August 11 Tuesday 2026

ക്ലാരയുടെ മീന്‍ കൊട്ടയും ലൈലാ ബീഗത്തിന്റെ അറബിക്കാപ്പിയും

(തൂവാനത്തുമ്പികള്‍, സ്ഫടികം എന്നീ സിനിമകള്‍ കുലസ്ത്രീയെയും ഒരുമ്പെട്ടോളെയും നിര്‍മിക്കുന്നതിനെ വിശകലനം ചെയ്യുന്നതാണ് ഈ ലേഖനം)

” ലൈലാ ബീഗത്തിന്റെ അറബിക്കാപ്പി എന്റെ ആശാന് വലിയ ഇഷ്ടമാണ് ” എന്ന് മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രം പള്ളീലച്ചനോട് (കരമന ജനാര്‍ദ്ദനന്‍ നായര്‍) പറയുന്നിടത്താണ് സ്ഫടികം എന്ന സിനിമയിലെ സില്‍ക്ക് സ്മിത അവതരിപ്പിക്കുന്ന കഥാപാത്രമൊരു മുസ്‌ലിം സ്ത്രീയാണെന്ന് പ്രകടമാവുന്നത് (അറബിക്കാപ്പി എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കണം). തറവാട്ടില്‍ നിന്നും കലഹിച്ചിറങ്ങിപ്പോന്ന സുറിയാനീ കുലപുരുഷന്റെ തെറിച്ച ജീവിതത്തിന്റെ ഇടമാകുന്നത് ലൈലാ ബീഗത്തിന്റെ വീടാണ്. അവളെ കൈപിടിച്ച് ആള്‍ക്കൂട്ടത്തില്‍ നടന്നു എന്നതാണ് തറവാടിന് മാനക്കേടുണ്ടാക്കിയ നിഷേധിത്തരങ്ങളില്‍ ഒന്നാമതായി നില്‍ക്കുന്നത്. ആ നടത്തിക്കല്‍കൊണ്ട് ലൈലാ ബീഗത്തിനൊരു മാനക്കേടുമില്ലെന്നാണ് സിനിമയുടെ കണ്ടെത്തല്‍. അവള്‍ പിന്നീടെന്തായി, എങ്ങോട്ടു പോയി എന്നതൊന്നും പ്രേക്ഷകനു വിഷയമായിരുന്നില്ല.
”ഏഴിമല പൂഞ്ചോലാ…
മാമലയ്ക്ക് മണി മാലാ… ”
എന്ന പാട്ടിന്റെ നൃത്തരംഗത്തിലും ആടുതോമയുടെ തെറിച്ച ജീവിതത്തിലും ഇടമാകുന്ന പശ്ചാത്തലം കഠിനാധ്വാനം ചെയ്യുന്ന മനുഷ്യരുള്ള പാറമടയാണ്. മലയാള സിനിമ മിക്കവാറും തൊഴിലിടങ്ങളെയാണ് കുറ്റവാളിയിടമായി കണ്ടെത്താറുള്ളത്. ഇറച്ചിവെട്ട്, മാര്‍ക്കറ്റ്, തടിമില്ല്, മീന്തുറ, പാറമട തുടങ്ങിയ തൊഴിലിടങ്ങളെ വില്ലന്‍മാരുടെമാത്രം കേന്ദ്രമാക്കുന്നു. അധ്വാനത്തിന്റെ ചലനങ്ങളിലെല്ലാം ലൈഗീകച്ചുവ കലര്‍ത്തുന്നതാണ് സൂപ്രധാനമായ അപരഹിംസ. കരിങ്കല്‍ക്വാറി തൊഴിലാളികളാണ് ‘ഏഴിമല പൂഞ്ചോല’ എന്ന ലൈംഗികസൂചനകളുള്ള പ്രകടനനൃത്തത്തില്‍ കോറസ്സായി ആടിപ്പാടുന്നത്. ഇതേ പാട്ടില്‍
”കണ്ണാടി നോക്കും കാട്ടുപൂവേ
കണ്ണുവയ്ക്കല്ലേ തമ്പുരാനേ ”
എന്നതിന്റെ ചിത്രണഭാഗത്ത്, കറുത്തൊരു തൊഴിലാളിസ്ത്രീ ആടുതോമയുടെ ശരീരത്തില്‍ ആര്‍ത്തിയോടെ നോട്ടംവെക്കുന്നതും ലൈലാബീഗം അവളെ തട്ടിമാറ്റുന്നതുമായൊരു ദൃശ്യമുണ്ട്. അത്തരത്തിലൊരു ദൃശ്യം ഭാവനചെയ്തു ചിത്രീകരിക്കാന്‍ വംശവെറിയടച്ചുവെച്ച ചെറുതല്ലാത്ത സാമൂഹ്യവിരുദ്ധത തന്നെ സംവിധായകന് വേണം. പാട്ട് അവസാനിക്കുമ്പോള്‍ ഒരു ഗുണ്ട്പടക്കം പാറക്കുളത്തിലേക്ക് കത്തിച്ചെറിഞ്ഞ് മീന്‍പിടിക്കുന്ന രംഗവുമുണ്ട്. ലൈലാ ബീഗത്തിനെ, വാഴ്ത്തപ്പെട്ട സദാചാര ജീവികളുടെ കണ്ണിലൂടെ നോക്കുമ്പോള്‍, എത്രത്തോളം വെറുക്കപ്പെട്ടവളായി ചെളിക്കുണ്ടില്‍ നിര്‍ത്താമോ അതിനങ്ങേയറ്റവും ഇത്തരം ദൃശ്യവിന്യാസങ്ങള്‍ കൊണ്ട് ചെയ്യുന്നു. ഗുണ്ട്, പടക്കം, വെടി, പോലുള്ള പദങ്ങള്‍ കുലസ്ത്രീകളല്ലാത്ത അപരസ്ത്രീകളെ വിശേഷിപ്പിക്കാന്‍ മധ്യവര്‍ഗബോധം നാടൊട്ടുക്കും നിത്യം പ്രയോഗിക്കുന്ന ചീത്തവിളികളാണ്. ഗുണ്ട്പടക്കം കുളത്തിലേക്കെറിയുന്ന ദൃശ്യവും അതേ അപരഹിംസാ ബോധത്തില്‍ നിന്നു തന്നെയാണെന്നു വ്യക്തം.

