ഡിസി എന്ന സിനിമയിൽ ഒരു വേശ്യാലയത്തിൽ നിന്നും ചന്ദ്ര എന്ന സ്ത്രീയെ രക്ഷിച്ചെടുക്കുന്ന ഒരു ഫൈറ്റ് സീക്വൻസിന്റെ ബാക്ക്‌ഡ്രോപ്പിൽ സിൽക്ക് സ്മിതയുടെ ഒരു ഗ്രാഫിറ്റി പോലുള്ള ചിത്രം വരച്ച ഒരു ബാക്ക്‌ഡ്രോപ്പ് കാണിക്കുന്നുണ്ട്. സിൽക്ക് സ്മിത എന്ന ഒരു ഐഡന്റിറ്റിയെ , ഒരു പാൻ-ഇന്ത്യൻ നടിയെ ഇന്ത്യ രേഖപ്പെടുത്തുന്നത് കാബറെ ഡാൻസർ, ബി ഗ്രേഡ് നടി, നടി എന്നീ നിലകളിൽകൂടെ ആണ്. സിൽക്ക് സ്മിത എന്ന ഐഡന്റിറ്റിയെ ഇന്ത്യയിലെ പൊതുസമൂഹത്തിന്റെ സ്വീകാര്യമായ ഇടങ്ങളിൽ എത്രത്തോളം ആർക്കൈവ് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ചോദിച്ചാൽ ഒരുപക്ഷേ ഒട്ടും ഇല്ല എന്ന് തന്നെ പറയേണ്ടി വരും. കേരളത്തിലെ അടക്കം പൊതുഇടങ്ങളിലെ പോസ്റ്ററുകളിൽ അവരുടെ തല പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകാം. പക്ഷെ, ചരിത്രപരമായ ആർക്കൈവുകൾ നിർമിക്കുന്ന ചുമരുകളിൽ, ചിത്രകലയിൽ, ഗ്രാഫിറ്റി ആർട്ടുകളിൽ, അല്ലെങ്കിൽ പൊതുഇടത്തിലെ ചരിത്രസാക്ഷ്യങ്ങളായി സിൽക്ക് സ്മിത മാറിയിട്ടുണ്ടാകില്ല. കാരണം, അവർ ഒരു കാബറെ നർത്തകിയും അതുപോലെ ഒരു ബി ഗ്രേഡ് നടി കൂടെ ആയതുകൊണ്ടാകാം. സാമൂഹിക മാധ്യമങ്ങളിൽ, പി.എച്ച്.ഡി. അക്കാദമിക് പഠനങ്ങളിൽ, ലൈംഗിക പഠനങ്ങളിൽ, സിനിമയുടെ സെമിയോട്ടിക് ചർച്ചകളിൽ ഒക്കെ അവർ ഇടം പിടിച്ചിട്ടുണ്ടാകാം. പക്ഷെ, സിൽക്ക് സ്മിത അടക്കം പല നടിമാരും പൊതുസമൂഹത്തിന്റെ ചുവരുകളിൽ ആർക്കൈവുകളായി വന്നിട്ടില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്.
