അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രസ്താവന പ്രതിരോധിക്കുന്നതിൽ വന്ന വീഴ്ചയും തോൽവിക്ക് കാരണമായതായി സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പത്രമാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ധേഹം.
‘സ്വർണക്കൊള്ളയും അയ്യപ്പസംഗമവും തെരഞ്ഞെടുപ്പിൽ ബാധിച്ചു. അയ്യപ്പ സംഗമം നടത്തിയത് ദേവസ്വം ബോർഡായിരുന്നു. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല’, എസ്ഐആർ ന്യൂനപക്ഷങ്ങൾക്കുണ്ടാക്കിയ ആശങ്ക ലീഗ്-ജമാഅത്തെ ഇസ്ലാമി-കോൺഗ്രസ് കൂട്ടുകെട്ട് നല്ലപോലെ ഉപയോഗിച്ചു. ന്യൂനപക്ഷങ്ങളെ ഇടതുപക്ഷ ചേരിയിൽ നിന്ന് മാറ്റാൻ ഇത് കാരണമായി’ എന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ചയുണ്ടായതായും നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ജനങ്ങളുടെ അഭിപ്രായം തേടാൻ വിപുലമായ സംവിധാനമുണ്ടാക്കാൻ തീരുമാനിച്ചതായും അദ്ധേഹം പറഞ്ഞു. പ്രവർത്തകർക്കും അനുഭാവികൾക്കും മാത്രമല്ല, ആർക്കും അഭിപ്രായങ്ങൾ അറിയിക്കാം. വാട്സ് ആപ് വഴിയും ഇ-മെയിൽ വഴിയും അഭിപ്രായങ്ങൾ അറിയിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
‘പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്തതിന് ശേഷം തയ്യാറാക്കിയ റിവ്യു റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചു. ഇങ്ങനെയൊരു പരാജയം മുൻകൂട്ടി അറിയുന്നതിൽ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫ് വോട്ട് കച്ചവടം നടന്നു’ എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. യുഡിഎഫ് ബിജെപി ഡീൽ നിലനിൽക്കുന്നുവെന്നും സതീശന്റെ മംഗലാപുരം സന്ദർശനം എന്തിനാണെന്ന് പല മേഖലയിൽ നിന്നും ചോദ്യം ഉയർന്നുവെന്നും അതിനോടൊന്നും മുഖ്യമന്ത്രി അതിനോട് പ്രതികരിച്ചില്ലെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
