബ്ദത്തില്‍ സംസാരിക്കുമ്പോള്‍ ‘ആക്ടിവിസ്റ്റ്’ ആയി ചുരുക്കപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ വളരെ പ്രധാനമാണ്. കാരണം, കേരളത്തിലെ തിരഞ്ഞെടുപ്പ് സംസ്‌കാരത്തില്‍ ‘വിശകലനം’ ജാതി-ന്യൂട്രല്‍ അല്ല. അത് ജാതി-പ്രിവിലേജ്ഡ് ആണ്.

സ്റ്റുഡിയോയില്‍ അധികമായി അംഗീകരിക്കപ്പെടുന്ന ശരീരങ്ങള്‍ പലപ്പോഴും മേല്‍ജാതി-മധ്യവര്‍ഗ്ഗ ശീലങ്ങള്‍ സവര്‍ണ്ണ ശരീരങ്ങളാണ്. അവരുടെ ഉച്ചാരണം, ഡാറ്റ കൈകാര്യം ചെയ്യുന്ന രീതി, നര്‍മം, കമന്റ് രീതികള്‍, രാഷ്ട്രീയത്തെ ഇമോഷനില്‍ നിന്ന് റാഷനാലിറ്റിയിലേക്കു മാറ്റുന്ന ഭാവം ഇവയെല്ലാം ചേര്‍ന്ന് ‘ഇവരാണ് സംസാരിക്കാന്‍ യോഗ്യര്‍’ എന്നൊരു നിശ്ശബ്ദ മാനദണ്ഡം സൃഷ്ടിക്കുന്നു. ഈ മാനദണ്ഡം യാദൃശ്ചികമല്ല. അത് ചരിത്രപരമായി മേല്‍ജാതികള്‍ക്ക് ലഭിച്ച ആക്‌സസ്, പൊതുസ്ഥലത്തിന്റെ ആത്മവിശ്വാസം, സ്ഥാപനങ്ങളിലെ സാന്നിധ്യം, ഭാഷാ മൂലധനം, സാംസ്‌കാരിക കാപിറ്റല്‍ എന്നിവയുടെ ഫലമാണ്. പിയര്‍ ബോര്‍ദിയോ പറയുന്ന symbolic capital എന്ന ആശയം ഇവിടെ പ്രധാനമാണ്. ചില ശരീരങ്ങള്‍ അധികാരത്തിന്റെ നേരിട്ടുള്ള ഉപയോഗം ഇല്ലാതെയും നിയമസാധുതയും ബൗദ്ധികാധികാരവും ചുമന്നവയായി വായിക്കപ്പെടുന്നു. അവരുടെ അഭിപ്രായം ‘ഓപ്പീനിയന്‍’ അല്ല, ‘അനാലിസിസ്’ ആകുന്നു. ഇതിന്റെ മറുവശം വളരെ ക്രൂരമാണ്. ദലിത്-ബഹുജന്‍ അനുഭവം രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നു, പക്ഷേ ദലിത്-ബഹുജന്‍ വിശകലനം രാഷ്ട്രീയ വിശ്വാസ്യതയുടെ കേന്ദ്രത്തിലേക്കു പ്രവേശിപ്പിക്കപ്പെടുന്നില്ല.

‘can subaltern speak?’ എന്നല്ല ‘can savarnas have sense?’ എന്നാണ് ചോദിക്കേണ്ടത്
ഗായത്രി സ്പിവാക് ചോദിച്ച ‘Can Subaltern Speak? എന്ന ചോദ്യത്തിന് പകരം ‘can savarnas have sense?’ എന്നാണ് ഇനി ചോദിക്കേണ്ടി വരിക. കേരളത്തിലെ തെരഞ്ഞെടുപ്പ് സ്റ്റുഡിയോ നല്‍കുന്ന ചിത്രം അസ്വസ്ഥകരമാണ്. സബാള്‍ട്ടേണ്‍ സംസാരിക്കുന്നു, പക്ഷേ അവന്റെ/അവളുടെ സംസാരത്തെ രാഷ്ട്രീയജ്ഞാനമായി അംഗീകരിക്കുന്നില്ല. സബാള്‍ട്ടേണ്‍നെ കേള്‍ക്കുന്നു, പക്ഷേ വ്യാഖ്യാനിക്കേണ്ട അസംസ്‌കൃത വസ്തുവെന്ന നിലയിലാണ് കേള്‍ക്കുന്നത്. രാഷ്ട്രീയചര്‍ച്ചകളില്‍ ദലിത് വിഷയങ്ങള്‍ വരാം, ദലിത് സ്ഥാനാര്‍ഥികളെക്കുറിച്ച് സംസാരിക്കാം, ദലിത് കോളനികളെക്കുറിച്ച് ഗ്രൗണ്ട് റിപ്പോര്‍ട്ട് വരാം; പക്ഷേ ആ വിഷയങ്ങളുടെ അര്‍ത്ഥനിര്‍ണ്ണയത്തിന്റെ കേന്ദ്രത്തില്‍ സബാള്‍ട്ടേണ്‍ ശബ്ദം ഉണ്ടാകുന്നത് അപൂര്‍വ്വമാണ്. അതായത്, സബാള്‍ട്ടേണ്‍നെ കുറിച്ച് സംസാരിക്കപ്പെടുന്നു, പക്ഷേ, സംസാരത്തിന്റെ ചട്ടക്കൂട് തന്നെ നിര്‍ണ്ണയിക്കാന്‍ അവനെയോ അവളെയോ അനുവദിക്കുന്നില്ല. ഈ ജ്ഞാനപരമായ ഒഴിവാക്കലാണ് ഇന്നത്തെ ദലിത് ഒഴിവാക്കലിന്റെ ഏറ്റവും ആഴത്തിലുള്ള രൂപം. ഇത് നിയമവിലക്കല്ല; അറിവിന്റെ ഉല്‍പ്പാദനത്തില്‍ നിന്നുള്ള വിലക്കാണ്.