സിൽക്ക് സ്മിത എന്ന നടിയുടേത് എന്ന് അറിയപ്പെടുന്ന ജീവിതം വളരെ അധികം കോംപ്ലെക്‌സിറ്റീസിലൂടെ കടന്നുപോകുന്നത് കൂടെയാണ്. അഭിനയം, താരശരീരം, ലൈംഗികത, സാമ്പത്തിക ഉയർച്ചത്താഴ്ചകൾ, ബന്ധങ്ങളിലെ വിള്ളലുകൾ, സൂപ്പർ താരങ്ങളെ അടക്കം നിഷ്പ്രഭരാക്കിയുള്ള പെർഫോമൻസുകൾ, ഡാൻസുകൾ, ആത്മഹത്യ അങ്ങനെ പലതരം സംഘർഷഭരിതമായ ജീവിതത്തിന്റെ ചരിത്രം കൂടെയാണ് സിൽക്ക് സ്മിതയുടേത്. ഒരു കാലത്ത് അവരെ ഇരുട്ടിൽ ആസ്വദിക്കുകയും പിന്നീട് പുറത്ത് നിർത്തുകയും ചെയ്യുന്ന ഒരു സമൂഹം, സാമൂഹിക മാധ്യമങ്ങളുടെ കാലത്ത് അവരെ റീലുകളിലൂടെ ആഘോഷിക്കുന്നുമുണ്ട്. പൊതുഇടത്തെ ചുവരുകളിൽ, വേദികളിൽ, ഓർമ്മ പരിപാടികളിൽ ഇടം കിട്ടാത്ത സിൽക്ക് സ്മിതയെ ഡിജിറ്റൽ ഇടങ്ങളിൽ ആഘോഷിച്ച് ഡിജിറ്റൽ ആർക്കൈവുകൾ സൃഷ്ടിച്ചിട്ടുണ്ട്. അപ്പോഴും ഒരിടത്തും സിൽക്ക് സ്മിതയുടെ ഒരു സ്മൃതിദിനം ചിലപ്പോൾ ഇന്ത്യൻ സിനിമയോ പൊതുസമൂഹവും ആദരിച്ചിട്ടുണ്ടാകില്ല. അതിന്റെ ഒരു കാരണം ‘പൊതു’ എന്ന ഇടത്തിൽ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ അപര ഇടങ്ങളിലെ അവരുടെ സാന്നിധ്യം കൂടെയാണ്. ഒരു കാലത്ത് സി ക്ലാസ് തിയേറ്ററുകളിൽ ഇരുട്ടിൽ സിൽക്ക് സ്മിതയുടെ ബി ഗ്രേഡ് സിനിമകൾ കണ്ട് ആസ്വദിച്ച് അവരെ ആഘോഷിച്ചത് കേരളം അടക്കമുള്ള പൊതുഇടങ്ങളിലെ കുടുംബം, പൊതുസമൂഹം ഒന്നുമല്ല (മാത്രമല്ല). അപരങ്ങളിൽ നിൽക്കുന്ന, ജാതിശ്രേണിയിൽ താഴെ നിൽക്കുന്ന സാധാരണക്കാരായ മനുഷ്യർ കൂടെയായിരുന്നു.
ഇത്രയും പറയാൻ കാരണം ഇന്ത്യൻ സ്ത്രീത്വത്തിലെ അപരത്വം/ലൈംഗികത/പുറത്താക്കപ്പെട്ടവൾ/ആത്മഹത്യ ചെയ്തവൾ/പിഴച്ചവൾ/പൈസ ഉണ്ടാക്കിയവൾ/ദാരിദ്ര്യം ബാധിച്ചവൾ/കുടുംബം ഇല്ലാത്തവൾ എന്നൊക്കെ അപരങ്ങളിൽ ജീവിച്ച സിൽക്ക് സ്മിതയുടെ ഒരു ഗ്രാഫിറ്റി അല്ലെങ്കിൽ ചിത്രം വരച്ച ഒരു വേശ്യാലയത്തിൽ വെച്ചാണ് ചന്ദ്ര എന്ന ലൈംഗിക തൊഴിലാളിയായി മാറിയ ഒരു സ്ത്രീ/പെൺകുട്ടി രക്ഷപ്പെട്ടു പോകുന്നത് എന്നത് കൊണ്ടാണ്. സിൽക്ക് സ്മിത കൂടുതലായും രേഖപ്പെടുത്തുന്നത് ഇത്തരം ഇടങ്ങളിൽ ആണ്. അവരെ രക്ഷിക്കുന്നതും ഇന്ത്യൻ സാമൂഹിക ഘടനയിൽ, ജാതിഘടനയിൽ ഏറ്റവും അടിത്തട്ടിൽ നിൽക്കുന്ന അപരങ്ങളിൽ ജീവിക്കുന്ന ഒരു ഗാങ്സ്റ്റർ കൂടിയായ ദേവദാസ് കൂടെയാണ്. ഇവിടെ സിൽക്ക് സ്മിതയുടെ ചിത്രം ഒരു അലങ്കാരമല്ല. ഒരു ശരീരത്തിന്റെ ചരിത്രം മറ്റൊരു ശരീരത്തിന്റെ രക്ഷപ്പെടലിന്റെ പശ്ചാത്തലമായി മാറുകയാണ്. ഇന്ത്യൻ സ്ത്രീത്വത്തിലെ അപരത്വം, ലൈംഗികത, പുറത്താക്കൽ, ദാരിദ്ര്യം, ശരീരത്തിന്റെ വിൽപ്പന, അതിജീവനം എന്നിവയുടെ പലതരം ചരിത്രങ്ങൾ ഒരേ ഫ്രെയിമിൽ പരസ്പരം കണ്ടു മുട്ടുന്നുണ്ട്.
