ഇന്ത്യ ലോകത്തിന് സംഭാവന നല്‍കിയ എക്കാലത്തെയും ശ്രദ്ധേയനായ സ്ത്രീ വിമോചന പോരാളിയും ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉപജ്ഞാതാവുമായിരുന്നു ആധുനിക ഇന്ത്യയുടെ രാഷ്ട്രശില്‍പിയായ ഡോ. അംബേദ്കര്‍. സാമൂഹ്യ പരിഷ്‌കര്‍ത്താവ്, നിയമസഭാ സാമാജികന്‍, വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം, ഭരണഘടനാ ശില്‍പി, നിയമ മന്ത്രി എന്നീ നിലകളില്‍ ഒരിക്കലും വിസ്മരിക്കാനാവാത്ത വിധം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിരുന്ന ഡോ. അംബേദ്കര്‍, സ്ത്രീകളുടെ ശാക്തീകരണത്തിനും വിമോചനത്തിനും നല്‍കിയ അവിസ്മരണീയമായ സംഭാവനകളെ വേണ്ടത്ര ഗൗരവത്തോടെ വിലയിരുത്തി, ഇന്ത്യയിലെ സ്ത്രീ വിമോചന മുന്നേറ്റങ്ങളുടെ ചരിത്രത്തില്‍ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കിയിട്ടുണ്ടോ എന്നത് സംശയമാണ്. ജാതി സമ്പ്രദായത്തിന് രൂപകല്‍പന നല്‍കിയ വേദേതിഹാസങ്ങളുടെയും ശ്രുതി സ്മൃതികളുടെയും ആവിര്‍ഭാവത്തോടെ പുരുഷമേധാവിത്വത്തിന് വിധേയമായി സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ആട്ടിയോടിക്കപ്പെട്ട ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്റെ അവകാശങ്ങള്‍ക്കും വിമോചനത്തിനും വേണ്ടി ജീവിതത്തിലുടനീളം വിശ്രമമില്ലാതെ എഴുതുകയും പ്രസംഗിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ.അംബേദ്കര്‍ സംഘടിത മുന്നേറ്റങ്ങളിലൂടെയും നിയമനിര്‍മാണത്തിന്റെ വഴികളിലൂടെയുമായിരുന്നു സ്ത്രീകളുടെ അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തദ്വാര ഇന്ത്യന്‍ സമൂഹത്തെ പുതുക്കിപ്പണിയുന്നതിനും വഴിയൊരുക്കിയത്. ‘ഒരു സമൂഹത്തില്‍ സ്ത്രീകള്‍ ആര്‍ജിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലായിരിക്കണം ആ സമൂഹത്തിന്റെ പുരോഗതിയെ വിലയിരുത്തേണ്ടത് ‘ എന്ന് അസന്നിഗദ്ധമായി പ്രഖ്യാപിച്ച സാമൂഹ്യ വിപ്ലവകാരിയും പുരോഗമന ചിന്താഗതിക്കാരനുമായിരുന്നു ഡോ.അംബേദ്കര്‍. ശ്രേണീകൃത അസമത്വത്തിനും ലിംഗാസമത്വത്തിനും സ്ത്രീകളുടെ അവകാശ നിഷേധത്തിനും വിത്തുപാകിയ ജാതി വ്യവസ്ഥയ്ക്ക് കീഴില്‍ നൂറ്റാണ്ടുകളോളം അടിച്ചമര്‍ത്തപ്പെട്ടിരുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്ത്രീ പുരുഷ സമത്വത്തിനും വേണ്ടി പോരാടിയ സ്ത്രീ വിമോചകന്‍ എന്നതിലുപരി ഭരണഘടനയിലെ മൗലികാവകാശങ്ങളിലൂടെ ആധുനിക ലോകത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ എന്തെല്ലാമാണെന്ന് നിര്‍ണയിക്കുകയും ആണ്‍മേല്‍ക്കോയ്മയുടെ നുകത്തിന്‍ കീഴില്‍ നിന്നും സ്ത്രീകളെ മോചിപ്പിച്ച് ജീവിതത്തിന്റെ സമസ്ത മേഖലകളിലും അവര്‍ക്ക് തുല്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പുവരുത്താന്‍ വേണ്ടി നിലകൊണ്ട നിയമനിര്‍മാതാവും മതനവീകരണ വാദിയും കൂടിയായിരുന്നു ഡോ.അംബേദ്കര്‍ എന്ന് ഈ മേഖലയില്‍ അദ്ദേഹം നല്‍കിയ മഹത്തായ സംഭാവനകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
സ്ത്രീകളുടെ പ്രഹേളിക, സ്ത്രീകളും പ്രതിവിപ്ലവവും, ഹിന്ദു സ്ത്രീകളുടെ ഉയര്‍ച്ചയും പതനവും, ഇന്ത്യയിലെ ജാതികള്‍ തുടങ്ങിയ അസാധാരണമായ എഴുത്തുകളിലൂടെയും മൂകനായക്, ബഹിഷ്‌കൃത ഭാരത്, പ്രബുദ്ധ ഭാരത് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയും വ്യതിരിക്തമായ സംഘടിത മുന്നേറ്റങ്ങളിലൂടെയുമാണ് നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിച്ചു വന്ന വിവേചനവും അവഹേളനവും തുറന്നുകാട്ടി സ്ത്രീകളുടെ, പ്രത്യേകിച്ചും ഹിന്ദു സ്ത്രീകളുടെ വിമോചനത്തിന് ഡോ.അംബേദ്കര്‍ വഴിയൊരുക്കിയത്. സ്ത്രീകള്‍ യാതൊരുവിധ സ്വാതന്ത്ര്യവും അര്‍ഹിക്കുന്നില്ലെന്ന് പ്രഘോഷണം ചെയ്ത വേദിക് കാലഘട്ടത്തില്‍ ജാതിവ്യവസ്ഥ ശക്തിപ്പെടുന്നതോടുകൂടിയാണ് ഒരു കാലത്ത് സ്വാതന്ത്ര്യവും അവകാശങ്ങളും പുരുഷനോടൊപ്പം തുല്യ പദവിയും അനുഭവിച്ചിരുന്ന സ്ത്രീകള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളില്‍ നിന്നും അന്തസ്സാര്‍ന്ന സാമൂഹ്യ ജീവിതത്തില്‍ നിന്നും ആട്ടിയകറ്റപ്പെട്ട് സാമൂഹ്യവും സാമ്പത്തികവുമായ വിവേചനങ്ങള്‍ക്ക് വിധേയമാവുന്നതെന്ന് ചൂണ്ടിക്കാട്ടിയ ആദ്യത്തെ സാമൂഹ്യ ചിന്തകന്‍ ഡോ. അംബേദ്കര്‍ ആയിരുന്നു. ജാതി നശീകരണത്തില്‍ കേന്ദ്രീകൃതമായ ഹിന്ദു സമൂഹത്തിന്റെ സമഗ്രമായ നവീകരണത്തില്‍ കൂടിയല്ലാതെ സ്ത്രീകളുടെ ശാക്തീകരണവും വിമോചനവും സാക്ഷാത്ക്കരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുകയുണ്ടായി. ഇപ്രകാരം ജാതി നിയമങ്ങള്‍ക്ക് കീഴില്‍ സ്വയം നിര്‍ണയാവകാശവും സ്വത്തവകാശവും അന്തസ്സും നഷ്ടപ്പെട്ട സ്ത്രീകളുടെ ജീവിതം മനുസ്മൃതിയുടെ കിരാത നിയമ വ്യവസ്ഥകളുടെ ക്രോഡീകരണത്തോടു കൂടിയാണ് കൂടുതല്‍ ദുസ്സഹമാവുന്നത്.