മാന്യന്മാരെ വഴിതെറ്റിക്കുന്ന ‘തേവിടിശ്ശി’ ആണ് അവളെന്ന് തോമായുടെ കുടുംബത്തിലുള്ളവര്‍ പലവട്ടം പഴിപറയുന്നുമുണ്ട്. നായക കഥാപാത്രത്തിന്റെ ബഹിഷ്‌കൃത ജീവിതത്തില്‍ തണലാകുമ്പോഴും ഏറ്റവും ആട്ടിയകറ്റേണ്ടവളായി ഈ അപരസ്ത്രീ ചിത്രീകരിക്കപ്പെടുന്നു. ലൈലയെന്ന കഥാപാത്രത്തിന് പിന്നീടെന്ത് ദുരന്തം പിണഞ്ഞാലും ആര്‍ക്കും ഒന്നും തേന്നേണ്ടാത്തതരം താഴ്ത്തിക്കെട്ടല്‍…
സമാനമായി തൂവാനത്തുമ്പികള്‍ എന്ന സിനിമയും അപരസ്ത്രീയെ തന്നെയാണ് സൈ്വരിണിയി അവതരിപ്പിക്കുന്നത്.

മണ്ണാറത്തൊടി ജയകൃഷ്ണമേനോന്‍ (മോഹന്‍ലാല്‍) എന്ന ഫ്യൂഡല്‍ കുലപുരുഷന്റെ നാട്ടിന്‍പുറം വിട്ടുള്ള നഗരസഞ്ചാരങ്ങളില്‍ സൗന്ദര്യമായി നിറയുന്നത്, ക്ലാര എന്ന സുന്ദരിയാണ് (സുമലത)
”മേഘം പൂത്തുതുടങ്ങി …
മോഹം പെയ്തു തുടങ്ങി …
മേദിനികേട്ടു നെഞ്ചില്‍ പുതിയൊരു രാഗം …”
എന്നപാട്ടുരംഗം കടലും മീന്‍പിടുത്തവും പശ്ചാത്തലമാവുന്നത് കേവലം കാല്‍പ്പനികമായിട്ടല്ല. ഇതില്‍ ജയകൃഷ്ണമേനോനെന്ന ഫ്യൂഡല്‍ തമ്പുരാന്‍ കടലില്‍ പോയി മീന്‍പിടിച്ചു വരുന്നതും ക്ലാര ചെമ്മീനിലെ കറുത്തമ്മയുടെ വേഷത്തില്‍ മീന്‍കൊട്ടയുമായി തുറയില്‍ കാത്തുനില്‍ക്കുന്നതുമായ ഗാനരംഗത്തിനുമുമ്പ്, പരസ്പരം ഉടലുരുമ്മിക്കൊണ്ടുള്ള പ്രണയ സംഭാഷണമുണ്ട്. ആ സംഭാഷണത്തോടു ചേര്‍ത്തുവെച്ച് ക്ലാരയെന്ന അപരസ്ത്രീയുടെ സ്വത്വപ്രഖ്യാപനം വ്യക്തമാണ്. പുരുഷചാരിത്ര്യ സദാചാര സംരക്ഷകന്‍ കൂടിയായ ജയകൃഷ്ണമേനോന്‍ കുലസ്ത്രീയായ രാധയുടെ (പാര്‍വ്വതി) തിരസ്‌കാരം സഹിക്കാനാവുന്നില്ല. അതിനിടെയുള്ള നഗരഗമനത്തിലാണ് അയാള്‍ ക്ലാരയെ കാണുന്നത്. രാധയങ്ങിനെ ചെയ്തില്ലെങ്കില്‍ താന്‍ ക്ലാരയെ കാണുകപോലും ചെയ്യില്ലെന്ന് ജയകൃഷ്ണന്‍തന്നെ പ്രഖ്യാപിക്കുന്നുണ്ട്. ആ തുറന്നു പറച്ചിലിനുശേഷം
”ഇനിയിപ്പോ ഇവളായാലും മതിയെന്ന”
