അധഃസ്ഥിത വിഭാഗങ്ങള്‍, വിശിഷ്യാ ഈഴവര്‍ ഹിന്ദുക്കളല്ലെന്നും, അവര്‍ക്ക് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ലെന്നും, ഹിന്ദുമതമാണ് അവരുടെ അധഃപതനത്തിന്റെ മുഖ്യ കാരണമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്വതന്ത്ര സമുദായം എന്ന വിഖ്യാത, വിവാദ ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് സ്വതന്ത്ര സമുദായം മാധവന്‍ എന്ന പേരില്‍ പ്രസിദ്ധനായ നവോത്ഥാന നായകന്‍ ഇ. മാധവന്‍. 1934-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട സ്വതന്ത്ര സമുദായം എന്ന പുസ്തകം അതേ വര്‍ഷം തന്നെ തിരുവിതാംകൂറിലും കൊച്ചിയിലും തുടര്‍ന്ന് മലബാറിലും കണ്ടുകെട്ടുകയുണ്ടായി. ഉജ്ജ്വലനായ പ്രസംഗകന്‍, മികവുറ്റ സംഘാടകന്‍, സമുദായ ശുശ്രൂഷകന്‍, നിര്‍മതവാദി, സ്വതന്ത്ര സമുദായവാദി എന്നിങ്ങനെ നിരവധി വിശേഷണങ്ങളിലൂടെ പ്രസിദ്ധനായ മാധവന്‍, കേരളീയ നവോത്ഥാനത്തിന് വെളിച്ചം പകര്‍ന്ന നാരായണ ഗുരുവിന്റെ പുരോഗമന ആശയങ്ങളിലും എസ്.എന്‍.ഡി.പി യോഗത്തിന്റെ സമുദായോദ്ധാരണ നവീകരണ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായാണ് 1930-കളില്‍ സാമൂഹിക പരിഷ്‌കരണ പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാവുന്നത്. എസ്.എന്‍.ഡി.പി യോഗത്തിലൂടെ സമുദായോദ്ധാരണ പ്രവര്‍ത്തനരംഗത്ത് സജീവ സാന്നിധ്യമായി മാറിയ മാധവന്‍ അഖില തിരുവിതാംകൂര്‍ തീയയുവജന സമാജത്തിന്റെ നേതാവായിരിക്കുമ്പോഴാണ് സ്വതന്ത്ര സമുദായം പ്രസിദ്ധീകരിച്ച് നവോത്ഥാന ചിന്തകള്‍ക്ക് നവീന ഭാവുകത്വവും വേറിട്ട ദിശാബോധവും നല്‍കുന്നത്. തിരുവിതാംകൂറില്‍ സര്‍. സി.പി. പുസ്തകം നിരോധിച്ചതോടെയാണ് അദ്ദേഹം സ്വതന്ത്ര സമുദായം മാധവന്‍ എന്ന പേരില്‍ പ്രസിദ്ധനാവുന്നത് .
1903 ജൂണ്‍ 13ന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വെള്ളൂര്‍ എന്ന ഗ്രാമത്തില്‍ ചെറുകാട്ടില്‍ കുടുംബത്തില്‍ അച്ചന്‍കുഞ്ഞിന്റെയും ഇച്ചിരയുടെയും ഏഴു മക്കളില്‍ മൂന്നാമനായിട്ടാണ് ഇ. മാധവന്റെ ജനനം. പിറവത്ത് അമ്മയുടെ വീട്ടില്‍ താമസിച്ച് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മാധവന്‍ ഇ.എസ്.എല്‍.സി പരീക്ഷ പാസ്സായ ശേഷം ഇന്‍ഷ്വറന്‍സ് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. ഇക്കാലത്താണ് വടക്കന്‍ പറവൂര്‍ സ്വദേശിയും അദ്ധ്യാപികയുമായ ചേലക്കാട്ടു സി.കെ കൗസല്യയുമായുള്ള മാധവന്റെ വിവാഹം നടക്കുന്നത്. ചെറുപ്പകാലം മുതല്‍ പരന്ന വായന ഒരു അനുഷ്ഠാനം പോലെ ശീലമാക്കിയിരുന്ന മാധവനെ യുക്തിചിന്തയും സോഷ്യലിസ്റ്റ് ആശയങ്ങളും നവോത്ഥാന ആശയങ്ങളും ആഴത്തില്‍ സ്വാധീനിച്ചിരുന്നു. നാരായണ ഗുരുവിന്റെയും ഡോ. പല്‍പ്പുവിന്റെയും കുമാരനാശാന്റെയും നേതൃത്വത്തില്‍ 1903-ല്‍ പ്രവര്‍ത്തനം ആരംഭിച്ച എസ്.എന്‍.ഡി.പി.യോഗം കേരളത്തില്‍ നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് ദിശാബോധവും നവചൈതന്യവും സൃഷ്ടിച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. വളരെപ്പെട്ടന്ന് തന്നെ എസ്.എന്‍.ഡി.പി യോഗത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ മാധവന്‍ തന്റെ മികവുറ്റ സംഘാടകശേഷിയിലൂടെയും ശ്രോതാക്കളെ ആവേശം കൊള്ളിക്കുന്ന വ്യതിരിക്തമായ പ്രസംഗ ശൈലിയിലൂടെയും യോഗത്തിന്റെ സംഘടനാ സെക്രട്ടി പദം വരെ ഉയര്‍ന്നു. നിവര്‍ത്തന പ്രക്ഷോഭകാലത്ത് യോഗത്തെ തിരുവിതാംകൂറില്‍ നിരോധിക്കുമ്പോള്‍ ഇ. മാധവനായിരുന്നു യോഗത്തിന്റെ സംഘടനാ സെക്രട്ടറി. 1933-ല്‍ എസ്.എന്‍.ഡി.പി യോഗം അഖില കേരള തീയ യുവജന സമാജത്തിന് രൂപം നല്‍കുമ്പോള്‍ അതിന്റെ നേതൃത്വനിരയില്‍ മാധവനും ഉണ്ടായിരുന്നു.

തീയയുവജന സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കവെ, സി. കേശവന്റെ അധ്യക്ഷതയില്‍ 1933-ല്‍ ചേര്‍ത്തലയില്‍ വച്ചു നടന്ന തീയ യുവജന സമാജത്തിന്റെ പ്രഥമ സമ്മേളനത്തിലാണ് ഈഴവര്‍ സ്വതന്ത്ര സമുദായമാണെന്ന വാദം ഒരു പ്രമേയ രൂപത്തില്‍ മാധവന്‍ ആദ്യം അവതരിപ്പിക്കുന്നത്. സംഘടനയുടെ അനുവാദത്തോടു കൂടിയായിരുന്നു ഇത്. ഹിന്ദുമതത്തിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് ഈഴവര്‍ ഒരു സ്വതന്ത്ര സമുദായമായി നിലനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത പ്രസ്തുത പ്രമേയത്തിന്റെ അവതരണത്തെത്തുടര്‍ന്ന് ഈ വിഷയം