മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് ദുരൂഹമായ സാഹചര്യത്തിൽ നീക്കം ചെയ്യുകയും, അതിന്റെ പേരിൽ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കൽ തടഞ്ഞുവെക്കുകയും ചെയ്ത നടപടിയിൽ എഫ്ഡിസിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു.
എഫ്.ഡി.സി.എ എഫ്ഡിസിഎ പുറത്തിറക്കിയ പ്രതിഷേധ കുറിപ്പ് :
മുതിർന്ന മാധ്യമപ്രവർത്തകനും ‘ദി ടെലിഗ്രാഫ്’ പത്രത്തിന്റെ മുൻ എഡിറ്ററുമായ ആർ. രാജഗോപാലിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് ദുരൂഹമായ സാഹചര്യത്തിൽ നീക്കം ചെയ്യുകയും, അതിന്റെ പേരിൽ അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കൽ തടഞ്ഞുവെക്കുകയും ചെയ്ത നടപടിയിൽ എഫ്ഡിസിഎ (ഫോറം ഫോർ ഡെമോക്രാറ്റിക് ആൻഡ് കമ്യൂണൽ അമിറ്റി) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഭരണഘടനാ സ്ഥാപനമായ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന എസ്ഐആർ പ്രക്രിയയുടെ മറവിൽ രാജ്യത്ത് നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണിത്.
മൂന്ന് പതിറ്റാണ്ടിലേറെയായി കൊൽക്കത്തയിൽ സ്ഥിരതാമസമാക്കിയ, രാജ്യത്തെ പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ എഡിറ്ററായിരുന്ന ഒരു പൊതുവ്യക്തിത്വത്തിന് പോലും ഈ ദുരവസ്ഥ നേരിടേണ്ടി വന്നിരിക്കുന്നു എന്നത് അങ്ങേയറ്റം ഭീതിജനകമാണ്. വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടിയതിന് കൃത്യമായ കാരണം വ്യക്തമാക്കാൻ പോലും അധികാരികൾ തയ്യാറായിട്ടില്ല. ഇതിലും ഭയാനകമായ കാര്യം, വോട്ടർപട്ടികയിൽ പേരില്ലെന്ന കാരണം പറഞ്ഞ് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് പുതുക്കൽ തടഞ്ഞുവെച്ചു എന്നതാണ്. പാസ്‌പോർട്ട് പുതുക്കുന്നതിന് വോട്ടർ ഐഡി നിർബന്ധ രേഖയല്ലെന്നിരിക്കെ, പോലീസ് വെരിഫിക്കേഷൻ തടഞ്ഞുവെച്ച നടപടി തികഞ്ഞ പ്രതികാരബുദ്ധിയോടെയുള്ളതാണ്.
സ്വതന്ത്രമായ മാധ്യമപ്രവർത്തനം നടത്തുകയും ഭരണകൂടങ്ങളെ ചോദ്യം ചെയ്യുകയും ചെയ്ത ഒരു മാധ്യമപ്രവർത്തകനെ വേട്ടയാടാനും അദ്ദേഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും നിഷേധിക്കാനുമുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്താകെ ആറ് കോടിയോളം ആളുകളുടെ പേര് ഇത്തരത്തിൽ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആർ. രാജഗോപാലിനെപ്പോലെയുള്ള പ്രമുഖർക്ക് ഈ അവസ്ഥയാണെങ്കിൽ, സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പാവപ്പെട്ട ലക്ഷക്കണക്കിന് ജനങ്ങളുടെ വോട്ടവകാശമാണ് ഈ അശാസ്ത്രീയമായ പുനഃപരിശോധനയിലൂടെ ഇല്ലാതാകുന്നത്. പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാനും, ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും മുഴുവൻ ജനാധിപത്യ വിശ്വാസികളും ഈ അനീതിക്കെതിരെ ശബ്ദമുയർത്തണമെന്ന് എഫ്ഡിസിഎ അഭ്യർത്ഥിക്കുന്നു.