പാതിമനസില്‍ നിന്നുമാണ് ജയകൃഷ്ണന്‍ ക്ലാരയോട് വിവാഹസമ്മതം തേടുന്നത്. അതൊരു വെറും ചോദ്യമാണെന്ന തിരിച്ചറിവോടെ, ക്ലാരയുടെ സംവൃതമായ ഒരു ചിരിയുണ്ട്. സ്വത്വങ്ങള്‍ തമ്മിലുള്ള കൂട്ടിയാല്‍ കൂടാനാവാത്ത അന്തരമാവണം ആ ചിരിയില്‍. പാരമ്പര്യ ജന്മിയായ ജസ്റ്റീസ് തമ്പുരാന്റെ ഏകമകന്‍ ജയകൃഷ്ണമോനോന്‍ രാധയെന്ന തറവാട്ടുകുലസ്ത്രീയില്‍ എത്രമാത്രം അഭിരമിക്കുന്നെന്ന തിരിച്ചറിവും ആ ചിരിയിലുണ്ട്. മലയാളസിനിമ എന്നും ഓര്‍ത്തിരിക്കുന്ന, പിടിതരാത്ത പിന്നെയും അര്‍ഥം തീരാത്തൊരു ദീനവശ്യചിരിയാണത്. മലയാള സിനിമയിലെ തന്നെ ഏറ്റവും അര്‍ഥമുള്ള ചിരി.
ആ ചിരിയെത്തുടര്‍ന്നാണവള്‍ തന്റെ സമുദായസ്വത്വം വെളിപ്പെടുത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ആ സംഭാഷണം ഇങ്ങനെയാണ്.
” ജയകൃഷ്ണന്‍:- ഞാന്‍ ക്ലാരയെ മാരി ചെയ്യട്ടെ?
ക്ലാര:- അതിന് ഞങ്ങടെ കൂട്ടത്തില്‍ ചേരണം
ജയകൃഷ്ണന്‍:- എന്നുവച്ചാല്‍?
ക്ലാര:- കടലില്‍ പോണം
ജയകൃഷ്ണന്‍:- പോകാം
ക്ലാര:- പോയാല്‍ തിരിച്ചുവരുമ്പോള്‍ വലയില്‍ എന്തെങ്കിലും ഉണ്ടാവണം.
ജയകൃഷ്ണന്‍:- വലേല് എന്തെങ്കിലുമുണ്ടായാല്‍ മതിയോ?
ക്ലാര:- പോരാ. ഒരു വള്ളം നിറയെ… ”
ഈ സംഭാഷണത്തില്‍ ക്ലാരയൊരു തീരദേശ ലാറ്റിന്‍ ക്രൈസ്തവ സമുദായസ്വത്വമാണെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. ക്ലാരയുടെ രണ്ടാനമ്മയുടെ പേരിലും ആ സ്വത്വനിര്‍മിതിയുണ്ട്. ജന്മിയുടെ പറമ്പിലെ കൃഷിപ്പണി മടുത്ത്, നാട്ടിന്‍പുറത്തു നിന്നും നഗരത്തിലേക്ക് ചേക്കേറി സെയില്‍സ് ഗേള്‍ പോലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്ന സാധാരണ സ്ത്രീകളെ ‘വഴിവിട്ടവളെന്ന്’ ആക്ഷേപിക്കുന്നത് നാട്ടിന്‍പുറത്തെ സഹജമായ പുരുഷയുക്തിയാണല്ലോ. അശോകന്‍ അവതരിപ്പിക്കുന്ന, ജയകൃഷ്ണമേനോന്റെ കൂട്ടുകാരനായ കഥാപാത്രത്തിന്, ‘സംഗതി അകത്തുണ്ട്’ എന്ന ഡയലോഗില്‍, ലോഡ്ജ് മുറിയില്‍ നാട്ടുപെണ്ണിനെ ഒപ്പിച്ചുകൊടുക്കുന്ന സിനിമാപ്ലാനിങ്ങില്‍ ഇതേ നാട്ടിന്‍പുറത്തിന്റെ തിന്‍മ കാണാം. സ്വന്തം നാട്ടുകാരിയാണ് ത്രേസ്യാ ജോസ് എന്ന് പ്രഖ്യാപിക്കുമ്പോഴും അവള്‍ ‘തറവാടുവിശുദ്ധജാതി’ക്കാരിയാകാതിരിക്കാന്‍ സവര്‍ണ്ണ ബോധം ശ്രദ്ധിക്കുന്നുണ്ട്. ത്രേസ്യാ ജോസ് എന്ന നാമകരണം ക്ലാരയുടേതു തന്നെയായ സമുദായമാക്കുന്നു അവളെ എന്നതും ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