യോഗത്തിനുള്ളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ക്ഷേത്രപ്രവേശന സ്വാതന്ത്ര്യത്തിന് വേണ്ടി യോഗത്തിന്റെ ആഭിമുഖുഖ്യത്തില്‍ ആരംഭിച്ച പ്രക്ഷോഭങ്ങള്‍ കേരള സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒരു കാലഘത്തിലാണ് ഇ. മാധവന്‍ സ്വതന്ത്ര സമുദായം വാദം ഉന്നയിക്കുന്ന പ്രമേയം അവതരിപ്പിക്കുന്നതും തുടര്‍ന്ന് ഇതേ വിഷയത്തെ കേന്ദ്ര പ്രമേയമാക്കി സ്വതന്ത്ര സമുദായം എന്ന തലക്കെട്ടില്‍ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. 1934-ല്‍ തീയ യുവജന സമാജത്തിന്റെ മൂന്നാം സംസ്ഥാന സമ്മേളനം പട്ടണക്കാട് വച്ച് നടക്കുകയുണ്ടായി. പ്രസ്തുത സമ്മേളനത്തിന്റെ അധ്യക്ഷന്‍ സാക്ഷാല്‍ ഇ. മാധവനായിരുന്നു. അധ്യക്ഷന്‍ എന്ന നിലയില്‍ സ്വതന്ത്ര സമുദായ വാദത്തെ വിശദീകരിച്ചു കൊണ്ട് ഇ. മാധവന്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗമാണ് അതേ വര്‍ഷം ഒക്ടോബറില്‍ സ്വതന്ത്ര സമുദായം എന്ന തലക്കെട്ടില്‍ പുസ്തക രൂപത്തില്‍ പ്രദ്ധീകരിക്കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പുസ്തകത്തിന്റെ മുഴുവന്‍ കോപ്പികളും വിറ്റുതീരുകയുണ്ടായി. അപ്പോഴേക്കും പുസ്തകം കണ്ടുകെട്ടലിന് വിധേയമായി. എങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട കോപ്പികള്‍ രഹസ്യമായി വായനക്കാരുടെ കൈകളിലൂടെ കേരളത്തിലൂടെ നീളം കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. പുസ്തകം അവതരിപ്പിച്ച നവീന ആശയത്തിന്റെ സ്വീകാര്യതയായിരുന്നു ഇതിന് കാരണം.
1934ല്‍ പാണക്കാട് വച്ച് നടന്ന അഖില കേരള തീയ യുവജന സമാജത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനത്തില്‍ ഇ. മാധവന്‍ ചെയ്ത അധ്യക്ഷപ്രസംഗത്തിന്റെ വികസിത രൂപമാണ് സ്വതന്ത്ര സമുദായത്തിന്റെ ഉള്ളടക്കം എന്ന് മുന്‍പ് സൂചിപ്പിച്ചല്ലോ? എങ്കിലും ഈ ഗ്രന്ഥത്തിലെ ചില ആശയങ്ങള്‍ മുന്‍പ് മിതവാദി, സഹോദന്‍ തുടങ്ങിയ പത്രങ്ങളില്‍ പലപ്പോഴായി പ്രസിദ്ധീകരിച്ചിരുന്നതായി ഗ്രന്ഥകാരന്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ഹിന്ദു മതത്തിനുള്ളില്‍ തീയരുടെ സമുദായ നിലയെ വിശദീകരിക്കുന്ന, മിതവാദി കൃഷ്ണന്റെ അവതാരികയോടുകൂടി ആരംഭിക്കുന്ന ഗ്രന്ഥത്തില്‍ ഡോ. പി. പല്‍പ്പു, എം. സി.