ഡോ. അംബേദ്കര്‍ ദലിത് ജനതയ്ക്ക് പ്രത്യയശാസ്ത്രവും ലക്ഷ്യവും നല്‍കിയപ്പോള്‍, ആ ആശയങ്ങള്‍ക്ക് ‘കൈകളും കാലുകളും’ നല്‍കി ചലിപ്പിച്ചത് ദാദാസാഹേബ് ഗെയ്ക്വാദ് ആയിരുന്നു. അംബേദ്കറുടെ പാണ്ഡിത്യത്തെ സാമൂഹിക ഇടപെടലുകളാക്കി മാറ്റിയ ഒരു ‘മാസ്റ്റര്‍ ഓര്‍ഗനൈസര്‍’ ആയിരുന്ന അദ്ദേഹം. ഗെയ്ക്വാദ് സിദ്ധാന്തങ്ങളെ സമരങ്ങളാക്കി മാറ്റി. അംബേദ്കര്‍ മുന്നോട്ടുവെച്ച ‘അവകാശങ്ങള്‍ ചോദിച്ചു വാങ്ങണം’ എന്ന സിദ്ധാന്തം ഗെയ്ക്വാദ് പ്രയോഗത്തില്‍ വരുത്തിയത് തെരുവിലെ സമരങ്ങളിലൂടെയാണ്.
അംബേദ്കര്‍ ജാതി വിവേചനത്തെക്കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തപ്പോള്‍, ഗെയ്ക്വാദ് നാസിക്കിലെ ഗ്രാമങ്ങളില്‍ പോയി ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായി അവരെ അണിനിരത്തുകയും ചെയ്തു. അംബേദ്കര്‍ക്ക് തന്റെ ബൗദ്ധിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞത് ഗെയ്ക്വാദിനെപ്പോലെ വിശ്വസ്തനായ ഒരു സംഘാടകന്‍ താഴെത്തട്ടില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചതുകൊണ്ടാണ്.
അംബേദ്കറുടെ രാഷ്ട്രീയ പ്ലാറ്റ്ഫോം പ്രധാനമായും നഗര കേന്ദ്രീകൃതവും വിദ്യാസമ്പന്നര്‍ക്കിടയിലുമായിരുന്നു. എന്നാല്‍, ഗെയ്ക്വാദ് ഈ രാഷ്ട്രീയത്തെ മഹാരാഷ്ട്രയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലെ നിരക്ഷരരായ കര്‍ഷകരിലേക്കും ഭൂരഹിത തൊഴിലാളികളിലേക്കും എത്തിച്ചു. ഭൂരഹിതരായ തൊഴിലാളികളെ സംഘടിപ്പിച്ച് അദ്ദേഹം നടത്തിയ ‘ലാന്‍ഡ് സത്യാഗ്രഹങ്ങള്‍’ അംബേദ്കര്‍ വിഭാവനം ചെയ്ത സാമ്പത്തിക നീതിയുടെ പ്രായോഗിക രൂപമായിരുന്നു. ഒരു പ്രസ്ഥാനം എങ്ങനെ കെട്ടിപ്പടുക്കണം എന്നതിന് ഗെയ്ക്വാദ് ഒരു മാതൃകയായിരുന്നു. അംബേദ്കറുടെ ഓരോ ആഹ്വാനവും ജനങ്ങളിലെത്തിക്കാന്‍ അദ്ദേഹം ‘സമത സൈനിക് ദള്‍’ (Samata Sainik Dal) പോലുള്ള സംഘടനകളെ ഫലപ്രദമായി ഉപയോഗിച്ചു.
1956-ലെ മതംമാറ്റ സമയത്ത് ലക്ഷക്കണക്കിന് ആളുകളെ നാഗ്പൂരിലേക്ക് എത്തിക്കുന്നതിലും അവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുന്നതിലും അദ്ദേഹം കാട്ടിയ സംഘാടന മികവ് സമാനതകളില്ലാത്തതാണ്. അംബേദ്കറുടെ മരണശേഷം പ്രസ്ഥാനം തകര്‍ന്നുപോകാതെ കാത്തത് ഗെയ്ക്വാദിന്റെ സംഘടനാ ശേഷിയാണ്. അദ്ദേഹം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (RPI) സ്ഥാപിക്കുകയും ദലിതരെ ഒരു രാഷ്ട്രീയ ശക്തിയായി മാറ്റുകയും ചെയ്തു. അംബേദ്കര്‍ സ്വപ്നം കണ്ട ‘അധികാരത്തിലുള്ള പങ്കാളിത്തം’ അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലൂടെ നടപ്പാക്കാന്‍ ശ്രമിച്ചു.

അംബേദ്കര്‍ തന്റെ ജീവിതത്തില്‍ നേരിട്ട എല്ലാ വലിയ രാഷ്ട്രീയ വെല്ലുവിളികളിലും ഗെയ്ക്വാദ് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. അംബേദ്കര്‍ക്കെതിരെ സവര്‍ണ്ണ വിഭാഗങ്ങള്‍ അക്രമം അഴിച്ചുവിട്ടപ്പോഴെല്ലാം ഒരു കവചമായി ഗെയ്ക്വാദ് നിന്നു.
