രാജവാഴ്ച നിലനിന്നിരുന്നകൊച്ചി രാജ്യത്ത് ദലിതര്‍ക്ക് കരയില്‍യോഗം ചേരാനും സ്വതന്ത്രമായി സഞ്ചരിക്കാനും സ്വതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശാബദ്ങ്ങളില്‍, അവര്‍ കായലില്‍ വള്ളങ്ങള്‍ കൂട്ടികെട്ടി പ്‌ളാറ്റുഫാം ഒരുക്കി കായല്‍സമ്മേളനങ്ങള്‍ നടത്തി മനുഷ്യാവകാശ പോരാട്ടങ്ങള്‍ ആരംഭിച്ച കാലം. കൊച്ചിയുടെ നവോത്ഥാന ശില്‍പികളായ സാക്ഷാല്‍ പണ്ഡിറ്റ് കറുപ്പനും കൃഷ്ണാദി ആശാനും പി.സി. ചാഞ്ചനും കെ.പി. വള്ളോനും കൊച്ചി രാജ്യത്തെ അധഃസ്ഥിതരുടെ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കി കൊണ്ടിരുന്ന കാലഘട്ടം. അധഃസ്ഥിതരുടെ നവോത്ഥാന മുന്നേറ്റ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഈ കാലഘട്ടത്തില്‍ സാക്ഷാല്‍ കൃഷ്ണാദി ആശാനും കെ.പി. വള്ളോനും ജന്മം നല്‍കിയ മുളവ്കാട് ദേശത്തെ, കല്ലച്ചംമുറി തറവാട് ഒരു ധീരവനിതക്ക്ജന്മം നല്‍കി. ചരിത്രത്തില്‍ ദക്ഷായണി വേലായുധന്‍ എന്ന് തന്റെ പേര് രേഖപ്പെടുത്തിയ ആ ധീരവനിതയുടെ ജീവിതം ജാതിമേധാവിത്വത്തെയും സവര്‍ണാധിപത്യത്തെയും നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടന്ന് ചരിത്രം സൃഷ്ടിച്ച ഒരു നവോത്ഥാന ശില്‍പിയുടെ ധീരോധാത്തവും സംഭവബഹുലമായ ജീവിതകഥ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഒപ്പം കേരളത്തിലെ സ്ത്രീ വിമോചന മുന്നേറ്റ ചരിത്രത്തിലെ അത്യന്തം പ്രശോഭനമായൊരു അദ്ധ്യായത്തെയും. പൊതുവെ സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വാതന്ത്ര്യം വിലക്കപ്പെട്ടിരുന്ന ആ കാലഘട്ടത്തില്‍ ജാതീയമായ വിലക്കുകളെയും കീഴ്വഴക്കങ്ങളെയും ധീരമായി അതിജീവിച്ച് സര്‍വകലാശാലാ വിദ്യാഭ്യാസംനേടി കൊച്ചി നിയമനിര്‍മാണ സഭയിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണ സഭയിലും വനിതകളെ പ്രതിനിധീകരിച്ചു. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തി, സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ചകളില്ലാതെ പോരാട്ടം നടത്തിയാണ് ദക്ഷായണി വേലായുധന്‍ കേരളത്തിന്റെ നവോത്ഥ ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയത്. ഒരു സ്ത്രീ എന്നതിലുപരി ഒരു ദലിത് സ്ത്രീ എന്ന നിലയില്‍ കടുത്ത എതിര്‍പ്പുകളെയും വിവേചനങ്ങളെയും ധീരമായി നേരിട്ട് കൊണ്ടായിരുന്നു ഭക്ഷായണി വേലായുധന്‍ നവോത്ഥാന ചരിത്രത്തിലെ വെള്ളിനക്ഷത്രമായി മാറിയത് എന്നുകൂടി അറിയുമ്പോഴാണ് ആ ധീരവനിതയുടെ മഹാത്മ്യവും പ്രസക്തിയും നാം തിരിച്ചറിയുന്നത്.