ജോസഫ്, എം. രാമവര്‍മ തമ്പാന്‍, സി. കേശവന്‍,കെ. അയ്യപ്പന്‍ എന്നീ പ്രമുഖരുടെ അഭിപ്രായങ്ങള്‍, പ്രത്യേകിച്ചും ഈഴവര്‍ സ്വതന്ത്ര സമുദായം ആകണമെന്ന വാദത്തോടുള്ള തുറന്ന അഭിപ്രായങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര സമുദായവാദം കേവലം നവീനമായൊര ഒരു പ്രസ്ഥാനമല്ലെന്ന് മുഖവുരയായി സൂചിപ്പിച്ചു കൊണ്ടാണ് കനപ്പെട്ട 51 അധ്യായങ്ങളിലൂടെ ഇ. മാധവന്‍ ഈഴവര്‍ സ്വതന്ത്ര സമുദായമാണെന്ന തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. താന്‍ പണ്ടേ ഒരു നിര്‍മതവാദിയാണെന്ന് ആദ്യം തന്നെ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നുണ്ട്. തുടര്‍ന്ന് ഈഴവരുടെ സാമൂഹിക നില വിശകലനം ചെയ്യുന്ന ഗ്രന്ഥകര്‍ത്താവ് ഈഴവര്‍ ഹിന്ദുക്കളല്ലെന്നും അവര്‍ ബുദ്ധമതാനുയായികളായിരുന്നെന്നും ഹിന്ദു മതത്തിന്റെ നിഷ്ഠൂരതയില്‍ പില്‍ക്കാലത്ത് ബുദ്ധമതം ക്ഷയിച്ചപ്പോള്‍ തൊട്ടുകൂടാത്തവരായി ജാതി സമ്പ്രദായത്തിന് കീഴില്‍ കണ്ണിചേര്‍ക്കപ്പെട്ടവരാണെന്നും വിശദീകരിക്കുന്നു. തൊട്ടുകൂടാത്തവര്‍ ഹിന്ദുക്കളല്ലന്നും അവര്‍ ഒരു പ്രത്യേക വിഭാഗമാണെന്നുമുള്ള ഡോ. അംബേദ്ക്കറുടെ വീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് മാധവന്റെ ഈ വീക്ഷണം. തുടര്‍ന്ന് ഹിന്ദുമതം പിന്തുടര്‍ന്നത് മൂലം ഈഴവര്‍ക്കുണ്ടായ നാശം, ജാതി ഹിന്ദുക്കള്‍ അധഃസ്ഥിത വിഭാഗക്കാരോട് കാട്ടുന്ന കൊടിയ മര്‍ദ്ദനം എന്നിവയെ തുറന്നു കാട്ടിയ ശേഷം എന്താണ് യഥാര്‍ഥത്തില്‍ ഹിന്ദുമതം എന്ന് ഗ്രന്ഥകാരന്‍ പരിശോധിക്കുന്നു. ഹിന്ദുമതം എന്താണെന്നുള്ള അന്വേഷണ മധ്യേ അദ്ദേഹം ഇപ്രകാരം എഴുതുന്നു, ” ഹിന്ദു മതം, സനാതനധര്‍മം, ഋഷി പ്രോക്തം, വേദാന്തം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ആളുകള്‍ അന്ധാളിക്കുന്നു. അതിലെന്തോ സാരമായ തത്വം അന്തര്‍ഭവിച്ചിട്ടുണ്ടെന്നു വ്യാമോഹിക്കുന്നു. നമ്മില്‍ സഹസ്രാംശത്തിനു പോലും അറിഞ്ഞു കൂടാത്തതായ സംസ്‌കൃത ഭാഷയില്‍ ഈ ‘വേദാന്തങ്ങള്‍’ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതിനാലാണ് ജനങ്ങള്‍ ഇത്ര ഭ്രമിക്കുന്നത്. സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന മാതൃഭാഷയില്‍ ഇവയെല്ലാം വെളിക്കു ചാടിയാല്‍ മൂക്കും പൊത്തി കൊണ്ട് ആരായാലും ഓടിക്കളയും. ഈ ചരക്കുകള്‍ അത്രക്ക് ദുര്‍ഗന്ധം വമിക്കുന്നവയാണ്”. തുടര്‍ന്ന് അദ്ദേഹം ജാതിസമ്പ്രദായത്തിന്റെ യുക്തിയെ ചോദ്യ ചെയ്യുകയും അതിനോട് ഗാന്ധി പുലര്‍ത്തിയിരുന്ന അനുകൂല മനോഭാവത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ജാതിവാദത്തിന്റെ വക്താക്കളെ ചുട്ടുപൊള്ളിക്കും വിധം അദ്ദേഹം ഇപ്രകാരം രേഖപ്പെടുത്തുന്നു. ” വര്‍ണാശ്രമമില്ലാതെ ജാതിയും ജാതിയില്ലാതെ വര്‍ണാശ്രമധര്‍മവുമില്ല. ജാതികളഞ്ഞിട്ട് വര്‍ണാശ്രമം പുനഃസ്ഥാപിക്കണമെന്നുള്ള