നായര്‍കുലപുരുഷനായ ജയകൃഷ്ണന്‍ തറവാട്ടില്‍ വിഹരിക്കുമ്പോള്‍ രാധയെത്തന്നെയാണ് കാംക്ഷിക്കുന്നത്. തറവാട്ടുകുലസ്ത്രീയായ അവളെ കാണുന്നത്, പാടവരമ്പിലും കോളജിലും മാത്രമല്ല, അമ്പലവഴികളിലും ആണെന്നത് ശ്രദ്ധേയമാണ്. കുലസ്ത്രീയെ പ്രണയിക്കുമ്പോള്‍ പശ്ചാത്തലമാകുന്ന പാട്ട് ക്ഷേത്ര പ്രദക്ഷിണ വഴികളിലും ക്ഷേത്രാചാര ബിംബകല്‍പനകളിലും തങ്ങിനില്‍ക്കുന്നു.
” ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പില്‍ ” എന്നിങ്ങനെ ഹൈന്ദവ ഭക്തിയാണ് ഈ പ്രണയഗാനത്തിലും ദൃശ്യപശ്ചാത്തലത്തിലും നിറയുന്നത്. കുലമഹിമയും ജാതിസവര്‍ണ്ണതയും ഒത്തു നില്‍ക്കുന്നതിനാല്‍ രാധയില്‍ മാത്രം ജയകൃഷ്ണമേനോനെ ചേര്‍ത്തുവെക്കാനാണ് സിനിമ ശ്രമിക്കുന്നത്. ആചാരസംരക്ഷണംതന്നെ ഇളക്കംകൂടാതെ ഈ സിനിമയും ലക്ഷ്യമാക്കുന്നെന്നു വ്യക്തം.

ക്ലാരയുടെ ചിരി നിസ്സഹായതയുടേതാണെങ്കില്‍, രാധയുടെ ചിരിയില്‍ ഫ്യൂഡല്‍ കുലസ്ത്രീയുടെ അപരഹിംസ കാണാം. കുടിയാനായ നിസ്സഹായനെ (ജഗതി) കൊന്നുതള്ളാന്‍ തന്റെ കാമുകനായ ഫ്യൂഡല്‍നായകന്‍ കൊണ്ടുപോയെന്ന സാമൂഹ്യവിരുദ്ധ മാടമ്പിത്തം കേള്‍ക്കുന്ന മാത്രയില്‍ രാധ പൊട്ടിച്ചിരിക്കുകയാണ് ചെയ്യുന്നത്.
‘പാരമ്പര്യസിദ്ധമായ’ അപരഹിംസ അവളിലും ആഴത്തിലുണ്ടെന്നു തെളിയിക്കുന്നതാണാ പൊട്ടിച്ചിരി. അതുതന്നെയാണ് അവര്‍ തമ്മിലുള്ള ചേര്‍ച്ചയ്ക്കടിസ്ഥാനവും.
‘ഇനിയും സംശയിക്കുന്നോ? അംഗരാജ്യത്തിന്റെ അവകാശി പിറക്കേണ്ടത് വര്‍ണ്ണ മഹിമയും കുലമഹിമയും ഉള്ള ക്ഷേത്രത്തില്‍ തന്നെവേണം. ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കണോ? രാജാവ് ധര്‍മം പാലിക്കാതിരുന്നാല്‍ നശിക്കുന്നത് നാടാണ് ‘ എന്ന ഭാഷണംകൊണ്ട് തെരുവുപെണ്ണായ വൈശാലിയെ (സുപര്‍ണ്ണ) ഉപയോഗ ശേഷം ചവിട്ടിയരച്ച്, സപത്‌നീകുമാരിയെ (അതുംപാര്‍വ്വതിതന്നെ) ഋഷ്യശൃംഗനില്‍ ചേര്‍ക്കുന്ന വൈശാലിയിലെ ബ്രാഹ്മണപുരോഹിതന്റെ (നെടുമുടി വേണു) കുബുദ്ധിയുപദേശങ്ങള്‍ പത്മരാജന്റെ തൂവാനത്തുമ്പികളിലും അദൃശ്യമായി മുഴങ്ങുന്നുണ്ട്.

