രാജ്യമാകെ വോട്ട് ചോരിയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണല്ലോ കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. തദ്ദേശ പട്ടികക്കോ വാര്‍ഡ് വിഭജനത്തിനോ ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല. കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനാണ് അത് നിര്‍വഹിക്കുന്നത്. കേരള സര്‍ക്കാര്‍ നിയോഗിച്ച ഡീലിമിറ്റേഷന്‍ കമ്മീഷനാണ് വാര്‍ഡ് വിഭജനം നിര്‍വ്വഹിച്ചതും. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാര്‍ഡ് വിഭജനത്തിലും വോട്ടര്‍ പട്ടികയിലും കാണുന്ന അസന്തുലിതത്വം നമുക്ക് പരിശോധിച്ചേ മതിയാകൂ. കേവലം ഭരണപരമായ സൗകര്യങ്ങള്‍ക്കപ്പുറം, വ്യക്തമായ രാഷ്ട്രീയ അജണ്ടയോടെ നടപ്പാക്കിയ ഒന്നാണ് ഇത് എന്ന സംശയം ബലപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ജനാധിപത്യപരമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ട വാര്‍ഡ് വിഭജനം, ചില സാമൂഹിക വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറക്കാനും, ബി.ജെപിയുടെ വിജയസാധ്യത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ എഞ്ചിനീയറിംഗ് ആയി മാറിയെന്ന ഗുരുതരമായ ആരോപണമാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്. മുസ്‌ലിം, ലത്തീന്‍ ഭൂരിപക്ഷ മേഖലകളിലെ വോട്ടര്‍മാരുടെ എണ്ണവും, വിഭജന മാനദണ്ഡങ്ങളും തമ്മിലുള്ള വലിയ അന്തരം ഈ വാദത്തെ സാധൂകരിക്കുന്നു.
വോട്ട് ശരാശരിയിലെ അസമത്വം: മുസ്‌ലിം-ലത്തീന്‍ മേഖലകളിലെ ജനപ്രാതിനിധ്യത്തകര്‍ച്ച
വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാന തത്വം, എല്ലാ ഡിവിഷനുകളിലും ഏകദേശം തുല്യമായ വോട്ടര്‍മാരുടെയോ ജനസംഖ്യയുടെയോ എണ്ണം ഉറപ്പാക്കുക എന്നതാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ 101 ഡിവിഷനുകളിലെ മൊത്തം വോട്ടര്‍മാരുടെ എണ്ണം 8,21,423 ആണ്. (തെരെഞ്ഞെടുപ്പ് കമ്മീഷന്‍ 2025 സെപ്തംബര്‍ 29 ല്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക) ഇതിലൂടെ ലഭിക്കുന്ന പൊതു ശരാശരി ജനസംഖ്യ 8,133 ആണ്. ഈ ശരാശരിയെ അടിസ്ഥാനമാക്കിയാണ് ഓരോ വാര്‍ഡിനും ഒരു കൗണ്‍സിലറെ ലഭിക്കേണ്ടത്. എന്നാല്‍, മുസ്ലിം-ലത്തീന്‍ ഭൂരിപക്ഷമുള്ള എട്ട് ഡിവിഷനുകളിലെ (പൂന്തുറ, പോര്‍ട്ട്, വള്ളക്കടവ്, വെട്ടുകാട്, ബീമാപള്ളി, വലിയതുറ, വിഴിഞ്ഞം, ചാല) വോട്ടര്‍മാരുടെ എണ്ണം പരിശോധിക്കുമ്പോള്‍, പൊതു ശരാശരി തകര്‍ക്കുന്ന അവിശ്വസനീയമായ അന്തരം കാണാം.

ഈ എട്ട് ഡിവിഷനുകളിലെ ആകെ വോട്ടര്‍മാര്‍ 1,07,626 ആണ്. പൊതുശരാശരി (8,133) പ്രകാരം ഈ ജനസംഖ്യക്ക് 13 കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യം അര്‍ഹതപ്പെട്ടതാണ്. എന്നാല്‍, പുതിയ വിഭജനത്തില്‍ ഈ ജനതയെ ഉള്‍ക്കൊള്ളിക്കുന്നത് എട്ട് ഡിവിഷനുകളിലാണ്. ഈ ഡിവിഷനുകളില്‍ ഏഴും തീരദേശവുമാണ്.
വിഭജനത്തിന്റെ പ്രത്യാഘാതം വ്യക്തമാണ്:
> ബീമാപള്ളി പോലുള്ള ഡിവിഷനുകള്‍ക്ക് ഏകദേശം രണ്ട് കൗണ്‍സിലര്‍മാരുടെ (17,233/8133 – 2.1) പ്രാതിനിധ്യം ലഭിക്കേണ്ട സ്ഥാനത്ത്, ഒരു കൗണ്‍സിലര്‍ മാത്രമാണ് ഉണ്ടാകുന്നത്.
> മുസ്‌ലിം-ലത്തീന്‍ ഭൂരിപക്ഷമുള്ള ഈ എട്ട് ഡിവിഷനുകള്‍ക്ക് മൊത്തത്തില്‍ അഞ്ച് കൗണ്‍സിലര്‍മാരുടെ കുറവാണ് (13-8 = 5) ഉണ്ടാകുന്നത്.