നമ്മള്‍: ആര്യയുടെ തെരഞ്ഞെടുപ്പ് മ്യൂസിക് വീഡിയോയുടെ രാഷ്ട്രീയം
ഈ മുഴുവന്‍ രാഷ്ട്രീയ ദൃശ്യസംഘടന തെരഞ്ഞെടുപ്പ് ഗാനങ്ങളിലും കാമ്പെയ്ന്‍ വീഡിയോകളിലും അതീവ സൂക്ഷ്മമായും ചിലപ്പോള്‍ കൂടുതല്‍ നിഷ്ഠൂരമായും പ്രകടമാകുന്നു. ‘നമ്മള്‍’, ‘ഒന്നിച്ച്’, ‘എല്ലാവര്‍ക്കും’, ‘ഉയര്‍ച്ച’, ‘വികസനം’, ‘പെന്‍ഷന്‍’, ‘കാശ്’, ‘സുരക്ഷ’, ‘സംരക്ഷണം’ തുടങ്ങിയ വാക്കുകള്‍ ചുറ്റിപ്പറ്റി നിര്‍മ്മിക്കപ്പെടുന്ന ഈ ഗാനങ്ങള്‍ രാഷ്ട്രീയത്തെ ഒരു affective field ആക്കുന്നു. ഒരു തെരഞ്ഞെടുപ്പ് ഗാനം കേള്‍ക്കുമ്പോള്‍ നമുക്ക് ഉടനെ ശ്രദ്ധയില്‍പ്പെടുന്നത് സംഗീതത്തിന്റെ ഊര്‍ജം വര്‍ണാഭമായ ദൃശ്യങ്ങള്‍, ചിരിയോടെ നില്‍ക്കുന്ന ആളുകള്‍, തൊഴില്‍ ചെയ്യുന്ന ശരീരങ്ങള്‍, ഗ്രാമജീവിതത്തിന്റെ ചൂട്, അമ്മമ്മമാരുടെ സന്തോഷം, കുട്ടികളുടെ പങ്കാളിത്തം, സ്ത്രീകളുടെ ഉത്സാഹം എന്നിവയാണ്. പക്ഷേ, ഈ ദൃശ്യത്തില്‍ ആരാണ് എവിടെ നില്‍ക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍, അതിന്റെ caste aesthetic തെളിഞ്ഞുവരും.