ക്ലാരയെ മൂവാറ്റുപുഴയിലുള്ള സ്വജാതിക്കാരനും മധ്യവയസ്‌കനുമായ മോനീ ജോസഫില്‍ (സോമന്‍) ഏല്‍പ്പിച്ചു തടിയൂരുമ്പോഴും ജാത്യാചാരം തന്നെയാണ് പത്മരാജന്‍ നിര്‍വഹിക്കുന്നത്. നീലക്കുയിലെന്ന സിനിമയില്‍ മാടമ്പിനായരെ പ്രണയിച്ചത് ദലിത് സ്ത്രീയായതിനാല്‍ മരണമുറപ്പിച്ചാണ് ‘കഥകഴിച്ച’തെന്ന് സാമൂഹിക ചിന്തകനായ കെ.കെ ബാബുരാജ് നിരീക്ഷിക്കുന്നുണ്ട്.

അപഥസഞ്ചാരങ്ങള്‍ നിന്നും തിരിച്ചെത്തിയ ഒരുവള്‍ക്ക് സജാതീയ വിവാഹം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ജാതിബോധം ഇവിടെയും രൂഢമാണ്. ചുരുക്കത്തില്‍ ‘ചന്തപ്പെ’ണ്ണായ ക്ലാരയെ ഭോഗാനന്തരം വെടിഞ്ഞ്, കുലസ്ത്രീയായ രാധയില്‍ ജാതിബദ്ധജീവിതം ഉറപ്പിക്കുന്ന ആചാരസംരക്ഷണമാണ് ഈ തിരക്കഥയിലും പൂര്‍ത്തീകരിക്കുന്നത്. സ്വജാതീയ വിവാഹങ്ങളാണ് ജാതിയെ ഇളക്കം കൂടാതെ നിലനിര്‍ത്തുന്നതെന്ന് ഡോ.അംബേദ്കര്‍ നേരത്തെതന്നെ വിലയിരുത്തിയിട്ടുണ്ടല്ലോ.

സ്ഫടികം എന്ന സിനിമയിലേക്ക് വരാം. സവര്‍ണ്ണനായ രാവുണ്ണി മാഷിന്റെ മകളായ തുളസി (ഉര്‍വശി) ലൈലാബീഗമെന്ന (സില്‍ക്ക് സ്മിത) ‘ചന്തപ്പെണ്ണിന്റെ’ മറുപുറമായ കുലസ്ത്രീയായി തോമാസ് ചാക്കോയ്ക്ക് വധുവാകുന്ന സൂചനയുണ്ട്. അപഥ സഞ്ചാരം നിറുത്തി നല്ലനടപ്പിലെത്തുന്ന കുലപുരുഷന് ഇവിടെയുമൊരു സവര്‍ണ്ണ കുലസ്ത്രീ ഒരുമ്പെട്ടിരിക്കുന്നു.

