August 9 Sunday 2026

‘ഡാഷ് മോനെ രേവന്താ’: പിണറായി വിജയന്റെ പിആര്‍ ടീം പറഞ്ഞുകൊടുത്തതാകാം – പ്രമോദ് പുഴങ്കര

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഢിയുടെ യുടെ ‘പോ മോനേ വിജയാ’ എന്ന പരിഹാസത്തിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞ ‘ഡാഷ് മോനെ രേവന്താ’ എന്നത് പിണറായിയുടെ പിആര്‍ സംഘം പറഞ്ഞുകൊടുത്തതായിരിക്കാമെന്ന് അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രമോദ് പുഴങ്കര.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്‌റ്റൈലില്‍ വെല്ലുവിളി ഉയര്‍ത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലെ പ്രശസ്തമായ ‘നീ പോ മോനേ വിജയാ’ എന്ന ഡയലോഗ് അനുകരിച്ചുകൊണ്ടാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെ പരിഹസിച്ചത്.

ഇതിന് വാര്‍ത്താസമ്മേളനത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. സ്വന്തം നാട്ടില്‍ ശമ്പളവും പെന്‍ഷനും കൃത്യമായി നല്‍കാന്‍ പോലും കഴിയാത്ത ഒരു സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയില്‍ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. വിഷയം സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചക്ക്‌ല വഴിവെച്ചിരിക്കുന്നു. പിണറായി വിജയന്റെ മറുപട് മാസ്സ് ഡയലോഗ് ആയി സിപിഎം സൈബര്‍ ഇടങ്ങളില്‍ ആഘോഷിക്കപ്പെടുമ്പോള്‍
മറുവശത്ത് വലലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അത്തരത്തിലൊരു വിമര്‍ശനമാണ് അഭിഭാഷകന്‍ പ്രമോദ് പുഴങ്കര ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പ്രമോദ് പുഴങ്കരയുടെ ഫെയ്‌സ്ബുക്ക് കുറപ്പ്:

എത്ര കടിച്ചുപിടിച്ചും സ്വത്വപ്രതിസന്ധി നേരിട്ടുമായിരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നേര്‍ക്കുള്ള വിമര്‍ശനങ്ങളോട് ഇപ്പോഴുള്ള മട്ടിലെങ്കിലും മറുപടി പറയുന്നത് എന്നാണ് ഞാനാലോചിക്കുന്നത്. ‘താനാരോ തന്നാരോ തന, താനാരോ തന്നാരോ’ എന്ന ഭരണിപ്പാട്ട് താളത്തില്‍ സംസാരിക്കാന്‍ വെമ്പുന്ന വിജയനെ അല്പം അനുതാപത്തോടെപ്പോലും കാണാം. ‘നീ പോ മോനെ വിജയ’ എന്ന് പറഞ്ഞ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, വിജയനുമായി നരസിംഹം സിനിമയുടെ തെലുങ്ക് ഡബ്ബിങ് പ്രയോഗിക്കുന്ന മൂന്നാതരം ഇടപാടിനാണ് തുടക്കമിട്ടതെങ്കില്‍ ‘അമ്മേ ഭഗവതി കാര്‍ത്യായനി, ചോര ചെമ്മേ നിവേദിച്ചു കൈതൊഴുന്നേന്‍’ എന്ന് പാടി കോമരം തുള്ളിവന്ന വിജയനോട് തൊടുത്തുനില്‍ക്കാന്‍ പെടാപ്പാട് പെടും. ‘ഡാഷ് മോനെ രേവന്താ’ എന്നത് വിജയന് മൂപ്പരുടെ PR സംഘം പറഞ്ഞുകൊടുത്തതായിരിക്കാനാണ് വഴി. അല്ലെങ്കില്‍ മൂപ്പരാ ഡാഷില്‍ നിര്‍ത്തില്ലായിരുന്നു എന്നുവേണം അനുമാനിക്കാന്‍.
എതിരാളിക്കൊരു പോരാളിയായി രൗദ്രഭീമനായി അലറുന്ന ഈ മനുഷ്യനെയാണ് അദ്ദേഹത്തിന്റെ പിണറായി അഭിമുഖപരമ്പര പരാക്രമങ്ങളില്‍ ‘എങ്ങനെയാണ് താന്കള്ക്കിത്ര പക്വത,സൗമ്യത’ എന്നൊക്കെച്ചോദിച്ചു അപമാനിച്ചിരുന്നത്! ഇമ്മട്ടില്‍ വിജയനെ മുമ്പ് അപമാനിച്ചത് മൂപ്പരെ ‘അദ്ദേഹമൊരു സാധു’ എന്നുപറഞ്ഞ പഴയ ഒക്കച്ചങ്ങായി അന്‍വറാണ്. മറ്റെന്തും വിജയന്‍ സഹിക്കും, സാധുവാണ് എന്നൊരാക്ഷേപം താങ്ങാനാകില്ല!
നിന്റെയൊക്കെ മറ്റേ ഹോര്‍മുസ് കടലിടുക്ക് തുറക്കിനെടാ ഡാഷ് മക്കളേ, ഇല്ലെങ്കില്‍ സുട്ടിടുവേന്‍ എന്നലറുന്ന ഡൊണാള്‍ഡ് വിജയന്‍ ട്രംപും ഇതേ മാനസികാവസ്ഥയിലുള്ള കക്ഷിയാണ്. ട്രംപിന് ആണവായുധങ്ങളും അത്യാധുനിക വെടിക്കോപ്പുകളുമുണ്ടെങ്കില്‍ വിജയന് കുറച്ചു സൈബര്‍ ഗുണ്ടകളും തെരുവിലെ രക്ഷാപ്രവര്‍ത്തകരും ഭരിക്കുംകാലം പൊലീസും പിന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയില്‍ ക്രിസ്തുവിനെക്കാണുന്ന ഭാവനാസമ്പന്നരായ പു ക സക്കാരും ഭരണാധികാരവിലാസം പെറുക്കിത്തീനികളുമൊക്കെയാണുള്ളതെന്ന് മാത്രം. അവരാകട്ടെ പറഞ്ഞതുപോരാ, ഒന്നുകൂടി തെളിച്ചു തെറി പറയൂ തമ്പ്രാ, എന്നാണ് അര്‍ധനിര്‍വൃതിയുടെ സീല്‍ക്കാരങ്ങളില്‍ ആവശ്യപ്പെടുന്നത്. ദുരധികാരവേഴ്ചയിലെ പതിവുനാടകീയതകള്‍!
ദുരധികാരത്തിന്റെ വൈറസ് ട്രമ്പിലും മോദിയിലും വിജയനിലുമൊക്കെ ഒരേപോലെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനെ അതിന്റെ ഏറ്റവും ഭീഷണമായ രൂപത്തിലേക്ക് വളരാന്‍ അനുവദിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അതിന് ചുറ്റുമുള്ള സമൂഹത്തിന്റെ ജനാധിപത്യാരോഗ്യമാണ്. ദുരധികാരത്തിന്റെ ഭരണിപ്പാട്ട് കേരളീയ രാഷ്ട്രീയ,സാമൂഹ്യ ജീവിതത്തിന്റെ മാറാരോഗമാകാന്‍ അനുവദിക്കണോ എന്നതുകൂടി തീരുമാനിക്കാനുള്ളൊരു തെരഞ്ഞെടുപ്പാണ് വരുന്നത്.

Related