ഇന്ത്യൻ സാമൂഹിക അവസ്ഥയിലെ കുടുംബം/പൊതുസമൂഹം/ എസ്റ്റാബ്ലിഷ്ഡ് സമൂഹം എന്നിങ്ങനെ റിസീവബിലിറ്റി ഉള്ള പൊതു ഇടത്തിന് പുറത്ത് വേറെ ഒരു യൂണിവേഴ്‌സിൽ നടക്കുന്ന അതിഗംഭീരമായ സംഘർഷങ്ങളും ഫൈറ്റുകളും എസ്‌കേപ്പുകളും ഒക്കെ ചിത്രീകരിക്കുന്ന ഇന്ത്യൻ സിനിമയുടെ തന്നെ സെമിയോട്ടിക് സാമൂഹിക ഭാഷയിൽ അട്ടിമറി നടത്തിയിട്ടുള്ള സിനിമകളിൽ ചേർക്കാവുന്ന ഏറ്റവും പുതിയ പതിപ്പ് തന്നെയാണ് ഡി സി. അത് ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ ദേവദാസ് എന്ന കഥയുടെ വേറിട്ട വായന ആയതുകൊണ്ട് മാത്രമല്ല, ഈ സിനിമയുടെ ദൃശ്യഭാഷയിൽ ഇന്ത്യയിലെ അടിത്തട്ട് സമൂഹങ്ങളിലെ സർവൈവലുകൾ, വയലൻസുകൾ ചിത്രീകരിക്കുന്നതിലൂടെ കൂടെയാണ്. ഇന്ത്യയിലെ താരശരീരങ്ങളിൽ നടത്തുന്ന ചില അട്ടിമറികളിലൂടെ കൂടെയാണ്.
ആരണ്യ കാണ്ഡം എന്ന തമിഴ് സിനിമയിലാണ് ഒരു അധോലോകത്തിൽ കുടുങ്ങിയ, ലൈംഗിക തൊഴിൽ ചെയ്യേണ്ടി വന്ന ഒരു സ്ത്രീ തന്റെ തന്ത്രപൂർവമായ ബുദ്ധിയിലൂടെയും വയലൻസിലൂടെയും ഒരു സാമ്രാജ്യത്തിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ട് സമ്പത്തും കൊണ്ട് മുങ്ങുന്ന ഒരു ഗംഭീര പ്ലോട്ട് രൂപപ്പെടുന്നത്. ഇന്ത്യൻ സമൂഹം കണ്ട ഏറ്റവും മികച്ച അധോലോക സിനിമയും അതിലെ ഒരു സ്ത്രീയുടെ ഗംഭീരമായ സർവൈവലും ആയിരുന്നു അത്. ഇവിടെ ഈ ഡി സി എന്ന സിനിമയിൽ ഒരു സിൽക്ക് സ്മിതയുടെ ചിത്രത്തിന്റെ ഷോട്ടിൽ തുടങ്ങുന്ന ചന്ദ്ര എന്ന സ്ത്രീയുടെ സർവൈവലും വേറിട്ട ഒരു വയലൻസിന്റെ ദൃശ്യതയുടെ കാഴ്ച കൂടെയാണ്.