‘ പിതാ രക്ഷതി കൗമാരേ , … …. ഭര്‍ത്താ രക്ഷതി യൗവനേ, പുത്രോ രക്ഷതി വാര്‍ദ്ധക്യേ, നഃസ്ത്രീ സ്വാതന്ത്ര്യമര്‍ഹതി’ എന്നായിരുന്നല്ലോ മനുസ്മൃതി സ്ത്രീകളുടെ പദവിയെ നിര്‍ണയിച്ചിരുന്നത്. സാമൂഹ്യ തിന്മകളെ സാമൂഹ്യ നൈതികതയും അനാചാരങ്ങളെ ചട്ടങ്ങളുമായി അടിച്ചേല്‍പ്പിക്കപ്പെട്ട മനുസ്മൃതിയുടെ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് സ്വത്ത് സമ്പാദിക്കുന്നതിനോ വിദ്യാഭ്യാസം ആര്‍ജിക്കുന്നതിനോ മതഗ്രന്ഥങ്ങള്‍ പഠിക്കുന്നതിനോ ഇഷ്ടാനുസരണം വസ്ത്രവും ആഭരണവും ധരിക്കുന്നതിനോ യാതൊരുവിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. പുരുഷന്റെ ലൈംഗിക ഉപഭോഗവസ്തുവായി മാത്രം പരിഗണിക്കപ്പെട്ടിരുന്ന സ്ത്രീകള്‍ സതിയുടെയും ശൈശവ വിവാഹത്തിന്റെയും ബലിയാടുകളുമായിരുന്നു. വിധവാ വിവാഹം നിഷേധിക്കപ്പെട്ടിരുന്നതിനാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ക്ക് വീടകങ്ങളില്‍ ജീവിതം തള്ളി നീക്കേണ്ടി വന്നു. സ്ത്രീകള്‍ യാതൊരു വിധ സ്വാതന്ത്ര്യവും അര്‍ഹിക്കുന്നില്ലെന്നു വരെ ഹൈന്ദവ നീതിസാര ഗ്രന്ഥങ്ങള്‍ ബോധവത്കരണം നടത്തിയിരുന്നു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയാല്‍, പ്രത്യേകിച്ചും വിദ്യാഭ്യാസ സ്വാതന്ത്ര്യം നല്‍കിയാല്‍ സമൂഹം തന്നെ അപകടത്തിലാവുമെന്നും വിശ്വാസസംഹിതകള്‍ തകരുമെന്നും വിശ്വസിച്ചിരുന്ന യാഥാസ്ഥിതികര്‍ അത് നിലനിര്‍ത്താന്‍ എപ്പോഴും ജാഗരൂകരായിരുന്നതിനാല്‍ സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യത്തെപ്പറ്റി സ്വപ്നം കാണാന്‍ പോലും കഴിയുമായിരുന്നില്ല. ഹിന്ദു സ്ത്രീകളുടെ ഉയര്‍ച്ചയും പതനവും എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഹിന്ദു സാമൂഹ്യ ക്രമത്തിന്റെയും ഹിന്ദുധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെയും സംഘടിത ചൂഷണത്തിന്റെ പരിണതഫലമാണ് സ്ത്രീകളുടെ ദുരവസ്ഥക്ക് വഴിതെളിച്ചതെന്ന് ഡോ. അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്താണ് സ്ഥിതിഗതികളില്‍ മാറ്റത്തിന്റെ തിരയിളക്കം അല്‍പമായെങ്കിലും ദൃശ്യമായിത്തുടങ്ങുന്നത്. സാമൂഹ്യ പരിഷ്‌കരണം ലക്ഷ്യമാക്കിയ നവോത്ഥാന നായകന്മാരുടെ ഇടപെടലുകള്‍ ആരംഭിക്കുന്നതും ഈ കാലഘട്ടത്തില്‍ തന്നെ. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ മഹാത്മ ജ്യോതിറാ ഫൂലെയുടെയും മറ്റും നേതൃത്വത്തില്‍ ആരംഭിച്ച നവോത്ഥാന പ്രസ്ഥാനങ്ങള്‍ സാമൂഹ്യ അനാചാരങ്ങളെ ചോദ്യം ചെയ്തതോടൊപ്പം സ്ത്രീ സ്വാതന്ത്ര്യത്തിനും ശാക്തീകരണത്തിനും പ്രാമുഖ്യം നല്‍കിയിരുന്നു. 1874 -ല്‍ മഹാത്മ ജ്യോതിറ ഫൂലെയുടെയും അദ്ദേഹത്തിത്തിന്റെ ഭാര്യ സാവിത്രി ഫൂലെയുടെയും നേതൃത്വത്തില്‍ രാജ്യത്ത് ആദ്യമായി പെണ്‍പള്ളിക്കൂടങ്ങളും ഹോസ്റ്റലുകളും അനാഥാലയങ്ങളും തുറക്കാന്‍ തുടങ്ങിയത് സമൂഹത്തില്‍ പരിവര്‍ത്തനത്തിന്റെ കാറ്റ് വീശാന്‍ വഴിയൊരുക്കിയിരുന്നു. സ്ത്രീകളുടെ മുന്നേറ്റത്തില്‍ കൂടി മാത്രമെ ഏതൊരു സമൂഹത്തിനും പുരോഗതിയിലേക്ക് പ്രവേശിക്കാന്‍ കഴിയൂ എന്നു ഉറച്ചു വിശ്വസിച്ചിരുന്ന സാമൂഹ്യ വിപ്ലവകാരിയായിരുന്നല്ലോ മഹാത്മ ഫൂലെ.