‘നമ്മള്‍” എന്ന ഇടതുപക്ഷത്തിന് വേണ്ടി ചെയ്ത ആര്യ ദയാലിന്റെ മ്യൂസിക് വീഡിയോയില്‍, പ്രത്യേകിച്ച് ‘കാശ്’ എന്ന ആശയം കേന്ദ്രീകരിക്കുന്ന ഗാനങ്ങളില്‍ വലിയൊരു രാഷ്ട്രീയ ചുരുക്കം നടക്കുന്നുണ്ട്. അമ്മമ്മയ്ക്ക് കാശ് കിട്ടിയെന്ന് പറയുന്ന ഭാഷ ആദ്യം കേള്‍ക്കുമ്പോള്‍ ക്ഷേമത്തിന്റെ ജനകീയ ആഹ്ലാദമായി തോന്നാം. പക്ഷേ, ചോദ്യം അതാണ്: ഒരു സ്ത്രീയുടെ സാമൂഹ്യജീവിതം, വയോധികയുടെ മാന്യത, രാഷ്ട്രീയ പ്രതിനിധാനം, ആരോഗ്യസംരക്ഷണം, സുരക്ഷ, ഒറ്റപ്പെടല്‍, കുടുംബഘടനയിലെ സ്ഥാനം, ജാതിയനുഭവം, ലിംഗാധിഷ്ഠിത അസുരക്ഷിതാവസ്ഥ എന്നിവയെല്ലാം പണം എന്ന ഒറ്റ അളവിലേക്ക് ചുരുക്കിയാല്‍ അത് ക്ഷേമമാകുമോ? അതോ നവഉദാര ഭരണത്തിന്റെ ഏറ്റവും കപടമായ തന്ത്രമാണോ? ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ സാമൂഹ്യ-രാഷ്ട്രീയ ചോദ്യങ്ങളെ ധനപര ഇടപാടുകളാക്കി മാറ്റുന്ന നിമിഷം, രാഷ്ട്രീയ നീതി ക്ഷേമത്തിന്റെ ഒരു ടോക്കണായി താഴ്ത്തപ്പെടുന്നു. ബി.ആര്‍. അംബേദ്കര്‍ക്ക് ജാതിനിര്‍മാര്‍ജനം എന്നത് സാമ്പത്തിക സഹായത്തിന്റെ വിഷയം മാത്രമായിരുന്നില്ല; അത് സാമൂഹിക പുനഃസംഘടനയുടെ ചോദ്യമായിരുന്നു. അതിനാല്‍ ദലിത്-ബഹുജന്‍ ജീവിതത്തിന്റെ ആവശ്യങ്ങളെ ‘കാശ്’ എന്ന ഒറ്റ വാക്കിലേക്ക് താഴ്ത്തുന്ന ഗാനങ്ങള്‍, ഉള്‍ക്കൊള്ളലിന്റെ ഭാഷ ഉപയോഗിച്ചുകൊണ്ട് രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ചോദ്യങ്ങളെ അപ്രത്യക്ഷമാക്കുന്നു. അതിന്റെ ഏറ്റവും അവസാനമാണ് വൃന്ദ കാരാട്ട് പിണറായി വജയനെ സ്ത്രീകളുടെ രക്ഷാധികാരി ആയി പ്രതിഷ്ഠിക്കുകയും ചെയ്യുന്നത്.

പ്രചാരണ സംഗീത വീഡിയോകളിലെ കറുത്ത ശരീരങ്ങള്‍
ഇത്തരം വീഡിയോകളില്‍ കറുത്ത ശരീരങ്ങള്‍ എല്ലായിടത്തുമുണ്ട്. അവര്‍ വയലില്‍ ഉണ്ട്, വഴിയരികില്‍ ഉണ്ട്, തൊഴില്‍ഭൂമിയില്‍ ഉണ്ട്, സേവനരംഗത്ത് ഉണ്ട്, കൂട്ടായ്മയില്‍ ഉണ്ട്. എന്നാല്‍, അവര്‍ എവിടെയാണ് അധികാരത്തില്‍? അവര്‍ എവിടെയാണ് തീരുമാനമെടുക്കുന്ന കേന്ദ്രത്തില്‍? അവര്‍ എവിടെയാണ് രാഷ്ട്രീയ ഏജന്‍സിയുടെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നത്? പലപ്പോഴും അവിടെയല്ല. അവരുടെ സാന്നിധ്യം ദൃശ്യ ഉള്‍ക്കൊള്ളല്‍ നല്‍കുന്നു; പക്ഷേ അവരുടെ സ്ഥാനം തൊഴില്‍ ചെയ്യുന്ന പശ്ചാത്തലം എന്നതിലപ്പുറം പോകുന്നില്ല. ഇതാണ് ആ വീഡിയോയുടെ ഏറ്റവും വലിയ പാരഡോക്‌സ്. ദലിത്-സബാള്‍ട്ടേണ്‍ ശരീരങ്ങള്‍ ഗാനത്തിന്റെ ജനാധിപത്യത്തെ വിശ്വസനീയമാക്കാന്‍ ഉപയോഗിക്കപ്പെടുന്നു; പക്ഷേ അതേ ശരീരങ്ങള്‍ അധികാരത്തിന്റെ ഭാഷയില്‍ പ്രവേശിക്കുന്നില്ല. ഫ്രാന്‍സ് ഫാനോണ്‍ പറഞ്ഞ ‘colonized body visible but not powerful’ എന്ന നിരീക്ഷണം ഇന്ത്യന്‍ caste visuality യില്‍ വീണ്ടും വായിക്കുമ്പോള്‍ ഇതാണ് കാണുന്നത്. ദലിത് ശരീരം ദൃശ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്നു, പക്ഷേ അധികാരത്തിന്റെ ഫോക്കസില്‍ പ്രവേശിക്കുന്നില്ല.