1946ല്‍ ഭരണഘടനാ നിര്‍മാണസഭാ അംഗമെന്ന നിലയില്‍ മദ്രാസ് പ്രവിശ്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് തന്നെ കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ മാഞ്ഞുപോകാത്ത വിധം ദക്ഷായണി വേലായുധന്‍ ചരിത്രത്തില്‍ തന്റെ പേര് രേഖപ്പെടുത്തിയിരുന്നു. ദലിത് സമുദായത്തില്‍ നിന്നും ആദ്യമായി SSLC വിജയിച്ച പെണ്‍കുട്ടി, ഇന്ത്യയിലെ ആദ്യ ദലിത് ബിരുദധാരിണി, ഈ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ശാസ്ത്ര ബിരുദധാരിണി, ആദ്യത്തെ ദലിത് നിയമസഭാംഗം എന്നീ നിലകളിലാണ് ദക്ഷായണി വേലായുധന്‍ ചരിത്രത്തില്‍ തന്റെ പേര് അടയാളപ്പെടുത്തിയിട്ടുള്ളത്. ആദ്യ ദലിത് പത്രപ്രവര്‍ത്തക, എഡിറ്റര്‍, ഗ്രന്ഥകര്‍ത്താവ് എന്നീ നിലകളിലും മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച അവര്‍ ആദ്യമായി ഇംഗ്ലീഷില്‍ ആത്മകഥ (The Sea has no caste) എഴുതിയും സാഹിത്യ ലോകത്തും തന്റെ പേര് വിളംബരം ചെയ്തിട്ടുണ്ട്.
മുന്‍പ് സൂചിപ്പിച്ചത് പോലെ പഴയ കൊച്ചി രാജ്യത്തെ മുളവ്കാട് ദേശത്തെ കല്ലച്ചംമുറി തറവാട്ടില്‍ കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും നാലാമത്തെ സന്താനമായാണ് ദക്ഷായണി വേലായുധന്‍ എന്നചരിത്ര നായിക ജനിക്കുന്നത്;1913 ജൂലായ് 8 -ന്. ഭക്ഷായാണി വേലായുധന്റെ ജനനത്തിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് മാനുഷിക അന്തസ്സിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി, സാമൂഹിക വിപ്ലവകാരി കൃഷ്ണാദി ആശാന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചരിത്രപ്രസിദ്ധമായ കായല്‍, കര സമ്മേളനങ്ങള്‍ നടക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള കൊച്ചിയിലെ അധഃസ്ഥിത വിഭാഗങ്ങളുടെ സംഘടിത മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച കായല്‍ സമ്മേളനത്തിന് നേതൃത്വം നല്‍കിയ കൃഷ്ണാദി ആശാന്‍ ദക്ഷായണി വേലായുധന്റെ ഇളയച്ഛനായിരുന്നുവെന്ന് കൂടി അറിയുമ്പോഴാണ്, കൊച്ചിയിലെ നവോത്ഥാന മുന്നേറ്റങ്ങളുടെ വികാസപരിണാമ പ്രക്രിയയില്‍, കല്ലച്ചംമുറി തറവാട് വഹിച്ച പങ്ക് എത്രമാത്രമായിരുന്നുവെന്ന്തിരിച്ചറിയാന്‍ കഴിയുക.
