August 9 Sunday 2026

തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനെതിരെ വംശീയ വിദ്വേഷവുമായി സൈബര്‍ സഖാക്കള്‍

തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളക്കെതിരെ മത്സരിക്കുന്ന മുന്‍ സിപിഎം നേതാവ് ടി.കെ ഗോവിന്ദനെതിരെ വംശീയ അധിക്ഷേപങ്ങളുമായി സൈബര്‍ സഖാക്കള്‍ രംഗത്ത്. ടി.കെ ഗോവിന്ദനെ തൊപ്പി ധരിപ്പിച്ച ചിത്രം സനേഷ് കൂവേരി എന്ന സിപിഎം പ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിനു താഴെ വരുന്ന കമെന്റുകളില്‍ വംശീയ അധിക്ഷേപങ്ങള്‍ ധാരാളമുണ്ട്.

തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സിപിഎം ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി.കെ ഗോവിന്ദന്‍ മത്സരിക്കുന്നത്. സിറ്റിങ് എംഎല്‍എ ആയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ശേഷം തളിപ്പറമ്പ് മണ്ഡലത്തില്‍ ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ടി.കെ ഗോവിന്ദന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിക്കുന്നത്. പി.കെ ശ്യാമളയുടെ പേര് മാത്രമാണ് സ്ഥാനാര്‍ഥി ലിസ്റ്റില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് പോയത്. ഭൂരിപക്ഷം വരുന്ന പാര്‍ട്ടി അണികളുടെ വികാരത്തിന് എതിരായി ഭര്‍ത്താവിന് ശേഷം ഭാര്യ എന്ന നിലപാടിലൂടെ പാര്‍ട്ടി അണികളെയും മറ്റു നേതാക്കളെയും അവഗണിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്ന് ഗോവിന്ദന്‍ പത്രസമ്മേനത്തില്‍ പ്രഖ്യാപിച്ചിരുന്നു.

ടി.കെ ഗോവിന്ദനെ അനുകൂലിച്ചുകൊണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വാക്‌പോര് നടക്കുന്നുണ്ട്. 60 വര്‍ഷത്തെ കമ്യൂണിസ്റ്റ് ജീവിതത്തിന്റെ ഭാഗമായ പാര്‍ട്ടി ബന്ധമാണ് ടി.കെ ഗോവിന്ദന്‍ ഉപേക്ഷിച്ചത്. 30 വര്‍ഷം ഏരിയ സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഒരാള്‍ 75-ാം വയസ്സില്‍ എംഎല്‍എ ആകണമെന്ന പൂതി കൊണ്ടല്ല സംസ്ഥാന സെക്രട്ടറിയുടെ ഭാര്യക്കെതിരെ അങ്കത്തിനിറങ്ങിയത്. പാര്‍ട്ടിയുടെ നെറികേടിനെതിരെ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെയാണ് ഈ അങ്കപ്പുറപ്പാടെന്ന് ടി.കെ ഗോവിന്ദനെ അനുകൂലിക്കുന്നവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത്. തനിക്കെതിരായ വംശീയ പ്രചാരണത്തിനെതിരെ ടി.കെ ഗോവിന്ദന്‍ പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയേക്കും.

 

Related