കൊളംബിയ സര്‍വകലാശായിലെയും ലണ്ടന്‍ സ്‌കൂള്‍ ഒഫ് ഇക്കണോമിക്സിലെയും ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഇന്ത്യയില്‍ മടങ്ങിയെത്തി ആയിരത്തി തൊള്ളായിരത്തി ഇരുപതുകളില്‍ ഡോ.അംബേദ്കര്‍ അദ്ദേഹത്തിന്റെ സാമൂഹ്യ വിമോചന പ്രസ്ഥാനം ആരംഭിക്കുമ്പോള്‍ മുതല്‍ സ്ത്രീകളെ കൂടി തന്റെ പ്രസ്ഥാനത്തില്‍ പങ്കാളികളാക്കിയിരുന്നതായി കാണാം. 1927- ലെ മഹദ് സത്യാഗ്രഹത്തില്‍ പതിനായിരം സ്ത്രീ പുരുഷമാരാണ് പങ്കെടുത്തത്. 1930-ല്‍ ആരംഭിച്ച കലാരാം ക്ഷേത്രപ്രവേശന സമരത്തിലും നല്ലൊരു ശതമാനം വനിതകള്‍ പങ്കെടുക്കുകയുണ്ടായി. അഞ്ഞൂറിലധികം സ്ത്രീകളാണ് ഈ സമരത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടത്. അപമാനകരമായ ജീവിതം നയിക്കുന്നതിനെക്കാള്‍ നൂറ് തവണ മരിക്കുന്നതാണ് നല്ലത് എന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രാധാഭായി വഡലേയെ പോലുള്ള വനിതാ നേതാക്കള്‍ ഡോ. അംബേദ്ക്കര്‍ക്കൊപ്പം ഈ സമരത്തില്‍ പങ്കെടുത്തത്. ഇതിനെല്ലാം പുറമെ വനിതകള്‍ക്കു വേണ്ടി അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ആള്‍ ഇന്ത്യാ ഡിപ്രസ്ഡ് ക്ലാസസ് മഹിള ഫെഡറേഷന്‍ പോലുള്ള സംഘടനകള്‍ക്കും പില്‍ക്കാലത്ത് ഡോ.അംബേദ്കര്‍ രൂപം നല്‍കിയിരുന്നു. 1942-ല്‍ നാഗ്പൂരില്‍ സംഘടിപ്പിക്കപ്പെട്ട മഹിള ഫെഡറേഷന്റെ ദേശീയ സമ്മേളനത്തില്‍ 25,000 വനിതകള്‍ പങ്കെടുത്തതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഈ സമ്മേളനത്തെ അഭിസംബോധന ചെയ്കവെ ബാബാ സാഹേബ് ഇപ്രകാരം ആഹ്വാനം ചെയ്യുകയുണ്ടായി ”നിങ്ങളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക. അവരില്‍ ആഗ്രഹം വളര്‍ത്തുക. വിവാഹം കഴിക്കാന്‍ വ്യഗ്രത കാട്ടരുത്. വിവാഹം ഒരു ബാധ്യതയാണ്. വിവാഹാനന്തരം ഉണ്ടാകുന്ന ബാധ്യതയെ അഭിമുഖീകരിക്കാന്‍ കഴിയുന്നതുവരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. ഇതിനെല്ലാം ഉപരി വിവാഹിതരാകുന്ന ഒരോ പെണ്‍കുട്ടിയും അവളുടെ ഭര്‍ത്താവിന്റെ അടിമയാകാതെ അയാളുടെ സുഹൃത്തായി തുല്യതയോടെ ജീവിക്കണം”