തലമുറകള്‍ക്കു മുന്‍പേ സാമ്പത്തികമായി താരതമ്യേനെ മെച്ചപ്പെട്ട സ്ഥിതിയിലായിരുന്ന കല്ലച്ചംമുറി തറവാട് ഭക്ഷായണി വേലായുധന്റെ കാലമായപ്പോഴേക്കും ക്ഷയോന്മുഖമായതായി പഴമക്കാര്‍ പറയപ്പെടുന്നുണ്ട്. എങ്കിലും സാമൂഹികവും രാഷ്ട്രീയവുമായി ഉയര്‍ന്ന വീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന കല്ലച്ചംമുറി തറവാട് അന്നാട്ടിലെ ജനവിഭാഗങ്ങള്‍ക്കെല്ലാം മാതൃകാ ഭവനവും അഭയകേന്ദ്രവുമായിപരിലസിച്ചിരുന്നു. ഭക്ഷാണി വേലായുധന്റെ മാതാപിതാക്കള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന സാമൂഹിക, രാഷ്ട്രീയ വീക്ഷണങ്ങള്‍ ഭക്ഷാണി വേലായുധന്‍ എന്ന നവോത്ഥാന നായികയെ വാര്‍ത്തെടുക്കുന്നതില്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നുവെന്ന് പറയേണ്ടതില്ലല്ലോ? പുലയ പെണ്‍കുട്ടികള്‍ക്ക് സവര്‍ണരെ അനുകരിച്ച് പേരിടാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ തന്റെ മകള്‍ക്ക് ഭക്ഷായണി എന്ന് പേരിട്ടതില്‍ നിന്നു തന്നെ ഭക്ഷായണി വേലായുധന്റെ മാതാപിതാക്കള്‍ എത്രമാത്രം പുരോഗമനവാദികളായിരുന്നുവെന്ന്അക്കാലത്ത് ഊഹിക്കാവുന്നതേയുള്ളൂ. സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അനുവാദമില്ലാതിരുന്ന ആ കാലഘട്ടത്തില്‍ ഭക്ഷായണിയെ മേലുടുപ്പ് ധരിപ്പിച്ചായിരുന്നു മാതാപിതാക്കള്‍ പള്ളിക്കൂടത്തില്‍ അയച്ചത്. മുളവ്കാട് ദേശത്തെ സെയ്ന്റ് മേരീസ് എല്‍.പി.എസ്, ചാത്യാത്ത് എല്‍.എം.സി.ജി.എച്ച്.എസ് എന്നീ വിദ്യാലയങ്ങളില്‍സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദക്ഷായണി എസ്.എസ്.എല്‍.സി. പരീക്ഷ പാസാകുന്നതോടെയാണ് ചരിത്രത്തോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നത്. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളജില്‍ നിന്നും ഗണിത ശാസത്രത്തില്‍ ബിരുദം നേടി ദലിത് വിഭാഗത്തില്‍ നിന്നും ബിരുദം നേടുന്ന പ്രഥമ വനിതയെന്ന ഖ്യാതിക്കും അര്‍ഹയായി. തുടര്‍ന്ന് കൊച്ചി രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ മദ്രാസ് സര്‍വകലാശാലയില്‍ നിന്നും ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് ബിരുദവും സ്വന്തമാക്കി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ദേശീയബോധവും സ്വതന്ത്ര്യാഭിവാഞ്ചയും ഭക്ഷായണിയില്‍ സ്വാധീനം ചെലുത്തിയിരുന്നു എന്നു വേണം കരുതാന്‍. ഇംഗ്ലീഷ് ഭാഷയില്‍ വേണ്ടത്ര അവഹാഗം നേടിയിരുന്ന അവര്‍അക്കാലത്ത് ലഭ്യമായിരുന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ നിന്നും സ്വാതന്ത്ര്യ സമരത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വായിച്ച് ആവേശം കൊണ്ടിരുന്നു. താമസിയാതെ അവര്‍ ദേശീയ രാഷ്ട്രീയ പ്രസ്ഥാനവുമായി അടുക്കുകയും ഗാന്ധിജിയെ തന്റെ രാഷ്ട്രീയ ഗുരുവായിസ്വീകരിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനവുമായി ആത്മബന്ധം സ്ഥാപിച്ച് പ്രര്‍ത്തിക്കുമ്പോഴാണ് അവര്‍ തന്റെ ഭാവി ഭര്‍ത്താവായ വേലായുധനെ പരിചയപ്പെടുന്നതും 1941-ല്‍ അദ്ദേഹത്തെ വിവാഹം കഴിക്കുന്നതും. വാര്‍ധാ ആശ്രമത്തില്‍ വച്ച് ഗാന്ധിജിയുടെയും കസ്തൂബാ ഗാന്ധിയുടെയും സാന്നിധ്യത്തില്‍ നടന്ന വിവാഹത്തില്‍ ഒട്ടേറെ വിശിഷ്ഠ വ്യക്തികള്‍ പങ്കെടുത്തിരുന്നു.

1937 -ല്‍ ദക്ഷായണിയെ തൃശ്ശൂര്‍ പെരിങ്ങോട്ടുകര സര്‍ക്കാര്‍ സ്‌കൂളില്‍ സവിശേഷ പരിഗണനയോടെ അദ്ധ്യാപികയായി നിയമിക്കപ്പെട്ടു. എങ്കിലും പുലയത്തി ടീച്ചര്‍ എന്ന ആക്ഷേപത്തിന് അവര്‍ക്ക് വിധേയയാകേണ്ടി വന്നു. എന്നാല്‍, തികഞ്ഞ ആത്മാഭിമാനിയും ഉറച്ച മനസ്സിന്റെ ഉടമയുമായ ദക്ഷായണി ധീരമായി തന്നെ ഇത്തരം അവഹേളനങ്ങളെ നേരിടുകയും സവര്‍ണരെ വെല്ലുവിളിക്കുകയും ചെയ്തു കൊണ്ടു അധ്യാപകവൃത്തിയില്‍ തുടര്‍ന്നു. അന്നുവരെ സവര്‍ണര്‍ മാത്രം സഞ്ചരിച്ചിരുന്ന വഴികളിലൂടെ സവര്‍ണര്‍ക്ക് വഴിമാറികൊടുക്കാതെ അവര്‍ നിരന്തരം സധൈര്യം സഞ്ചരിച്ചു. അങ്ങനെ പുലയ സമുദായത്തില്‍ നിന്നും സര്‍വകലാശാലാ ബിരുദവും ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും പസ്സായി അധ്യാപിക വൃത്തിയില്‍ പ്രവേശിക്കുന്ന ആദ്യ ദലിത് വനിത എന്ന ഖ്യാതിക്കും ദക്ഷായണി വേലായുധന്‍ പാത്രീഭൂതയായി തീര്‍ന്നു. കുറെക്കാലം തൃശ്ശൂരില്‍ ജോലി നോക്കിയ ശേഷം എറണാകുളത്തെ പുന്നുരുത്തി, മരട് എന്നിവിടങ്ങളിലും അവര്‍ അധ്യാപികയായി ജോലിനോക്കി. എറണാകുളത്തായിരിക്കുമ്പോഴാണ് അവര്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാകുന്നതും കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതും. 1945 – ആഗസ്റ്റില്‍ കൊച്ചി ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവര്‍ തന്റെ ആദ്യ പ്രസംഗം നിര്‍വഹിച്ചു. ബഡ്ജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട്ഇംഗ്ലീഷില്‍ ചെയ്ത ചരിത്ര പ്രസിദ്ധമായ പ്രസ്തുത പ്രസംഗത്തില്‍ തൊട്ടുകൂടായ്മയെ മനുഷ്യത്വ വിരുദ്ധമായ അനാചാരമെന്ന് വിശേഷിപ്പിച്ചഅവര്‍ അധഃസ്ഥിത ജനവിഭാഗങ്ങളുടെ പുരോഗതിക്കു വേണ്ടി ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തുക തുലോം പരിമിതമാണെന്ന് അഭിപ്രായപ്പെടുകയും, മുനിസിപ്പല്‍ ഭരണ സമിതികളില്‍ അധഃസ്ഥി വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിയായി സീറ്റുകള്‍ സംവരണം ചെയ്യപ്പെടണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
1946 -ല്‍ മദ്രാസ് പ്രവിശ്യയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഭരണഘടനാ നിര്‍മാണ സഭയിലേക്ക് ദക്ഷായണി വേലായുധന്‍ തിരഞ്ഞെടുക്കപ്പട്ടതോടെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രൂപകല്‍പനയിലും പങ്കെടുക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചു. 1946 ഡിസംബര്‍ 19-ന് അവര്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ ആദ്യ പ്രസംഗം നടത്തി. തന്റെ ആദ്യ പ്രസംഗത്തില്‍ തന്നെ അവര്‍ ദലിതരുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി. ഇന്ത്യാ വിഭജനത്തോട് ശക്തമായി വിജോയിച്ച അവര്‍ ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് ചര്‍ച്ചിലിനെ പോലും വിമര്‍ശനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നില്ല. ഡോ. അംബേദ്കര്‍ മുന്നോട്ട് വച്ച സെപ്പറേറ്റ് ഇലക്ട്രേറ്റിനോട് വിജോയിച്ച അവര്‍ 1947- ആഗസ്റ്റില്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ ചെയ്ത പ്രസംഗത്തില്‍ ഇപ്രകാരം അഭിപ്രായപ്പെട്ടു.