ചെറിയവ്യത്യാസമുള്ളത് സിറിയന്‍ക്രിസ്ത്യന്‍ കുടുംബവും നായര്‍ കുടുംബവും തമ്മിലുള്ള പ്രണയാനന്തര സംഗമമാണെന്നുള്ളതാണ്. പൊതുവേ മലയാള സിനിമ സിറിയന്‍ ക്രിസ്ത്യന്‍ നിലയെയും നായര്‍ നിലയെയും സമീകരിക്കുന്നത് കാണാവുന്നതാണ്. തങ്ങള്‍ മതംമാറിയ ബ്രാഹ്മണരാണെന്ന അപസര്‍പ്പക കഥ വിശ്വസിച്ച് പ്രചരിപ്പിച്ചു കൊണ്ടുനടക്കുന്നവരാണ് കേരളത്തിലെ സവര്‍ണ്ണ ക്രൈസ്തവര്‍. അതേ സവര്‍ണ്ണതയുടെ തുടര്‍ച്ചയായി വേണം ഇത്തരം പ്രണയങ്ങളെയും കുല മഹിമാവിവാഹങ്ങളെയും വിലയിരുത്താന്‍. ഇതുപോലുള്ള സമീകരണ സിനിമകള്‍ മലയാളത്തില്‍ ഏറെയുണ്ട്താനും. തോമാശ്ലീഹാ വന്നില്ലായിരുന്നെങ്കില്‍ താനിപ്പോള്‍ കേശവന്‍ നായര്‍ ആയിരുന്നേനെ എന്നൊക്കെ പറയുന്ന നേതാക്കളുടെ അബോധം ചേര്‍ത്തുവേണം ഇത്തരം സമീകരണക്കെട്ടിനെ അപഗ്രഥിക്കാന്‍.

തൂവാനത്തുമ്പികളില്‍ ക്ലാരയെന്ന ലാറ്റിന്‍ കൈസ്തവ പെണ്ണിന്റെ ദുര്‍നടപ്പില്‍ നിന്നും ജയകൃഷ്ണ മേനോനെന്ന കുലപുരുഷനെ രാധയെന്ന കുലസ്ത്രീയിലും, സ്ഫടികത്തില്‍ ലൈലാബീഗം എന്ന മുസ്‌ലിം സ്ത്രീയുടെ പുറംമ്പോക്കു ജീവിതത്തില്‍ നിന്നും തോമസ് ചാക്കോയെന്ന സവര്‍ണ്ണക്രൈസ്തവ കുലപുരുഷനെ തുളസിയെന്ന (ഉര്‍വശി) കുലസ്ത്രീയിലും സുരക്ഷിതപ്പടുത്തിക്കൊണ്ടു നടത്തുന്ന ആചാര സംരക്ഷണമാണ് ഇരു സിനിമകളും നിര്‍വ്വഹിക്കുന്നത്. അപ്പോഴും തിരക്കഥ പുറന്തള്ളുന്ന സ്ത്രീകളില്‍ ചൊരിയുന്ന അപരവത്കരണവും അപമാനവീകരണവും ചര്‍ച്ചയാകാതെ പോകുന്നു. തുളസിയും പിതാവായ കിട്ടുണ്ണി നായരും (നെടുമുടി വേണു) തൂവാനത്തുമ്പികളിലെ പശ്ചാത്തല ദേശമായ ഒറ്റപ്പാലത്തു നിന്നുതന്നെയാണ് എത്തുന്നതെന്നതും ശ്രദ്ധേയമാണ്.

വാസവദത്ത ഉപഗുപ്തനോട് എന്ന സച്ചിദാനന്ദന്റെ കവിത, ” ഉപഗുപ്തന്‍, എനിക്ക് നിന്റെ കരുണ വേണ്ട” എന്ന് കുമാരനാശാന്‍ നിര്‍മിച്ച സദാചാരബദ്ധകരുണയെ തള്ളിക്കളയുന്നുണ്ട്. എന്റെ രക്തം തേനായിരുന്നപ്പോള്‍ എന്നെ ഉപേക്ഷിച്ചുപോയിട്ട് മുന്നില്‍ മരണമുള്ള ചുടുകാട്ടിലിനി നിന്റെ കരുണയെന്തിന്? എന്ന വാസവദത്തയുടെ പ്രഖ്യാപനം ഉപഗുപ്തന്റെ കരുണാവര്‍ഷത്തെ അപഹസിക്കുന്ന കവിതയാണ്. മദര്‍ സുപ്പീരിയറായി തെരുവിലേക്കു വിളിച്ചു വരുത്തിയ ജയകൃഷ്ണന്റെ കരുണയും ഉപഗുപ്ത സമമായൊരു സോകാള്‍ഡ് സദാചാര തിരക്കഥതന്നെ.