> ഇതിലൂടെ അഞ്ച് എല്‍.ഡി.എഫ്/യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യമാണ് ഇല്ലാതാകുന്നത്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മുസ്‌ലിം, ലത്തീന്‍ സമുദായങ്ങള്‍ക്ക് അവരുടെ വോട്ടര്‍മാരുടെ എണ്ണത്തിന് ആനുപാതികമായി ലഭിക്കേണ്ടിയിരുന്ന പ്രാതിനിധ്യം ഈ വിഭജനത്തിലൂടെ മനഃപൂര്‍വ്വം വെട്ടിച്ചുരുക്കപ്പെട്ടു. വോട്ടര്‍മാരുടെ എണ്ണം കൂടുതലുള്ള വാര്‍ഡുകളില്‍ ഒരു കൗണ്‍സിലറെ മാത്രം അനുവദിക്കുമ്പോള്‍, ആ പ്രദേശത്തെ ജനങ്ങള്‍ക്ക് അവരുടെ പ്രാതിനിധ്യം കുറയുകയും കൗണ്‍സിലര്‍ക്ക് അധികഭാരം വരികയും ചെയ്യുന്നു. ഇത് ജനാധിപത്യ നീതിയുടെ ലംഘനമാണ്.
വലിയ ജനസംഖ്യയുള്ള ഡിവിഷനുകളില്‍ പ്രാതിനിധ്യം വെട്ടിക്കുറക്കുന്നതിനൊപ്പം, കുറഞ്ഞ വോട്ടര്‍മാരുള്ള ഡിവിഷനുകളില്‍ അനാവശ്യമായി പ്രാതിനിധ്യം വര്‍ധിപ്പിച്ചതും രാഷ്ട്രീയമായി സംശയാസ്പദമാണ്. ഏറ്റവും കുറഞ്ഞ വോട്ടര്‍മാരുള്ള പത്ത് ഡിവിഷനുകളിലെ കണക്കുകള്‍ പരിശോധിക്കുക:

ഈ പത്ത് ഡിവിഷനുകളിലെ മൊത്തം വോട്ടര്‍മാര്‍ 51,094 മാത്രമാണ്. പൊതുശരാശരി (8,133) പ്രകാരം ഈ ജനസംഖ്യക്ക് ആകെ ആറ് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യം മതിയാകും. എന്നാല്‍, നിലവിലെ വിഭജനത്തില്‍ ഈ 10 ഡിവിഷനുകളിലും 10 കൗണ്‍സിലര്‍മാര്‍ ഉണ്ടാകും.
വിഭജനത്തിലൂടെ സംഭവിക്കുന്നത്:
> ആറ് കൗണ്‍സിലര്‍മാര്‍ മതിയായിരുന്നിടത്ത് നാല് കൗണ്‍സിലര്‍മാരെ അധികമായി ലഭിക്കുന്നു.
> കൂടുതല്‍ വോട്ടര്‍മാരുള്ള ചില മേഖലകളില്‍ ‘ഒരു വോട്ട് = കുറഞ്ഞ പ്രാതിനിധ്യം’ എന്ന അവസ്ഥ വരുമ്പോള്‍, കുറഞ്ഞ വോട്ടര്‍മാരുള്ള ഡിവിഷനുകളില്‍ ‘ഒരു വോട്ട് = ഉയര്‍ന്ന പ്രാതിനിധ്യം’ എന്ന അവസ്ഥ വരുന്നു. ഇത് വോട്ടിന്റെ മൂല്യം തുല്യമല്ലാതാക്കുന്നു.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്ന രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഈ വിഭജനം നടന്നിരിക്കുന്നത്.
> ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള എട്ട് ഡിവിഷനുകളില്‍ (മുസ്‌ലിം-ലത്തീന്‍ ഭൂരിപക്ഷമുള്ളവ) ബി.ജെ.പിക്ക് നിലവില്‍ ജയസാധ്യത കുറവാണ്. ഈ വാര്‍ഡുകളില്‍ എല്‍.ഡി.എഫ്/യു.ഡി.എഫ് സ്ഥാനാര്‍ഥികളാണ് സാധാരണ വിജയിക്കാറ്. ഈ വാര്‍ഡുകളിലെ വോട്ടര്‍മാരെ ഒന്നിച്ചു നിര്‍ത്തി പ്രാതിനിധ്യം കുറയ്ക്കുമ്പോള്‍, സ്വാഭാവികമായും അഞ്ച് കൗണ്‍സിലര്‍മാരുടെ പ്രാതിനിധ്യമാണ് ബി.ജെ.പിയുടെ എതിര്‍ പക്ഷത്തിന് നഷ്ടമാകുന്നത്. കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇത് നിര്‍ണ്ണായകമായ രാഷ്ട്രീയ നേട്ടമായി മാറുന്നു.
> വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഡിവിഷനുകളില്‍ അനുവദിക്കുന്ന സംഖ്യ വലിയ ജനസംഖ്യയുള്ള ഡിവിഷനില്‍ ശരാശരിയില്‍ കുറഞ്ഞ് മാത്രമാകും ലഭിക്കുക. പിന്നാക്ക മേഖലകളാണ് വോട്ടര്‍മാര്‍ കൂടുതലുള്ള ഈ ഡിവിഷനുകളെല്ലാം. കുടുതല്‍ പരിഗണന ആവശ്യമായ ഈ ഇടങ്ങളില്‍ വ്യക്തിഗത ആനുകൂല്യങ്ങളടക്കമുള്ള പലതും ആവശ്യമായത് ലഭിക്കാതെ പോകും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ വാര്‍ഡ് വിഭജനം, പ്രാഥമികമായി രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ട് നടപ്പാക്കിയ ഒന്നാണെന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ് ഈ കണക്കുകള്‍. വാര്‍ഡ് വിഭജനം എന്നത് ജനങ്ങളുടെ പ്രാതിനിധ്യത്തിനും വികസനത്തിനും വേണ്ടിയുള്ള ഒരു ജനാധിപത്യ പ്രക്രിയയാണ്. അത് ചിലരുടെ പ്രാതിനിധ്യ നിഷേധത്തിലക്ക് പോകുന്നത് അടിയന്തിരമായി പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.
