മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. റെയ്ഡിലൂടെ കിട്ടിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം. ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്‍റെ ഭാവി നിര്‍ണയിക്കുക.
മുൻ മുഖ്യമന്ത്രി പിണറായി വിയന്റെ മകൾ ടി. വീണയ്ക്കും ഈ കേസിന്റെ ഇന്നത്തെ കോടതി നടപടികൾ നിർണായകമാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി നടത്തുന്ന അന്വേഷണങ്ങളും നൽകിയ സമൻസുകളും ചോദ്യം ചെയ്താണ് സിഎംആർഎൽ പുതിയ ഹരജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
മുദ്രവച്ച കവറിൽ റെയിഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യ പ്പെടുത്തും. മുതിർന്ന അഭിഭാഷകരെ ഇറക്കി അനുകൂല ഉത്തരവ് നേടാനാണ് സി എം ആർ എൽ ശ്രമം. കേസിൽ അഞ്ചാമതായി കേസ് ഹൈക്കോടതിക്ക് മുന്നിലെത്തും. ജസ്റ്റിസ് രാജാവിജയരാഘവന്റെ ബെഞ്ചാണ് പരിഗണിക്കുക.
തെളിവുകളൊന്നുമില്ലാതെ ഇഡി കേസിൽ മുന്നോട്ട് പോകുകയാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. എന്നാൽ ശക്തമായ തെളിവുണ്ടെന്നും വീണയടക്കമുള്ളവർ കേസിൽ എങ്ങനെയാണ് ഇടപെട്ടതെന്നും ഇഡി വാദിക്കും. റെയ്ഡടക്കം ഇഡി ശക്തമായി ചൂണ്ടിക്കാട്ടും. അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
ഒന്നര വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്വേഷണം തുടരാൻ ഇഡിക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ നിന്നും അനുകൂല ഉത്തരവ് ലഭിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ 12 ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തുകയും നിർണായക രേഖകൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. അതിനാൽ തന്നെ കേസിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ഇടക്കാല ഉത്തരവ് ഉണ്ടാകുന്നത് ഇഡിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയാണുണ്ടായത്. ഈ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് പുതിയ അപ്പീൽ നൽകിയിരിക്കുന്നത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഇന്ന് അഞ്ചാമതായി ഈ കേസ് പരിഗണിക്കുന്നത്. ഇഡിയുടെ അന്വേഷണം പൂർണമായും അധികാരപരിധിക്ക് പുറത്താണെന്നും നിയമവിരുദ്ധമാണെന്നുമാണ് സിഎംആർഎൽ അപ്പീലിൽ പ്രധാനമായും ഉന്നയിക്കുന്ന വാദം. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ നിലവിലെ അന്വേഷണങ്ങളും തുടർനടപടികളും നിർത്തിവെക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