ലാസ്റ്റ് ടെംപ്‌റ്റേഷന്‍ എന്ന സിനിമയില്‍ മഗ്ദലനമറിയത്തിന്റെ കാമുകനായ ക്രിസ്തു, മറിയത്തെ പ്രണയത്തില്‍ കൈയൊഴിഞ്ഞ് ജ്ഞാനവഴികള്‍ തേടിപ്പോകുന്നു. പ്രണയപരാജയാനന്തരം അവള്‍ പോകുന്നത് ലൈംഗിക തൊഴിലിലേക്കാണ്. കാലങ്ങള്‍ക്കുശേഷം ചന്തയില്‍ മഗ്ദലന മറിയത്തെ പ്രാപിക്കാന്‍ വരിയില്‍ നില്‍ക്കുന്ന അനേകരില്‍ ക്രിസ്തുവുമുണ്ട്. പ്രാപിക്കാനല്ല താന്‍ വന്നത്, മാപ്പിരക്കാനാണെന്നു ക്രിസ്തു വിനയത്തോടെ പറഞ്ഞു. മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പുകയാണപ്പോള്‍ മറിയം ചെയ്യുന്നത്. സദാചാര പ്രഖ്യാപനത്തിന്റെ പേരില്‍ നടത്തിവരുന്ന മുഴുവന്‍ അനീതിക്കും നേരെയാണാ കാര്‍ക്കിച്ചു തുപ്പല്‍ എല്‍ക്കുന്നത്. ആചാര സംരക്ഷണത്തിന്റെ പേരില്‍ പ്രണയത്തെ കാണാതെപോകുന്ന വിശ്വാസികള്‍ക്കു നേരെയുള്ള അപരസ്ത്രീയുടെ പ്രതിഷേധമെന്നതിനാലാണ് ആ ദൃശ്യം ലോകക്ലാസിക്കാകുന്നത്. എന്നാല്‍, മലയാളസിനിമയില്‍ ആചാരസംരക്ഷണം ‘അല്‍പ്പം അന്ധവിശ്വാസത്തിലൊക്കെയാണേ’ എന്റെ ജീവിതമുള്ളതെന്ന ജയകൃഷ്ണാദികളുടെ എസ്‌കേപ്പിസത്തിനുനേരെ തുപ്പല്‍ തെറിപ്പിക്കാന്‍ മലയാള സിനിമ ഇനിയും വളരേണ്ടിയിരിക്കുന്നു. ശുദ്ധിവാദം എന്ന മനുഷ്യവിരുദ്ധതയില്‍ നിന്ന് കലര്‍പ്പിന്റെ ജനാധിപത്യ സാധ്യതകളെ പ്രത്യക്ഷവത്കരിക്കേണ്ടിയിരിക്കുന്നു.

കുലപുരുഷനെ കുലസ്ത്രീയില്‍ ചേര്‍ത്തു വയ്ക്കുന്ന ഇത്തരം സിനിമാറ്റിക് ടെക്‌നിക്കുകള്‍ ശബരിമല യുവതീപ്രവേശന സുപ്രീം കോടതി വിധിക്കെതിരായ വലതുപക്ഷ സമരത്തിനും എത്രയോമുന്നേ താരസാമ്രാട്ടുകളുടെ സിനിമകളാല്‍ നിര്‍വ്വഹിച്ചു വിജയം കൊയ്തിരിക്കുന്നു. സാമൂഹിക വിരുദ്ധനും തെമ്മാടിയുമായ കഥാപാത്രങ്ങള്‍ ജാതിസവര്‍ണ്ണത കൊണ്ട് ആദര്‍ശവത്കരിക്കപ്പെട്ടിരിക്കുന്നു. ഫ്യൂഡല്‍ തമ്പുരാന്‍വാഴ്ചയുടെ ഹിംസകളെപ്പോലും എത്രയെത്ര സവര്‍ണ്ണതാഘോഷ സിനിമകള്‍ ഒളിച്ചുകടത്തിക്കഴിഞ്ഞിരിക്കുന്നു.

തുള്ളലും കഥകളിയും കൂത്തു കൂടിയാട്ടങ്ങളും സവര്‍ണ്ണ പുരാണങ്ങളെയെന്ന പോലെ, മേന്ന്‌ന്നേ .. വാര്യര്രേ .. തമ്പുരാന്‍ .. വിളികളാല്‍ സവര്‍ണ്ണത്തറവാട്ടു പുനരുദ്ധാനങ്ങളും ആചാര സംരക്ഷണങ്ങളും സിനിമയാല്‍ നിവര്‍ത്തിച്ചെടുത്തിരിക്കുന്നു. നവോത്ഥാനാനന്തരം ഉണ്ടാവേണ്ടിയിരുന്ന ആധുനീകതയിലേക്കുള്ള മുന്‍നടപ്പിനെ വലതു പക്ഷത്തേക്കു പിന്‍നടത്തിയതില്‍ മലയാള സിനിമക്കുള്ള പങ്ക് കൂടുതല്‍ ചര്‍ച്ചയാകേണ്ടതുണ്ട്.