ഗാന്ധിയുടെ മോഹം വൃത്തത്തില്‍ ചതുരമടിച്ചു കയറ്റുവാനുള്ള പാഴ്‌മോഹം തന്നെയാണ്. ജാതിപോകണമെങ്കില്‍ വര്‍ണാശ്രമം തന്നെ പോകണം. വരണാശ്രമം ഇല്ലാതാകണമെങ്കില്‍ ഹിന്ദുമത സാഹിത്യത്തിലുള്ള വിശ്വാസം തന്നെ ആകെ മാറണം. ജാതിയെയും വര്‍ണത്തെയും സ്ഥാപിക്കാത്ത ഒരു പ്രമാണ ഗ്രന്ഥവും ഹിന്ദു മതത്തിലില്ല. ഹിന്ദുമതത്തില്‍ നിന്നും ജാതി മാറ്റണമെങ്കില്‍ കരിയില്‍ നിന്നും കറുപ്പു മാറ്റണം. ഹിന്ദുമതത്തിന്റെ അധിഷ്ഠാനം ജാതി മാത്രമാണ്. ജാതി തന്നെയാണ് ഹിന്ദു മതം”. തുടര്‍ന്ന് ഹിന്ദു ദൈവങ്ങള്‍, ക്ഷേത്രങ്ങളും ആരാധന രീതികളും, ബ്രാഹ്മണ മേധാവിത്വം, തുടങ്ങിയ അധ്യായങ്ങളിലൂടെ ഹിന്ദുമതം സമൂഹത്തിന് വരുത്തിവച്ച അധഃപതനത്തെയും വിനാശത്തെയും സംബന്ധിച്ച് ഗ്രന്ഥകാരന്‍ അനാവരണം ചെയ്യുന്നു. അതോടൊപ്പം ഹിന്ദുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന ശൈശവ വിവാഹം, സതി തുടങ്ങിയ വിചിത്രമായ ആചാരനുഷ്ഠാനങ്ങളുടെ മ്ലേച്ഛതയെയും യുക്തിയെയും അദ്ദേഹം തുറന്നു കാട്ടുകയും ചെയ്യുന്നു. തുടര്‍ന്ന് സ്വതന്ത്ര സമുദായ വാദത്തിന് അഥവാ ഹിന്ദുമത ബഹിഷ്‌കരണത്തിന് എതിരെ അക്കാലത്ത് ഉയര്‍ന്നുവന്ന ചില വാദഗതികളെ വിമര്‍ശനാത്മകമായി പരിശോധിച്ച് തള്ളിക്കളഞ്ഞ ശേഷം ഹിന്ദു മത പരിഷ്‌കരണത്തിനുള്ള മുറവിളികളുടെ അന്തസത്തയെ പരിശോധനാ വിധേയമാക്കുന്നു. അദ്ദേഹം എഴുതുന്നത് നോക്കുക: ”ദുഷിച്ചു പോയ ഹിന്ദുമതത്തെ സവര്‍ണരും അവര്‍ണരും യോജിച്ചു പരിഷ്‌കരിച്ച് അതില്‍ നിന്നുതന്നെ രക്ഷ നേടുകയാണ് വേണ്ടതെന്നാണ് പിന്നൊരു കൂട്ടരുടെ വാദം. ശവക്കുഴിയെക്കാള്‍ ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന ഈ ഹിന്ദുമതം പരിഷ്‌കരിക്കുകയോ? ഹിന്ദു മതത്തെ പരിഷ്‌കരിക്കുന്നതിലും എളുപ്പം ചെമ്പിന്റെ ക്ലാവ് മാറ്റി ശുദ്ധീകരിക്കുകയാണ്”. ശേഷം പരിഷ്‌കരണവാദികളെന്ന് സ്വയം പ്രഖ്യാപിക്കുന്ന നായന്മാരുടെ ഇരട്ടത്താപ്പ് നയം, കോണ്‍ഗ്രസ്സിന്റെ അധ്ഃകൃതോദ്ധാരണ നാടകങ്ങള്‍, ‘ഹരിജന്‍’ എന്ന പേരില്‍ ഗാന്ധി നടത്തുന്ന പേക്കൂത്തുകള്‍, വട്ടമേശ സമ്മേളനത്തില്‍ ഡോ. അംബേദ്ക്കര്‍ക്കും ദലിതര്‍ക്കുമെതിരെ ഗാന്ധി അവലംബിച്ച പ്രതിലോമകരമായ നിലപാടുകള്‍, ശുദ്ധി പ്രസ്ഥാനത്തിന്റെ പ്രഹേളികകള്‍, നാരായണ ഗുരുവിന്റെ മതസങ്കല്പം, സ്വതന്ത്ര സമുദായ രൂപീകരണത്തിന്റെ സാധ്യതകളും വെല്ലുവിളികളും, ആധുനിക ലോകത്ത് മതം പ്രസക്തമാണോ തുടങ്ങി ഒട്ടനവധി ഗഹനമായ സമസ്യകള്‍ ഈ ഗ്രന്ഥം ചര്‍ച്ചാ വിഷയമായി വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.
