August 13 Thursday 2026

പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം; ആശുപത്രി ജീവനക്കാര്‍ അനാസ്ഥാകാണിച്ചെന്ന് പരാതി

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ ചികിത്സ വൈകിപ്പിച്ചെന്ന പരാതിയുമായി പിതാവ്. തിരുവനന്തപുരം ചിറയിന്‍കീഴില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന രണ്ടാം ക്ലാസുകാരന്‍ ദിക്ഷല്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ദിക്ഷല്‍. പുലര്‍ച്ചെ കാലില്‍ എന്തോ കടിച്ചെന്ന് പറഞ്ഞ് കുട്ടി കരഞ്ഞുകൊണ്ട് ഉണരുകയായിരുന്നു. രക്ഷിതാക്കളോട് കാലില്‍ എന്തോ കടിച്ചത് പോലെ തോന്നുന്നു എന്ന് കുട്ടി പറഞ്ഞു. ഉടന്‍ തന്നെ രക്ഷിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

ആശുപത്രിയില്‍ എത്തിട്ട കുട്ടിയെ ഒരു സിസ്റ്റര്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും ബാക്കിയുള്ളവര്‍ കാര്യമായ പരിശോധനകള്‍ നടത്തിയില്ലെന്നും കുട്ടിയുടെ പിതാവ് ദിലീപ് പറഞ്ഞു. മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് ആശുപത്രി ജീവനക്കാര്‍ കുട്ടിയോട് തമാശ പറയുകയും നിസാരമായി കാണുകയും ചെയ്തെന്ന് പിതാവ് കുറ്റപ്പെടുത്തി.

‘കടിയേറ്റെന്ന് പറഞ്ഞ് കുട്ടി കരയുമ്പോള്‍ മൂങ്ങയാണോ കടിച്ചതെന്ന് ചോദിച്ച് അവര്‍ തമാശ പറയുകയായിരുന്നു. ബ്ലഡ് ടെസ്റ്റില്‍ കുഴപ്പമില്ലെന്ന് പറഞ്ഞെങ്കിലും കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടിരുന്നു. അപ്പോഴാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചത്. മെഡിക്കല്‍ കോളജില്‍ എത്തുന്നതിന് മുന്‍പേ കുട്ടി മരിച്ചിരുന്നു. എത്തിയപാടെ കുട്ടിയുടെ പള്‍സ് നോക്കിയിട്ട് മരണപ്പെട്ടെന്ന് അവര്‍ പറയുകയായിരുന്നു. പാമ്പ് കടിയേറ്റാല്‍ നല്‍കേണ്ട പ്രാഥമിക മരുന്നുകളൊന്നും നല്‍കിയിരുന്നില്ല’ – ദിലീപ് പറഞ്ഞു.

കുട്ടിക്ക് പാമ്പുകടിയേറ്റതാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തയിരുന്നു.

Related