അംബേദ്കറുടെ ബൗദ്ധിക വിപ്ലവം ഒരു ജനകീയ മുന്നേറ്റമായി മാറിയത് ഗെയ്ക്വാദ് എന്ന അസാമാന്യ സംഘാടകനിലൂടെയാണ്. അംബേദ്കറുടെ ആശയങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ഗെയ്ക്‌വാദ് നേതൃത്വം നല്‍കിയ ചില സമരങ്ങള്‍ സമരങ്ങള്‍ വെറും പ്രതിഷേധങ്ങള്‍ ആയിരുന്നില്ല; മറിച്ച് ദലിതരുടെ ആത്മാഭിമാനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടിയുള്ള ശക്തമായ പോരാട്ടങ്ങളായിരുന്നു.
കാലാറാം ക്ഷേത്ര സത്യാഗ്രഹം (1930-1935)
നാസിക്കിലെ പ്രസിദ്ധമായ കാലാറാം ക്ഷേത്രത്തില്‍ ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ഡോ. അംബേദ്കറുടെ നിര്‍ദ്ദേശപ്രകാരം ഗെയ്ക്വാദ് നയിച്ച സമരമാണിത്. അംബേദ്കര്‍ മുംബൈയില്‍ നിന്ന് ഈ സമരത്തിന് ദിശ നല്‍കിയപ്പോള്‍, യുദ്ധക്കളത്തില്‍ സൈന്യാധിപനെപ്പോലെ നിന്നത് ഗെയ്ക്വാദ് ആയിരുന്നു. ആയിരക്കണക്കിന് ദലിതര്‍ ക്ഷേത്രത്തിന് മുന്നില്‍ തടിച്ചുകൂടി. സവര്‍ണ്ണ വിഭാഗങ്ങള്‍ അവര്‍ക്ക് നേരെ കല്ലെറിയുകയും ആക്രമിക്കുകയും ചെയ്തു. അക്രമത്തില്‍ പരിക്കേറ്റിട്ടും ഗെയ്ക്വാദ് പിന്മാറാന്‍ തയ്യാറായില്ല. ജാതിവ്യവസ്ഥയുടെ ക്രൂരത ലോകത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ഈ സമരത്തിന് കഴിഞ്ഞു. ഇത് ദലിതര്‍ക്കിടയില്‍ വലിയൊരു രാഷ്ട്രീയ ഉണര്‍വ് ഉണ്ടാക്കി.
ലാന്‍ഡ് സത്യാഗ്രഹം-ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം (1950-60)
അംബേദ്കറുടെ മരണശേഷം ഗെയ്ക്വാദ് നടത്തിയ ഏറ്റവും വിപ്ലവകരമായ ഇടപെടലായിരുന്നു ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം. ‘കൃഷിഭൂമി കര്‍ഷകന്’ എന്നതായിരുന്നു മുദ്രാവാക്യം. ദnിതര്‍ക്ക് സ്വന്തമായി ഭൂമിയില്ലാത്തത് അവരെ അടിമത്തത്തിലേക്ക് നയിക്കുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. സര്‍ക്കാര്‍ അധീനതയിലുള്ള തരിശുഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മറാത്തവാഡ ഭൂസമരം (1953)
1953-ല്‍ അദ്ദേഹം മറാത്തവാഡയില്‍ വന്‍ സമരങ്ങള്‍ നടത്തി. ലക്ഷക്കണക്കിന് ആളുകള്‍ ഈ സമരത്തില്‍ പങ്കെടുത്തു. അദ്ദേഹവും അനുയായികളും മാസങ്ങളോളം ജയില്‍വാസം അനുഭവിച്ചു. ഈ ശക്തമായ പോരാട്ടത്തെത്തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ലക്ഷക്കണക്കിന് ഏക്കര്‍ ‘ഗായ്റാന്‍’ (പൊതുഭൂമി) ദലിതര്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാന്‍ ഉത്തരവിട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഭൂസമരങ്ങളില്‍ ഒന്നാണിത്.
മനുസ്മൃതി ദഹനം
1927-ലെ മഹദ് സത്യാഗ്രഹത്തില്‍ അംബേദ്കറോടൊപ്പം മനുസ്മൃതി കത്തിക്കാന്‍ മുന്നില്‍ നിന്നത് ഗെയ്ക്വാദ് ആയിരുന്നു.
റേഷന്‍ സമരം
കടുത്ത വരള്‍ച്ചയും ക്ഷാമവും ഉണ്ടായ കാലത്ത് പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ നിരക്കില്‍ റേഷന്‍ ലഭ്യമാക്കാന്‍ അദ്ദേഹം സര്‍ക്കാരിനെതിരെ പോരാടി.
അംബേദ്കറുടെ ചിന്തകളെ പ്രസ്ഥാനം ആക്കി മാറ്റിയത് ദാദ സാഹിബ് ഗെയ്ക്വാദ് ആയിരുന്നു. 1968 രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. 1971 ഡിസംബര്‍ 29ന് അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തിയാക്കി കാല യവനികയ്ക്ക് പിന്നില്‍ മറഞ്ഞു.