അവർ രക്ഷപ്പെടുന്നത് ഒരു മാരുതി ഓമ്നി വാനിലാണ്. മാരുതി ഓമ്നി വാൻ എന്നത് ഒരു സിംബൽ കൂടെയാണ്. ഒരു കാലത്ത് മലയാള സിനിമയിൽ അടക്കം കള്ളക്കടത്ത് നടത്താനും സ്ത്രീകളെ കടത്തിക്കൊണ്ടുപോകാനുമൊക്കെ തൊണ്ണൂറുകളിൽ സിനിമകളിൽ ഉപയോഗിച്ചതാണ് മാരുതി ഓമ്നി വാൻ എന്ന ഒരു തമാശയ്ക്കെങ്കിലും ചീത്തപ്പേര് ആ വാഹനത്തിനുണ്ട്. പക്ഷെ, അതിനെ തിരിച്ചിട്ട് ചന്ദ്ര എന്ന സ്ത്രീ ഒരു മാരുതി ഓമ്നി വാനിൽ സഞ്ചരിച്ചുകൊണ്ട് തന്നെ ശാരീരികമായി ഉപയോഗിച്ച് പീഡിപ്പിച്ച, പൊതുസമൂഹത്തിലെ ബിസിനസ് മഹാന്മാർ, പൊലീസുകാർ, സമൂഹത്തിൽ സ്വീകാര്യത ഉള്ളവരെ ഒക്കെ ബ്ലാക്ക്‌മെയിൽ ചെയ്ത്, തനിക്ക് സർവൈവൽ ചെയ്യാനുള്ള പൈസ കൂടെ അവർ ഉണ്ടാക്കി എടുക്കുകയാണ്. അപര ഇടങ്ങളിൽ നിന്ന് കൊണ്ട് തന്നെ ഇല്ലാതാക്കിയ പൊതു എന്ന ഇടത്തെ സമൂഹത്തെ തന്നെ തകർത്തു തരിപ്പണമാക്കാൻ അവരുടെ ജീവിതം ആയുധമാകുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ രസം.
അവരുടെ പന്ത്രണ്ടു വയസ്സിൽ ആരംഭിക്കുന്ന ലൈംഗിക തൊഴിലിലൂടെ അവർക്ക് ഒരുപാട് ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാം. അത് അവരുടെ ഒരു ടൂൾ ആണ്. അവർ കൊണ്ടുനടക്കുന്നത് ഒരു പ്ലാസ്റ്റിക് പൂവ് കൂടെയാണ്. ഒരിക്കലും വാടാത്തതാണ് പ്ലാസ്റ്റിക് പൂവ്. പൂവിന്റെ കാവ്യാത്മകതയൊക്കെ വിട്ടുകൊണ്ട് തന്റെ ജീവിതം സർവൈവൽ ആണെന്നും, വിടരുക, പൊഴിയുക തുടങ്ങിയ പെൺ ജീവിതങ്ങളുടെ കാവ്യാത്മകതകളെ ഒക്കെ തച്ചുതകർത്തുകൊണ്ട് തന്റേതായ ഒരു ജീവിതം അത് വയലൻസിലൂടെ തിരഞ്ഞെടുക്കുന്ന എസ്റ്റാബ്ലിഷ്ഡ് എലൈറ്റ് ഫെമിനിസത്തിൽ നിന്നും വ്യത്യാസപ്പെട്ട വേറെ ഒരു തരത്തിലുള്ള സ്ത്രീത്വത്തിന്റെ ഇമേജറിയായി മാറുന്ന ഇന്ത്യൻ സിനിമയിലെ നമ്പർ വൺ കഥാപാത്രങ്ങളിൽ ഒന്നാണ് ചന്ദ്ര എന്നത്. പൂവ് എന്നത് സാധാരണയായി ഇന്ത്യൻ സിനിമയിലും സാഹിത്യത്തിലും സ്ത്രീത്വത്തിന്റെ ഒരു കാവ്യാത്മക ഇമേജറിയാണ്. വിടരുക, വാടുക, പൊഴിയുക എന്നിങ്ങനെ സ്ത്രീജീവിതത്തെ പ്രകൃതിയുടെ ഒരു സൗന്ദര്യാത്മക ചക്രവുമായി ബന്ധിപ്പിക്കുന്ന ഒരു കാവ്യഭാഷ അതിനുണ്ട്. പക്ഷെ, ചന്ദ്രയുടെ കൈയിലെ പൂവ് പ്ലാസ്റ്റിക് ആണ്. അത് ഒരിക്കലും വാടുന്നില്ല. ഒരിക്കലും മരിക്കുന്നില്ല. അതിന്റെ കൃത്രിമത്വം തന്നെ അതിന്റെ സർവൈവൽ ആണ്. അതുകൊണ്ട് തന്നെ ആ പ്ലാസ്റ്റിക് പൂവ് ചന്ദ്രയുടെ ജീവിതത്തിന്റെ ഒരു മെറ്റാഫർ ആയി മാറുന്നുണ്ട്. അവൾ പൂവിനെപ്പോലെ വിടരുകയോ പൊഴിയുകയോ ചെയ്യുന്നില്ല. അവൾ അതിജീവിക്കുന്നു.
