ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ ദുരന്തബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ച ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുള്ളതായി പരാതി. ആഴ്ചകള്‍ക്ക് മുന്‍പ് ഉദ്ഘാടനം കഴിഞ്ഞ ഫെയ്‌സ് വണ്ണിലെ മൂന്ന് വീടുകളിലാണ് വിള്ളലുണ്ടായത്. അതേസമയം വീടുകളില്‍ ഉണ്ടായത് വിള്ളലല്ലെന്നും വെള്ളം കിനിഞ്ഞിറങ്ങുന്നതാണെന്നും റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടെന്ന വാര്‍ത്ത വന്നതോടെ മന്ത്രി ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചു. വീടുകളിലെ സീലിങ്ങ് ഭാഗം ഉരച്ചുനോക്കിയാണ് വിള്ളലല്ല, വെള്ളം കിനിഞ്ഞിറങ്ങിയതാണെന്ന നിഗമനത്തില്‍ മന്ത്രി എത്തിയത്. തുടര്‍ന്ന് ടെറസില്‍ മുഴുവനായും വാട്ടര്‍ പ്രൂഫിങ് നടത്തുമെന്നും റീ കോണ്‍ഗ്രീറ്റ് നടത്തുമെന്നും മന്ത്രി പറഞ്ഞു. വീടുകളില്‍ ചോര്‍ച്ച തുടരുകയാണെങ്കില്‍ നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോര്‍പറേറ്റ് സൊസൈറ്റി നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സൊസൈറ്റിക്ക് കരാര്‍ പ്രകാരമുള്ള തുക നല്‍കില്ലെന്നും മന്ത്രി പറഞ്ഞു.
മന്ത്രി പരിശേധിച്ച വീടിനുപുറമെ മറ്റു രണ്ടുവീടുകള്‍ക്ക് കൂടി വിള്ളല്‍ ഉള്ളതായി പരാതിയുണ്ട്. ടൗണ്‍ഷിപ്പിലെ വിള്ളലുണ്ടായ വീട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ ജനീഷിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. കൈമാറിയ വീടുകളില്‍ ഇപ്പോഴും നിര്‍മാണം നടക്കുകയാണെന്നും സമയബന്ധിതമായി വീടുകള്‍ അതിജീവിതര്‍ക്ക് താമസയോഗ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഒ.ജെ ജനീഷ് കുറ്റപ്പെടുത്തി.