സ്മാര്‍ത്ത വിചാരത്തിന്റെ പുരാരേഖകള്‍, സംബന്ധമേര്‍പ്പാട്, ബഹുഭര്‍ത്തൃത്വം, മരുമക്കത്തായം, തുടങ്ങിയ സവര്‍ണ്ണ ക്രമങ്ങളില്‍ തെളിയുന്നത് തീര്‍ച്ചയായും മേല്‍ത്തട്ട് തറവാടുകളില്‍ വ്യാപകമായിരുന്ന ലൈംഗിക അരാജകത്വവും സ്ത്രീ വിരുദ്ധതയും തന്നെയാണല്ലോ!. ബഹുഭര്‍തൃത്വം, അരാജകലൈംഗികത തുടങ്ങിയവ മേല്‍ത്തട്ടു ജീവിതത്തിന്റെ ചരിത്രമായിരിക്കെ, അതിനെ സദാചാര ഇടമായി സ്ഥാപിച്ചെടുക്കുകയും തൊഴില്‍ ചെയ്ത് ജീവിതം നയിച്ചിരുന്ന അവര്‍ണ്ണ വിഭാഗങ്ങള്‍ക്ക് മേല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ആരോപിക്കുകയും ചെയ്യുന്ന ചരിത്രയാഥാര്‍ഥ്യത്തിന്റെ തിരിച്ചിടലാണ് ചലച്ചിത്രമടക്കം മലയാളികളുടെ കലാരൂപങ്ങള്‍ കൊണ്ടുനടക്കുന്നത്.

”ഡ്രൈവിംഗ് സ്‌കൂള്‍ എന്നായിരുന്നു നിന്റെ അമ്മായിയെ ആളുകള്‍ വിളിച്ചിരുന്നതെന്ന് ” കീഴാള കഥാപാത്രത്തെ നോക്കി സവര്‍ണ്ണ ഉദാര വെല്ല്യേട്ടന്‍മാര്‍’ പഞ്ച്‌ഡൈലോവു; കാച്ചുമ്പോള്‍, തറവാട്ടില്‍ ഇത്തരം സ്‌കൂളുകള്‍ ഉണ്ടായിരുന്നോ എന്ന് വെല്ല്യേട്ടന്മാര്‍ അന്വേഷിക്കാത്ത തെന്താവും?

മനുഷ്യ വര്‍ഗത്തെ വര്‍ണങ്ങളായും ജാതികളായും വിഭജിച്ച ഹിംസാത്മകതയാണ് ബ്രാഹ്മണിക് മൂല്യബോധം. അത്തരം ബോധ്യങ്ങളെയും അതിന്റെ സാഹിത്യാഖ്യാനങ്ങളെയും എഴുത്തച്ഛന്‍ പോലുള്ള പിതൃബിംബങ്ങളിലൂടെയാണ് മലയാള മണ്ണില്‍ സ്ഥാപിച്ചെടുത്തിട്ടുള്ളത്. അതിന്റെ തുടര്‍ച്ചയായി, തറവാട് കേന്ദ്രീകൃത ഫ്യൂഡല്‍ ആചാരസംരക്ഷണം, അവര്‍ണ്ണര്‍ക്കു നേരെയുള്ള അപരവത്കരണം, ഭൂതകാലാഭിരതി, കുലസ്ത്രീ സ്തുതി, ദലിത്ബഹുജന്‍ സ്ത്രീകള്‍ക്കെതിരായ ദുഷ്പ്രചരണങ്ങള്‍ തുടങ്ങിയ വലതുപക്ഷനിലപാടുകള്‍ ‘മമ്മൂക്ക’, ‘ലാലേട്ടന്‍’ പോലുള്ള ചേട്ടന്‍ബിംബങ്ങളിലൂടെ സ്ഥാപിച്ചെടുക്കുന്നു എന്നുള്ളതും ജാഗ്രതയോടെ കാണേണ്ടതുണ്ട്. അപരങ്ങളെ നിര്‍മിക്കാത്ത, ലിംഗസമത്വത്തെ അംഗീകരിക്കുന്ന, തുല്യനീതിയിലധിഷ്ഠിതമായ ബഹുസ്വരതയുടെ സഹവര്‍ത്തിത്വം സാധ്യമാക്കുന്ന വികസിതസങ്കല്‍പങ്ങള്‍ മലയാള സിനിമയിലുണ്ടാവണമെങ്കില്‍ ഇനിയുമേറെക്കാലം കാത്തിരിക്കേണ്ടി വരും.

 

Related