മാധവന്‍ വിഭാവനം ചെയ്യുന്ന സ്വതന്ത്ര സമുദായം ഈഴവസമുദായമാണെന്നതില്‍ സംശയമില്ല. ഈഴവര്‍ തങ്ങളെ അടിച്ചമര്‍ത്തിയ ഹിന്ദു മതത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിക്ക് കീഴില്‍ നിന്നും പുറത്തുവന്ന് ഒരു മതാതീത ജന വിഭാഗമായി നിലനില്‍ക്കണമെന്ന ആശയമാണ് ആത്യന്തികമായി സ്വതന്ത്ര സമുദായം ചര്‍ച്ച ചെയ്യുന്നത്. ഈഴവരുടെ സാമൂഹിക മോചനത്തെപ്പറ്റിയാണ് ഗ്രന്ഥം ചര്‍ച്ച ചെയ്യുന്നതെന്തിലും ശ്രേണീകൃത അസമത്വത്തെ സാധൂകരിക്കുന്ന ജാതി കേന്ദ്രീകൃതമായ ഹിന്ദുമതത്തിന്റെ സാമൂഹിക ക്രമത്തിന് കീഴില്‍ തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയില്‍പ്പെട്ടാല്‍ പോലും ദോഷമുള്ളവരുമായി സാമൂഹിക വിവേചനം അനുഭവിക്കേണ്ടി വന്ന മുഴുവന്‍ ജനവിഭാഗങ്ങളുടെയും വിമോചത്തെപ്പറ്റിയാണ് ഈ ഗ്രന്ഥം പര്യാലോചന ചെയ്യുന്നതെന്നത് നിസ്തര്‍ക്കമാണ്. തൊട്ടുകൂടാത്തവര്‍ ഹിന്ദുക്കളല്ലെന്നും, അവര്‍ ഒരു പ്രത്യേക വിഭാഗമാണെന്നുമുള്ള ഡോ. അംബേദ്ക്കറുടെ നിരീക്ഷണത്തോട് സമരസപ്പെടുന്നതാണ് സ്വതന്ത്ര സമുദായത്തിലെ ആശയധാര എന്നു കാണാന്‍ പ്രയാസമില്ല. നവോത്ഥാന വിപ്ലവ ചിന്തകള്‍ക്ക് ദിശാബോധം നല്‍കിയ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ കണ്ടു കെട്ടിയെങ്കിലും പുസ്തകം മുന്നോട്ടുവച്ച ആശയം നവോത്ഥാന കാലത്തും പിന്നീടും ചര്‍ച്ച ചെയ്യപ്പെട്ടു. അഥവാ, ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. സ്വതന്ത്ര സമുദായത്തിന് പുറമെ എസ്.എന്‍.ഡി. പി യോഗ ചരിത്രം, ഈഴവ സമുദായ ചരിത്രം എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ കൂടി മാധവന്‍ എഴുതിത്തുടങ്ങിയെങ്കിലും ഗ്രന്ഥകാരന് അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല . 1962 ഏപ്രില്‍ 26-ന് സ്വതന്ത്ര സമുദായം മാധവന്‍ വിടവാങ്ങി.