ആരണ്യകാണ്ഡം എന്ന സിനിമയിൽ സകലരെയും തട്ടി കാശും കൊണ്ട് കടന്നുപോകുന്ന സ്റ്റൈലിഷ് ലൈംഗിക തൊഴിലാളിയുടെ തുടർച്ച പോലെയും ചന്ദ്ര എന്ന സ്ത്രീ ഈ സിനിമയിൽ രൂപപ്പെടുന്നുണ്ട്. തോക്ക് എന്നത് ഒരു ലൈംഗികതയുടെ അല്ലെങ്കിൽ ലിംഗസമാനമായ ഉപകരണം അരയിൽ ഇറുക്കി കയറ്റി തന്നെ പീഡിപ്പിച്ച പൊലീസുകാരന്റെ സമൂഹത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ആയ പോലീസ് സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വെടിവെച്ചിടുന്ന ചന്ദ്രയുടെ സീൻ ഒക്കെ രോമാഞ്ചം കൊള്ളിക്കുന്നതാണ്. അതായത് ചന്ദ്ര പോകുന്ന ഓമ്നി വാൻ, അംബാസഡർ കാർ, ഉപയോഗിക്കുന്ന തോക്കുകൾ, പ്ലാസ്റ്റിക് പൂവുകൾ ഒക്കെ പല തരത്തിലുള്ള വായനയ്ക്ക് സാധ്യതകൾ നിർമ്മിക്കുന്ന സിനിമാറ്റിക് ടൂളുകളാണ്. ഒരു വാഹനത്തിന് പോലും ഒരു സാമൂഹിക ഓർമയുണ്ട്. ഒരു തോക്കിന് ഒരു ലിംഗരാഷ്ട്രീയം ഉണ്ടാകാം. ഒരു പ്ലാസ്റ്റിക് പൂവിന് ഒരു സ്ത്രീശരീരത്തിന്റെ അതിജീവനത്തിനെ സൂചിപ്പിക്കാനാകും. അതായത് ഒരു സാഹിത്യകൃതിയിൽ നിന്ന് അഡാപ്റ്റേഷൻ ആകുമ്പോൾ തന്നെ സിനിമാറ്റിക് വിഷ്വലുകളിലൂടെ, ടൂളുകളിലൂടെ സിനിമാറ്റിക് ആയ ആഴത്തിലുള്ള പലതരം വായനകളും തുറന്നിടുന്ന ഗംഭീരമായ സിനിമ കൂടെയാണ് ഡി സി.
ഇവിടെ നിന്നാണ് ദേവദാസിന്റെ ശരീരത്തിലേക്ക് സിനിമ കടക്കുന്നത്. ഡി.സിയുടെ സംവിധായകൻ അരുൺ മാതേശ്വരൻ ആണ്. എന്നാൽ, ലോകേഷ് കനകരാജ് എന്ന സംവിധായകൻ ആദ്യമായി ഒരു അഭിനയശരീരമായി, ഒരു താരശരീരമായി മറ്റൊരു സംവിധായകന്റെ സിനിമയിൽ പ്രത്യക്ഷപ്പെടുമ്പോൾ അദ്ദേഹം റെപ്രസെന്റ് ചെയ്യുന്ന ബോഡി തന്നെ വലിയ ഒരു അട്ടിമറിയായി മാറുകയാണ് ഈ സിനിമയിലൂടെ. ലോകേഷ് എന്ന സംവിധായകന്റെ സിനിമാറ്റിക് അധികാരത്തെക്കാൾ മുൻപിൽ, ഇവിടെ അദ്ദേഹത്തിന്റെ ശരീരം തന്നെയാണ് നമ്മൾ കാണുന്നത്. സംവിധായകന്റെ കണ്ണ് അഭിനയശരീരമായി മാറുന്ന ഒരു കൗതുകകരമായ മാറ്റം കൂടെയാണ് അത്. തൊണ്ണൂറുകളിൽ പ്രഭുദേവ എന്ന ബ്രേക്ക് ഡാൻസർ ഇന്ത്യൻ സിനിമയിലെ ഓൺസ്‌ക്രീനിൽ വന്നതോടെ താരശരീരങ്ങളുടെ സൗന്ദര്യാത്മകതയ്ക്ക്, ചലനങ്ങൾക്ക് വലിയ തരത്തിലുള്ള അട്ടിമറികൾ സംഭവിച്ചിരുന്നു. കാതൽ കൊണ്ടെൻ എന്ന സിനിമയിലൂടെ ധനുഷ് എന്ന നടൻ വന്നപ്പോഴും ഇത്തരത്തിലുള്ള പല പരിവർത്തനങ്ങളും ഉണ്ടായിരുന്നു. ശരീരത്തിന്റെ വലുപ്പം, സൗന്ദര്യം, ചലനം, മാസ്കൂലിൻ പ്രെസൻസ് എന്നിവയെ കുറിച്ചുള്ള ഇന്ത്യൻ സിനിമയുടെ സ്ഥിരം ധാരണകളിൽ ഇത്തരം ശരീരങ്ങൾ ചെറിയതും വലിയതുമായ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഡി സി എന്ന സിനിമയിൽ കീഴാള സമൂഹത്തിന്റെ അല്ലെങ്കിൽ അടിത്തട്ട് സമൂഹത്തിൽ നിന്ന് പൊലീസിംഗ്, പൊതുസമൂഹത്തിന്റെ അധോലോകങ്ങൾക്കെതിരെ നാടൻ ബോംബ് എറിഞ്ഞ്, മെഷീൻ ഗൺ എടുത്തുകൊണ്ട് യുദ്ധം ചെയ്യുന്ന ലോകേഷ് കനകരാജ് എന്ന അഭിനയശരീരം ഇന്ത്യയിലെ പൊതുസാംസ്കാരികതയും സിനിമയുമടക്കം പലതരത്തിൽ മാറ്റിമറിച്ച കീഴാള/ബഹുജയാന ശരീരങ്ങളുടെ അത്തരം സാമൂഹികതയിൽ നിന്ന് വരുന്ന ശരീരങ്ങളുടെ വയലന്റ് ആയ ആഘോഷങ്ങൾ കൂടെയാണ്.
ഒരുപക്ഷെ ഇന്ത്യൻ സിനിമയിലെ ഒരു ഇന്റർനാഷണൽ താരശരീരങ്ങളിൽ ഒന്നാണ് വിനായകന്റേത്. ഇന്ത്യയിലെ ഏറ്റവും വലിയ കൊമേഴ്‌സ്യൽ ഹിറ്റുകളിൽ അല്ലെങ്കിൽ സാംസ്കാരികതയിൽ സ്വീകരിക്കപ്പെട്ട വിനായകന്റെ ശരീരം ജയിലർ എന്ന സിനിമയിൽ അപരവൽക്കരിക്കപ്പെട്ട വില്ലനായും ഭരണകൂടത്താൽ ശിക്ഷ വിധിക്കപ്പെട്ട് ഒരു ഫർണസിൽ ഇട്ട് ലിക്വിഡ് ആക്കി മാറ്റുന്ന മാറ്റുന്ന ഭരണകൂട യുക്തിയിലൂടെ രൂപപ്പെട്ടപ്പോൾ, ഡി സി എന്ന സിനിമയിൽ ദേവദാസ് എന്ന ലോകേഷ് കനകരാജ് സിനിമ, പോലീസിംഗ്, പൊതുസമൂഹം, എന്തിന് കുടുംബം അടക്കമുള്ള പൊതുഇടങ്ങളിലെ സ്ഥാപനങ്ങളോട് നടു വിരൽ കാണിച്ചുകൊണ്ട് തകർത്തുകൊണ്ട് അയാളുടെയും ചന്ദ്രയുടെയും വേറെ ഒരു യൂണിവേഴ്‌സിലേക്ക് കാർ ഓടിച്ചുപോകുന്ന വയലന്റ് ആയ കീഴാളമായ പശ്ചാത്തലമുള്ള വേറിട്ട ഒരു നായകശരീരമായി മാറുന്നു.
