August 13 Thursday 2026

കശ്മീരിന്റെ ‘വര്‍ത്തമാനം’ | ആഷ് അഷിതയുടെ ‘കാവ’ നോവല്‍ വായന

കശ്മീരിനെക്കുറിച്ചുള്ള ആഖ്യാനങ്ങളില്‍ എന്നെ ആകര്‍ഷിച്ചവയില്‍ പ്രധാനം മാലിക് സജ്ജാദ് എഴുതി-വരച്ച ‘മുന്ന’ എന്ന ഗ്രാഫിക് നോവലാണ്. അവിടത്തെ പ്രധാന മൃഗമായ ഹാന്‍ഗൂള്‍ എന്ന മാനിനു മനുഷ്യവ്യക്തിത്വം സമ്മാനിച്ച് എഴുതിയിട്ടുള്ള ഈ ഗ്രാഫിക് നോവല്‍ കശ്മീരിലെ ചെറുപ്പങ്ങളുടെ അതിജീവന കഥ വരച്ചു കാട്ടുന്നു. ആര്‍ട്‌സ് സ്പീഗല്‍മാന്‍ ‘മൗസ്’ എന്ന ഗ്രാഫിക് നോവലിലൂടെ നാസി ജര്‍മ്മനിയുടെ ഇരുണ്ട കാലങ്ങളെ വരച്ചിട്ടപോലെ തികച്ചും ശക്തമായ ഒന്നായിരുന്നു മുന്ന എനിയ്ക്ക് നല്‍കിയ അനുഭവം. രണ്ടാമത്തേത്, ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’ എന്ന പേരില്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത അരുന്ധതി റോയിയുടെ ‘ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്’ എന്ന നോവലിലെ കശ്മീര്‍ എപ്പിസോഡ്. അവിടത്തെ ഇടിമുറികളുടെ നൃശംസതയും ചെറുപ്പക്കാരുടെ കല്ലേറുകളും ഭരണകൂട ഭീകരതയുമെല്ലാം തെളിഞ്ഞു വന്ന ഒന്നായിരുന്നു അത്. പിന്നീട് പ്രശസ്ത നാടക-സിനിമാ നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ എം.കെ റെയ്ന എഴുതിയ ബിഫോര്‍ ഐ ഫോര്‍ഗെറ്റ് എന്ന ആത്മകഥ വായിച്ചു. അതിലൂടെ, കാശ്മീരില്‍ നിന്നുള്ള ഹിന്ദു പലായനത്തിന്റെ ദൃശ്യങ്ങളും മനസ്സില്‍ കയറി.

അടുത്തിടെ സുഹൃത്തായ ദേവാനന്ദ് താന്‍ വായിച്ചു കൊണ്ടിരുന്ന ‘കാവ’ എന്ന നോവലിനെക്കുറിച്ചു പറയുകയും അതിന്റെ കശ്മീര്‍ ആവിഷ്‌കരണം വളരെ നന്നായിരിക്കുന്നു എന്ന് സൂചിപ്പിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ അത് അദ്ദേഹത്തിന്റെ പക്കല്‍ നിന്ന് കടം വാങ്ങി വായിക്കാന്‍ ഞാനും തീരുമാനിച്ചു. അത് തെറ്റായ തീരുമാനമായിരുന്നില്ല എന്ന് ക്രമേണ ബോധ്യപ്പെടുകയും ചെയ്തു. ആഷ് അഷിത എന്ന നോവലിസ്റ്റിന്റെ മറ്റുള്ള രചനകള്‍ ഞാന്‍ വായിച്ചിട്ടില്ല. ബാംഗ്ലൂരില്‍ പത്രപ്രവര്‍ത്തകയാണെന്ന് ജീവരേഖയില്‍ കണ്ടു. നോവലിലെ നായിക, ഗൗരി ജാനകിയും ബാംഗ്ലൂരില്‍ പത്രപ്രവര്‍ത്തകയാണ്. എന്ന് കരുതി, കഥയിലെ നായികയുടെ ജീവിതമാകണമെന്നില്ല നോവലില്‍ പറയുന്നത്. താന്‍ പഠിച്ചതും അറിഞ്ഞതും കേട്ടറിഞ്ഞതും ഒക്കെ നോവലിന്റെ ആഖ്യാനത്തിന് വളമായിട്ടുണ്ടെന്ന് ആമുഖത്തില്‍ നോവലിസ്റ്റ് പറയുന്നുമുണ്ട്.