ഇതെല്ലാം ചേര്‍ന്നാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് സംസ്‌കാരത്തിന്റെ കേന്ദ്രീയമായ ഒരു പാരഡോക്‌സ് തെളിഞ്ഞുവരുന്നു. ഈ സമൂഹം ചരിത്രപരമായി പൊതുസ്ഥലത്തെ ജനാധിപത്യവല്‍ക്കരിച്ചു. വിദ്യാഭ്യാസവും രാഷ്ട്രീയബോധവും വ്യാപിച്ചു. പാര്‍ട്ടി രാഷ്ട്രീയങ്ങള്‍ ധനസമാഹരണത്തിന്റെ ശക്തമായ രൂപങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ അതേ സമൂഹം സമകാലീന തെരഞ്ഞെടുപ്പ് ദൃശ്യങ്ങളില്‍ പ്രതിനിധാനം നല്‍കിക്കൊണ്ട് അധികാരം പുനര്‍വിതരണം ചെയ്യാത്ത ഒരു പുതിയ ക്രമം സൃഷ്ടിച്ചിരിക്കുന്നു. ഇത് തുറന്ന ബ്രാഹ്മണിസമോ പ്രകടമായ അസ്പൃശ്യതയോ അല്ല. ഇത് അതിലും കൂടുതല്‍ ആധുനികവും കൂടുതല്‍ അപകടകരവുമാണ്. കാരണം, ഇത് സമത്വത്തിന്റെ ഭാഷയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാവരെയും കാണിക്കുന്നു. എല്ലാവരെയും ഉള്‍പ്പെടുത്തിയെന്ന് തോന്നിക്കുന്നു. പക്ഷേ നിര്‍വചനം, വിശകലനം, ദൃശ്യത്തിന്റെ കേന്ദ്രം, വിദഗ്ധതയുടെ അവകാശം, ക്യാമറയുടെ ബഹുമാനം, രാഷ്ട്രീയത്തിന്റെ യുക്തിപരമായ ചട്ടക്കൂട് ഇവയെല്ലാം ഇന്നും സമമായി പങ്കിടപ്പെട്ടിട്ടില്ല.

ഇതുകൊണ്ട് ഇന്നത്തെ ചോദ്യം ‘ദലിതുകള്‍ രാഷ്ട്രീയത്തില്‍ ഉണ്ടോ?’ എന്നതല്ല. അവര്‍ ഉണ്ട്. റോഡുകളില്‍ ഉണ്ട്. വോട്ടര്‍ ലിസ്റ്റുകളില്‍ ഉണ്ട്. കാമ്പയ്ന്‍ ഗാനങ്ങളില്‍ ഉണ്ട്. കാഴ്ചകളില്‍ ഉണ്ട്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളില്‍ ഉണ്ട്. പക്ഷേ നിര്‍ണായകമായ ചോദ്യം അതാണ്: അവര്‍ രാഷ്ട്രീയത്തിന്റെ അര്‍ഥം നിര്‍വചിക്കുന്നവരായി ഉണ്ടോ? അവര്‍ സ്വന്തം അനുഭവത്തിന്റെ ഭാഷയെ വിശകലനത്തിന്റെ ഭാഷയായി ഉയര്‍ത്താനാകുന്നുണ്ടോ? അവര്‍ വെറും തെരഞ്ഞെടുപ്പ് ദൃശ്യങ്ങളുടെ തൊഴിലാളികളോ, അതോ ജനാധിപത്യ അര്‍ഥത്തിന്റെ സ്രഷ്ടാക്കളോ? ഈ ചോദ്യം ഒഴിവാക്കുന്ന ഏതൊരു പുരോഗമനവാദവും യഥാര്‍ഥത്തില്‍ ജാതിപ്രിവിലേജിനെ പുതുക്കി നിയമവിധേയമാക്കുകയാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് സംസ്‌കാരം ഇന്ന് ഒരു ദൃശ്യജനാധിപത്യത്തിലെ ആഘോഷങ്ങളിലെ വംശീയതയും ജാതീയതയും വെളിവാക്കുകയും സൃഷ്ടിക്കുകയും ചെയ്യുന്നു. രമേശ് പിഷാരടി ഒരു കറുത്ത മനുഷ്യനെ ഓടിച്ചെന്നു കെട്ടിപ്പിടിക്കുന്നതിനെ ‘ഉള്‍ക്കൊള്ളല്‍’ എന്ന് പറയുന്നത്, ഒരു കീഴ്ജാതിമേല്‍ജാതി ഉദാരതയുടെ അശ്ലീലതയാണെന്ന് കേരളത്തിന്റെ ലിബറല്‍ പൊതുബോധം ഇന്നും മനസ്സിലാക്കിയിട്ടില്ല.

 

 

 

 

 

 

Related