‘As long as the scheduled Castes or harijans or by whatever name they may be called, are economic slaves of other people, there is no meaning demanding either separate electorates or joint electorates or any other kind of electoratel with this kind of percentage. Perosnally speaking, I am not in favour of any kind of reservation in any place whatosever’ ജനുവരി 26-ന് ഭരണഘടന നിലവില്‍ വന്നതോടെ ഭരണഘടനാ നിര്‍മാണ സഭ പ്രൊവിഷണല്‍ പാര്‍ലമെന്റായി മാറുകയും 1952 -വരെ ദക്ഷായണി വേലായുധന്‍ സഭാംഗമായി തുടരുകയും ചെയ്തു. അക്കൊല്ലം നടന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം-മാവേലിക്കര സംവരണ മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ആര്‍. വേലായുധന്‍ വിജയിച്ചു. പാര്‍ലമെന്റിനോട് വിട പറഞ്ഞ ശേഷം ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ ദക്ഷായണി വേലായുധന്‍ കുറെക്കാലം എല്‍.ഐ.സിയുടെ ജീവന്‍രക്ഷാ മാസികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു. ഈ കാലയളവിലും അവര്‍ സ്ത്രീകളുടെ ശാക്തീകരണത്തെപ്പറ്റി ചിന്തിച്ചു കൊണ്ടേയിരുന്നു. 1970 കളില്‍ ഡെല്‍ഹിയിലെ തൂപ്പുജോലിക്കാരായ സ്ത്രീകളെ സംഘടിപ്പിക്കുന്നതില്‍ അവര്‍ മുന്നിട്ടിറങ്ങി. ഈ കാലയളവില്‍ അഭ്യസ്തവിദ്യരായ ദലിത് സ്ത്രീകളുടെ ദേശീയ കൂട്ടായ്മയില്‍ അംഗമായി പ്രവര്‍ത്തിച്ച അവര്‍ ദലിത് സ്ത്രീകളുടെ ദേശീയ സമ്മേളനം ഡല്‍ഹിയില്‍ സംഘടിപ്പിക്കുകയും ചെയ്തു. ഒടുവില്‍ സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി മഹിളാ ജാഗ്രതി പരിഷത്ത് എന്ന പേരില്‍ ഒരു അഖിലേന്ത്യ സംഘടനക്കും അവര്‍ രൂപം നല്‍കി. 1971-ലെ ഇടക്കാല പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അടൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും, സി.പി.ഐ യുടെ ഭാര്‍ഗവി തങ്കപ്പനോട് അവര്‍ക്ക് പരാജയപ്പെടേണ്ടി വന്നു – ജീവിതത്തിലെ ആദ്യ പരാജയം. ജീവിതത്തില്‍ ആദ്യാവസാനം സ്ത്രീകളുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും വിമോചനത്തിനും ശാക്തീകരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച ദക്ഷായണി വേലായുധന്‍ 1978 ജൂലായ് 30-ന് ചരിത്രത്തിലേക്ക് വിടവാങ്ങി.