കബീര്‍ സോഫി എന്ന കശ്മീര്‍ പത്രപ്രവര്‍ത്തകന്റെയും ഗൗരി ജാനകി എന്ന ബാംഗ്ലൂര്‍ പത്രപ്രവര്‍ത്തകയുടെയും ഹ്രസ്വമെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായ ഒരു പ്രണയവും അതിനു പശ്ചാത്തലമാകുന്ന കശ്മീര്‍ വര്‍ത്തമാനസ്ഥിതി വിശേഷങ്ങളും ആണ് നോവലിന്റെ രത്‌നച്ചുരുക്കം എന്ന് പറയാം. കശ്മീര്‍ എന്ന് പറയുമ്പോള്‍, ഈസ്റ്റ്മാന്‍ കളറില്‍ വിരിഞ്ഞ ഹിന്ദി സിനിമകളിലെ ആനന്ദകരമായ കശ്മീര്‍ ആണെന്ന് ആരും ഇന്ന് കരുതുമെന്ന് തോന്നുന്നില്ല. രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ പെട്ട് പോയ, ഒന്നിനോട് വിധേയത്വം കാട്ടേണ്ടി വരുന്ന, മറ്റൊന്നില്‍ നിന്ന് പകപോക്കല്‍ നേരിടുന്ന, തികച്ചും സങ്കീര്‍ണ്ണമായ ഒരു ഭൂമിയുടെ പേരാണ് കശ്മീര്‍. അതിന് രാഷ്ട്രീയപരവും സൈനികവും ഭരണപരവും ഒക്കെയായുള്ള വിവിധ മാനങ്ങള്‍ ഉണ്ട്. കല്ലെറിയുന്ന കശ്മീര്‍, പെല്ലറ്റ് ഗണ്ണുകളില്‍ നിന്ന് മുതിര്‍ന്ന വെടികളില്‍ കണ്ണുകള്‍ നഷ്ടപ്പെട്ട കശ്മീര്‍, പലായനങ്ങളുടെ കശ്മീര്‍, ഇവയ്ക്കിടയിലും അതിജീവനത്തിന്റെ കശ്മീര്‍. സ്വന്തം ജന്മനാട്ടില്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെയും സംശയത്തിന്റെ നിഴലില്‍ വളരേണ്ടുന്ന തലമുറകളുടെ ഒടുങ്ങാത്ത ആവര്‍ത്തനങ്ങളാണ് കശ്മീര്‍; അതിനെ കേന്ദ്രഭരണപ്രദേശങ്ങളായി മുറിച്ചിട്ടും കാര്യങ്ങള്‍ അധികം മാറിയിട്ടില്ല. മാറിയത്, അവിടെ നിന്നുള്ള വിവരത്തിന്റെ പ്രവാഹത്തിലുണ്ടായ വൈവിധ്യങ്ങള്‍ മാത്രമാണ്. ആസാദി എന്ന മുദ്രാവാക്യത്തില്‍ നിന്ന് വന്ദേ മാതരം എന്നതിലേക്ക് കശ്മീര്‍ വളര്‍ന്നോ തളര്‍ന്നോ എന്ന് നമുക്കറിയില്ല. ആ പശ്ചാത്തലത്തിലാണ് ‘കാവ’ വായിക്കപ്പെടുന്നത്.

കശ്മീര്‍ രാഷ്ട്രീയത്തിലേക്കോ ചരിത്രത്തിലേയ്‌ക്കോ പോകാതെ, മനുഷ്യരിലേക്ക് ഫോക്കസ് മാറ്റിവെച്ചു കൊണ്ടാണ് ഈ കഥ ആഖ്യാനം ചെയ്യപ്പെടുന്നത്. അനുനിമിഷം തകിടം മറിയുന്ന വിധിയുള്ള മനുഷ്യരില്‍ നിന്നുള്ള ഒരാളാണ് കബീറും, ഡ്രൈവറായ ഷാബ്രോസും എല്ലാം. ഗൗരി, തന്റെ സാഡിസ്റ്റ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് കൂട്ടുകാരികളുമൊത്ത് ഒരു കശ്മീര്‍ യാത്ര പ്ലാന്‍ ചെയ്യുകയും അവിടെ വെച്ച് കബീറിനെ കാണുകയും ചെയ്യുന്നു. മൂന്ന് ദിവസം മാത്രം മൊത്തത്തില്‍ നീണ്ടു നിന്ന് ആ പ്രണയം ഗൗരി ഗര്‍ഭിണി ആകുന്നതില്‍ കലാശിയ്ക്കുന്നു. അപ്രത്യക്ഷനായ കബീറിനെത്തേടിയുള്ള രണ്ടാം വരവിലാണ് ഗൗരി പിടിക്കപ്പെടുന്നതും ചോദ്യം ചെയ്യപ്പെടുന്നതും അവളുടെ ഗര്‍ഭം അലസുന്നതും. ഇതിനിടെ മാറിയും മറിഞ്ഞും ദുരന്തങ്ങളുടെ മഞ്ഞുവീഴ്ചയാണ് വായനക്കാര്‍ കാണുന്നത്.