ഇവിടെ ദേവദാസിന്റെ വയലൻസ് വെറും ആക്ഷൻ അല്ല. അത് ഒരു സാമൂഹിക ഭാഷയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക ആക്ടിവിസങ്ങളും പൊതുഇടത്തെ ഭരണകൂടത്തെ നന്നാക്കാനുള്ള, അതിനെ മോറലി പ്യൂരിഫൈ ചെയ്യാനുള്ള എക്സർസൈസ് ആയി മാറുമ്പോൾ ലോകേഷ് കനകരാജിന്റെ ദേവദാസ് അവയിൽ നിന്നും വ്യത്യസ്തമായി ഈ ഭരണകൂടത്തിന്റെ തന്നെ നാടാണ് ബോംബ് വെച്ച് തകർക്കുന്ന രോമാഞ്ചം ഉണ്ടാക്കുന്ന, എലക്ട്രിഫൈയിങ് ഗാങ്സ്റ്ററുകളുടെ ഒരു ശരീരമായി മാറുന്നു. ഇന്ത്യൻ സിനിമയിൽ അപൂർവമായി സംഭവിക്കുന്ന നായകശരീരങ്ങളുടെ സൗന്ദര്യശാസ്ത്രത്തിന്റെ അട്ടിമറി കൂടെയാണ് അത്. ദേവദാസ് എന്ന മനുഷ്യന്റെ സാമൂഹികത ഇതിൽ അയാളുടെ അച്ഛന്റെ കഥാപാത്രത്തിലൂടെ രൂപപ്പെടുമ്പോൾ ഒരു ബഹുജൻ ഐഡന്റിറ്റിയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. അയാൾ നിലകൊള്ളുന്ന ഇടങ്ങൾ, കുടുംബവുമായി ഉള്ള ബന്ധം, പൊതുസമൂഹത്തോടുള്ള സംഘർഷം, ഭരണകൂട സ്ഥാപനങ്ങളോടുള്ള അയാളുടെ ബന്ധം എന്നിവ ചേർത്തുവെക്കുമ്പോൾ ദേവദാസിന്റെ ശരീരം ഒരു സാധാരണ ഹീറോ ബോഡി അല്ലാതായി മാറുന്നു. അത് ഒരു സാമൂഹിക ശരീരമായി മാറുന്നു. അതുകൊണ്ട് തന്നെ ഭരണകൂട യുക്തി, എലൈറ്റ് കാസ്റ്റ് സിനിമ, പൊതുസമൂഹം തുടങ്ങിയ ചപ്പടാച്ചികളെ കാറ്റിൽ പറത്തിക്കൊണ്ട് ഇന്ത്യൻ സിനിമയിൽ നായകൻ/നായക/കഥാപാത്ര ശരീരങ്ങളിൽ വയലൻസിൽ, സോഷ്യൽ ട്രാൻസ്ഫർമേഷനിൽ, സിനിമയിൽ ഉപയോഗിക്കുന്ന ടൂളുകളിൽ, സംഗീതത്തിൽ ഒക്കെ അട്ടിമറിയും പുതിയ സൗന്ദര്യശാസ്ത്ര സാധ്യതകളും പുതിയ അനേകം വായനയ്ക്കും സാധ്യതകൾ തുറന്നിടുന്ന ഗംഭീരമായ ഇന്ത്യൻ സിനിമാറ്റിക് ടെക്സ്റ്റ് കൂടെയാണ് ഡി സി എന്ന സിനിമ.
മലയാള സിനിമ കഴിഞ്ഞ നാല്പതു വർഷത്തിലധികം ആഘോഷിച്ച മോഹൻലാൽ എന്ന താരശരീരത്തിന്റെ തുടർച്ച പോലെ തുടക്കം സിനിമയിൽ അദ്ദേഹത്തിന്റെ പിന്തുടർച്ചക്കാരിയെ അവതരിപ്പിക്കപ്പെടുമ്പോൾ, ആ യൂണിവേഴ്‌സിൽ നിന്ന് വ്യത്യസ്തമായി വേറെ ഒരു ലോകത്ത് ഡി സി എന്ന സിനിമയിലൂടെ മറ്റു അപര സമൂഹങ്ങളുടെ താരശരീരങ്ങളും അപാരങ്ങളായ സിനിമാറ്റിക് ടെക്സ്റ്റും ജനിക്കുകയാണ്. അങ്ങനെ നോക്കുമ്പോൾ ഡി സി എന്ന സിനിമയുടെ ഏറ്റവും വലിയ അട്ടിമറി അതിന്റെ വയലൻസിൽ മാത്രം അല്ല. അത് ആരുടെ ശരീരം കാണിക്കുന്നു എന്നതിലും, ആരുടെ ശരീരത്തെ ഓർമ്മയിൽ സൂക്ഷിക്കുന്നു എന്നതിലും, ആരുടെ ശരീരത്തിന് പൊതുസമൂഹത്തിൽ ഇടം നൽകുന്നു എന്നതിലുമാണ്. സിൽക്ക് സ്മിതയുടെ ഗ്രാഫിറ്റിയിൽ നിന്ന് ചന്ദ്രയുടെ പ്ലാസ്റ്റിക് പൂവിലേക്കും, ചന്ദ്രയുടെ ഓമ്നി വാനിൽ നിന്ന് ദേവദാസിന്റെ മെഷീൻ ഗണ്ണിലേക്കും, അവിടെ നിന്ന് ലോകേഷ് കനകരാജിന്റെ അഭിനയശരീരത്തിലേക്കും സിനിമ സഞ്ചരിക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്. ഇന്ത്യൻ സിനിമയിലെ അപരങ്ങളിൽ നിന്ന് വരുന്ന ശരീരങ്ങൾ ഇനി വെറും പ്രാതിനിധാനത്തിന്റെ ഒബ്ജക്റ്റ് മാത്രമായി നിൽക്കുന്നില്ല. അവ സർവൈവലുകളുടെ ഏജൻസി ആയി മാറുകയാണ്.
