മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ ലോക്‌സഭയിലെ അംഗബലം 816 ആക്കി വനിതകള്‍ക്ക് 273 സീറ്റുകള്‍ (33 ശതമാനം) സംവരണം ചെയ്യാനുള്ള ബില്ലുകളുമായി രംഗത്തു വന്നിരിക്കുന്നു കേന്ദ്രസര്‍ക്കാര്‍. നാരിശക്തി വന്ദന്‍ അധിനിയം എന്ന പേരിലാണ് വനിതാ സംവരണ ബില്‍ നടപ്പാക്കാനുള്ള പുതിയ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകളില്‍ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇതിനായി സീറ്റുകളുടെയും എണ്ണം കൂട്ടും. 2011ലെ സെന്‍സസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിര്‍ദേശം. വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
ഭരണഘടനാ ഭേദഗതി എന്ന നിലക്ക് പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമുള്ള ബില്ലുകളുടെ കാര്യം ഏതാനും പ്രതിപക്ഷ പാര്‍ട്ടികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചര്‍ച്ച ചെയ്തു. മണ്ഡല പുനര്‍ നിര്‍ണയത്തില്‍ ദക്ഷിണേന്ത്യക്ക് സീറ്റുകള്‍ കുറയുമെന്ന ആശങ്ക ഒഴിവാക്കാന്‍ നിലവിലുള്ളതിന്റെ 50 ശതമാനം സീറ്റുകള്‍ എല്ലാ സം സ്ഥാനങ്ങളിലും വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. അതോടെ കേരളത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പി മാരുടെ എണ്ണം 30 ആകും.
നാരിശക്തി വന്ദന്‍ അധിനിയത്തെക്കുറിച്ച് തിങ്കളാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷ തയില്‍ ചേര്‍ന്ന യോഗത്തില്‍ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് 816 ആക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നു. 2029ലെ പൊതു തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ സീറ്റ് വര്‍ധനയും വനിതാ സംവരണവും നടപ്പിലാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 2011ലെ സെന്‍സസ് അടിസ്ഥാനമാക്കിയാണ് മണ്ഡലങ്ങളുടെ അതിരുകള്‍ പുനര്‍ നിര്‍ണയിക്കുക. ഇത് നടപ്പിലാക്കാന്‍ പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ച് സമവായത്തിലെത്തും. ഈ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ വനിതാ സംവരണ നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. നിയമ ഭേദഗതിക്കായി നിലവിലെ സമ്മേളനം നീട്ടുകയോ പ്രത്യേക സമ്മേളനം വിളിക്കുകയോ ചെയ്‌തേക്കും. സെന്‍സസ് നടപടിക്രമം പൂര്‍ത്തിയാകുന്നതുവരെ നിയമനിര്‍മാണത്തിനായി കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.