1924ല്‍ ബോംബെ നിയമനിര്‍മാണ സഭയില്‍ അംഗമായിരിക്കുമ്പോഴാണ് ഡോ. അംബേദ്കര്‍ നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തികൊണ്ട് സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പോരാട്ടം ആരംഭിക്കുന്നത്. നിയമ നിര്‍മാണ സഭയില്‍ കുടുംബാസുത്രണത്തിനു വേണ്ടി വാദിച്ച അദ്ദേഹം Maternity benefit ബില്ലും അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് ശമ്പളത്തോടെ പ്രസാവധിയും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതായിരുന്നു ഈ നിയമം. ഇതിനെത്തുടര്‍ന്നാണ് 1934-ല്‍ മദ്രാസ് നിയമ നിര്‍മാണ കൗണ്‍സിലും മറ്റു പ്രവിശ്യകളും Maternity benefit ബില്ലുകള്‍ പാസ്സാക്കുന്നത്. സൗത്ത് ബോറ കമീഷന് സമര്‍പ്പിച്ച നിവേദനത്തിലൂടെ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി ആദ്യമായി ശബ്ദമുയര്‍ത്തിയതും ഡോ. അംബേദ്ക്കറായിരുന്നുവെന്നതും ചരിത്രമാണ്. 1942- 46 കാലഘട്ടത്തില്‍ വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ തൊഴില്‍കാര്യ മന്ത്രിയായിരിക്കെ ഡോ.അംബേദ്കര്‍ നടപ്പാക്കിയ നിയമപരിഷ്‌ക്കാരങ്ങള്‍ രാജ്യത്തെ മുഴുവന്‍ സ്ത്രീ തൊഴിലാളികള്‍ക്കും പ്രയോജനപ്രഥമായിരുന്നു. സ്ത്രീ ഖനി തൊഴിലാളികളുടെ ക്ഷേമാര്‍ഥം അദ്ദേഹം നടപ്പാക്കിയ Mines Maternity benefit ബില്‍ ആയിരുന്നു ഇതില്‍ ശ്രദ്ധേയം. ഈ നിയമം ഖനി തൊഴിലാളികളായ സ്ത്രീകള്‍ക്ക് തുല്യവേതനവും ക്ഷേമ ഫണ്ടില്‍ തുല്യ പങ്കാളിത്തവും ഉറപ്പാക്കി. തൊഴിലാളികളുടെ അധ്വാനത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്ന തൊഴില്‍ ഉടമ വനിതാ തൊഴിലാളികള്‍ പ്രസവാവധിയില്‍ പ്രവേശിക്കുമ്പോള്‍ അവരെ സാമ്പത്തികമായി പിന്തുണക്കേണ്ടതുണ്ട് എന്ന സമീപനമാണ് ഡോ. അംബേദ്കര്‍ അവലംബിച്ചത്. സ്ത്രീകളുടെ പ്രത്യുത്പാദന അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ച അദ്ദേഹം അവര്‍ക്ക് പ്രസവ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരിക്കണമെന്നും വാദിച്ചു. ഇതിന്റെയെല്ലാം പിന്തുടര്‍ച്ചയായാണ് 1961-ല്‍ യൂണിയന്‍ ഗവണ്‍മെന്റ് പൊതു maternity benefit bill പാസാക്കുന്നത്. സ്ത്രീകളുടെ തൊഴില്‍ സമയം കുറയ്ക്കുന്നതിനും തൊഴില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടി നിരന്തരം ശബ്ദമുയര്‍ത്തിയ ഡോ. അംബേദ്കര്‍ ഒരേ ജോലിക്ക് പുരുഷന് ലഭിക്കുന്ന അതേ വേതനം സ്ത്രീക്കും ലഭിക്കണമെന്ന് വാദിക്കുകയും ഒരേ ജോലിക്ക് ഒരേ വേതനം എന്ന തത്വം ആവിഷ്‌ക്കരിക്കുകയും ചെയ്തു. ഭരണഘടനയിലെ സ്റ്റേറ്റിന്റെ മാര്‍ഗനിര്‍ദ്ദേശ തത്വങ്ങളില്‍ ഉള്‍പ്പെട്ട അനുച്ഛേദം 39 (d) യില്‍ ഈ തത്വം ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. ഇതിനു പുറമെ ഭരണഘടനയുടെ നിരവധി അനുച്ഛേദങ്ങളിലൂടെ സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ അവകാശങ്ങളും നീതിയും ഉറപ്പുവരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. സ്ത്രീ പുരുഷ ഭേദമെന്യെ എല്ലാ പൗരന്മാര്‍ക്കും മൗലികാവകാശങ്ങളില്‍ തുല്യപരിഗണന ഉറപ്പുവരുത്താന്‍ കഴിഞ്ഞു എന്നതും ഭരണഘടനാ ശില്‍പി എന്ന നിലയില്‍ ഡോ. അംബേദ്ക്കറുടെ മഹത്തായ സംഭാവനയായിരുന്നു. ഭരണഘടനാ അനുച്ഛേദങ്ങള്‍ 14, 15, 15 (3), 16, 23, 39 (a),39 (d), 42, 51 A എന്നിവ ഇത്തരുണത്തില്‍ പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

സ്ത്രീകളുടെ വിമോചനാര്‍ഥം അവരുടെ അവകാശങ്ങള്‍ ഉറപ്പാക്കി, പുരുഷനൊപ്പം സ്ത്രീകള്‍ക്കും തുല്യതയും അന്തസ്സും ഉറപ്പാക്കുന്നതിനു വേണ്ടി ഡോ. അംബേദ്കര്‍ നടത്തിയ എറ്റവും വിപ്ലവകരമായ ഇടപെടലായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ നിയമമന്ത്രിയായിരിക്കെ 1951-ല്‍ അദ്ദേഹം പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഹിന്ദു കോഡ് ബില്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിന്തുണയോടെ തയ്യാറാക്കിയ ഹിന്ദു കോഡ് ബില്‍ ഹിന്ദു നിയമങ്ങളുടെ ഏകീകരണവും നവീകരണവും സ്ത്രീകളുടെ അവകാശ സംരക്ഷണവും ലക്ഷ്യം വച്ച ഏറ്റവും വിപ്ലവകരമായ നിയമ പരിഷ്‌കരണമായിരുന്നു. ബ്രാഹ്‌മണ പുരുഷാധിപത്യത്തിനെതിരെ സ്ത്രീകള്‍ക്ക് സ്വത്തവകാശവും തുല്യതയും അന്തസ്സും വിഭാവനം ചെയ്ത ഈ ബില്‍ ഇന്ത്യയില്‍ അരങ്ങേറിയ ഏറ്റവും വലിയ നിയമ പരിഷ്‌കരണ ഇടപെടലായി വിലയിരുത്തപ്പെട്ടിട്ടുണ്ടെങ്കിലും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രസ്തുത ബില്ലിനെ പരാജയപ്പെടുത്തുകയായിരുന്നു. ഹിന്ദുക്കളിലെ എല്ലാ ജാതികള്‍ക്കും ഏകീകൃത നിയമം വ്യവസ്ഥ ചെയ്ത ഹിന്ദു കോഡ് ബില്‍ സ്വത്തവകാശത്തില്‍ സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുകയും വിവാഹം, വിവാഹ മോചനം, ദത്തെടുക്കല്‍ എന്നിവക്ക് ഏകീകൃത വ്യവസ്ഥകള്‍ ചിട്ടപ്പെടുത്തുകയും ചെയ്തു. സ്വത്തു വകകളില്‍ ജന്മാവകാശം, പെണ്‍കുട്ടികള്‍ക്ക് നേര്‍പകുതി അവകാശം, വിവാഹത്തിലും ദത്തെടുക്കലിലും ജാതിയുടെ നിരാകരണം, ഏക ഭാര്യത്വ തത്വം, വിവാഹമോചനം എന്നിവയെക്കല്ലാം ഈ നിയമത്തില്‍ ഡോ. അംബേദ്കര്‍ വ്യവസ്ഥകള്‍ ഉണ്ടാക്കി. സ്വത്തിന്മേല്‍ സ്ത്രീകള്‍ക്ക് കേവല അവകാശം ഉറപ്പാക്കുക, സ്വജാതീയ വിവാഹം അവസാനിപ്പിക്കുക, വിവാഹ മോചനത്തിനുള്ള അവകാശം ഉറപ്പാക്കുക, ബഹുഭാര്യത്വത്തിന്റെ അപകടം ബോധ്യപ്പെടുത്തുക എന്നിവയും ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നു. നിയതാര്‍ഥത്തില്‍ ബ്രാഹ്‌മണ പുരുഷാധിപത്യത്തെയും ഹിന്ദു സ്ത്രീകളുടെ അവകാശങ്ങളും അവരുടെ അന്തസ്സും പദവിയും അസ്തിത്വവും അട്ടിമറിക്കുന്ന അതിന്റെ പ്രതിവിപ്ലവ വ്യവഹാരങ്ങളെയും തകര്‍ക്കുകയായിരുന്നു ഈ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം. 1951 സെപ്തംബര്‍ 21-ന് ഹിന്ദു വിവാഹത്തെയും വിവാഹമോചനത്തെയും സംബന്ധിക്കുന്ന ബില്ലിന്റ ഭാഗം ഡോ. അംബേദ്കര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍, ഹിന്ദു കോഡ് ബില്‍ പാസായാല്‍ ഹിന്ദു സംസ്‌കാരം തകരും എന്നു അലമുറയിട്ടു കൊണ്ട് രംഗത്ത് എത്തിയ യഥാസ്ഥിതിക വാദികള്‍ പാര്‍ലമെന്റില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ബില്ല് പാസാക്കുന്നത് പ്രതിസന്ധിയിലാവുകയും ഒടുവില്‍ 1956 സെപ്തംബര്‍ 27-ന് ഡോ. അംബേദ്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. ഹിന്ദു സമൂഹത്തില്‍ വലിയ വിപ്ലവം വിഭാവനം ചെയ്ത, സ്ത്രീകള്‍ക്ക് സ്വത്തവകാശവും വിവാഹമോചനവും തുല്യതയും വ്യവസ്ഥ ചെയ്ത ഹിന്ദു കോഡ് ബില്‍ പ്രതിലോമശക്തികളുടെ ഇടപെടലുകളെത്തുടര്‍ന്ന് പരാജയപ്പെട്ടെങ്കിലും ബില്ലിലെ വ്യവസ്ഥകളില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് ഹിന്ദു വിവാഹം, വിവാഹമോചനം, മക്കളുടെ തുല്യാവകാശങ്ങള്‍, വിധവയുടെ അവകാശങ്ങള്‍, ലിംഗസമത്വം, സിവില്‍ വിവാഹ നിയമങ്ങള്‍ തുടങ്ങിയ പല വ്യവസ്ഥകളും പില്‍ക്കാലത്ത് പല ഘട്ടങ്ങളിലായി പല പേരുകളില്‍ പാര്‍ലമെന്റ് നിയമങ്ങളായി അംഗീകരിക്കുകയുണ്ടായി. അങ്ങനെ ഡോ. അംബേദ്ക്കറുടെ വിപ്ലവകരമായ സ്ത്രീ വിമോചന സങ്കല്‍പങ്ങള്‍ക്ക് നിയമനിര്‍മാണത്തിലൂടെ വീണ്ടും പുനരുജ്ജീവനം ലഭിക്കുകയുണ്ടായി. ചുരുക്കത്തില്‍ നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന സ്ത്രീ-അവകാശ സംരക്ഷണ നിയമങ്ങളും അവയ്ക്ക് അടിത്തറയും മാര്‍ഗദര്‍ശകവുമായി വര്‍ത്തിക്കുന്ന ഭരണഘടനാ വ്യവസ്ഥകളും ഡോ.അംബേദ്കര്‍ നടത്തിയ ധീരമായ ഇടപെടലുകളുടെ പരിണിത ഫലമായിട്ടാണ് യാഥാര്‍ഥ്യമായത് എന്നതില്‍ സംശയമില്ല.