ഡി സി എന്ന സിനിമ ദേവദാസ് എന്ന സാഹിത്യ കഥാപാത്രത്തെ ഒരു പുതിയ സാമൂഹിക ഭൂമിശാസ്ത്രത്തിലേക്ക് മാറ്റിവെക്കുന്ന സിനിമ കൂടെയാണ്. പ്രണയം, കുടുംബം, മാന്യത, സാമൂഹിക അംഗീകാരം തുടങ്ങിയ സ്ഥാപിതമായ ലോകത്തിന പകരം ഇവിടെ വരുന്നത് ലൈംഗിക തൊഴിൽ, കുറ്റകൃത്യം, ദാരിദ്ര്യം, വയലൻസ്, പൊലീസ്, ഗാങ്സ്റ്റർ ലോകം, സർവൈവൽ എന്നിവയാണ്. ആ ലോകത്ത് സിൽക്ക് സ്മിത ഒരു ഓർമ്മയായി മാത്രം നിൽക്കുന്നില്ല. ചന്ദ്ര ഒരു ഇരയായി മാത്രം നിൽക്കുന്നില്ല. ദേവദാസ് ഒരു പരാജിതനായ പ്രണയിയായി മാത്രം നിൽക്കുന്നില്ല. അവർ ഓരോരുത്തരും തങ്ങളുടേതായ ശരീരങ്ങളിലൂടെ മറ്റൊരു സിനിമാറ്റിക് ലോകം നിർമിക്കുകയാണ്. ഒടുവിൽ, സിൽക്ക് സ്മിതയുടെ ഒരു ചിത്രം വരച്ചിരിക്കുന്ന ഒരു വേശ്യാലയത്തിൽ നിന്ന് ചന്ദ്ര രക്ഷപ്പെടുന്ന ആ ഷോട്ട് തന്നെ ഈ സിനിമയെ വായിക്കാനുള്ള ഒരു ചെറിയ സിനിമാറ്റിക് ആർക്കൈവായി മാറുന്നു. ഒരിക്കൽ പൊതുസമൂഹത്തിന്റെ ചുവരുകളിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു ശരീരം, മറ്റൊരു പുറത്താക്കപ്പെട്ട ശരീരത്തിന്റെ രക്ഷപ്പെടലിന് പിന്നിലെ ചുവരിൽ പ്രത്യക്ഷപ്പെടുന്നു. അതിന് ശേഷം ചന്ദ്രയും ദേവദാസും പോകുന്ന ലോകം പൊതുസമൂഹത്തിന്റെ ലോകമല്ല. അവിടെ അവരുടെ ശരീരങ്ങൾ തന്നെയാണ് അവരുടെ ആർക്കൈവും, അവരുടെ ആയുധവും, അവരുടെ ചരിത്രവും. അതുകൊണ്ടാണ് ഡി സി ഒരു സിനിമ എന്നതിലുപരി ഇന്ത്യൻ സിനിമയിലെ അപരശരീരങ്ങളുടെ ഒരു പുതിയ സിനിമാറ്റിക് ടെക്സ്റ്റായി വായിക്കപ്പെടേണ്ടത്.