വായനക്കാരെ പിടിച്ചിരുത്താനുള്ള ടെക്‌നിക് ആഷ് അഷിതയുടെ എഴുത്തിലുണ്ട്. എങ്കിലും മനുഷ്യരിലേക്ക് ഏറെയും ഫോക്കസ് ചെയ്ത നോവലിസ്റ്റിന്റെ കണ്ണുകളില്‍ നിന്ന് മനുഷ്യദുരന്തങ്ങളുടെ മഹാപ്രളയത്തിനിടയിലും പൂക്കുകയും കായ്ക്കുകയും തളിര്‍ക്കുകയും ഒക്കെ ചെയ്യുന്ന പ്രകൃതിയെക്കുറിച്ചുള്ള വര്‍ണ്ണനകള്‍ അല്പം പോലും ഇല്ലെന്ന് പറയാം. ഗൗരി കാണുന്നതത്രയും മനുഷ്യപീഡകളാണ്. മറ്റൊരു പ്രത്യേകത, കശ്മീര്‍ പശ്ചാത്തലമായുള്ള ഈ നോവലില്‍ ജമ്മു എന്നും കശ്മീര്‍ എന്നും ഉള്ള രണ്ടു പൊതു സംജ്ഞകളും ഏതാനും ഗ്രാമങ്ങളുടെ പേരും അല്ലാതെ മറ്റൊരു ലാന്‍ഡ്സ്‌കേപ്പും ഭൂമിശാസ്ത്രപരമായ അടയാളപ്പെടുത്തലുകളും ഇല്ലെന്നുള്ളതാണ്. അത് നോവലിസ്റ്റ് മനഃപൂര്‍വം തെരെഞ്ഞെടുത്ത ഒരു സങ്കേതമാണെന്ന് കരുതാനാണ് എനിയ്ക്ക് താത്പര്യം. കാരണം ഇതില്‍ പറയുന്ന കഥ ഏതൊരു കോണ്‍ഫ്‌ലിക്റ്റ് സോണില്‍ നിന്നുമുള്ളതാകാം. ഇതേ കഥാപാത്രങ്ങള്‍ ഉക്രേനിലോ പാലസ്റ്റീനിലോ സിറിയയിലോ ഉണ്ടായാല്‍ അത്ഭുതമില്ല.

ഒന്നുമറിയാതെ, മധ്യവര്‍ഗ്ഗ സുരക്ഷിതത്വത്തില്‍, നമ്മുടെ എല്‍പിജി സിലിണ്ടര്‍ സ്റ്റാന്‍ഡ് ബൈ ഉണ്ടല്ലോ, വിറകടുപ്പും തയാറാണല്ലോ, ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിയല്ലോ എന്നൊക്ക സമാധാനിച്ച് ഇരിയ്ക്കുമ്പോള്‍, ആത്മാവിനെ മുട്ടില്‍വീഴ്ത്തി പ്രാര്‍ത്ഥിപ്പിക്കാന്‍, മനുഷ്യരാശിയോട് നമ്മള്‍ ചെയ്യുന്ന ദുഷ്ടതയ്ക്ക് പശ്ചാത്താപം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പുസ്തകമാണിത്. കരച്ചിലിന് പിന്നാലെ പോയ ഒരു എഴുത്തുകാരിയുടെ ആന്തരികലോകത്തെ നമുക്ക് ഈ നോവലിലൂടെ സ്പര്‍ശിയ്ക്കാനാകുന്നു.

പുസ്തകത്തിന്റെ രണ്ടാം പതിപ്പാണ് ഞാന്‍ വായിച്ചത്. പൊതുവെ ജേര്‍ണലിസ്റ്റുകള്‍ കോപ്പി ഫയല്‍ ചെയ്യുമ്പോള്‍ ഇഓഎം എന്ന് ഒടുവില്‍ അടിയ്ക്കാറുണ്ട്. ഏന്‍ഡ് ഓഫ് ദി മാറ്റര്‍ എന്ന് സബ് എഡിറ്ററോട് സൂചിപ്പിക്കാനാണത്. ഈ നോവലിന്റെ അവസാനത്തെ വരി ‘അജ്ഞാതശവം! ലോകം അയാളെ അടയാളപ്പെടുത്താന്‍ പോകുന്ന ഓമനപ്പേര്!’ എന്നാണ്. ശേഷം ഇ ഓഎംഎന്ന് കാണുന്നു. ഇത് ഡിസിയിലെ ഡെസ്‌കിലെ കുണ്ടന്മാര്‍ക്ക് പറ്റിയ ഒരു അബദ്ധമാണോ അതോ പത്രപ്രവര്‍ത്തക എഴുതിയ നോവലിന് അങ്ങനെ വേണമെന്ന തീരുമാനമാണോ? എന്തായാലും അത് പുതിയ ഉടുപ്പിന്റെ ടാഗ് പറിച്ചു കളയാതെ ധരിച്ചത് പോലുണ്ട്.

Related